സഹവര്‍ത്തിത്വത്തിലെ ഗുരുസ്പര്‍ശം
കെ പി അബ്ദുര്‍റഹ്‌മാന്‍ ഖുബ
മാലിന്യമുക്തമായ വിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നു സഈദ് ഫാറൂഖി. ശരീരം, മനസ്സ്, വാഹനം, പരിസരം, വാക്ക്, പ്രവൃത്തി എന്നിവയിലെല്ലാം വിശുദ്ധി അദ്ദേഹം കാത്തുസൂക്ഷിച്ചു. മികച്ച അധ്യാപകനായിരുന്ന സഈദ് ഫാറൂഖിക്ക് അധ്യാപനം ഒരു തൊഴില്‍ മാത്രമായിരുന്നില്ല. ആത്മശിക്ഷണത്തിന്റെയും സാമൂഹികാധ്യാപനത്തിന്റെയും ഒരു തുറന്ന കാമ്പസായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹവുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകുന്ന ആര്‍ക്കും സഹവര്‍ത്തിത്വത്തിലെ ഈ ഗുരുസ്പര്‍ശം ദൃശ്യമാകാതിരിക്കില്ല. മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ സഹവാസത്തിലൂടെ ഈ ഗുരുസാന്നിധ്യം അനുഭവിക്കാനായിട്ടുണ്ട്. ഉസ്താദ് എന്ന സ്നേഹത്തോടെയുള്ള വിളിയുടെ ആദരവും ഗുരുതുല്യമായ ഈ സഹവര്‍ത്തിത്വം തന്നെയാണ്.
അല്ലാഹുവുമായുള്ള അടുപ്പം കവരാനിടയുള്ള എല്ലാ സാഹചര്യങ്ങളെയും അത്തരത്തിലുള്ള ബന്ധങ്ങളെയും അദ്ദേഹം ബോധപൂര്‍വം നിരാകരിച്ചു. തന്റെ പിതാവിന്റെ ഉപദേശം അദ്ദേഹം അടിക്കടി ഓര്‍മപ്പെടുത്തുമായിരുന്നു. ആള്‍ക്കൂട്ടം നിനക്ക് പിന്നില്‍ കൂടിയാല്‍ നീ അവിടെ നിന്നും ഒഴിഞ്ഞുമാറിക്കളയുക എന്നതായിരുന്നു അത്. തനിക്ക് പിറകില്‍ ഒരു ഫാന്‍സ് വൃന്ദം രൂപപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകംശ്രദ്ധിച്ചു.
ജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. ‘അല്‍ ഹലാലു ബയ്യിനുന്‍ അല്‍ ഹറാമു ബയ്യിനുന്‍’ എന്ന നബിവചനമായിരുന്നു അദ്ദേഹത്തിന്റെ കര്‍മ നൗകയുടെ ചുക്കാന്‍. അദ്ദേഹത്തിന്റെ കര്‍മ വിശുദ്ധിയുടെ കാരണവും ഈ നബിവചനം തന്നെയാണെന്ന്കാണാം. ഒരു നല്ല യാത്രാ പ്രിയനായിരുന്നു അദ്ദേഹം. യാത്രയില്‍ നിലവാരവും ഗുണപാഠവുമുള്ള തമാശകള്‍ പറയുന്നതിലും അത്തരം തമാശകള്‍ ആസ്വദിക്കുന്നതിലും തല്പരനായിരുന്നു. പക്ഷെ, അതൊരല്പം പോലും ആരുടേയും മനസിനെ നോവിക്കാതിരിക്കാന്‍ പ്രത്യേകംശ്രദ്ധിച്ചു. സമകാലിക പ്രബോധകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ പാഠങ്ങള്‍ അദ്ദേഹത്തിന്റെ ധന്യ ജീവിതത്തില്‍ നിന്നു പകര്‍ത്താനുണ്ട്. നാഥാ ഞങ്ങളുടെ പ്രിയങ്കരനായ ഉസ്താദിനെ നീ നിന്റെ സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും വിരുന്നൂട്ടി സ്വീകരിക്കേണമേ.