14 Tuesday
January 2025
2025 January 14
1446 Rajab 14

ആഗോള കുടുംബ സങ്കല്‍പം: പതിയിരിക്കുന്ന അപകടങ്ങള്‍

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഭൗമോപരിതലത്തിലെ മനുഷ്യവാസാരംഭം മുതല്‍ നിലനിന്നുപോന്ന പാരമ്പര്യ കുടുംബ വ്യവസ്ഥിതി സമൂഹമായി ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാകുന്നു. പാരമ്പര്യ കുടുംബം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഭാര്യയും ഭര്‍ത്താവും അവരുടെ സന്തതികളും മാത്രം ഉള്‍പ്പെടുന്നതല്ല. അതിന്റെ അര്‍ഥവ്യാപ്തി പ്രവിശാലമാണ്. മാതാവും മാതാവിന്റെ കുടുംബാംഗങ്ങളും പിതാവും പിതാവിന്റെ കുടുംബാംഗങ്ങളും അവരുടെയെല്ലാം സന്താന പരമ്പരകളും പാരമ്പര്യ കുടുംബത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇവര്‍ക്കിടയിലെ ബന്ധങ്ങളുടെ സ്വാഭാവികത നിലനിര്‍ത്തുന്നതുകൊണ്ട് പാരമ്പര്യ കുടുംബവ്യവസ്ഥയില്‍ മനുഷ്യനെ ഉന്നതവും ഉല്‍കൃഷ്ടവുമായ ഒരു വിതാനത്തിലേക്ക് ഉയര്‍ത്താന്‍ അതിനു കഴിയുന്നുമുണ്ട്. അവര്‍ക്കിടയില്‍ പരസ്പരം ഇഴചേര്‍ത്തിരിക്കുന്നത് സ്‌നേഹമെന്ന കാണാച്ചരടു കൊണ്ടാണ്.
ആഗോളവത്കരണ യുഗമാണിത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ലോകത്തെ ഒരൊറ്റ ഗ്രാമമായി രൂപപ്പെടുത്തിയതുപോലെ കുടുംബം എന്ന നിലവിലെ സങ്കല്‍പവും മാറ്റിപ്പണിയുകയാണ്. ഭൂമുഖത്ത് മനുഷ്യരെല്ലാം ഒരൊറ്റ കുടുംബമാണെന്ന മനോഹരമായ സങ്കല്‍പത്തിലേക്ക് ആനയിക്കുന്നതാണ് ആഗോള കുടുംബ സങ്കല്‍പം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലൂടെ ലോകത്തെ ആഗോള ഗ്രാമമായി പരിവര്‍ത്തിപ്പിച്ചപ്പോള്‍ മനുഷ്യകുലത്തിനു വിവിധ മേഖലകളില്‍ കുതിപ്പിന്റെ ഫലങ്ങളാണ് ഉണ്ടായത്. എന്നാല്‍ ആഗോള കുടുംബം എന്ന സങ്കല്‍പത്തിലേക്ക് ലോകം നടന്നടുക്കുമ്പോള്‍ അത് പാരമ്പര്യ കുടുംബത്തെ സൂക്ഷ്മതലത്തില്‍ തന്നെ ചോദ്യം ചെയ്യുന്നത് കാണാം.
കുടുംബവും
സെക്‌സും

ആണ്‍-പെണ്‍ ദാമ്പത്യബന്ധത്തിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. നരവംശ പരമ്പര പരിശോധിക്കുമ്പോള്‍ വിവാഹബന്ധമാണ് അതില്‍ ഏറ്റവും മികച്ച ബന്ധം എന്നു കാണാം. അതുകൊണ്ടുതന്നെയാണ് മനുഷ്യ പ്രകൃതം കൃത്യമായി അറിയുന്ന അവന്റെ സ്രഷ്ടാവ് വിവാഹബന്ധം മാത്രമേ ലൈംഗികതയ്ക്ക് തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും അതല്ലാത്ത മാര്‍ഗങ്ങളെല്ലാം പരിധി വിട്ടതാണെന്നും തീര്‍ത്തു പറഞ്ഞത് (23:07).
എന്നാല്‍ ആഗോള കുടുംബ വ്യവസ്ഥ രൂപം കൊള്ളുന്നതുതന്നെ വിവാഹം എന്ന പവിത്രബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടും സ്വതന്ത്ര ലൈംഗികതയ്ക്ക് മലര്‍ക്കെ വാതില്‍ തുറന്നിട്ടുകൊണ്ടുമാണ്. പാരമ്പര്യ കുടുംബ വ്യവസ്ഥയിലെ വിവാഹബന്ധം മനുഷ്യന്റെ ലൈംഗികതയെ അടിച്ചമര്‍ത്തുന്നതാണെന്നും അതുകൊണ്ടുതന്നെ കുടുംബം എന്നത് സങ്കുചിത ലോകമാണെന്നും ഫാസിസ്റ്റ് വാഴ്ച നിലനില്‍ക്കുന്ന സമൂഹമാണെന്നുമാണ് ആഗോള കുടുംബത്തിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത്.
ഓസ്ട്രിയക്കാരനായ വില്‍ഹം റീഹ് കുറിക്കുന്നത് ഇങ്ങനെ വായിക്കാം: ”സര്‍വാധിപത്യ വാഴ്ച നിലനില്‍ക്കുന്ന സമൂഹത്തില്‍ കുട്ടികളുടെയും പ്രായപൂര്‍ത്തി വന്നവരുടെയും ലൈംഗിക വാസനയ്‌ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ സമരത്തിന്റെ ഉദ്ഭവം കുടുംബത്തില്‍ നിന്നുതന്നെയാണ് ആരംഭിക്കുന്നത്. ഇത്തരം സമരങ്ങള്‍ ശരിയായി നടത്താന്‍ പറ്റിയ സ്ഥാപനം കുടുംബം തന്നെയാണ്.
ലൈംഗിക അഭിനിവേശമാണ് ഒരു വ്യക്തിയെ ലോകവുമായുള്ള എല്ലാ തരം ബന്ധത്തിനും പ്രാപ്തമാക്കുന്നത്. അടിച്ചമര്‍ത്തലിനു വിധേയമായാല്‍ ഒരൊറ്റ പോംവഴിയേയുള്ളൂ. കുടുംബം എന്ന സങ്കുചിത ലോകത്തില്‍ ഒതുങ്ങിക്കൂടുക. ലൈംഗിക അഭിനിവേശത്തിന്റെ അടിച്ചമര്‍ത്തല്‍ കുടുംബം എന്ന തടവറയിലേക്ക് വ്യക്തിയുടെ ബോധമണ്ഡലത്തെ ചുരുക്കിക്കൊണ്ടുവരുന്നു” (ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം).
ആദിമ മനുഷ്യന്‍ മുതല്‍ ഇന്നുവരെയുള്ള മനുഷ്യകുലങ്ങളത്രയും സന്തോഷപൂര്‍വം ആശ്ലേഷിക്കുകയും മതങ്ങളെല്ലാം പവിത്രമെന്നു വിശേഷിപ്പിക്കുകയും ചെയ്ത പ്രവിശാല കുടുംബത്തെ കുടുസ്സായ തടവറയായി ചുരുക്കിക്കാട്ടാനുള്ള തീവ്രശ്രമമാണ് ആഗോള കുടുംബത്തിന്റെ ആദ്യ ചുവടുവെപ്പെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. ലോകം വിശ്വസിക്കുന്ന സദാചാരങ്ങളാണ് ജര്‍മനിയില്‍ ഫാസിസത്തിന് അവസരം നല്‍കിയതെന്നു നിരീക്ഷിക്കുന്ന വില്‍ഹം റീഹ് തുടര്‍ന്ന് പറയുന്നത് ”ഒരിക്കലും ഒരു പുതിയ കാര്യവും അകത്തു കടക്കാന്‍ കഴിയാത്ത വിധം ഒരു ഇരുമ്പു കവചം കൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്‌നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീര്‍ക്കുക എന്നത് ഫാസിസത്തിന്റെ മൗലിക കാര്യമാണ്” എന്നത്രേ.
വഴിയാധാരമാകുന്ന
സ്ത്രീത്വം

കുടുംബവ്യവസ്ഥ അറുപഴഞ്ചനും രസംകൊല്ലിയുമാണെന്നും തുറന്ന ലൈംഗികതയിലൂടെ വൈകാരിക സാഫല്യം നേടാന്‍ എല്ലാവര്‍ക്കും അവസരം ഒരുക്കണമെന്നും വാദിക്കുന്ന നവലിബറലുകളുടെ നാടായി കേരളം പോലും കാലുമാറി തുടങ്ങുകയാണ്. കുടുംബത്തെ ദേശീയതയുടെ ഭാഗമായി കണ്ടിരുന്ന സമൂഹത്തിനകത്താണ് ഈ പടിയിറക്കം എന്നത് ശ്രദ്ധേയമാണ്.
കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായി തെരഞ്ഞെടുത്തത് വേഴാമ്പലിനെയാണ്. ഒട്ടേറെ പക്ഷികളുടെ താവളമാണ് കേരളം. എന്നിട്ടും അവയ്‌ക്കൊന്നും ഔദ്യോഗിക പരിവേഷം നല്‍കാതെ വേഴാമ്പലിനെ ഔദ്യോഗിക പക്ഷിയായി തെരഞ്ഞെടുത്തതിനു പിന്നില്‍ ഒരു മൂല്യകല്‍പനയുണ്ട്. വേഴാമ്പല്‍ പെണ്‍പക്ഷി മുട്ടയിടാറായാല്‍ മരത്തിന്റെ പൊത്തു തേടിയിറങ്ങും. ആ മരപ്പൊത്തിലാണ് അവ കൂടൊരുക്കുന്നത്. പെണ്‍പക്ഷി പൊത്തിനകത്ത് ഇറങ്ങിയിരുന്ന ശേഷം വിടവെല്ലാം ആണ്‍പക്ഷി നാരുകളും മറ്റും ഉപയോഗിച്ച് അടച്ചുകളയും. ഈ കൂടിനൊരു പ്രത്യേകതയുണ്ട്. മറ്റു പക്ഷികള്‍ കൂടൊരുക്കുമ്പോള്‍ കൂട്ടിനകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും പാകത്തില്‍ പ്രവേശന കവാടമുണ്ടാകും. എന്നാല്‍ വേഴാമ്പലിന്റെ കൂടിന് പെണ്‍പക്ഷിയുടെ കൊക്ക് പുറത്തേക്കിടാനുള്ള വിസ്താരം മാത്രമേ ഉണ്ടാവുകയുള്ളൂ. അടയിരിക്കുന്ന കാലത്ത് ആണ്‍പക്ഷി കൊണ്ടുവരുന്ന ഭക്ഷണം പുറത്തേക്ക് കൊക്ക് നീട്ടി സ്വീകരിക്കുകയും പെണ്‍പക്ഷി നിശ്ചിത കാലം അതിനകത്ത് കഴിയുകയും ചെയ്യുന്നു. അബദ്ധവശാല്‍ ആണ്‍പക്ഷി എന്തെങ്കിലും അപകടത്തില്‍പ്പെട്ട് ജീവഹാനി സംഭവിച്ചാല്‍ പെണ്‍പക്ഷി കൂട്ടില്‍ നിന്നു പുറത്തിറങ്ങില്ല. ആ കൂട്ടില്‍ കിടന്ന് വിശന്നു വിശന്ന് പിടഞ്ഞു മരിക്കും.
വളരെ ദൃഢതയുള്ള കൊക്കാണ് വേഴാമ്പലിനുള്ളത്. രണ്ടു കൊത്തു കൊത്തിയാല്‍ കൂട് പിളര്‍ത്താവുന്നതേയുള്ളൂ. എന്നിട്ടും അത് ആണ്‍ ഇണയെ കാത്തിരുന്ന് മരണം വരിക്കുകയാണ്.
നമ്മുടെ നാട്ടിലെ ബുദ്ധിജീവി വയോജനങ്ങള്‍ വരെ തുറന്ന ലൈംഗികതയ്ക്കു വേണ്ടി വാദിക്കുന്നതിനു പിന്നില്‍ ആഗോള കുടുംബ സങ്കല്‍പത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. എന്നാല്‍ ഗര്‍ഭിണികള്‍, പ്രസവാനന്തരം വിശ്രമിക്കുന്ന സ്ത്രീകള്‍, മുല കുടിക്കുന്ന കുട്ടികള്‍, വൃദ്ധ മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം നിലവിലെ കുടുംബ വ്യവസ്ഥിതിയില്‍ ലഭിക്കുന്ന പരിഗണനയും പരിരക്ഷയും നഷ്ടപ്പെടുത്തുന്നതിനാണ് ബാധ്യതയില്ലാത്ത സെക്‌സിലൂടെ രൂപപ്പെടുന്ന ആഗോള കുടുംബ വ്യവസ്ഥ വഴിയൊരുക്കുക. ഓരോ ദിവസവും പുതിയ പങ്കാളിയെ തേടുന്ന സാഹചര്യം നിലവില്‍ വന്നാല്‍ സ്ത്രീത്വമായിരിക്കും വഴിയാധാരമാകുക.
ഗര്‍ഭവും പ്രസവവും വേണ്ടെന്നു തീരുമാനിച്ചാലും വേണമെന്നു വിചാരിച്ചാലും സ്ത്രീക്ക് മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവരും. ഗര്‍ഭിണികള്‍ക്കും മുലകുടി പ്രായത്തിലുള്ള കുട്ടികള്‍ക്കും താങ്ങായിരിക്കാന്‍ പൂവാലന്മാര്‍ സന്നദ്ധത കാണിക്കാന്‍ സാധ്യത കുറവാണ്. തനിക്ക് സുഖം മതിയെന്നും ഗര്‍ഭം, പ്രസവം, സന്താനപരിപാലനം തുടങ്ങിയ ചുമടുകള്‍ വഹിക്കാന്‍ കഴിയുകയില്ല എന്നും ഒരു സ്ത്രീ വിചാരിച്ചാല്‍ ഏതാനും വര്‍ഷം കഴിയുമ്പോഴേക്കും തനിക്ക് സ്വന്തം എന്നു പറയാന്‍ ആരുമില്ലല്ലോ എന്ന ശൂന്യതാബോധം ഒരു തീരാ വ്യഥയായി ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുക തന്നെ ചെയ്യും. തള്ളിപ്പറയുന്ന കുടുംബവ്യവസ്ഥയുടെ ശീതളഛായയിലേക്ക് തിരികെ പോകാനുള്ള നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതു മാത്രമേ വഴിവിട്ടു നീങ്ങുന്ന സ്ത്രീത്വത്തിന് അഭയമരുളുകയുള്ളൂ.
സ്ത്രീയെ
ചുമടെടുപ്പിക്കുന്നു

ആധുനിക ലോകത്ത് ജനാധിപത്യത്തിന്റെ മറവില്‍ പിറവിയെടുത്ത സ്ത്രീപുരുഷ സമത്വം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ സങ്കല്‍പങ്ങള്‍ നിലവിലെ കുടുംബവ്യവസ്ഥിതിയില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടി പുരുഷമേധാവിത്വം രൂപകല്‍പന ചെയ്ത ആശയങ്ങളാണ്. മതങ്ങള്‍ വിശിഷ്യാ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുടുംബവ്യവസ്ഥയില്‍ മുഴുവന്‍ ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുരുഷനാണ് നല്‍കിയിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കുമുള്ള പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി സാമ്പത്തിക ബാധ്യത വരുന്ന എല്ലാ കാര്യങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം പുരുഷനില്‍ നിക്ഷിപ്തമാണ്. അവ നിറവേറ്റിയിട്ടില്ലെങ്കില്‍ സ്ത്രീക്ക് കോടതിയെ സമീപിക്കാനും കോടതിക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാനും ശരീഅത്ത് അനുവാദം നല്‍കുന്നുണ്ട്. തന്റെയും മക്കളുടെയും ചെലവിന് ആവശ്യമായ വിഭവങ്ങള്‍ തരാത്ത ഭര്‍ത്താവിന്റെ സമ്പത്തില്‍ നിന്നും ഒരു സ്ത്രീ മോഷ്ടിച്ചാല്‍ അവള്‍ കുറ്റക്കാരിയല്ല എന്ന് ഇമാം ശൗകാനിയെപ്പോലുള്ള ശരീഅത്ത് വിചക്ഷണര്‍ അഭിപ്രായപ്പെടുന്നുമുണ്ട്.
ഒരിക്കല്‍ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് പ്രവാചകനോട് പറഞ്ഞു: ”പ്രവാചകരേ, അബൂസുഫ്‌യാന്‍ ഒരു പിശുക്കനായ മനുഷ്യനാണ്. അയാള്‍ എന്റെയും കുട്ടികളുടെയും ആവശ്യങ്ങള്‍ക്കുള്ളതൊന്നും തരാറില്ല. അയാള്‍ അറിയാതെ ഞാന്‍ എടുക്കാറാണ് പതിവ്. എനിക്ക് അതിന് ശിക്ഷയുണ്ടാവുമോ?” പ്രവാചകന്‍ പറഞ്ഞു: ”നിനക്കും നിന്റെ കുഞ്ഞിനും ആവശ്യമുള്ളത് മാന്യമായ നിലയില്‍ നീ എടുത്തോളൂ” (ബുഖാരി).
എന്നാല്‍ ആഗോള കുടുംബസങ്കല്‍പത്തില്‍ സ്ത്രീ സ്വയംപര്യാപ്തയായിരിക്കണമെന്നതാണ് പ്രധാന ആവശ്യം. അവള്‍ക്ക് ജോലിയും ശമ്പളവും സമ്പാദ്യവും വേണമെന്ന് നൂതന കുടുംബത്തിന്റെ വക്താക്കള്‍ നിബന്ധന വെക്കുന്നു. ആഗോള കുടുംബം രൂപകല്‍പന ചെയ്യുന്ന പുരുഷന്മാര്‍ സ്ത്രീ സ്വയംപര്യാപ്തയാകണമെന്ന നയം അവളുടെ മേല്‍ ബോധപൂര്‍വം അടിച്ചേല്‍പിക്കുന്നത് പഴുതുകളുണ്ടാക്കി തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണെന്നു കണ്ടെത്താന്‍ കഴിയും.
ആഗോള കുടുംബ വ്യവസ്ഥയില്‍ രൂപംകൊണ്ട പല കുടുംബങ്ങളിലും നിത്യവഴക്കിന്റെ പ്രധാന കാരണം പെണ്‍പങ്കാളിയുടെ വരുമാനമാണ്. അത് കൈക്കലാക്കാനുള്ള ആണിന്റെ വഴിവിട്ട ശ്രമങ്ങള്‍ പലപ്പോഴും കലഹങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ആത്മഹത്യകളിലേക്കും എത്തുകയാണ് പതിവ്. ആണിന്റെ വരുമാനം കുടുംബത്തിലെ തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തിനു വേണ്ടി ചെലവഴിക്കാതെ താന്തോന്നിത്തങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാനും കുടുംബത്തിന്റെ മുഴുവന്‍ ചുമടുകളും സ്ത്രീയുടെ തലയില്‍ ഏറ്റിവയ്ക്കാനുമാണ് നവ ആഗോള കുടുംബം പ്രേരകമായിത്തീരുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തം പുരുഷന്റേതല്ല സ്ത്രീയുടേതാണ് എന്ന തലത്തിലേക്ക് അവളെ മാറ്റിയെടുക്കുകയാണ് അത് ചെയ്യുന്നത്.
പ്രസവവും സന്താന പരിപാലനവും ഇതര ജീവജാലങ്ങളെപ്പോലെ സ്ത്രീകള്‍ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യമാണെന്നും അവള്‍ അതിന് പ്രകൃതിപരമായി സ്വയംപര്യാപ്തയാണെന്നും അവര്‍ വാദിക്കുന്നു. പശുവും കോഴിയും കുഞ്ഞിനെ വളര്‍ത്തുന്നത് കണ്ടിട്ടില്ലേ? അവയിലെ ആണ്‍വര്‍ഗമല്ല അതൊന്നും ചെയ്യുന്നത്. ആകര്‍ഷണീയമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉന്നയിച്ചുകൊണ്ട് ജന്തുജാലങ്ങളേക്കാള്‍ സ്വയംപര്യാപ്തയും ശക്തയുമാണ് മനുഷ്യസ്ത്രീ എന്ന സാങ്കല്‍പിക ലോകം കാണിച്ച് സ്ത്രീകളെ വലയില്‍ വീഴ്ത്തുകയാണ് നവ കുടുംബ സങ്കല്‍പം അവതരിപ്പിക്കുന്ന പുരുഷന്മാര്‍ ചെയ്യുന്നത്.
സ്ത്രീ ജോലി ചെയ്തു സമ്പാദിക്കുന്നതിന് ഇസ്‌ലാം എതിരല്ല. പ്രവാചക പത്‌നി ഖദീജ(റ) മികച്ച ഒരു വ്യാപാരിയായിരുന്നു. ഖലീഫ ഉമര്‍ (റ) മദീനയിലെ ചന്തയുടെ ചുമതല നല്‍കിയിരുന്നത് ശിഫാഅ എന്ന സ്ത്രീക്കായിരുന്നു. പ്രവാചകന്റെയും അദ്ദേഹത്തില്‍ നിന്നും നേരിട്ട് മതം എന്താണെന്നു മനസ്സിലാക്കുകയും ചെയ്തവരുടെ കാലത്താണ് ഇതെല്ലാം നടക്കുന്നത്. പ്രവാചകന്‍(സ) സ്ത്രീ സമ്പാദിക്കുന്നത് വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ കുടുംബവ്യവസ്ഥ തയ്യാറാക്കിയപ്പോള്‍ ചെലവഴിക്കേണ്ട ബാധ്യത ഇസ്‌ലാം കല്‍പിച്ചത് ആണിനാണ്. സ്ത്രീക്ക് വേണമെങ്കില്‍ അവരുടെ വരുമാനം കുടുംബത്തിനു വേണ്ടി ചെലവഴിക്കാനും ചെലവഴിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. കുടുംബത്തിനു വേണ്ടി ചെലവഴിക്കാനുള്ള ശേഷി പുരുഷനുണ്ടെന്നിരിക്കെ സ്ത്രീ തന്റെ സമ്പത്ത് കുടുംബത്തിനു വേണ്ടി ചെലവഴിച്ചിട്ടില്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള ഒരു പഴുതു പോലും ഇസ്‌ലാം നല്‍കുന്നില്ല.
ആഗോള കുടുംബ സങ്കല്‍പം പിടിമുറുക്കിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീയുടെ ദയനീയ ജീവിതത്തിന്റെ പച്ചയായ ചിത്രം നമുക്ക് കാണാന്‍ കഴിയും. ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ആ നാടിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യപ്പെട്ടതുപോലെ അവിടത്തെ കുടുംബജീവിതത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങള്‍ ലോകത്തെ കേള്‍പ്പിച്ചിരുന്നു. കുഗ്രാമങ്ങള്‍ സന്ദര്‍ശിച്ച പലരും പങ്കുവെച്ചത് അവിടെയുള്ള വീടുകളെല്ലാം നമ്മുടെ നാട്ടിലെ ദരിദ്ര വിഭാഗത്തില്‍പ്പെട്ട ആളുകളുടെ വീടിനു സമാനമാണ്. എല്ലാ വീടിനും ചെലവു കുറഞ്ഞ പരമ്പരാഗതമായ ഒരു മതില്‍ ഉണ്ടാവും. എല്ലാ വീട്ടിലും ഒരു നായയും ഉണ്ടാവും. ആ വീടുകളില്‍ ആണുങ്ങളുള്ള വീടുകള്‍ വളരെ അപൂര്‍വമായി മാത്രമേ കാണുകയുള്ളൂ. കാരണം സ്ത്രീകള്‍ ആണുങ്ങളെ ഒഴിവാക്കി സ്വതന്ത്രമായി ജീവിക്കുകയാണ്. പുരുഷന്മാരുടെ അമിതമായ മദ്യപാനവും അനിയന്ത്രിതമായ ജീവിതരീതികളും കൊണ്ട് സഹികെട്ട സ്ത്രീകള്‍ അവരെ വിവാഹമോചനം നടത്താന്‍ നിര്‍ബന്ധിതയാവുകയാണ്.
സന്ദര്‍ശകരോടെല്ലാം അവര്‍ കദനകഥകളാണ് നിരത്തുന്നത്. ആടിനെ മേച്ചും പറമ്പില്‍ ജോലി ചെയ്തും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുട്ടികളുടെ ഭക്ഷണവും ചികിത്സയും വിദ്യാഭ്യാസവുമൊക്കെ തള്ളിനീക്കാനുള്ള പ്രയാസങ്ങളാണ് അവര്‍ തുറന്നുപറയുന്നത്.
സിംഗിള്‍ മദര്‍ എന്ന ഓമനപ്പേരില്‍ നവ കുടുംബ സങ്കല്‍പം ഉണ്ടാക്കിയെടുത്ത കുത്തഴിഞ്ഞ കുടുംബ സംവിധാനത്തെയാണ് സ്വതന്ത്ര ലൈംഗികതയില്‍ അധിഷ്ഠിതമായ ആഗോള കുടുംബം ലോകത്തിനു പ്രദാനം ചെയ്തത്. ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വന്നതിന്റെ പേരില്‍ മക്കളെ പരിപാലിക്കുന്ന അമ്മമാരുടെ (ശെിഴഹല ാീവേലൃ) എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പവിത്രബന്ധം
മനുഷ്യജീവിതം സ്‌നേഹസമ്പൂര്‍ണമായിത്തീരണമെങ്കില്‍ രണ്ടു തരം ബന്ധങ്ങളെ പവിത്രമായി സംരക്ഷിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്: ”അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു” (25:54).
രക്തബന്ധവും വിവാഹബന്ധവും ചേര്‍ന്ന ബന്ധത്തിനാണ് ഇസ്‌ലാം കുടുംബം എന്ന് അര്‍ഥമാക്കുന്നത്. കാരണം ഈ രണ്ടു ബന്ധങ്ങളുമാണ് വ്യക്തി എന്ന നിലയില്‍ ഒരാള്‍ക്ക് അടുത്ത ബന്ധങ്ങള്‍. കുടുംബബന്ധത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ വ്യാപകമായി ഉപയോഗിച്ചത് ദുല്‍ഖുര്‍ബ എന്ന വാക്കാകുന്നു. സമീപം ഉള്ളത് എന്നാണ് അതിന്റെ ഭാഷാര്‍ഥം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അവരെ തന്റെ സമീപത്ത് മനഃപൂര്‍വം ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എന്നുകൂടി ഖുര്‍ആനിന്റെ ഭാഷാപ്രയോഗത്തില്‍ നിന്നു വായിക്കാന്‍ കഴിയും.
ഏതൊരാള്‍ക്കും തന്റെ അടുത്ത ബന്ധുക്കളും തന്റെ ഇണയുടെ അടുത്ത ബന്ധുക്കളുമായി ഈടുറ്റ ബന്ധമാണ് ഉള്ളതെങ്കില്‍ ആ ബന്ധുക്കള്‍ നല്ലവരാണെങ്കില്‍ അത് അവരുടെ കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഗുണകരമായിരിക്കും. ഉത്തമ കുടുംബത്തിലെ മാതൃകായോഗ്യരായ ബന്ധുക്കളുടെ സ്‌നേഹപരിലാളനകളും മാര്‍ഗദര്‍ശനവുമൊക്കെ ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ വളരുന്ന തലമുറ ലക്ഷണമൊത്തവരായിരിക്കും. മാതാപിതാക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പവിത്രമായ കുടുംബബന്ധത്തെ ചോദ്യം ചെയ്തു ജീവിക്കുന്നവര്‍ക്ക് അരക്ഷിതത്വവും അരാജകത്വവും ഒറ്റപ്പെടലുമായിരിക്കും അനന്തര ഫലമായി ലഭിക്കുക.

Back to Top