‘നിര്‍മിത ബുദ്ധി’ അപകടമായേക്കും; ടെക് കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി ബൈഡന്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സമൂഹത്തിന് അപകടകരമായേക്കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നതിന് മുമ്പ് സാങ്കേതിക കമ്പനികള്‍ക്ക് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. നിര്‍മിത ബുദ്ധി അപകടകാരിയാണോ എന്ന ചോദ്യത്തിന് അത് ‘കണ്ടറിയാമെന്നും’ എന്നാല്‍ ‘അതിന് സാധ്യതയുണ്ടെന്നു’മാണ് ബൈഡന്‍ മറുപടി നല്‍കിയത്. ‘നമ്മുടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അത് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍’ ആ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. എ ഐ-യെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ബൈഡന്റെ പരാമര്‍ശം. സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് വരെ സാങ്കേതികവിദ്യയുടെ വികസനം നിര്‍ത്തണമെന്ന ആവശ്യമുയരുന്നുണ്ട്.