അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷം പ്രമാണമോ?
പി കെ മൊയ്തീന്‍ സുല്ലമി
ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഇജ്മാഉം ഖിയാസും ഖുര്‍ആനിലും സുന്നത്തിലും ഉള്‍പ്പെട്ട പ്രമാണങ്ങളായതിനാല്‍ സാധാരണ പ്രമാണങ്ങളായി പറയാറുള്ളത് ഖുര്‍ആനും സുന്നത്തുമാണ്. അത് വിശുദ്ധ ഖുര്‍ആനില്‍ വ്യാപിച്ചുകിടക്കുന്നതുമാണ്. ഇസ്‌ലാമിലെ വിശ്വാസപരമോ കര്‍മപരമോ ആയ ഒരു കാര്യം ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കുന്നത് ഭൂരിപക്ഷം അംഗീകരിച്ചിട്ടുണ്ടോ നിരാകരിച്ചിട്ടുണ്ടോ എന്നു നോക്കിയല്ല. മറിച്ച് ഖുര്‍ആനിനെയും സുന്നത്തിനെയും അടിസ്ഥാനപ്പെടുത്തിയാണ്. കാരണം ഭൂരിപക്ഷം ഇസ്‌ലാമില്‍ പ്രമാണമല്ല.
അല്ലാഹു പറയുന്നു: ‘ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ബഹുഭൂരിപക്ഷത്തെയും നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവയുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍ (അല്‍അഅ്‌റാഫ് 179).
നബി(സ)യോട് അല്ലാഹു ഇപ്രകാരം അരുളി: ”ഭൂമിയിലുള്ള ബഹുഭൂരിപക്ഷത്തെ താങ്കള്‍ അനുസരിക്കുന്നപക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് താങ്കളെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്” (അല്‍അന്‍ആം 116). ”പക്ഷേ, ജനങ്ങളില്‍ ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നില്ല” (അര്‍റഅ്ദ് 1). ”എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷം പേരും വിവരക്കേടിലാകുന്നു” (അല്‍അന്‍ആം 111).
അതേയവസരത്തില്‍ അല്ലാഹു ന്യൂനപക്ഷത്തെ ശരിവെക്കുകയും ചെയ്തു. ”തികച്ചും നന്ദികാണിക്കുന്നവര്‍ എന്റെ അടിമകളില്‍ നിന്നുള്ള വളരെ കുറച്ചു പേരാകുന്നു” (സബഅ് 13). സത്യത്തില്‍ നിലകൊള്ളുന്നവര്‍ എന്നും ന്യൂനപക്ഷമായിരിക്കും. അത് നബി(സ) യും പറഞ്ഞിട്ടുണ്ട്. ”ഇസ്‌ലാമിന്റെ തുടക്കം നിസ്സഹായാവസ്ഥയിലാണ് (ആള്‍ബലമില്ലാതെ). അത് തുടങ്ങിയതുപോലെ അതിലേക്കുതന്നെ മടങ്ങുകയും ചെയ്യും” (മുസ്‌ലിം). നാട്ടില്‍ ഒരന്ധവിശ്വാസമോ അനാചാരമോ തലപൊക്കിയാല്‍ ബഹുഭൂരിപക്ഷവും അതിന്റെ വക്താക്കളായി മാറും. അതില്‍പെട്ട ഒരു അനാചാരമാണ് മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ഉച്ചത്തില്‍ ‘തഹ്‌ലീല്‍’ (ലാഇലാഹ ഇല്ലല്ലാഹ്) ചൊല്ലല്‍. ഇമാം നവവിയുടെ പ്രസ്താവന: ”ഏറ്റവും ശരിയായതും മുന്‍ഗാമികള്‍ ആചരിച്ചതുമായ ചര്യ മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയെന്നതാണ്. ദിക്‌റുകള്‍ ചൊല്ലിയോ ഖുര്‍ആന്‍ പാരായണം ചെയ്തോ അവിടെ ശബ്ദം ഉയര്‍ത്താന്‍ പാടില്ല. ഇതാണ് സത്യം. അതിനെ എതിര്‍ക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ വഞ്ചനയില്‍ നീ പെട്ടുപോകരുത്” (അല്‍അദ്കാര്‍, പേജ് 136).
‘അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ’ എന്ന ഒരു സംഘബോധം സച്ചരിതരായ പണ്ഡിതന്മാരും നേതാക്കളും രൂപീകരിക്കാന്‍ തന്നെ കാരണം ആളുകള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ പല വാദഗതികളും ഉന്നയിച്ചപ്പോഴും സംഘടനകള്‍ രൂപീകരിച്ചപ്പോഴുമാണ്. അവരില്‍പ്പെട്ട ചിലരാണ് കറാമിയ്യാക്കളും ഹിശാമിയ്യാക്കളും ശിയാക്കളും മുര്‍ജിഅത്തും ഖദ്‌രിയ്യാക്കളും മുഅ്തസിലിയാക്കളുമെല്ലാം. പക്ഷേ ഖേദകരമെന്നു പറയട്ടെ, പില്‍ക്കാലത്ത് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ നിന്നു പുറത്തു പോയവര്‍ അതിന്റെ വക്താക്കളാവുകയും, യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍ പുറത്താക്കപ്പെടുകയും ചെയ്തു എന്നതാണ് വസ്തുത. യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍ ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിക്കുന്നവരാണ്.
ആരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍? ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ പ്രസ്താവന: ”പ്രവാചകചര്യയെയും സഹാബികളുടെ ഇജ്മാഇനെയും പിന്തുടര്‍ന്നു ജീവിക്കല്‍ ഒരു സത്യവിശ്വാസിക്ക് നിര്‍ബന്ധമാണ്. സുന്നത്ത് എന്നാല്‍ നബിചര്യയാക്കി കാണിച്ചുതന്നതാണ്. ജമാഅത്ത് എന്നാല്‍ നബി(സ)യുടെ സഹാബിമാര്‍ ഏകോപിച്ചു കാണിച്ചു തന്ന മാതൃകകളാണ്” (അല്‍ഗുന്‍യ 1:80). അതേ ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തി: ”ഖുര്‍ആനിനോടും സുന്നത്തിനോടും സാമാന്യബുദ്ധിയോടും യോജിച്ചുവരുന്ന എല്ലാ കാര്യങ്ങളും സ്വീകാര്യയോഗ്യമാവും. അവകളോട് വിയോജിക്കുന്നത് തള്ളിക്കളയേണ്ടതുമാണ്” (അല്‍ഗുന്‍യ 1:53).
യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താക്കള്‍ ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിക്കുന്നവരാണ്. അവര്‍ എക്കാലത്തും ന്യൂനപക്ഷവുമാണ്. അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാര്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ പണ്ഡിതനായിരുന്ന അബൂബക്കറുല്‍ ബൈഹഖിയുടെ വാക്കുകള്‍: ”അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആള്‍ക്കാരാണെന്ന് അവകാശപ്പെടുന്ന ബഹുഭൂരിപക്ഷം (സംഘടനകളും) അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നവരാണ്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താക്കള്‍ സത്യത്തോട് (ഖുര്‍ആനോടും സുന്നത്തിനോടും) യോജിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. നീ ഒരാള്‍ മാത്രമാണെങ്കില്‍ പോലും ശരി, നീയാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താവ്” (അല്‍മദ്ഖല്‍ 1:268).
ഇമാം നവവിയുടെ ഗുരുനാഥനായ അബൂശാമ രേഖപ്പെടുത്തി: ”അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിനെ മുറുകെപ്പിടിച്ചു ജീവിക്കണമെന്ന് കല്‍പിച്ചതിന്റെ താല്‍പര്യം (ഖുര്‍ആനും സുന്നത്തുമാകുന്നു) സത്യത്തെ മുറുകെപ്പിടിക്കാനും അതിനെ പിന്തുടര്‍ന്നു ജീവിക്കാനുമാണ്. അതിനെ മുറുകെപ്പിടിക്കുന്നവര്‍ ന്യൂനപക്ഷമായിരുന്നാലും എതിര്‍ക്കുന്നവര്‍ ഭൂരിപക്ഷമായിരുന്നാലും ശരി. തീര്‍ച്ചയായും സത്യം എന്നു പറയുന്നത് നബിയും സഹാബത്തും ആദ്യകാലത്ത് ജീവിച്ചു കാണിച്ചുതന്ന മാതൃകകളാണ്. അവര്‍ക്കു ശേഷം വന്ന അസത്യവാദികളുടെ ആധിക്യത്തിലേക്ക് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല” (അല്‍ബാഇസ്, പേജ് 91).
ഈ വിഷയത്തില്‍ വന്ന ഒരു ഹദീസ്: ”ഹസന്‍ പ്രസ്താവിച്ചു: തീര്‍ച്ചയായും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍ മുന്‍ഗാമികളില്‍ നിന്നു വിരളമാണ്. അവര്‍ പിന്‍ഗാമികളിലും വളരെ കുറവായിരിക്കും. അവര്‍ സുഖലോലുപന്മാരുടെ സുഖലോലുപതയിലും ബിദ്അത്തുകാരുടെ ബിദ്അത്തുകളിലും പങ്കെടുക്കാന്‍ പോകുന്നവരല്ല. അല്ലാഹുവെ അവര്‍ കണ്ടുമുട്ടുന്നതുവരെ (മരണം വരെ) അവര്‍ സുന്നത്തുകള്‍ മാത്രം അനുഷ്ഠിച്ച് ക്ഷമയോടെ ജീവിക്കുന്നവരാണ്” (ദാരിമി).
ഇബ്‌നു മസ്ഊദിന്റെ പ്രസ്താവന ഇപ്രകാരമാണ്: ”അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താവ് അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതില്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും) കല്‍പനകള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കുന്നവനാണ്, ഒറ്റപ്പെട്ടവനായിരുന്നാലും ശരി” (അല്ലാലകാഈ, ശറഹു ഉസൂലി അഹ്‌ലിസ്സുന്ന 1:109) ഇമാം ആജിരിയുടെ പ്രസ്താവന: ”അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വഴിയില്‍ പ്രവേശിക്കുകയെന്നാല്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും സഹാബത്തിന്റെ ചര്യയും (അതനുസരിച്ച്) ജീവിക്കുന്ന എല്ലാ നാടുകളിലുമുള്ള നേതാക്കന്മാരെയും പിന്തുടരുകയെന്നതാണ്” (അശ്ശരീഅത്ത്, പേജ് 14).
മേല്‍ പ്രമാണങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്ന കാര്യങ്ങള്‍: ഒന്ന്: അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍ എക്കാലത്തും ന്യൂനപക്ഷമാണ്. രണ്ട്: അവരുടെ പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. മൂന്ന്: അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരെല്ലാം അതിന്റെ വക്താക്കളല്ല. നാല്: ഭൂരിപക്ഷം ഇസ്‌ലാമില്‍ പ്രമാണമല്ല. അഞ്ച്: അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷം എന്ന് പറയപ്പെടുന്നവരില്‍ പലരും അഹ്‌ലുസ്സുന്നഃയുടെ പ്രമാണങ്ങള്‍ പോലും അംഗീകരിക്കാത്തവരാണ്.
അഹ്‌ലുസ്സുന്നഃയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവരാണ് ശീഇകളും സൂഫികളും ത്വരീഖത്തുകാരും സമസ്തക്കാരും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരും മറ്റു പല നവയാഥാസ്ഥിതികരും. നാല് ഇമാമുമാര്‍ അഹ്ലുസ്സുന്നയുടെ പാതയില്‍ സൂക്ഷ്മതയോടെ ജീവിച്ചവരായിരുന്നു. എന്നാല്‍ പില്ക്കാലത്ത് അനുയായികളില്‍ പലരും വിഭിന്ന വീക്ഷണങ്ങളിലായി. ശീഇകളുടെ പ്രമാണം അവരുടെ ഇമാമുമാരാണ്. സൂഫികളുടെ പ്രമാണം അവരുടെ ഇമാമുമാര്‍ക്കുള്ള ദൈവികമായ വഹ്‌യാണ്. ത്വരീഖത്തുകാരുടെ പ്രമാണം അവരുടെ ശൈഖുമാരാണ്. അവരും സൂഫികളും ഒരേ പാതയിലാണ്. സമസ്തക്കാരുടെ പ്രമാണം നാട്ടാചാരവും നവയാഥാസ്ഥിതികരുടേത് ഗള്‍ഫ് സലഫിസവുമാണ്.
അപ്പോള്‍ അഹ്‌ലുസ്സുന്നഃയുടെ ഭൂരിപക്ഷം അവകാശപ്പെടുന്നവര്‍ മേല്‍പറഞ്ഞ പാര്‍ട്ടികളാണ്. അവര്‍ക്ക് യഥാര്‍ഥ അഹ്‌ലുസ്സുന്നഃയുമായി പുലബന്ധം പോലുമില്ല എന്നതാണ് വസ്തുത. മേല്‍പറഞ്ഞവരെല്ലാം അല്ലാഹു അല്ലാത്തവരോട് വിളിച്ചു തേടാം എന്ന വാദക്കാരാണ്. അതില്‍ നവയാഥാസ്ഥിതികര്‍ ഹാളിറും ഖാദിറുമായ ജിന്നിനോട് സഹായം തേടാമെന്നും വാദിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ അത് ശിര്‍ക്കാണുതാനും.
അല്ലാഹു അരുളി: ”നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്ത ശക്തികളോട്) പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. കേട്ടാലും നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ ശിര്‍ക്ക് വെച്ചതിനെ നിഷേധിക്കുന്നതുമാണ്” (ഫാത്വിര്‍ 14). ആരെയൊക്കെ വിളിച്ച് തേടുന്നതിനെക്കുറിച്ചാണ് ഈ വചനം? ഇമാം ഖുര്‍തുബി രേഖപ്പെടുത്തി: ”മലക്കുകള്‍, ജിന്നുകള്‍, അമ്പിയാക്കള്‍, പിശാചുക്കള്‍ പോലുള്ളവര്‍” (അല്‍ജാമിഇ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഫാത്വിര്‍ 14). ആധുനിക പണ്ഡിതനായ ഇബ്‌നു ബാസിന്റെ ഫത്‌വ ”ജിന്നിനോടുള്ള തേട്ടം ഏറ്റവും വലിയ ശിര്‍ക്കാണ് എന്നാണ്. ഹാളിറായ ജിന്നും ഗായിബായ (മറഞ്ഞ) ജിന്നും തമ്മില്‍ വ്യത്യാസമില്ല” എന്നുമാണ് (ഫത്‌വ നമ്പര്‍: 16171).
മേല്‍പറഞ്ഞ അഹ്‌ലുസ്സുന്നഃയുടെ ഭൂരിപക്ഷവും അല്ലാഹു അല്ലാത്തവരോട് സഹായ പ്രാര്‍ഥന നടത്താം എന്നുതന്നെയാണ്. സൂഫികളും ശീഇകളും ത്വരീഖത്തുകാരും സമസ്തക്കാരുമെല്ലാം അതിന്റെ വക്താക്കളാണ്. തവസ്സുലിന്റെ കാര്യത്തിലും അപ്രകാരം തന്നെ. അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും ചെയ്യുക” (മാഇദ 35). ഈ മാര്‍ഗം അമ്പിയാ-ഔലിയാക്കളെ ഇടയാളന്മാരാക്കി അല്ലാഹുവിങ്കലേക്ക് അടുക്കലാണെന്നാണ് മേല്‍പറഞ്ഞ ബഹുഭൂരിപക്ഷം അഹ്‌ലുസ്സുന്നഃയുടെ ആള്‍ക്കാരാണെന്ന് അവകാശപ്പെടുന്നവരുടെ വ്യാഖ്യാനം.
എന്നാല്‍ സത്യവിശ്വാസികളായ പണ്ഡിതന്മാരും മുഫസ്സിറുകളും ‘സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്ക് അടുക്കണം’ എന്നാണ് മേല്‍ വചനത്തിന് വ്യാഖ്യാനം നല്‍കുന്നത്. തഫ്‌സീര്‍ ഇബ്‌നി അബ്ബാസ് മുതല്‍ ജലാലൈനി വരെ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും. ഇമാം ഇബ്‌നു കസീര്‍ പ്രസ്തുത വചനത്തിന് നല്‍കിയ വ്യാഖ്യാനം ഇപ്രകാരമാണ്: ”അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവര്‍ തൃപ്തിപ്പെടുന്ന കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് അടുക്കുക. ഇപ്രകാരമാണ് എല്ലാ ഇമാമുമാരും പറഞ്ഞത്. മുഫസ്സിറുകള്‍ക്കിടയില്‍ അതില്‍ തര്‍ക്കമില്ല” (ഇബ്‌നു കസീര്‍, മാഇദ 35).
ചുരുക്കത്തില്‍ അഹ്‌ലുസ്സുന്നഃയുടെ ഭൂരിപക്ഷം എന്നൊരു പ്രമാണം ഇസ്‌ലാമില്‍ ഇല്ല എന്നതാണ് സത്യം. അത് തൗഹീദും പ്രവാചക ചര്യയും നശിപ്പിക്കാന്‍ ഒരുമ്പെട്ടൊരു വിഭാഗത്തിന്റെ പ്രസ്താവന മാത്രമാണ്.