8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അഗ്‌നി വിഴുങ്ങുന്ന ജീവിതങ്ങള്‍

ഹബീബ് റഹ്മാന്‍ കരുവന്‍പൊയില്‍


തീ, വെള്ളം, കാറ്റ് എന്നിവ പ്രകൃതിയുടെ ഏറ്റവും വലിയ വരദാനങ്ങളും പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന നിര്‍മാണാത്മക ഘടകങ്ങളുമാണ്. അവയില്ലാതെ പ്രപഞ്ചം പൂര്‍ണമാവുകയോ നിലനില്‍ക്കുകയോ ഇല്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവ ചിലപ്പോഴെങ്കിലും ഭീകരവും സംഹാരാത്മകവുമാവും. അത്തരമൊരു നടുക്കത്തിന്റെ നടുക്കയത്തിലാണല്ലോ മലയാളികളായ നാമിപ്പോള്‍.
കുവൈത്തിലെ മന്‍ഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം 50ലധികം പേരാണ് മരണപ്പെട്ടത്. ഏറെയും മലയാളികള്‍. കുറേയാളുകള്‍ തീവ്രപരിചരണത്തിലുമാണ്. ഭീകരമായ ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സര്‍വശക്തനോട് രക്ഷ തേടാനേ നമുക്ക് കഴിയൂ. ഇത്തരം ദുരന്തങ്ങള്‍ നമ്മുടെ ശ്രദ്ധ എത്രമാത്രം ജാഗ്രത്താണെങ്കിലും ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം അപകട ദുരന്തങ്ങളില്‍ ഏറ്റവും ഭീകരവും വേദനാജനകവുമാണ് തീപ്പൊള്ളല്‍. കാരണം തൊലിയിലും ചര്‍മത്തിലും സംഭവിക്കുന്ന ക്ഷതങ്ങളാണ് നമുക്ക് ഏറ്റവും വേദനയുണ്ടാക്കുക. മാത്രമല്ല തൊലിപ്പുറമേ 90 ശതമാനം പൊള്ളലേറ്റയാള്‍ പോലും ചിലപ്പോള്‍ ബോധത്തോടും വേദനയോടും കൂടി ജീവിച്ചെന്നിരിക്കും!
ഖര-ദ്രാവക-വാതക രൂപത്തിലുള്ള ഇന്ധനങ്ങള്‍ കത്തുന്നതു മൂലമാണ് പ്രധാനമായും തീപ്പിടിത്തങ്ങള്‍ ഉണ്ടാകുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ഇവ സംഭവിക്കുമ്പോള്‍ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അശ്രദ്ധമായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തീപ്പിടിത്തവും ഇപ്പോള്‍ സര്‍വസാധാരണമാണ്. അടുക്കളകളില്‍ നിന്നും പാചക ഗ്യാസില്‍ നിന്നും തന്നെയാണ് കൂടുതലായും തീപ്പിടിത്തമുണ്ടാകുന്നത്. പെട്ടെന്ന് തീ പിടിക്കുന്ന സാധനങ്ങള്‍, കത്തിച്ച സിഗരറ്റ് എന്നിവ ചപ്പുചവറുകളില്‍ വലിച്ചെറിയുന്നതുമൂലം ഉണ്ടാകുന്ന തീപ്പിടിത്തങ്ങളും ചെറുതല്ല. മാലിന്യവും കരിയിലയും സിന്തറ്റിക് വസ്തുക്കളുമൊക്കെ കൂട്ടിയിട്ട് കത്തിക്കുന്നത് പറമ്പുകള്‍ക്ക് തീപിടിക്കുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്.
കാട്ടിലെ മരങ്ങള്‍ക്കോ ഉണങ്ങിയ പുല്ലുകള്‍ക്കോ ഉണ്ടാകുന്ന തീപ്പിടിത്തമാണ് കാട്ടുതീ. ഇതില്‍ കൂടുതലും മനുഷ്യപ്രേരിതമായിത്തന്നെയാണ് ഉണ്ടാകുന്നത്. ചില സമയങ്ങളില്‍ ശക്തമായ ഇടിമിന്നലിന്റെ ഫലമായും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുഖേനയും കാട്ടുതീ ഉണ്ടായേക്കാം. തീപ്പിടിത്തമുണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ് വൈദ്യുത പ്രവാഹം. പ്രകൃതിക്ഷോഭങ്ങളായ ഭൂമികുലുക്കം, കൊടുങ്കാറ്റ്, പ്രളയം എന്നിവ ഉണ്ടാകുമ്പോള്‍ വൈദ്യുത വിതരണ ശൃംഖലയ്ക്ക് തകരാറുകള്‍ സംഭവിക്കുകയും തീപ്പിടിത്തം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമ്പോഴും മേഘവിസ്‌ഫോടനം ഉണ്ടാകുമ്പോഴുമൊക്കെ തീ ആളിപ്പടരാന്‍ സാധ്യതയേറെയാണ്.
വൈദ്യുത ഉപകരണങ്ങള്‍ക്ക് ഉണ്ടാകുന്ന നിര്‍മാണ വൈകല്യങ്ങളും അവ ഉപയോഗിക്കുമ്പോഴുള്ള മനുഷ്യന്റെ അശ്രദ്ധയും ഇത്തരം തീപ്പിടിത്തങ്ങള്‍ക്ക് കാരണമാകാറുണ്ട്.
തീ പിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ സൂക്ഷ്മതയോടെയും നിയന്ത്രിതമായും ഉപയോഗിക്കുന്നതിലൂടെ തീപ്പിടിത്തം മൂലമുള്ള അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. അടുക്കളകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഉപയോഗിക്കുക, ആവശ്യം കഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ഉണങ്ങിയ വിറകുകളും ചകിരികളും തീപ്പിടിത്തമുണ്ടാകാത്ത സ്ഥലത്ത് സൂക്ഷിക്കുക തുടങ്ങിയവയൊക്കെയും അതിപ്രധാനമാണ്. ഒരു കാരണവശാലും തീപ്പെട്ടി, ലൈറ്റര്‍ എന്നിവ കുട്ടികള്‍ക്ക് കൈയെത്തുന്ന സ്ഥലത്ത് വെക്കരുത്. തീ കിടപ്പുമുറിയിലേക്ക് പടരുന്നത് തടയാന്‍ മുറി അടച്ചിട്ട ശേഷം മാത്രം ഉറങ്ങുക.
എവിടെയെങ്കിലും തീയോ വിളക്കോ കത്തുന്നുണ്ടെങ്കില്‍ അവ പൂര്‍ണമായും കെടുത്തിയെന്ന് ഉറപ്പാക്കുകയും ഷോര്‍ട്ട് സര്‍ക്യൂട്ടിനു സാധ്യതയുള്ള പ്ലഗ്ഗുകള്‍ ഓഫാക്കുകയും പിന്‍ പ്ലഗ്ഗില്‍ നിന്ന് ഊരിമാറ്റുകയും ചെയ്യുക. വീടുകളില്‍ ഉണ്ടാകുന്ന തീപ്പിടിത്തത്തിന്റെ ഒരു പ്രധാന സ്രോതസ്സ് അടുക്കളയിലെ അടുപ്പു തന്നെയാണ്. കുടുംബങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും മുഴുവന്‍ വീടിനെത്തന്നെയും നശിപ്പിക്കാന്‍ കഴിവുള്ള തീപ്പിടിത്തത്തിലേക്ക് നയിക്കും. പെട്ടെന്ന് കത്തുന്ന വസ്തുക്കളോ ഇന്ധനങ്ങളോ സമീപത്തുണ്ടെങ്കില്‍ അപകടം വളരെ വലുതായിത്തീരും. അടുക്കളയില്‍ നാം ഉപയോഗിക്കുന്ന അടുപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. ശരിയായ മുന്‍കരുതല്‍ എടുക്കുന്നത് വന്‍ അഗ്നിബാധ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.
പാചകം കഴിഞ്ഞാല്‍ ഉടനെ ഗ്യാസ് ഓഫ് ചെയ്‌തെന്നും പാചകം കഴിഞ്ഞ് വിറകടുപ്പിലെ തീ കെടുത്തിയെന്നും ഉറപ്പുവരുത്തണം. പാചകം ചെയ്യുമ്പോള്‍ സിന്തറ്റിക് വസ്ത്രങ്ങള്‍, അയഞ്ഞ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക, മുടി പിറകിലാക്കി കെട്ടിവെക്കുക, ഒരു കണക്ഷനില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക എന്നതൊക്കെയും പ്രധാനമാണ്. പാചകം നടക്കുമ്പോള്‍ മുതിര്‍ന്നവര്‍ എപ്പോഴും അടുക്കളയില്‍ ഉണ്ടാകണം. കത്തുന്ന അടുപ്പില്‍ വെച്ചിരിക്കുന്ന പാത്രങ്ങളുടെ കൈപ്പിടി കുട്ടികള്‍ക്ക് സ്പര്‍ശിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വെക്കുക, സ്റ്റൗവിന്റെ ബര്‍ണറിന്റെ അടുത്തായി പാത്രം സൂക്ഷിക്കുന്ന സ്റ്റാന്റ്, ടൗവല്‍ എന്നിവ വെക്കാതിരിക്കുക, സ്റ്റൗവിനു മുകളിലായി കാബിനറ്റില്‍/ ഷെല്‍ഫില്‍ സാധനങ്ങള്‍ വെക്കാതിരിക്കുക എന്നിത്യാദി കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്. മണ്ണെണ്ണയും പെട്ടെന്ന് കത്തിപ്പിടിക്കുന്ന മറ്റു വസ്തുക്കളും അടുപ്പിനടുത്തു വെക്കാതെ സൂക്ഷിക്കണം.
തീ പടര്‍ന്നുപിടിച്ചാല്‍ പരിഭ്രാന്തരാകാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങുകയും വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമാണ് ആദ്യം വേണ്ടത്. പരിഭ്രാന്തരായി ഓടിയാല്‍ തീ ആളിക്കത്തുകയും മറ്റിടങ്ങളിലേക്ക് പടരുകയുമാണ് ചെയ്യുക. മുകളിലത്തെ നിലയിലാണെങ്കില്‍ പടികള്‍ വഴി മാത്രം താഴെയിറങ്ങുക. ലിഫ്റ്റ് ഉപയോഗിക്കരുത്. വസ്ത്രത്തിനു തീ പിടിച്ചാല്‍ നില്‍ക്കുന്ന സ്ഥലത്ത് വീണുകിടന്ന് ഉരുളുകയാണ് വേണ്ടത്.
തീ പോലെയോ അതിനേക്കാള്‍ കൂടുതലോ അപകടകരമാണ് പുകയും. പുകയില്‍ നിന്നുയരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുകയും കോശങ്ങളിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതു മരണത്തിനു വരെ കാരണമാകും. പുകയില്‍ അടങ്ങിയ അമോണിയ, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയും ശരീരത്തിനു ഹാനികരമാണ്. പുക ശ്വസിക്കാനിടയാകുന്നതോടെ നമ്മുടെ ശ്വാസകോശം തകരാറിലാവുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യും. അതിനാല്‍ പുക ശ്വസിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. പുക അകത്തേക്ക് കടക്കാതിരിക്കാന്‍ ഒരു നനഞ്ഞ ടൗവലോ തോര്‍ത്തോ വാതിലിന്റെ താഴെ ഭാഗത്ത് വെക്കുക. കെട്ടിടത്തിലെ അപായസൂചനകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പുറത്തു പുക കാണുന്നില്ലെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ.
കെട്ടിടത്തിനകത്ത് പുക നിറഞ്ഞാല്‍ അവയ്ക്കു താഴെയായി തറയില്‍ കുനിഞ്ഞു നില്‍ക്കുക. വീടിനു ബാല്‍ക്കണി ഉണ്ടെങ്കില്‍, അവിടെ തീ പിടിച്ചിട്ടില്ലെങ്കില്‍ അവിടേക്ക് പോവുക, നിലത്ത് തീ പടര്‍ന്നില്ലെങ്കില്‍ ജനാലയ്ക്ക് അടുത്തു പോയി അത് തുറന്നിട്ട് അതിന്റെ അരികില്‍ നില്‍ക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്. ജനലിനടുത്തായി നനഞ്ഞ ബെഡ്ഷീറ്റ്, ടൗവല്‍ എന്നിവ തൂക്കിയിടുന്നത് തീയും പുകയും പെട്ടെന്ന് അകത്തേക്ക് കടക്കാതിരിക്കാന്‍ സഹായിക്കും. അപകട വിവരം അടുത്തുള്ള പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അറിയിക്കുക. അതിനായി അവയുടെ നമ്പറുകള്‍ പെട്ടെന്ന് കാണാവുന്ന തരത്തില്‍ രേഖപ്പെടുത്തിവെക്കണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വരുന്നതുവരെ പരമാവധി ശാന്തരായിരിക്കാന്‍ ശ്രദ്ധിക്കുക.
പൊള്ളലേറ്റ ഭാഗത്ത് തൊടാന്‍ പാടില്ലെന്നതാണ് ആദ്യത്തെ കാര്യം. പൊള്ളലേറ്റാല്‍ ആ ഭാഗം തണുത്ത വെള്ളമൊഴിച്ച് കഴുകണം. പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങളോ ബെല്‍റ്റോ വാച്ചോ മറ്റോ ഉണ്ടെങ്കില്‍ ഊരിമാറ്റണം. ഒരു കാരണവശാലും പൊള്ളലില്‍ ടൂത്ത്‌പേസ്റ്റോ മറ്റു മരുന്നുകളോ പുരട്ടുകയോ പൊള്ളല്‍ മൂലം ഉണ്ടായ കുമിളകള്‍ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്തുക്കള്‍ വലിച്ചെടുക്കാന്‍ നോക്കരുത്. പൊള്ളിയ ഭാഗം വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടുകയും പൊള്ളലേറ്റയാളെ വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം.
ഗുരുതരമല്ലാത്ത എല്ലാ പൊള്ളലുകള്‍ക്കും ഡോക്ടറെ കാണേണ്ട ആവശ്യമില്ല. ചര്‍മവ്യാപ്തിയുടെ 5 ശതമാനത്തിലധികമുള്ള പൊള്ളല്‍, കൈകള്‍, മുഖം, കണ്ണ്, ചെവി, കാല്‍പ്പാദം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളിലെ പൊള്ളല്‍, വൈദ്യുതാഘാതം, ആസിഡുകള്‍, ക്ഷാരങ്ങള്‍ എന്നിവ കൊണ്ടുള്ള പൊള്ളല്‍ എന്നിവക്കൊക്കെ ഡോക്ടറെ കാണേണ്ടതാണ്. പൊള്ളലേറ്റ ആള്‍ക്ക് ശ്വാസതടസമോ ഷോക്കിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിലും പൊള്ളലേറ്റ ഭാഗത്ത് വേദന, അണുബാധ എന്നിവ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സ തേടണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x