1 Friday
March 2024
2024 March 1
1445 Chabân 20

അഗ്നിപഥ് ആളിക്കത്തുമ്പോള്‍


രാജ്യത്തെ സൈനിക റിക്രൂട്ട്‌മെന്റിന് പുതിയ രൂപം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതി പ്രകാരം പത്താം ക്ലാസ്, പ്ലസ്ടു കഴിഞ്ഞ പതിനേഴര മുതല്‍ ഇരുപത്തൊന്ന് വയസുവരെ പ്രായമുള്ള ഉദ്യോഗാര്‍ഥികളെ നാലു വര്‍ഷത്തെ സൈനിക സേവനത്തിനായി തെരഞ്ഞെടുക്കുന്നു. നാലു വര്‍ഷത്തിനു ശേഷം ഇവരുടെ നാലില്‍ ഒരു ഭാഗം സൈന്യത്തില്‍ തന്നെ തുടരുകയും ബാക്കിയുള്ളവര്‍ പുറത്താവുകയും ചെയ്യുന്നു.
നാലു വര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തുപോകുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമോ പെന്‍ഷനോ മറ്റോ ഉണ്ടാവില്ല. നാലു വര്‍ഷത്തെ ശമ്പളത്തിന്റെ നീക്കിയിരിപ്പില്‍ നിന്നു സര്‍ക്കാര്‍ വിഹിതം കൂടി ചേര്‍ത്ത് ഒറ്റത്തവണയായി ഒരു സംഖ്യ ലഭിക്കും. ഇതാണ് പുറത്തുപോകുമ്പോള്‍ ലഭിക്കുന്ന ഏക സാമ്പത്തിക നേട്ടം. വിവിധ രാജ്യങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണെന്നു വാദിച്ചുകൊണ്ടാണ്, കേന്ദ്ര സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും കൂടാതെ തന്ത്രപ്രധാനമായ പ്രതിരോധ മേഖലയില്‍ അടിമുടി മാറ്റം കൊണ്ടുവരുന്നത്. ഈ പദ്ധതിക്ക് സൈനികവും സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ വിമര്‍ശനങ്ങളുണ്ട്.
കോവിഡ് കാലത്തിനു ശേഷം സൈനിക റിക്രൂട്ട്‌മെന്റ് റാലിക്കായി കാത്തിരിക്കുന്ന നിരവധി യുവജനങ്ങളുണ്ട്. അവരുടെ കരിയര്‍ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന വിധത്തിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. അതാണ് ബിഹാറിലും യു പിയിലുമെല്ലാം ട്രെയിനുകളും ബി ജെ പി ഓഫീസുകളും ഭരണകക്ഷി നേതാക്കളുടെ വാഹനങ്ങളുമെല്ലാം തീയിട്ട് കത്തിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഹേതുവായിട്ടുള്ളത്. ഉത്തരേന്ത്യയില്‍ സൈനിക സേവനം എന്നത് സാമൂഹിക പദവിയും ആകര്‍ഷണീയതയും നല്‍കുന്ന ഒരു കരിയറാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് വിഭിന്നമായി നിരവധി കോച്ചിങ് സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. രണ്ടു വര്‍ഷത്തോളമായി സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ നടക്കാത്തതുകൊണ്ടുതന്നെ വിവിധ സൈനിക വിഭാഗങ്ങളില്‍ ജനറല്‍ ഡ്യൂട്ടിയില്‍ നിരവധി ഒഴിവുകളുണ്ട്.
ഇത് ലക്ഷ്യമാക്കി പരിശീലനം നടത്തിവരുന്ന ധാരാളം ആളുകള്‍ ഈ സംസ്ഥാനങ്ങളിലുണ്ട്. അവരുടെ കരിയര്‍ സംബന്ധമായ ആശങ്ക ഒരു വശത്തുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രതിരോധ മേഖലക്ക് അഗ്നിപഥ് പദ്ധതി ഉണ്ടാക്കുന്ന വിള്ളല്‍ കൂടി പ്രതിഷേധക്കാരും ഡിഫന്‍സ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം പ്രതിരോധ മേഖലയിലെ ശമ്പള-പെന്‍ഷന്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇത് ക്രമേണ സൈനിക സേവനം കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴില്‍മേഖലയായി മാറുന്നതിന് ഇടയാക്കും. ലോകത്ത് അംഗബലം കൊണ്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സേനയാണ് നമ്മുടേത്. ശാസ്ത്രീയമായ പരിശീലനവും പരിചയസമ്പത്തുമാണ് പ്രതിരോധ മേഖലയിലെ നമ്മുടെ മേന്മ. ആറു മാസത്തെ പരിശീലനവും നാലു വര്‍ഷത്തെ സേവനവും മാത്രമാക്കുമ്പോള്‍ സൈനിക സേവനത്തിന്റെ കാര്യക്ഷമതയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
75 ശതമാനം ആളുകള്‍ ഒഴിഞ്ഞുപോവണം എന്നതുകൊണ്ടുതന്നെ നാലു വര്‍ഷത്തെ സേവനകാലയളവില്‍ അവര്‍ക്കിടയില്‍ പരസ്പരം ഉണ്ടാകുന്ന കരിയര്‍ മത്സരം സൈന്യത്തിന്റെ മൊത്തത്തിലുള്ള ആത്മവീര്യത്തെ നശിപ്പിക്കും. സൈന്യത്തില്‍ തുടരാന്‍ കഴിയാതെ ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആളുകള്‍ക്ക് പിന്നീട് മറ്റൊരു കരിയര്‍ സാധ്യമാകാതെവന്നാല്‍, സൈനിക പരിശീലനം ലഭിച്ച അസംതൃപ്തരുടെ എണ്ണം രാജ്യത്ത് പെരുകും. ഇത് സാമൂഹിക സുരക്ഷിതത്വത്തിനു ഭീഷണിയാണ്.
നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയ രാജ്യങ്ങളിലാണ് നിലവില്‍ നാലോ അഞ്ചോ വര്‍ഷത്തെ സേവനം മതിയാക്കി സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നത്. ജനസംഖ്യ നന്നേ കുറഞ്ഞ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിര്‍ബന്ധിത സൈനിക സേവനമുള്ളത്. എന്നാല്‍ ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നിരിക്കെ, നാലു വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞവരുടെ എണ്ണം സിവില്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നത് ഭൂഷണമല്ല, പ്രത്യേകിച്ചും കരിയര്‍ അസംതൃപ്തി കൂടി ഉണ്ടാകുമ്പോള്‍ അത് പല തരത്തില്‍ സമൂഹത്തെ ദോഷകരമായി ബാധിക്കും.
രാജ്യം ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രിക്കുന്ന ഹിന്ദുത്വ-സംഘപരിവാര ശക്തികള്‍ ഈ അഗ്നിപഥ് പദ്ധതിയിലൂടെ പുറത്തിറങ്ങുന്ന അഗ്നിവീറുകളെ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും രാഷ്ട്രീയ വിമര്‍ശനങ്ങളിലുണ്ട്. അസംതൃപ്തിയും സൈനിക പരിശീലനവും സാംസ്‌കാരിക ദേശീയതയും വൈകാരിക ദേശഭക്തിയും ഒന്നിച്ചുചേരുന്ന യുവത്വം രാജ്യത്തെ രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരപ്പെടുത്തും. അതിനാല്‍ തന്നെ, യുവാക്കളുടെ സൈനിക കരിയര്‍ സ്വപ്‌നങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ ഭാവിയെ കൂടി ബാധിക്കുന്ന ഈ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x