ഐക്യം ഒരു പരിഹാര നടപടിയല്ല
സാലിഹ് നിസാമി
സമുദായം നേരിടുന്ന ഭീഷണികള്‍ / പ്രതിസന്ധികള്‍ പ്രതിരോധിക്കാനുള്ള ഒരു താല്‍ക്കാലിക നടപടിയായിട്ടാണ് സമുദായത്തിന്റെ ഏകതയെ പലരും മനസ്സിലാക്കിയിരിക്കുന്നത്. അനൈക്യം സംഭവിച്ചാലും വീക്ഷണ വ്യത്യാസങ്ങളില്‍ ഉറച്ചുനിന്ന് ആദര്‍ശം സംരക്ഷിക്കണം എന്നവര്‍ കരുതുന്നു. യഥാര്‍ഥത്തില്‍, ഭിന്നതകള്‍ അവഗണിച്ചും സംരക്ഷിക്കേണ്ടതാണ് ഐക്യമെന്ന കാര്യം എന്നത് അവര്‍ മനസ്സിലാക്കുന്നില്ല. അതായത്, ഐക്യം സംരക്ഷിക്കുകയെന്നതാണ് സുപ്രധാന ആദര്‍ശം. പരമപ്രധാനമായ ഇബാദത്ത്. അത് കാത്തുസൂക്ഷിക്കാന്‍ ഭിന്ന വീക്ഷണങ്ങള്‍ വിലങ്ങുതടിയാകരുത് എന്ന ബോധമാണ് ആദര്‍ശ സംരക്ഷണം. ഐക്യം ‘എന്തോ ആര്‍ക്കോ’ വേണ്ട ഒരു അവഗണനീയമായ സംഗതി എന്ന ലാഘവബുദ്ധിയാണ്, ഭിന്നവീക്ഷണങ്ങള്‍ ഓരോന്നും ഇരുമ്പുലക്കയാണെന്ന മിഥ്യാ ധാരണയാണ് സമുദായ ഏകതയുടെ മുന്നിലെ ഭീകര തടസ്സം. ഓര്‍ക്കുക: ഐക്യം ഫര്‍ദ് ആകുന്നു; അഭിപ്രായാന്തരങ്ങള്‍ അതിനു തടസ്സമാകരുത്.
നോക്കൂ. അസ്തമിച്ചുവെന്ന് ഉറപ്പായാല്‍ നോമ്പ് തുറക്കുന്നത് സുന്നത്താണ്; നോമ്പുതുറ ‘സ്വര്‍ഗപ്രാപ്തിയുടെ’ സിംബലാണ്. പാര്‍ക്കിനു മുന്നില്‍ ഗേറ്റ് തുറക്കുന്നതും കാത്തുനില്‍ക്കുന്ന കുട്ടികള്‍, ഗേറ്റ് തുറന്നാല്‍ കാണിക്കുന്ന ഒരു തിടുക്കം/തിരക്ക്, നോമ്പുതുറയുടെ സമയത്തുണ്ടാകുന്നത് നബി(സ) പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ആ തിരക്കുകൂട്ടലിലും ഒരവധാനത കാണിക്കുന്നത് മോശമായ കാര്യമല്ല. ഒത്തൊരുമയ്ക്ക് വേണ്ടി, കൂട്ടമായി ജീവിക്കുമ്പോള്‍ പാലിക്കേണ്ട ഒരവധാനത ഇവിടെയും സ്തുത്യര്‍ഹമാണെന്ന് വിചാരിക്കുന്നു.
നമസ്‌കാരം അതിന്റെ സമയമായാലുടനെ നിര്‍വഹിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ ഉണ്ട്. അതിനര്‍ഥം, ബാങ്ക് വിളിച്ചയുടന്‍, മറ്റാരെയും കാത്തുനിക്കാതെ തന്റെ നമസ്‌കാരം ആരംഭിക്കണം എന്നാണോ? മിക്ക പള്ളികളിലും ‘ജമാഅത്തിന്’ ഒരു ടൈംടേബിള്‍ ഉണ്ട്; ഇപ്പോള്‍ മസ്ജിദിനകത്ത് കാണുന്ന ഇലക്ട്രിക് ഡിജിറ്റല്‍ ക്ലോക്കില്‍ ബാങ്ക് സമയം, ഇഖാമത്ത് സമയം വേറെവേറെ കൊടുത്തുകാണുന്നു; ഇഖാമത്ത് സമയം ഓരോ മസ്ജിദിനെ അപേക്ഷിച്ചും വ്യത്യാസപ്പെട്ടിരിക്കാം. അവ്വല്‍ വഖ്തില്‍ നിസ്‌കരിക്കുക എന്ന അതിപ്രധാനമായ സുന്നത്ത്, അവധാനതയോടെയും സഹിഷ്ണുതയോടെയും ഓരോ മസ്ജിദിലും നടപ്പാക്കുന്ന രീതിയാണിത്. (ചിലര്‍ ഇഖാമത്ത് സമയത്തെ ബാങ്ക് സമയത്തേക്കാള്‍ കണിശമായി എടുക്കുകയും, സുന്നത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുന്ന ആളെ ഒട്ടും പരിഗണിക്കാതെ, അയാളുടെ മുന്നിലിട്ട് ഇഖാമത്ത് കൊടുത്ത് ഭീഷണിപ്പെടുത്തുന്നതും കാണാം. അയാളെ കാത്തുനില്‍ക്കാന്‍ പാടില്ലാത്തവിധം, കണിശമായി പാലിക്കേണ്ടതാണ് ഇഖാമത്ത് സമയം എന്നാണ് ‘പള്ളി ജീവനക്കാര്‍’ മനസ്സിലാക്കിയിരിക്കുന്നത്.)
ബാങ്ക് വിളിക്കാനുള്ള സമയത്തിലെ വ്യത്യാസം, ഒരു പ്രശ്‌നമായി മാറുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ബാങ്കിനെ ആദരിച്ച്, സംസാരം നിര്‍ത്തിവെക്കുന്ന സദസ്സുകള്‍ നേരിടുന്ന പ്രതിസന്ധി. രണ്ടും മൂന്നും വാങ്കുകള്‍ കഴിയാന്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥ. ആദരിക്കുന്നവര്‍ പോലും പയ്യെപ്പയ്യെ അവഗണിക്കുന്ന തലത്തിലേക്ക് ഈ ദുരനുഭവം എത്തിക്കുന്നു.
റമദാനിലെ നോമ്പ് പിടിക്കുന്നതും തുറക്കുന്നതുമാണ് മറ്റൊരു പ്രധാന രംഗം. ഇവിടെ ‘സുന്നികള്‍’ സൂക്ഷ്മത എന്നൊരു നടപടി സ്വീകരിക്കുന്നുവെന്നാണ് സുന്നി ഇതരരുടെ പരാതി. ‘മുജ ജമകള്‍’ നോമ്പ് ഫിത്‌നയാക്കുന്നു എന്ന് സുന്നികളും. സൂക്ഷ്മതയുടെ ഭാഗമായി, സുബ്ഹ് ബാങ്ക് നേരത്തെയും, മഗ്രിബ് വാങ്ക് വൈകിയും വിളിക്കുന്നതായാണ് പരാതി. തങ്ങള്‍ വൈകിയതിനാല്‍, കൃത്യ സമയം പാലിക്കുന്ന ‘മുജ ജമകള്‍’ മഗ്രിബിന് നേരത്തെയും സുബ്ഹിക്ക് വൈകിയും വിളിക്കുകയാണെന്നു അവര്‍ക്ക് തോന്നുകയാണെന്നു മറുപക്ഷവും പറയുന്നു.
കലണ്ടര്‍ ഉണ്ടാക്കുന്നതിനു മുമ്പ്, അതിനു ഉത്തരവാദപ്പെടുത്തപ്പെടുന്നവര്‍ ഒന്നിച്ചിരുന്നാല്‍ തീര്‍ക്കാവുന്ന ഭിന്നത മാത്രമാണിത്. അതിനു സാധിക്കുന്നില്ലെങ്കില്‍, പ്രാദേശികമായി ഒത്തുകൂടി അതാത് റമദാനിലെ ബാങ്ക് സമയം ഏകീകരിക്കാവുന്നതാണ്. ഭിന്നാഭിപ്രായങ്ങളെ താലോലിക്കുന്നതിനേക്കാള്‍ വലിയ ഇബാദത്താണ് ഐക്യം എന്ന തിരിച്ചറിവ് ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ.