24 Saturday
January 2026
2026 January 24
1447 Chabân 5

അഫ്ഗാനില്‍ യു എസിന്റെ നയതന്ത്ര പ്രതിനിധിയായി ഖത്തര്‍ പ്രവര്‍ത്തിക്കും


അഫ്ഗാനിസ്ഥാനില്‍ ഇനി മുതല്‍ യു എസിന്റെ ദൗത്യം ഖത്തര്‍ ഏറ്റെടുക്കും. യു എസ് നയതന്ത്ര പ്രതിനിധിയായി വര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഓഗസ്റ്റില്‍ അഫ്ഗാന്‍ താലിബാന്‍ ഭരണത്തിലേറിയതിനു പിന്നാലെ കാബൂളിലെ യു എസ് എംബസി അടച്ചുപൂട്ടുകയും യു എസ് നയതന്ത്ര പ്രതിനിധികളെല്ലാം രാജ്യം വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് യു എസും ഖത്തറും തമ്മില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് അഫ്ഗാനില്‍ അധികാരം സംരക്ഷിക്കാന്‍ അഫ്ഗാനിലെ യു എസിന്റെ നയതന്ത്ര പ്രതിനിധിയായി ഖത്തര്‍ പ്രവര്‍ത്തിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. വാഷിങ്ടണില്‍ വെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായത്.
അഫ്ഗാനില്‍ ചില കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കാനും അഫ്ഗാനിസ്ഥാനിലെ യു എസ് നയതന്ത്ര സൗകര്യങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും നിരീക്ഷിക്കാനും അഫ്ഗാനിസ്ഥാനിലെ യു എസ് എംബസിക്കുള്ളില്‍ ഒരു യുഎസ് നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്നും വെള്ളിയാഴ്ച ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു എസിന്റെ പ്രത്യേക കുടിയേറ്റ വിസകള്‍ ഉപയോഗിച്ച് അഫ്ഗാനികളുടെ യാത്ര സുഗമമാക്കാന്‍ ഖത്തറിന് അധികാരം നല്‍കിയ ഉത്തരവും കൈമാറിയിട്ടുണ്ട്.
അമേരിക്കന്‍ പിന്‍വാങ്ങലിന് ശേഷം ആഗസ്ത് 15-ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ കൈയടക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് അഫ്ഗാനികളെയും യു എസ് പൗരന്മാരെയും ഒഴിപ്പിക്കാന്‍ അഫ്ഗാനിലെ പ്രധാന യു എസ് വ്യോമതാവളത്തിന്റെ ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആയിരുന്നു.

Back to Top