30 Friday
January 2026
2026 January 30
1447 Chabân 11

ലോകത്ത് ഏറ്റവും കൂടുതല്‍ ബാല സൈനികരുള്ളത് ആഫ്രിക്കയില്‍


ലോകത്ത് ഏറ്റവും കൂടുതല്‍ ബാല സൈനികരുള്ളത് പടിഞ്ഞാറന്‍ മധ്യ ആഫ്രിക്കയിലാണെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ യൂണിസെഫാണ് കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലൈംഗിക അതിക്രമത്തിന് ഇരയാവുന്നതില്‍ ഏറ്റവും കൂടുതലും കുട്ടികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഫ്രിക്കന്‍ മേഖലയില്‍ 2016 മുതല്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് 21000-ത്തിലധികം കുട്ടികളെയാണ് സര്‍ക്കാര്‍ സേനകളിലേക്കും സായുധ സംഘങ്ങളിലേക്കും റിക്രൂട്ട് ചെയ്തിട്ടുള്ളത്. കൂടാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2,200-ലധികം കുട്ടികള്‍ ഇവിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,500 കുട്ടികളെ തട്ടിക്കൊണ്ടുപോയി, ലോകത്തെ ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകലുകളുള്ള രണ്ടാമത്തെ പ്രദേശമായി ഇത് മാറി, സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ കുറഞ്ഞത് 1,500 ആക്രമണങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൊത്തത്തില്‍, ഈ മേഖലയിലെ 57 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യു എന്നിന്റെ കുട്ടികളുടെ ഏജന്‍സി പറഞ്ഞു. സംഘര്‍ഷത്തിന്റെയും കോവിഡ് 19 പകര്‍ച്ചവ്യാധിയുടെയും ഫലമായി ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.

Back to Top