അഫ്ഗാനില്‍ 10 ദശലക്ഷം കുട്ടികള്‍ പട്ടിണിയില്‍
അഫ്ഗാനിലെ 9.6 ദശലക്ഷം കുട്ടികള്‍ പട്ടിണിയിലെന്ന് സന്നദ്ധ സംഘടനയുടെ റിപോര്‍ട്ട്. യുക്രെയ്ന്‍ യുദ്ധവും തുടര്‍ച്ചയായ വരള്‍ച്ചയും മൂലം പ്രതിദിനം ദശലക്ഷക്കണക്കിന് കുട്ടികളാണ് പട്ടിണിയില്‍ കഴിയുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ കടന്നുപോകുന്നത്. ”ഹ്രസ്വകാലത്തേക്ക് ജീവന്‍ രക്ഷിക്കുന്നതിന് അടിയന്തര ഭക്ഷ്യസഹായം ആവശ്യമാണ്. രാജ്യത്തെ കടുത്ത പട്ടിണി നേരിടാന്‍ സഹായം കൊണ്ട് മാത്രം കഴിയില്ല” – അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘സേവ് ദ ചില്‍ഡ്രന്‍’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി കുടുംബങ്ങള്‍ക്ക് വലിയ തോതില്‍ ഭക്ഷ്യസഹായം ലഭിച്ചെങ്കിലും, 19.7 ദശലക്ഷം കുട്ടികളും മുതിര്‍ന്നവരും പട്ടിണിയിലാണ്. ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനവും ഇപ്പോഴും പട്ടിണിയിലാണ്. അതിജീവിക്കാന്‍ അടിയന്തര സഹായം ആവശ്യമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനിടെ മാത്രം 20,000 പേരാണ് പട്ടിണിയിലായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 15-ന് താലിബാന്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അഫ്ഗാനെ കൈയൊഴിഞ്ഞിരുന്നു. വിദേശ സഹായത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന രാജ്യം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, രാജ്യത്തിന്റെ 10 ബില്യണ്‍ ഡോളര്‍ ആസ്തി യു എസ് മരവിപ്പിക്കുകയും ചെയ്തു.