തിരിച്ചുവരാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ട്
അക്ബര്‍ കാരപ്പറമ്പ്
രാജ്യം കടന്നുപോകുന്ന ദുര്‍ഘടം പിടിച്ച ഈ ദശാസന്ധി സവിസ്തരം വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന് നിര്‍ണായകമായ ധാരാളം ഇടപെടലുകള്‍ നടത്താനുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയത്രെ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഏറെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. പഴയ തഴമ്പിന്റെ കനം നോക്കി തെല്ലും പണിയെടുക്കാതെ, തടിയനങ്ങാതെ ഇനിയും കുംഭ തടവി മുമ്പോട്ടു പോകുവാനാണ് ഉദ്ദേശ്യമെങ്കില്‍ നശിക്കുന്നത് കോണ്‍ഗ്രസ് മാത്രമായിരിക്കില്ല, ഈ രാജ്യം കൂടിയാണെന്ന ഭീകര യാഥാര്‍ഥ്യം എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നന്ന് എന്നേ പറയാന്‍ കഴിയൂ.
സംഘപരിവാര്‍ എന്നത് രാഷ്ട്രീയ സദാചാരം തീരെ ഉള്‍ക്കൊള്ളാത്ത ഒരു മാടമ്പി കൂട്ടമാണെന്ന കാര്യം കോണ്‍ഗ്രസ് എന്നാണ് തിരിച്ചറിയുക. രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയ നെറികേട് ഒട്ടും ബാധിച്ചിട്ടില്ലാത്ത നിഷ്‌കളങ്കനായ ഒരു നേതാവിനെ മാത്രം മുന്‍നിര്‍ത്തി കോണ്‍ഗ്രസിന് ഇനി എത്ര കാലം മുമ്പോട്ടു പോകാന്‍ കഴിയും? കോണ്‍ഗ്രസ് ഒരുപാട് മാറേണ്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ മാത്രം മുന്‍ നിര്‍ത്തി ഭാരത് ജോഡോ യാത്രയും ന്യായ്‌യാത്രയും നടത്തുന്നതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ സത്യസന്ധതയും ആത്മാര്‍ഥതയും പാര്‍ട്ടിയിലേക്ക് പ്രസരിപ്പിച്ച് ഒരു പുതിയ നേതൃനിര ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേ പറ്റൂ.
പാര്‍ട്ടിയെ നയിക്കുന്ന 80 വയസ്സും അതിനപ്പുറവും കഴിഞ്ഞ നേതാക്കള്‍ ഏതായാലും സ്വയം പിന്മാറുകയില്ല. എന്നാല്‍ അവരെ നിര്‍ബന്ധ റിട്ടയര്‍മെന്റ് നല്‍കി മാറ്റുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത്. വെള്ള പുടവയില്‍ പൊതിയുന്നതുവരെ അധികാര കസേരയില്‍ ചടഞ്ഞുകൂടി കഴിയണം എന്നാണ് ഇത്തരക്കാരുടെ വിചാരം.
കാലികമായി രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങളെ യഥാസമയം വിലയിരുത്തി ശക്തമായി പ്രതികരിച്ച് മുന്നോട്ടു പോകുന്ന സമീപനം കോണ്‍ഗ്രസ് കൈക്കൊണ്ടേ പറ്റൂ. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കണ്ണടച്ചിരിക്കുന്ന നേതൃത്വം രാഷ്ട്രീയ എതിരാളികള്‍ അവ മുതലാക്കുന്നത് അറിയുന്നില്ല. ഗസ്സ മുനമ്പിലെ അധിനിവേശ പ്രശ്‌നത്തിലും ഫലസ്തീന്‍ പ്രശ്‌നത്തിലും കോണ്‍ഗ്രസ് എടുത്ത തണുപ്പന്‍ സമീപനം ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിക്കെതിരായി മാറ്റുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നത് കോണ്‍ഗ്രസ് എന്നാണ് തിരിച്ചറിയുക?
മറ്റൊരു കാര്യം കൂടി ഓര്‍മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. പാര്‍ട്ടി ഘടകങ്ങള്‍ സാധാരണക്കാരിലേക്ക് ഇറങ്ങി വരേണ്ടിയിരിക്കുന്നു യുവാക്കളും വനിതകളും വിദ്യാര്‍ഥികളും അടക്കം വീട് വീടാന്തരം കയറിയിറങ്ങി രാഷ്ട്രീയ ബോധവല്‍ക്കരണവും കോണ്‍ഗ്രസിന്റെ കാലിക പ്രസക്തിയും നമ്മുടെ രാജ്യത്തിന്റെ ഭാവിയും മതേതരത്വവും ജനാധിപത്യവും അഖണ്ഡതയും ജനങ്ങളെ ബോധവല്‍ക്കരിച്ചേ പറ്റൂ. ജനകീയ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ നേതൃത്വവും അണികളും തയ്യാറല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമല്ല രാജ്യം തന്നെ നശിക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
