26 Thursday
December 2024
2024 December 26
1446 Joumada II 24

അക്ബര്‍ കക്കട്ടില്‍ കഥ പറഞ്ഞ് ചിരിപ്പിച്ച അധ്യാപകന്‍

ഹാറൂന്‍ കക്കാട്‌


മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. ശിഷ്യഗണങ്ങളെ പഠിപ്പിക്കുക മാത്രമല്ല, കഥകളിലൂടെയും നോവലുകളിലൂടെയും അനുഭവക്കുറിപ്പുകളിലുടെയും ഒട്ടേറെ പാഠങ്ങളാണ് അദ്ദേഹം കേരളത്തിന് സമ്മാനിച്ചത്. സാധാരണക്കാരന്റെ വായനാലോകത്ത് വീശിയടിച്ച കാറ്റായിരുന്നു ഓരോ കക്കട്ടില്‍ കഥകളും. സാമൂഹിക ജീവിതത്തില്‍ കണ്ടുമുട്ടുന്ന പച്ച മനുഷ്യരുടെ അവസ്ഥാന്തരങ്ങള്‍ എഴുതി മലയാളികളെ അദ്ദേഹം വിസ്മയിപ്പിച്ചു. മലബാറിലെ സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.
1954 ജൂലായ് ഏഴിന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത കക്കട്ടില്‍ എന്ന പ്രദേശത്ത് വി അബ്ദുല്ലയുടേയും സി കെ കുഞ്ഞാമിനയുടേയും മകനായാണ് അക്ബര്‍ കക്കട്ടിലിന്റെ ജനനം. പാറയില്‍ എല്‍ പി സ്‌കൂള്‍, വട്ടോളി സംസ്‌കൃതം സെക്കന്ററി സ്‌കൂള്‍, ഫാറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം മലയാളം അധ്യാപകനായിരുന്നു. കൂത്താളി ഹൈസ്‌കൂള്‍, കുറ്റ്യാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും ഏതാനും കാലം ജോലി ചെയ്തിട്ടുണ്ട്.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എഴുതിത്തുടങ്ങിയ അക്ബര്‍ കക്കട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംസ്‌കൃത പഠനത്തിന് കേരള സര്‍ക്കാരിന്റെ മെരിറ്റ് സ്‌കോളര്‍ഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രൈസ് എന്നിവ നേടിയ അദ്ദേഹം രചനാലോകത്ത് ചെറിയ പ്രായത്തില്‍ തന്നെ കഴിവ് തെളിയിച്ചു.
പഴയ കാലത്തും പുതിയ കാലത്തും അധ്യാപകനായിരുന്നു അക്ബര്‍ കക്കട്ടില്‍. കറയില്ലാത്ത, അതിരില്ലാത്ത സ്‌നേഹം കൊണ്ടാണ് കുട്ടികളെ കഥാപാത്രങ്ങളാക്കി നല്ല സ്‌കൂള്‍ കഥകള്‍ അദ്ദേഹം എഴുതിയത്. ഒരു അധ്യാപകന്‍ എഴുതിയ ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്നു അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക സ്മരണകളെ വിലയിരുത്താം. മൂന്ന് പതിറ്റാണ്ടു കാലത്തെ അധ്യാപക ജീവിതത്തില്‍ 21 കൊല്ലത്തിലേറെ വട്ടോളി സ്‌കൂളില്‍ തന്നെയായിരുന്നു അദ്ദേഹം. ക്ലാസ്മുറിയില്‍ കാതൂകൂര്‍പ്പിച്ച് മിഴിച്ചിരിക്കുന്ന നിഷ്‌കളങ്ക മുഖങ്ങള്‍ അദ്ദേഹത്തിന് വിശാലമായ രചനാലോകത്തെ കഥാപാത്രങ്ങളായിരുന്നു. നാട്ടുഭാഷയുടെ ലളിതമായ ശൈലിയില്‍ അവയൊക്കെ കഥകളായും അനുഭവങ്ങളായും അദ്ദേഹം കുറിച്ചിട്ടു.
‘അധ്യാപക കഥകള്‍’ എന്ന സമാഹാരത്തിലെ ‘ഇനി നമുക്ക് റഷീദയെ കുറിച്ച് സംസാരിക്കാം’ എന്ന കഥ പോലെ നമ്മുടെ ഹൃദയത്തെ തൊട്ട മറ്റൊരു സ്‌കൂള്‍ കഥയില്ല. റഷീദ എന്ന കഥാപാത്രം തന്റെ രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്നതാണെന്ന് അദ്ദേഹം പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും തുടങ്ങി മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് ക്ലാസിലും പുറത്തും കണ്ണില്‍ പെട്ടവരിലൂടെയെല്ലാം അദ്ദേഹം കഥകള്‍ പറഞ്ഞു. അധ്യാപക കഥകള്‍, സ്‌കൂള്‍ ഡയറി, അധ്യയന യാത്ര, പാഠം മുപ്പത് തുടങ്ങിയ കൃതികളിലൂടെ പച്ചയായ അനുഭവങ്ങള്‍ അദ്ദേഹം എഴുതി. നര്‍മത്തിന്റെ ലാളിത്യത്തില്‍ പൊതിഞ്ഞ വേദനിക്കുന്ന ഹൃദയങ്ങളെക്കുറിച്ചാണ് സ്‌കൂള്‍ കഥകളില്‍ അദ്ദേഹം ഏറെയും എഴുതിയത്. വാക്കുകളെ പൊതിഞ്ഞിരിക്കുന്ന ഹാസ്യത്തിന്റെ മേമ്പൊടി നീക്കിയാല്‍, അതിനു താഴെ ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആഴമുള്ള ദു:ഖത്തിന്റെ കടല്‍ കാണാം. പ്യൂണ്‍ ബാലേട്ടന്‍, പരിമിതികള്‍, ഒരു പ്രതിസന്ധി, മരണാനന്തര സാധ്യതകള്‍, അണിയറ തുടങ്ങിയ കഥകളില്‍ പല കാലങ്ങളും പല വ്യക്തികളും മറ്റു പല കാലങ്ങളായും വേഷങ്ങളായുമാണ് പുനര്‍ജനിക്കുന്നത്. അധ്യാപകന്റെ കണ്ണിലൂടെ കുട്ടികളെ ഇത്ര സ്‌നേഹത്തോടെ കണ്ട കഥകള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഈ അധ്യാപക കഥകള്‍ ടിവി ചാനലുകളില്‍ പരമ്പരയായി വന്നപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മനുഷ്യന്‍ എന്ന ആത്മാഭിമാനത്തില്‍ തീ പടരുന്നതിനെ പ്രതിരോധിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ് അക്ബര്‍ കക്കട്ടിലിന്റെ ഓരോ കഥയും നിര്‍വഹിക്കുന്നത്. ‘നാദാപുരം’, ‘നിസ്സഹായരുടെ നീറ്റം’ പോലുള്ള ശ്രദ്ധേയമായ കലാപകാല കഥകള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് ആ മനസ്സാണ്. ചിരിയിലൂടെ ചിന്തകളുടെ വാതിലുകള്‍ തുറന്നിട്ട് സുന്ദരമായ ഭാഷയില്‍ ഒരു കാലഘട്ടത്തെ മുഴുവനായും കോറിയിടാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ലേഖനം എന്ന ശ്രേണിയില്‍പ്പെടുമെങ്കിലും കഥ വായിക്കുന്ന മനസ്സോടെ ആസ്വദിക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘സ്‌കൂള്‍ ഡയറി’. രണ്ടായിരത്തിന്റെ ആദ്യത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സമ്പ്രദായത്തിന്റെ നേരെഴുത്താണ് ഈ പുസ്തകം. അധ്യാപകരെ വാര്‍ക്കപ്പണിക്കാര്‍ എന്നാണ് പുസ്തകത്തിലുടനീളം അദ്ദേഹം വിശേഷിപ്പിച്ചത്. വരുംതലമുറയെ വാര്‍ത്തെടുക്കേണ്ട ‘വാര്‍ക്കപ്പണിക്കാര്‍’. നാടന്‍ ശൈലിയില്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലുടനീളം ഉണ്ടാകുന്ന മാറ്റത്തെ അവതരിപ്പിക്കുകയാണ് ഇതില്‍. എഴുത്തുകാരനപ്പുറം അധ്യാപകന്‍ കണ്ടും കൊണ്ടും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് പുസ്തകത്തിലെ ഓരോ വരിയും. കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍.
നാല് നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം അക്ബര്‍ കക്കട്ടിലിന്റെ 54 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൃത്യുയോഗം, ഹരിതാഭകള്‍ക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം, സ്ത്രൈണം എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ആദ്യം എഴുതിയതാണ് ‘സ്‌ത്രൈണം’ എന്ന നോവല്‍. മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് നോവല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതില്‍ ആറാംകാലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകള്‍ സംസ്ഥാന സിലബസ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ വിഖ്യാതരായ 25 എഴുത്തുകാരുമായി അക്ബര്‍ കക്കട്ടില്‍ നടത്തിയ സര്‍ഗാത്മക സംവാദമായ ‘സര്‍ഗസമീക്ഷ’ മലയാളത്തിന് ലഭിച്ച ഈടുറ്റ ഗ്രന്ഥമാണ്.
പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിര്‍മാണസമിതികളില്‍ ദീര്‍ഘകാലം അംഗമായിരുന്നു അക്ബര്‍ കക്കട്ടില്‍. കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേര്‍ണിങ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡൈ്വസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശക സമിതികള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷര കൈരളി പത്രാധിപ സമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് കരിക്കുലം കമ്മറ്റി എന്നിവയില്‍ അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.
സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ് കെ പൊറ്റക്കാട് അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ്, അങ്കണം സാഹിത്യ അവാര്‍ഡ്, കേരള എയിഡഡ് ഹയര്‍ സെക്കണ്ടറി അസോസിയേഷന്റെ പ്രഥമ അക്കാദമിക് കൗണ്‍സില്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി 17ന് 62-ാം വയസ്സില്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ അക്ബര്‍ കക്കട്ടില്‍ നിര്യാതനായി.

Back to Top