19 Tuesday
November 2024
2024 November 19
1446 Joumada I 17

മനുഷ്യബുദ്ധിയുടെ കളത്തില്‍ നിര്‍മിതബുദ്ധിയോ?

ടി ടി എ റസാഖ്


മനുഷ്യകുലം നിര്‍മിതബുദ്ധിയുടെ (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പുതിയ യുഗത്തിലേക്ക് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ക്കാണിന്ന് ഡിജിറ്റല്‍ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതികരംഗത്തു മാത്രമല്ല, സാമൂഹികവും ബൗദ്ധികവും നൈതികവുമായ സര്‍വ മേഖലകളിലും ദൂരവ്യാപകമായ ഫലങ്ങളാണ് നിര്‍മിതബുദ്ധിയില്‍ വിരിയാന്‍ കാത്തിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മറ്റേതൊരു ശാസ്ത്ര പുരോഗതിയിലും എന്നപോലെ വലിയ പ്രതീക്ഷകളും ആശങ്കകളും അവകാശവാദങ്ങളുമായി സജീവ ചര്‍ച്ചകളിലാണീ രംഗത്തെ വിദഗ്ധര്‍.
മനുഷ്യബുദ്ധിയുടെ (എച്ച് ഐ-ഹ്യൂമന്‍ ഇന്റലിജന്‍സ്) മേഖലകളിലേക്ക് വ്യാപിച്ചുവരുന്ന യന്ത്രബുദ്ധിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചും മനുഷ്യനാവുക എന്നതിന്റെ അടിസ്ഥാന അര്‍ഥത്തെ കുറിച്ചും നടന്നുവരുന്ന ചര്‍ച്ചകള്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഓപണ്‍ എഐ’ പദ്ധതികളുടെ ഭാഗമായി 2022 ജൂണില്‍ പുറത്തുവന്ന ചാറ്റ്
ജിപിടി-3 അഞ്ചു ദിവസം കൊണ്ട് അഞ്ചു ദശലക്ഷം ഓണ്‍ലൈന്‍ ഉപയോക്താക്കളെയാണ് ആകര്‍ഷിച്ചത്. കൂടാതെ ഓപണ്‍ എഐ ഗവേഷണത്തിനായി പത്ത് ബില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ് മാത്രം മുതല്‍ മുടക്കിയത്. വരാന്‍ പോവുന്ന നിര്‍മിതബുദ്ധി യുഗത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകളാണീ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
നിര്‍മിതബുദ്ധിയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഭാഷാ മോഡല്‍ ചാറ്റ് ജിപിടി യന്ത്ര ബുദ്ധിയുടെ (എഐ) ഒരു ബൃഹത് ഭാഷാമാതൃകയായിട്ടാണ് അറിയപ്പെടുന്നത്. ദിനംപ്രതിയെന്നോണം മറ്റു പല മേഖലകളിലും അതിന്റെ കഴിവുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭാഷ കൂടാതെ ചിത്രങ്ങള്‍, സംസാരം, റോബോട്ടിക്‌സ് തുടങ്ങി സര്‍വ മേഖലകളെയും സ്വാധീനിക്കുന്ന നിര്‍മിതബുദ്ധിയുടെ പല മോഡലുകളും വികസിച്ചുകൊണ്ടിരിക്കുയാണിന്ന്. അങ്ങനെ വികസിതമായി വരുന്ന ‘എഐ’ മാതൃകകള്‍ അവസാനം മനുഷ്യബുദ്ധിയെയും മനുഷ്യനെത്തന്നെയും അതിജയിക്കുമോ എന്നുവരെയുള്ള ഗൗരവമായ ചര്‍ച്ചകളിലാണിന്ന് ഗവേഷകരും സാധാരണക്കാരുമെല്ലാം. നിര്‍മിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുമോ എന്ന ചര്‍ച്ച നിര്‍മിതവും യാന്ത്രികവുമായ ബുദ്ധിസങ്കേതങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകളാലാണ് തുടങ്ങുന്നതെന്നു കാണാം.
നിര്‍മിതബുദ്ധി
എല്ലാ നിര്‍മിതബുദ്ധി മാതൃകകളും പ്രവര്‍ത്തിക്കുന്നത് പൊതുവായ ചില തത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി അവയെല്ലാം വിവരങ്ങള്‍ വിശകലനം ചെയ്ത് ആവശ്യമായ ഉത്തരങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുന്നതിനായി (ഡാറ്റാ പ്രൊസസിങ്) മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ നാഡീകോശ ശൃംഖലയെ (ന്യൂറല്‍ നെറ്റ്‌വര്‍ക്ക്) മാതൃകയാക്കുന്നു. യന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ ശൃംഖലയെ ഒരു സൂപ്പര്‍ കംപ്യൂട്ടറിനു നല്‍കുന്ന വളരെ സങ്കീര്‍ണമായ നിര്‍ദേശങ്ങളായി (അല്‍ഗോരിതം) കണക്കാക്കാം.
രണ്ടാമതായി, നേരത്തേ ഫീഡ് ചെയ്യപ്പെട്ട അതിഭീമമായ ഡാറ്റയുടെ (ട്രെയിനിങ് ഡാറ്റ) സഹായത്തോടെ ഈ കൃത്രിമ നാഡീകോശ ശൃംഖല വിവരങ്ങള്‍ വിശകലനം ചെയ്യുകയും (ഡീപ് ലേണിങ്) ആവശ്യമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതോടൊപ്പം, പുതിയ കാര്യങ്ങള്‍ പഠിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന രീതിയില്‍ (അണ്‍-സൂപ്പര്‍വൈസ്ഡ് ലേണിങ്) ആസൂത്രണം ചെയ്യപ്പെട്ടതാണ്. ചുരുക്കത്തില്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്ന ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമും അതുവഴിയുള്ള ഡാറ്റാ വിശകലനത്തിന്റെ ഫലമായി നടക്കുന്ന ഡീപ് ലേണിങും അടങ്ങിയതാണ് നിര്‍മിതബുദ്ധിയുടെ അടിസ്ഥാന പ്രവര്‍ത്തന തത്വം.
സാമ്പ്രദായികമായ വിശകലനരീതികളിലല്ല നിര്‍മിതബുദ്ധി ഉപകരണങ്ങളുടെ പ്രവര്‍ത്തനം. അവയ്ക്ക് പുതിയ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും പാറ്റേണുകളും സ്വയം നിര്‍മിച്ച ഫലങ്ങളും വീണ്ടും വിശകലനം ചെയ്ത് തെറ്റുകള്‍ തിരുത്താനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കുറ്റമറ്റ പ്രതികരണങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ള സൃഷ്ടിപരമായ കൃത്രിമ ബുദ്ധി (ജനറേറ്റീവ് എഐ- ജിഎഐ)യുടെ വികസനമാണിന്ന് ‘എഐ’ കൊണ്ടര്‍ഥമാക്കുന്നത്. ഈ രൂപകല്‍പനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് മനുഷ്യബുദ്ധി തന്നെയാണ്. സാധാരണയായി മനുഷ്യന്‍ ബുദ്ധി ഉപയോഗിച്ചുചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളുടെ വികസനത്തെയാണ് കൃത്രിമബുദ്ധി വികസനം കൊണ്ട് അര്‍ഥമാക്കുന്നത്. ഒരു യന്ത്രം നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളുകയും മനുഷ്യന്‍ പ്രതികരിക്കുന്ന രീതിയില്‍ അവയോട് പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് നാം അവയെ നിര്‍മിതബുദ്ധി യന്ത്രങ്ങള്‍ എന്നു വിളിക്കുന്നത് എന്നതാണ് പൊതുതത്വം.

ഗൂഗ്ള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ, ചാറ്റ്‌ബോട്ടുകള്‍, വീഡിയോ നിര്‍മാണത്തിന് ഉപയോഗിക്കുന്ന Dall-E2, ഡീപ് ഫേക്ക്, റോബോട്ടുകള്‍, ട്രാന്‍സ്‌ലേറ്റര്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിവയൊക്കെ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. പഠനം, യുക്തി, പ്രശ്‌നപരിഹാരം, ഗ്രാഹ്യം, ശബ്ദം തിരിച്ചറിയല്‍, ഭാഷ മനസ്സിലാക്കല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിശീലിപ്പിക്കപ്പെട്ട യന്ത്രബുദ്ധികളാണ് ഇവയെല്ലാമെന്നു പറയാം. ഇന്നേറെ ജനപ്രീതി നേടിയ ചാറ്റ്ജിപിടി പുസ്തകങ്ങള്‍, വെബ് ഉള്ളടക്കങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ ബില്യന്‍ കണക്കിന് വാക്കുകളില്‍ പരിശീലിക്കപ്പെട്ടതാണ്. ഇതില്‍ നിന്ന് ഓരോ വാക്കിനോടും ചേര്‍ന്നുവരാവുന്ന ഏറ്റവും യോജിച്ചതും പ്രസക്തവുമായ വാക്കുകള്‍ പ്രവചിച്ച് ചേരുംപടി ചേര്‍ത്തുകൊണ്ടാണ് അത് ഉത്തരങ്ങള്‍ തയ്യാറാക്കി നല്‍കുന്നത്. കൂടാതെ കഥകളും കവിതകളുെമല്ലാം പരിശീലിപ്പിക്കപ്പെട്ട മാതൃകകളില്‍ നിന്ന് അവ സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിവരശേഖരണത്തിന്റെയും സംസ്‌കരണത്തിന്റെയും വേഗത, മാതൃകകള്‍ തിരിച്ചറിയാനുള്ള കഴിവ്, ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുക, സമാന്തര വിശകലനക്ഷമത പോലുള്ള കാര്യങ്ങളില്‍ പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇത് മനുഷ്യനെ മറികടക്കുന്നതായി കാണാമെങ്കിലും ബുദ്ധി, വികാരം, ധാരണ, യുക്തി, സര്‍ഗാത്മകത, മൗലികത, സാമൂഹിക ബോധം എന്നിങ്ങനെയുള്ള മനുഷ്യ കഴിവുകളിലൊന്നിലും മനുഷ്യനടുത്തൊന്നും അവ എത്തുന്നില്ല. ചക്രങ്ങളും ഉത്തോലകങ്ങളും മുതല്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകളും വരെയുള്ള യന്ത്രങ്ങളില്‍ പലതും അതത് മേഖലകളില്‍ മനുഷ്യ കഴിവിനെ മറികടക്കുന്നവയാണ്. എന്നാല്‍, പൊതുവേ മനുഷ്യബുദ്ധിയുമായി താരതമ്യം ചെയ്യാവുന്ന കഴിവുകള്‍ ആര്‍ജിച്ചവയല്ല.
യന്ത്രങ്ങളുടെ
പരിശീലനം

യന്ത്രങ്ങള്‍ക്ക് ചില ബൗദ്ധിക ഗുണങ്ങള്‍ ലഭിക്കുന്നത് വന്‍തോതില്‍ ഡാറ്റ ഫീഡ് ചെയ്തുള്ള പ്രത്യേക പരിശീലനം വഴിയാണ്. അവ ടെക്സ്റ്റും ചിത്രങ്ങളും ശബ്ദവും ശാസ്ത്രവുമെല്ലാം പരിശീലന ഡാറ്റയായി നല്‍കി പ്രത്യേക അല്‍ഗൊരിതം വഴി അവയില്‍ നിന്ന് വിവര വിജ്ഞാനങ്ങളും മറ്റു തരത്തില്‍ പെട്ട പ്രതികരണങ്ങളും സൃഷ്ടിച്ചെടുക്കുക എന്നതാണ് നിര്‍മിതബുദ്ധിയുടെ അടിസ്ഥാന പ്രവര്‍ത്തന തത്വം. ചുരുക്കത്തില്‍, ഡാറ്റയും നിര്‍ദേശങ്ങളും (അല്‍ഗൊരിതം) വഴി മനുഷ്യന്‍ യന്ത്രങ്ങള്‍ക്ക് നല്‍കുന്ന പരിശീലനമാണ് യന്ത്രബുദ്ധിയുടെ അടിസ്ഥാനം. മൃഗങ്ങളെയും കുട്ടികളെയും മറ്റും പരിശീലിപ്പിക്കുന്നതുപോലെ ഫീഡ്ബാക്ക് വഴി തെറ്റുകള്‍ നിരന്തരം തിരുത്തി കൃത്യമായ പ്രതികരണങ്ങളിലേക്ക് എത്താനുള്ള യന്ത്രഭാഷാ പരിശീലനവും സിസ്റ്റത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്നു.
ഇതിനായി എഐ മോഡലുകള്‍ അനുസരിച്ച് ഭീമമായ അളവിലുള്ള ഡാറ്റയാണ് ഫീഡ് ചെയ്യപ്പെടുന്നത്. ചാറ്റ്ജിപിടിയുടെ പരിശീലന ഡാറ്റ 300 ബില്യണ്‍ വാക്കുകള്‍ എന്നാണ് ഗൂഗ്ള്‍ പറയുന്നത്. ഒരു മിനിറ്റില്‍ 300 വാക്ക് വേഗത്തില്‍ വായിച്ചാല്‍ ഈ ഡാറ്റ വായിച്ചുതീര്‍ക്കാന്‍ മനുഷ്യന് 500 വര്‍ഷത്തിലധികം വേണ്ടിവരും. ഇതില്‍ നിന്നു എഐ സാങ്കേതികവിദ്യയുടെ പിന്നിലുള്ള മനുഷ്യന്റെ കഠിനാധ്വാനം മനസ്സിലാക്കാവുന്നതേയുള്ളൂ. ‘ഗൂഗ്ള്‍ ബാര്‍ഡ്’ ഇതിലും കൂടുതല്‍ അളവ് പരിശീലന ഡാറ്റയില്‍ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്.
ഇങ്ങനെ ബിഗ് ഡിജിറ്റല്‍ ഡാറ്റയുടെ സാന്നിധ്യത്തില്‍ വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ ഭീമമായ വൈദ്യുതോര്‍ജം ഉപയോഗപ്പെടുത്തിയാണ് നിര്‍മിതബുദ്ധി ഗവേഷണം വിജയത്തില്‍ എത്തിയതെന്നു പറയാം. ഉദാഹരണത്തിന് ഡാറ്റാ വിശകലനം, സങ്കീര്‍ണ വിഷയങ്ങളുടെ പഠനം, വിവരവിജ്ഞാന നിര്‍മിതി, പരിഭാഷ, കാലാവസ്ഥാ പ്രവചനം, വാനശാസ്ത്ര പഠനങ്ങള്‍, മെഡിക്കല്‍ ടെസ്റ്റ് ഡാറ്റ വിശകലനം വഴിയുള്ള രോഗനിര്‍ണയം, പ്രോട്ടീന്‍, ജനിതക പഠനങ്ങള്‍, മയക്കുമരുന്ന് കണ്ടെത്തല്‍, യുദ്ധവേളകളില്‍ നടത്തുന്ന ആയിരക്കണക്കിന് കിലോമീറ്റര്‍ സാറ്റലൈറ്റ് ഡാറ്റാ വിശകലനം തുടങ്ങി നിര്‍ണായകമായ നിരവധി മേഖലകളില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഭീമമായ ഡാറ്റാ വിശകലന സംവിധാനങ്ങളും പരിഭാഷാ സൗകര്യങ്ങളും സ്വാഭാവിക ഭാഷാനിര്‍ധാരണ രീതികളും (ട്രാന്‍സ്‌ഫോമര്‍ മോഡല്‍) ആവശ്യമാണ്. ഡാറ്റയുടെ അളവ് അനുസരിച്ച് എഐ മെഷീനുകളുടെ കൃത്യതയും വര്‍ധിക്കുന്നു.
ടണ്‍കണക്കിന് ഡാറ്റയില്‍ നിന്ന് മനുഷ്യ മസ്തിഷ്‌കത്തിന് സമാനമായ രീതിയില്‍ പാറ്റേണുകളും ബന്ധങ്ങളും തിരയുകയും അവ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് ഉത്തരങ്ങള്‍ ക്രമീകരിക്കുകയും ഭാഷാപരമായ പാറ്റേണുകള്‍ തിരിച്ചറിഞ്ഞ് ഡിക്ഷണറികളുടെ സഹായമില്ലാതെ തന്നെ വിവര്‍ത്തനം ചെയ്യുകയും കഥകളും കവിതകളും എഴുതുകയും ചെയ്യുന്നു. ഇത് മനുഷ്യ ന്യൂറോണുകളുടെ ഒരു കൃത്രിമ പകര്‍പ്പല്ല, മറിച്ച്, അവയുടെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന ഒരു കംപ്യൂട്ടര്‍ മോഡല്‍ മാത്രമാണ്. ഡാറ്റയും കമ്പ്യൂട്ടര്‍ അല്‍ഗൊരിതങ്ങളും ബന്ധപ്പെട്ട കോഡും അടങ്ങിയ ഒരു യന്ത്രവ്യവസ്ഥയാണ് ഈ മാജിക് സാധ്യമാകുന്നത്.
ബുദ്ധി: മനുഷ്യനും
യന്ത്രവും

എന്താണ് മനുഷ്യബുദ്ധി എന്നറിയുമ്പോള്‍ മാത്രമാണ് യന്ത്രബുദ്ധി മനുഷ്യബുദ്ധിയെ കീഴടക്കുമോ എന്ന ചര്‍ച്ച അര്‍ഥവത്താവുന്നത്. മനുഷ്യബുദ്ധിയുടെ ബഹുമുഖമായ സ്വഭാവം പരിഗണിക്കുമ്പോള്‍ അതിനെ ഒരു നിര്‍വചനത്തിലൊതുക്കുക സാധ്യമല്ലെന്നു മാത്രമല്ല, ഇപ്പോള്‍ കൃത്രിമ പരിമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ നാരോ ഇന്റലിജന്‍സ്) എന്നറിയപ്പെട്ട ശൈശവദശയിലുള്ള നിര്‍മിതബുദ്ധിയുമായി മനുഷ്യബുദ്ധിയെ താരതമ്യം ചെയ്യാവുന്നതു പോലുമല്ല.
ജന്മസിദ്ധമായി ദൈവം കനിഞ്ഞേകിയ ധാരാളം അറിവുകള്‍, നൈപുണികള്‍, പഠനം, യുക്തി, ചിന്ത, പ്രശ്‌നപരിഹാരം, വൈകാരിക ബുദ്ധി, ഭാവന, സര്‍ഗാത്മകത, സാഹചര്യങ്ങളുമായി പൊരുത്തപ്പെടല്‍, സാമൂഹിക ബുദ്ധി, ആശയവിനിമയം, സ്വയംബോധം എന്നിങ്ങനെ യന്ത്രങ്ങള്‍ക്ക് പരിശീലിപ്പിക്കാനോ നേടാനോ സാധ്യമല്ലാത്ത സങ്കീര്‍ണമായ നിരവധി സവിശേഷതകളാണ് മനുഷ്യബുദ്ധിയുടെ അടിസ്ഥാനം.
മസ്തിഷ്‌ക നാഡീശൃംഖലയുടെ ലോകത്ത് ദൈവനിശ്ചിതമായ ഒരു അല്‍ഗൊരിതത്തിന്റെ അടിസ്ഥാനത്തിലുള്ള രാസപ്രക്രിയകളാണ് മനുഷ്യബുദ്ധിയെ വേറിട്ടുനിര്‍ത്തുന്നത് എന്നു പറയാം. ”മസ്തിഷ്‌കം ഒരു കംപ്യൂട്ടറല്ല. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നതും ജീവനുള്ളതും ശ്വസിക്കുന്നതും ചലനാത്മകവുമാണ്” (വി എസ് രാമചന്ദ്രന്‍, ന്യൂറോ സയന്റിസ്റ്റ്, ഗ്രന്ഥകാരന്‍).
”മസ്തിഷ്‌കം അദ്ഭുതകരമായ രീതിയില്‍ സങ്കീര്‍ണമാണ്. ഓരോ മസ്തിഷ്‌കവും അതുല്യമാണ്. ഒരേ തരത്തില്‍ പെട്ട രണ്ട് മസ്തിഷ്‌കങ്ങള്‍ കാണുക സാധ്യമല്ല. മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ എണ്ണമോ, അവ എത്ര വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നു എന്നതോ അല്ല, അവ എങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതും അവ എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനമാണ്” (ഒലിവര്‍ സാക്‌സ്, ബ്രിട്ടീഷ് ന്യൂറോളജിസ്റ്റ്, ഗ്രന്ഥകാരന്‍).
(അവസാനിക്കുന്നില്ല)

Back to Top