24 Friday
October 2025
2025 October 24
1447 Joumada I 2

എഐ നിയന്ത്രണ നിയമവുമായി യൂറോപ്പ് മുന്നോട്ട്; ലോകത്താദ്യം


നിര്‍മിതബുദ്ധിയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍. 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ‘എ ഐ നിയമ’വുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുളള നേതാക്കളും ധാരണയിലെത്തിയത്. ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എ ഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും. ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കുംമുന്‍പ് സുതാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് ഇയു നിയമത്തിലുള്ളത്. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങള്‍ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിര്‍ദേശമുണ്ട്.

ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ തല്‍സമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താന്‍ പാടുള്ളൂ.
എഐയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാര സംവിധാനം നിര്‍ദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു സവിശേഷത. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കമ്പനികള്‍ 75 ലക്ഷം യൂറോ മുതല്‍ 3.5 കോടി യൂറോ വരെ പിഴ നല്‍കേണ്ടിവരും.

Back to Top