21 Saturday
December 2024
2024 December 21
1446 Joumada II 19

എഐ: അല്‍ഗോരിതത്തിന്റെ സാധ്യതകളും പ്രതിഫലനങ്ങളും

ടി ടി എ റസാഖ്‌


മറ്റേതൊരു സാങ്കേതികവിദ്യയേക്കാളും വേഗത്തിലും വിസ്തൃതിയിലുമാണ് വിവിധ എഐ മോഡലുകള്‍ വികസിച്ചുവരുന്നത്. മാത്രമല്ല, സാധാരണ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് എഐ മനുഷ്യബുദ്ധിയുടെ സമഗ്രവും വ്യാഖ്യാനാധിഷ്ഠിതവുമായ സ്വഭാവം പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയും മനുഷ്യബുദ്ധിയെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാങ്കേതികവിദ്യയാണ് എന്നത് അതിനെ വ്യത്യസ്തമാക്കുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ നൈതികവും ധാര്‍മികവുമായ ചര്‍ച്ച ഏറെ വ്യാപകവും പ്രസക്തവുമാണ്. മനുഷ്യബുദ്ധിയില്‍ വികസിച്ചുവന്നതും ദൈവികവുമായ സങ്കീര്‍ണ നൈതിക-ധാര്‍മിക പശ്ചാത്തലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എഐ സിസ്റ്റങ്ങളില്‍ പുനര്‍നിര്‍മിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് കണക്കാക്കപ്പെടുന്നു, അഥവാ മനുഷ്യ തിരിച്ചറിവിന്റെ സമ്പൂര്‍ണത പൂര്‍ണമായും ഒരു എഐ മെഷീന്‍ ഏറ്റെടുക്കുക എന്നത് അസാധ്യമാണെന്നിരിക്കെ സാങ്കേതികവിദ്യ ആ ദിശയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ചിലര്‍ വാദിക്കുന്നു.
ഈ സാഹചര്യത്തിലാണ് വിവേചനബുദ്ധിയോടെ മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ എഐ മെഷീനുകള്‍ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നത്. മനുഷ്യരാശിയെ അപകടത്തിലേക്ക് നയിക്കാവുന്ന സാങ്കേതികവിദ്യകളെ കുറിച്ച് എക്കാലത്തും മനുഷ്യന്‍ ചര്‍ച്ച ചെയ്തുവരുന്നതാണെങ്കിലും എഐയുടെ അതിവേഗമുള്ള വ്യാപനവും വൈവിധ്യവും അനിശ്ചിതാവസ്ഥകളും അത്തരം ചര്‍ച്ചകളെ കൂടുതല്‍ പ്രസക്തമാക്കുകയാണ്.
സാങ്കേതികവിദ്യകളുടെ ദുരുപയോഗങ്ങളും ദുഷ്ഫലങ്ങളും ആകസ്മിക സംഭവവികാസങ്ങളുമെല്ലാം എക്കാലത്തും നോവലുകള്‍ക്കും ശാസ്ത്ര കല്‍പിത കഥകള്‍ക്കും വിഷയമായിട്ടുണ്ട്. ജോര്‍ജ് ഓര്‍വല്‍ എഴുതിയ ‘1984’ എന്ന പ്രസിദ്ധ കൃതി ഒരു കേന്ദ്രീകൃത സര്‍ക്കാര്‍ ടെക്‌നോളജിയും നിരീക്ഷണവും ഉപയോഗപ്പെടുത്തി തങ്ങളുടെ പൗരന്മാരുടെ എല്ലാ ജീവിത വ്യവഹാരങ്ങളെയും നിയന്ത്രിക്കുന്ന കഥയാണ് പറയുന്നത്. അഥവാ നിര്‍മിത ബുദ്ധിയുടെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു എഐ ഗവര്‍ണറാലിറ്റിയുടെ സാധ്യതകളെയും ദുഷ്ഫലങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്.
ആദ്യത്തെ ശാസ്ത്ര കല്‍പിത കഥ എന്നറിയപ്പെടുന്ന 1818ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മേരി ഷെല്ലിയുടെ ‘ഫ്രാങ്കെന്‍സ്‌റ്റൈന്‍’ പറയുന്ന കഥയും പ്രതിലോമകരമായ ജൈവ സാങ്കേതികവിദ്യയുടെ ദുഷ്ഫലങ്ങളെ കുറിച്ചാണ്. ഫ്രാങ്കെന്‍സ്‌റ്റൈന്‍ എന്ന ശാസ്ത്രജ്ഞന്റെ നവീന ശാസ്ത്രപരീക്ഷണത്തിലൂടെ സൃഷ്ടിച്ചെടുത്ത ബുദ്ധിശക്തിയുള്ള ഒരു കൃത്രിമ ജീവി പിന്നീട് അക്രമത്തിലേക്ക് തിരിയുന്ന കഥയാണീ കൃതി പങ്കുവെക്കുന്നത്. ഗവേഷകരുടെ നിരുത്തരവാദപരമായ ശാസ്ത്രാഭിലാഷങ്ങളുടെ വിപരീത ഫലങ്ങളെ കുറിച്ചും സാങ്കേതിക അപകടങ്ങള്‍, കുടുംബത്തിന്റെയും സാമൂഹിക ബന്ധത്തിന്റെയും പ്രാധാന്യം, നന്മയും തിന്മയും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചുമാണീ നോവല്‍ സംസാരിക്കുന്നത്. ”അറിവ് ശക്തിയാണ്. പക്ഷേ, ഞാന്‍ എന്റെ സ്വന്തം പുരോഗതിയുടെ ഒരു ഉപകരണമായി മാത്രമാണ് അതിനെ തേടിയത്”- വിക്ടര്‍ ഫ്രാങ്കെന്‍സ്‌റ്റൈന്‍ എന്ന ശാസ്ത്ര കഥാപാത്രത്തിന്റെ ഈ വാക്കുകള്‍ കാലികപ്രസക്തമാണ്. അഥവാ മനുഷ്യന്‍ എപ്പോഴും സാങ്കേതികവിദ്യകളുടെ ദുരുപയോഗം വഴിയുണ്ടാവുന്ന വന്‍ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവാനായിരുന്നു എന്നു സാരം.
എപ്പോഴും സാങ്കേതികവിദ്യ ആരുടെ കൈയിലാണോ അവരായിരിക്കും അതിന്റെ ധാര്‍മികതയുടെ വിധികര്‍ത്താക്കള്‍ എന്നത് എഐയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ആമസോണിന്റെ പഴയ റിക്രൂട്ട്‌മെന്റ് എഐ സ്ത്രീ ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയ കഥ പ്രസിദ്ധമാണല്ലോ. അവരുടെ എഐ സോഫ്റ്റ്‌വെയറിന് നല്‍കപ്പെട്ട ഡാറ്റാ സെറ്റ് പരിശീലനം അങ്ങനെയായിരുന്നുവത്രേ. എഐയുടെ ഡാറ്റാ പരിശീലനവും അല്‍ഗോരിതവുമനുസരിച്ച് വംശീയവും വര്‍ണപരവും ദേശീയവും സാംസ്‌കാരികവും മാത്രമല്ല, മറ്റു പല തരത്തിലും പെട്ട മുന്‍വിധികളും വിവേചനങ്ങളും പ്രോഗ്രാം ചെയ്യപ്പെട്ടേക്കാം. അത് സ്വാര്‍ഥമായ യജമാനസേവയ്ക്കു വേണ്ടി മാത്രമായി പ്രോഗ്രാം ചെയ്യപ്പെട്ടേക്കാം.
ഇക്കാര്യത്തില്‍ ടെസ്‌ലയുടെ ഒരു ഡ്രൈവറില്ലാ കാറിനെപ്പറ്റി പറയുന്ന ഒരു ഉദാഹരണം പ്രസക്തമാണ്: റോഡില്‍ നടന്നുപോകുന്ന യാത്രക്കാരനെ രക്ഷപ്പെടുത്തണമോ അതോ കാറിലിരിക്കുന്ന തന്റെ മുതലാളിയെ രക്ഷപ്പെടുത്തണമോ എന്ന് തീരുമാനിക്കേണ്ട ഒരു അടിയന്തര സാഹചര്യം വരുമ്പോള്‍ മുതലാളിയെ രക്ഷിക്കുന്ന അല്‍ഗോരിതം നിയന്ത്രിക്കുന്ന യന്ത്രസംവിധാനം പ്രവര്‍ത്തനക്ഷമമായേക്കാം. അഥവാ ഏത് രീതിയിലാണോ മെഷീന് ബുദ്ധി പരിശീലനം നല്‍കപ്പെടുന്നത്, ആ രീതിയിലുള്ള ഫലങ്ങളും പ്രതികരണങ്ങളും മാത്രമായിരിക്കും നമുക്ക് ലഭ്യമാവുന്നത്. അതു കാരണമായി ഒരു എഐ അധിഷ്ഠിത ഭാവിസമൂഹത്തില്‍ അന്തിമ തീരുമാനങ്ങളില്‍ ഉണ്ടായേക്കാവുന്ന എഐയുടെ ആധിപത്യം ചോദ്യങ്ങള്‍ സാധ്യമാവാത്ത വിധം ദുരൂഹമായ സാഹചര്യങ്ങള്‍ക്ക് കാരണമായേക്കാം. ഇത് യഥാര്‍ഥത്തില്‍ ഉത്തരവാദിത്തത്തെയും സുതാര്യതയെയും കുറിച്ചുള്ള ആശങ്കകളാണ് ഉയര്‍ത്താന്‍ പോവുന്നത്.
നൂതന എഐ സിസ്റ്റങ്ങളില്‍ നമ്മുടെ ഓരോ ചലനത്തിനുമനുസരിച്ച് വിപുലമായ വ്യക്തിഗത ഡാറ്റ വിശകലനം ചെയ്യാനുള്ള കഴിവും സാഹചര്യവും തുറന്നുകിടക്കുകയാണ്. വീട്ടിലും പുറത്തുമെല്ലാം മനുഷ്യനിന്ന് എഐ കാമറകളുടെയും ഡിജിറ്റല്‍ ശൃംഖലകളുടെയും നിരന്തര നിരീക്ഷണത്തിലാണ്. പെഗാസസ് പോലെ, നമ്മുടെ മൊബൈലില്‍ നമ്മുടെ സ്വകാര്യതയെ വെല്ലുവിളിക്കുന്ന എന്തെല്ലാം ചാര സോഫ്റ്റ്‌വെയറുകളും രഹസ്യ നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നാര്‍ക്കും അറിയില്ല.
ഉദാഹരണത്തിന്, കാംബ്രിഡ്ജ് അനാലിറ്റിക എന്ന സ്ഥാപനം മെഷീന്‍ ലേണിംഗ് വിദ്യകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം ഓര്‍ക്കുക. ഈ ഡാറ്റ തെറ്റിദ്ധാരണാപരമായ വിവരങ്ങള്‍ പരത്താനും രാഷ്ട്രീയാഭിപ്രായങ്ങള്‍ രൂപീകരിക്കാനും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനുമെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. നാം അറിഞ്ഞും അറിയാതെയും നടക്കുന്ന ഇത്തരം പല പ്രവൃത്തികളും വ്യക്തിഗത സ്വകാര്യതയെക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്.
അതുപോലെ മറ്റൊരു രംഗത്ത്, എഐ സാന്നിധ്യം തൊഴില്‍ മാര്‍ക്കറ്റില്‍ വരുത്തുന്ന വമ്പിച്ച മാറ്റങ്ങള്‍ മനസ്സിലാക്കി, കഴിവും നൈപുണിയും വര്‍ധിപ്പിച്ച് പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാവേണ്ട ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ യന്ത്രവത്കരണം തൊഴില്‍ നഷ്ടപ്പെടുത്തുന്നതോടൊപ്പം വമ്പിച്ച തൊഴില്‍ സാധ്യതകളും തുറന്നിടുന്നുണ്ട് എന്ന് നാം ഏറെ ഭയപ്പെട്ട കംപ്യൂട്ടറൈസേഷന്‍ പോലുള്ള പുരോഗതി നമ്മെ പഠിപ്പിക്കുമ്പോള്‍, യാഥാര്‍ഥ്യബോധത്തോടെ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ നാം ബാധ്യസ്ഥരാണ്.
കല, സാഹിത്യം, സര്‍ഗാത്മകത, സ്‌നേഹം, സഹാനുഭൂതി എന്നിങ്ങനെ മനുഷ്യ സ്പര്‍ശം ആവശ്യമായ മേഖലകളില്‍ മനുഷ്യന്റെ സംഭാവനകളെ വേറിട്ടുനിര്‍ത്തുന്നത് അവന്റെ അവബോധം, വൈകാരിക ബുദ്ധി, പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, അനുഭവം എന്നിങ്ങനെയുള്ള പല ഗുണങ്ങളുടെയും കൂട്ടായ ബുദ്ധിബോധങ്ങളാണ്. എന്നാല്‍ ഒരു എഐ ആധിപത്യ സമൂഹത്തില്‍ ഇതെല്ലാം യാന്ത്രികമായി സൃഷ്ടിക്കപ്പെട്ടേക്കാം. അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായ ദുഷ്ഫലങ്ങളും ആശയക്കുഴപ്പങ്ങളുമാവാം. ഒരു നോവല്‍ ചാറ്റ് ജിപിടി പോലുള്ള ഭാഷാ മോഡലുകളില്‍ നിന്ന് പകര്‍ത്തതാണെന്നറിഞ്ഞാല്‍ അതാരാണ് വായിക്കാന്‍ ഇഷ്ടപ്പെടുക? ഒരു ജെ കെ റൗളിങ് ശൈലിയിലുള്ള നോവലോ വേഡ്‌സ്‌വര്‍ത് ശൈലിയിലുള്ള കവിതയോ ഒരാള്‍ക്ക് വീട്ടിലിരുന്ന് എഴുതാവുന്ന അവസ്ഥ! പലപ്പോഴും യന്ത്രമോ മനുഷ്യനോ എഴുതിയതെന്ന കാര്യം പോലും തിരിച്ചറിയാന്‍ കഴിയില്ല.
ഈയിടെ എഐ വിഷയം പ്രമേയമാക്കി നോവലെഴുതി അവാര്‍ഡ് ജേതാവായ ജാപനീസ് എഴുത്തുകാരി റീ കുദാന്‍ തന്റെ കൃതിയുടെ അഞ്ച് ശതമാനം ചാറ്റ്‌ബോട്ടില്‍ നിന്ന് പകര്‍ത്തി എഴുതിയതായി കുറ്റസമ്മതം നടത്തിയത് വാര്‍ത്തയായിരുന്നല്ലോ. പരിശോധകര്‍ക്ക് അത് മനസ്സിലാക്കാനായില്ലത്രേ. ഇങ്ങനെ മനുഷ്യ ഭാഷാരംഗത്ത് മാത്രമല്ല, കോഡിങ് പോലുള്ള പല രംഗങ്ങളിലും ശൈശവകാലത്തു തന്നെ എഐ സിസ്റ്റങ്ങള്‍ വേണ്ടത്ര കഴിവു നേടിക്കഴിഞ്ഞു. മാത്രമല്ല, എജിഐയുടെ ഭാഗമായി ഗവേഷണത്തിലുള്ള യന്ത്രങ്ങള്‍ക്ക് സാഹചര്യമനുസരിച്ച് സ്വയം കോഡുകള്‍ നിര്‍മിക്കാനും പഠിപ്പിക്കപ്പെടാത്ത പാഠങ്ങള്‍ എഴുതി കഴിവ് വര്‍ധിപ്പിക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഉദാഹരണമായി, ഉറുമ്പുകളുടെ ഒരു കോളനി സങ്കല്‍പിക്കുക. കോളനിയുടെ സങ്കീര്‍ണമായ പെരുമാറ്റത്തിന്റെ രൂപരേഖ ഒരു ഉറുമ്പിനും പൂര്‍ണമായി അറിയില്ല. എന്നിരുന്നാലും, കൂട്ടായി കൂടുകള്‍ പണിയുകയോ ഭക്ഷണം കണ്ടെത്തുകയോ പോലുള്ള സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ അവ പ്രകടിപ്പിക്കുന്നു.
അതുപോലെ, എഐയില്‍ ഉള്‍ച്ചേര്‍ത്ത ലളിതമായ നിയമങ്ങളോ അല്‍ഗോരിതങ്ങളോ ഒരു സങ്കീര്‍ണ സംവിധാനത്തില്‍ സംവദിക്കുമ്പോള്‍ പ്രോഗ്രാം ചെയ്യപ്പെടാതെ ഉയര്‍ന്നുവരുന്ന ചില സ്വഭാവങ്ങള്‍ (ലാലൃഴലി േയലവമ്ശീൗൃ) വളര്‍ന്നുവരുന്നു. ഇത് ചിലപ്പോള്‍ എഐയുടെ സ്രഷ്ടാക്കളെ പോലും അദ്ഭുതപ്പെടുത്തുന്നതോ വിഷമത്തിലാക്കുന്നതോ ആവാം. ഭാരമുള്ള സിമന്റ് ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ പഠിപ്പിക്കപ്പെട്ട ഒരു റോബോട്ട് സിമന്റ് കട്ടകള്‍ കൂട്ടിവെച്ച് റാംപുകള്‍ നിര്‍മിക്കുന്നതുപോലെ, ‘ഗോ’ പോലുള്ള ഗെയിമുകളില്‍ വ്യത്യസ്ത സൂത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുപോലെ, മെഡിക്കല്‍ രംഗത്ത് മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സൂക്ഷ്മാംശങ്ങളെ തിരിച്ചറിയുന്നതുപോലെ, മനുഷ്യനും യന്ത്രങ്ങളും തമ്മില്‍ വരാവുന്ന സംഘര്‍ഷങ്ങള്‍ പോലുള്ള ആകസ്മിക സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇത്തരം ആര്‍ജിത സ്വഭാവങ്ങള്‍ കാരണമായേക്കാം.
അതിന്റെ ധാര്‍മികത മാത്രമല്ല, സുരക്ഷാ പ്രത്യാഘാതങ്ങളും പൂര്‍ണമായി പ്രവചിക്കാന്‍ പോലും സാധ്യമാവില്ല. കാരണം അത്രയും ശതകോടിക്കണക്കിന് ഡാറ്റാ സെറ്റിന്റെ പശ്ചാത്തലത്തില്‍ നിന്നാണത് പരിണമിച്ചുവരുന്നത്. ഒരു സിസ്റ്റം സ്വയം കോഡെഴുതി എന്തു ചെയ്യാന്‍ പോകുന്നു എന്നത് പലപ്പോഴും പ്രവചനാതീതമായിരിക്കും. ഇങ്ങനെ എഐ യെ കുറിച്ചുള്ള ഭയം ഒരുവശത്തും എഐയുടെ വമ്പിച്ച സാധ്യതകള്‍ മറുവശത്തുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ എഐ വികസിച്ചുവരുന്നതോടെ മനുഷ്യന് ചെയ്യാന്‍ ബാക്കിയുള്ളത് എന്താണ് എന്ന വലിയ ചോദ്യം നിലനില്‍ക്കുന്നുണ്ട്.

Back to Top