19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

കര്‍ഷകരോട് ഭരണകൂടം ചെയ്യുന്നത്

അഹമ്മദ് സജീര്‍

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുക, തുടര്‍ന്ന് ആഴ്ചകളോളം കര്‍ഷകരെയും അവരുടെ പ്രതിഷേധത്തെയും അവഗണിക്കുക, തുടര്‍ന്ന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ബലമായി പാസാക്കുക, നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുക, കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് അടിച്ചമര്‍ത്തല്‍ അഴിച്ചുവിടുക തുടങ്ങിയ സര്‍ക്കാരിന്റെ മനോഭാവം ഈ നിയമനിര്‍മ്മാണങ്ങളോട് പൂര്‍ണമായും പോരാടാനുള്ള കര്‍ഷകരുടെ ദൃഢനിശ്ചയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ വ്യക്തമാണ് അവിടെയും ഇവിടെയും ഭേദഗതികള്‍ വരുത്തിയിട്ട് കാര്യമില്ല, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി റദ്ദാക്കുക, ഒപ്പം താങ്ങുവില ഉറപ്പാക്കുന്നതിന് ഒരു നിയമനിര്‍മ്മാണവും. കരട് വൈദ്യുതി ഭേദഗതി ബില്‍ 2020 പിന്‍വലിക്കണമെന്നും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പുതിയ ഓര്‍ഡിനന്‍സിന്റെ നിയന്ത്രണ, ശിക്ഷാ വ്യവസ്ഥകളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ സമൂഹം കര്‍ഷകരോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. എല്ലാത്തിനുമുപരി, നമ്മളെ ജീവനോടെ നിലനിര്‍ത്തുന്ന നമ്മുടെ അന്നദാതാക്കളാണ് അവര്‍. ഏതൊരു ജനാധിപത്യത്തിലുമെന്ന പോലെ, കര്‍ഷക സമരത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുന്നുണ്ട്. പ്രാദേശിക സമൂഹങ്ങള്‍ ഊഷ്മളമായ ആതിഥ്യം നല്‍കുന്നു. ആഗോള പൗരന്മാരും സര്‍ക്കാരുകളും പ്രതികരിക്കുന്നു.
കാര്‍ഷിക മന്ത്രാലയവുമായി അഞ്ച് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സൗഹാര്‍ദ്ദപരമായ പശ്ചാത്തലത്തിലാണ് ഒന്നിലധികം ചര്‍ച്ചകള്‍ നടന്നതെങ്കിലും, കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്. ഭേദഗതികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. എം എസ് പിക്കായി നിയമപരമായ ഒരു ചട്ടക്കൂട് കര്‍ഷകര്‍ ആഗ്രഹിക്കുന്നു, എംഎസ്പിയും സംഭരണവും നിലവിലെ രീതിയില്‍ തുടരുമെന്ന് ‘രേഖാമൂലമുള്ള ഉറപ്പ്’ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.
ഈ പ്രതിസന്ധി പ്രതിഫലിപ്പിക്കുന്നത് അമ്പിനും വില്ലിനും അടുക്കാത്ത കര്‍ഷക നേതാക്കളുടെ മനോഭാവത്തെയാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം ഏക പരിഹാരം എന്നത് നിയമങ്ങള്‍ റദ്ദാക്കുകയാണെന്ന വിഷയത്തില്‍ കര്‍ഷക നേതാക്കള്‍ നല്‍കിയ പ്രസ്താവനകളില്‍ നിന്ന് ഇനി പറയുന്നവ വ്യക്തമാണ്. ഒന്ന്, നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല, സാധാരണ പൗരന്മാരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മൂന്ന് നിയമങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ഒരു നിയമത്തിന്റെ ലക്ഷ്യം തന്നെ ആക്ഷേപകരമാകുമ്പോള്‍, നിയമത്തിലെ നിരവധി നിര്‍വചനങ്ങള്‍, പ്രവര്‍ത്തനവത്കരണ വ്യവസ്ഥകള്‍, നിയമലംഘനങ്ങള്‍, പിഴകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യവസ്ഥകളും തെറ്റായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കാര്‍ഷിക ബിസിനസുകള്‍ക്കായി നിയന്ത്രണം മാറ്റല്‍, സൗകര്യപ്രദമായ സജ്ജീകരണം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നിക്ഷേപം, കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നിവയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയെന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.
ഈ നിയമങ്ങള്‍ കാര്‍ഷിക വിപണികളുടെ സംസ്ഥാനതല നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്താന്‍ വ്യക്തമായും ശ്രമിച്ചു. കര്‍ഷകരുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു, ഭേദഗതികളെ കുറിച്ച് സംസാരിച്ചിട്ട് ഇനി കാര്യമില്ല, നിയമങ്ങള്‍ പൂര്‍ണമായി റദ്ദാക്കണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു, എത്ര സമയമെടുത്താലും പിന്നോട്ടില്ലെന്ന കാര്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. ഈ വിഷയത്തെ അഭിമാനത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും പ്രശ്‌നമായി കരുതുന്നില്ലെങ്കില്‍ നിയമം റദ്ദാക്കാതിരിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ വേറെ ഒരു കാരണവും കാണുന്നില്ല. നിയമം പൂര്‍ണമായി റദ്ദാക്കുകയും എംഎസ്പി ഉറപ്പുനല്‍കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുമാണ് കര്‍ഷകര്‍ക്ക് വേണ്ടത്.

3.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x