ആഘോഷവേളകളിലും മുസ്‌ലിംകള്‍ക്കു നേരെ ആക്രമണങ്ങള്‍
അഹമ്മദ് സിനാന്‍ കോഴിക്കോട്
ഹിന്ദുത്വരുടെ ആഘോഷങ്ങള്‍ പോലും മുസ്‌ലിംകളെ ആക്രമിച്ചു കൊണ്ട് ആഘോഷിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് അരങ്ങേറുന്നത്. രാമനവമി ആഘോഷത്തിന്റെ മറവില്‍ ഉത്തരേന്ത്യയിലുടനീളം മുസ്ലിം ആരാധനാലയങ്ങള്‍ക്കും കടകള്‍ക്കും നേരെ വലിയ തോതിലുള്ള അക്രമമാണ് നടന്നത്. കഴിഞ്ഞ ദിവസവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മുസ്‌ലിംകള്‍ക്കും പള്ളികള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ വീഡിയോകളെല്ലാം വിവിധ ആക്റ്റിവിസ്റ്റുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
നവരാത്രി സമയത്ത് മാംസം പാകം ചെയ്ത് വിറ്റതിന് ജമ്മുവിലെ മുസ്‌ലിം റസ്റ്റോറന്റ് ഉടമകളെ പൊലിസ് അറസ്റ്റ് ചെയ്തു. മുസ്‌ലിംകള്‍ക്ക് റമദാന്‍ മാസത്തില്‍ പോലും മാംസം പാകം ചെയ്യാന്‍ പാടില്ലെന്നും അത് ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്നും പറഞ്ഞാണ് സംഘ് ഗുണ്ടകളുടെ ക്രൂരത. തെലുങ്കാനയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി ജെ പി നേതാവും നിയമസഭാംഗവുമായ ടി രാജ സിംഗ് ഘോഷയാത്രക്കിടെ ഡ്രൈവറോട് ബോധപൂര്‍വം പള്ളിക്ക് മുന്നില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മുസ്‌ലിംകളെ ലക്ഷ്യമിട്ട് അക്രമാസക്തമായ വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തതാണ് മറ്റൊരു സംഭവം. അണികളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
യു പിയിലെ മഥുരയിലെ ജുമാ മസ്ജിദിന്റെ മതിലിലൂടെ പള്ളിയുടെ മുകളില്‍ കയറിയ ആക്രമികള്‍ കാവിക്കൊടി വീശുകയും കെട്ടുകയും ചെയ്തു. ഹിന്ദു ആഘോഷങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിംകള്‍ക്ക് പേടിസ്വപ്‌നമായി മാറുകയാണെന്നും ഹൈന്ദവ ആഘോഷങ്ങളില്‍ ഇവര്‍ പള്ളികളിലേക്കാണ് വരുന്നതെന്നും ക്ഷേത്രങ്ങളിലേക്കല്ലെന്നും വിവിധ ആക്റ്റിവിസ്റ്റുകള്‍ ട്വീറ്റ് ചെയ്തു.
ഗുജറാത്തിലെ വഡോദരയില്‍ നടന്ന രാമനവമി റാലിക്കിടെ പള്ളിക്കുനേരെ കല്ലേറും ആള്‍കൂട്ട ആക്രമണവുമുണ്ടായി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗര്‍ (നേരത്തെ ഔറംഗബാദ്), ഗുജറാത്തിലെ വഡോദര, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവിടങ്ങളിലും സമാനമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുമ്പോഴും ഔദ്യോഗിക സംവിധാനങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗത നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്.