എയിംസ്: കേരളത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കേരളത്തില്‍ എയിംസ് സ്ഥാപിക്കുകയെന്ന കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്രാവശ്യത്തെ ബജറ്റിലും അവഗണിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമായ വിവേചനമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 22 പുതിയ എയിംസുകള്‍ അനുവദിച്ചിട്ടും ഒന്നുപോലും കേരളത്തിന് വകകൊള്ളിക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ദുഷ്ടമനസ്സ് അംഗീകരിക്കാവതല്ല. എയിംസിന് വേണ്ടി സൗകര്യപ്രദമായ സ്ഥലം ലഭ്യമാക്കാന്‍ തയ്യാറായിട്ടും കേരളത്തിലെ ജനങ്ങളോട് നിഷേധാത്മക നിലപാടെടുക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
കോവിഡ് മഹാമാരിയുടെ ദുരിതത്തിലകപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ വലയുമ്പോഴും ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ കുത്തക മരുന്ന് കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുകയാണ്. കോവിഡ് കാലത്ത് ഇന്ത്യയിലെ പ്രമുഖമായ പത്തോളം കുത്തക മരുന്ന് കമ്പനികള്‍ പ്രതിദിനം അഞ്ഞൂറ് കോടി രൂപ വീതം വിറ്റു വരവുണ്ടാക്കിയെന്നത് മരുന്ന് കമ്പനികളും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണ് വ്യക്തമാക്കുന്നത്. കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും രാജ്യത്തെ വരിഞ്ഞു മുറുക്കുമ്പോഴും കാര്‍ഷിക മേഖലയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ബജറ്റ് വിഹതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ മഹാമാരിക്കാലത്തും ജനദ്രോഹം തുടരുകയാണ്.
വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, പി അബ്ദുല്‍അലി മദനി, സി അബ്ദുല്ലത്തീഫ്, കെ എ സുബൈര്‍, എന്‍ എം അബ്ദുല്‍ജലീല്‍, കെ പി സകരിയ്യ, ബി പി എ ഗഫൂര്‍, എം എം ബഷീര്‍ മദനി, ഡോ. ജാബിര്‍ അമാനി, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ഡോ. മുസ്തഫ കൊച്ചി, എന്‍ജി. സൈതലവി, കെ എല്‍ പി ഹാരിസ്, അബ്ദുസ്സലാം പുത്തൂര്‍, പി സുഹൈല്‍ സാബിര്‍, കെ പി അബ്ദുറഹ്മാന്‍, ഫൈസല്‍ നന്മണ്ട, മുഹ്‌സിന്‍ തൃപ്പനച്ചി, ആദില്‍ നസീഫ് മങ്കട പ്രസംഗിച്ചു.