വ്യാജനെ പൂട്ടാന്‍ വഴി തേടി എ ഐ ഉച്ചകോടി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി സൃഷ്ടിക്കപ്പെടുന്ന വ്യാജ ഉള്ളടക്കത്തിന്റെ അപകടസാധ്യതയാണ് ബ്രിട്ടനിലെ ബ്ലെച്ലി പാര്‍ക്കില്‍ നടന്ന എഐ സുരക്ഷാ ഉച്ചകോടിയില്‍ ഉയര്‍ന്ന ആശങ്കകളിലൊന്ന്. ‘ബ്ലെച്ലി പാര്‍ക്ക് ഡിക്ലറേഷന്‍’ എന്നറിയപ്പെടുന്ന സംയുക്ത പ്രസ്താവനയില്‍ വിവിധ രാജ്യങ്ങള്‍ ഊന്നല്‍ നല്കിയതും ഈ വിഷയത്തിനാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യഥാര്‍ഥ ശേഷി എന്തെന്ന് ഇതുവരെയും പൂര്‍ണമായും വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഇവയുണ്ടാക്കാവുന്ന പ്രത്യാഘാതം എന്തെന്നു പ്രവചിക്കുക പ്രയാസമാണെന്നു പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, യുഎസ്, ചൈന, ജപ്പാന്, ബ്രിട്ടന്, ജപ്പാന്, ഫ്രാന്‍സ് എന്നിവ അടക്കം 28 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ചാറ്റ് ജിപിടി, മിഡ്ജേണി അടക്കമുള്ള എഐ സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് സാങ്കല്പിക ഉള്ളടക്കം, ചിത്രങ്ങള്‍, വീഡിയോകള്‍, ഡീപ്ഫേക്കുകള്‍ അടക്കം വന്‍തോതില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതില്‍ സത്യമേത്, കള്ളമേത് എന്നുപോലും പലപ്പോഴും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.