22 Wednesday
September 2021
2021 September 22
1443 Safar 14

അഫ്ഗാനില്‍ തോറ്റതാര്?

മുജീബ് റഹ്മാന്‍ കോഴിക്കോട്‌

അഫ്ഗാനില്‍ നിന്ന് അമേരിക്ക പടിയിറങ്ങിയതും താലിബാന്‍ വീണ്ടും അധികാരത്തിലേക്ക് വരുന്നതും വലിയ ചര്‍ച്ചക്ക് ഹേതുവാണ്. അഫ്ഗാനില്‍ അമേരിക്ക സമ്പൂര്‍ണ പരാജയമായെന്ന വാദം വളരെ ശക്തമാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ അമേരിക്ക ലക്ഷ്യം പൂര്‍ത്തിയാക്കുകയല്ലേ ചെയ്തത്.
കടന്നാക്രമണത്തിന്റെയും അധിനിവേശത്തിന്റെയും ലക്ഷ്യം അഫ്ഗാനിസ്താനില്‍ സമാധാനവും സമൃദ്ധിയും കൈവരുത്തുക, താലിബാനെ പരാജയപ്പെടുത്തുക, അല്‍ഖാഇദയെ നശിപ്പിക്കുക, ഒരു മുസ്‌ലിം രാജ്യത്ത് ജനാധിപത്യ ഭരണം ഉറപ്പുവരുത്തുക എന്നിവയാണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. ഇവയെല്ലാം കേവലം വ്യാമോഹത്തില്‍ നിന്നുണ്ടാകുന്ന അനുമാനങ്ങള്‍ മാത്രമാണ്.
ബുഷ്, ഒബാമ, ട്രംപ് ഇപ്പോള്‍ ബൈഡന്‍ വരെ എത്തിനില്‍ക്കുന്ന യു എസ് ഭരണകൂടങ്ങള്‍ക്ക് ഒരിക്കലും അത്തരം ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്താണോ ഉദ്ദേശിച്ചത് അത് കൃത്യമായി ചെയ്യുന്നതില്‍ യു എസ് അതിശയകരമായി വിജയിച്ചു: തങ്ങളുടെ സൈനിക മസിലുകള്‍ ഒന്ന് കുടഞ്ഞുഷാറാക്കുക, ഏറ്റവും പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കുക, ആഗോള മേധാവിത്വം ഉറപ്പിക്കുക, റഷ്യക്കും ചൈനക്കുമെതിരായ പ്രാദേശിക തന്ത്രപ്രധാന മുന്നേറ്റം നടത്തുക.
താലിബാനെ പരാജയപ്പെടുത്താനും അല്‍ഖാഇദയെ ഉന്‍മൂലനം ചെയ്യാനും അഫ്ഗാന്‍ ജനതക്ക് സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിനുമാണ് അമേരിക്ക അഫ്ഗാനി സ്താനില്‍ പോയതെന്ന അരോചകവും വൃത്തിക്കെട്ടതുമായ ധാരണ അങ്ങേയറ്റം ബാലിശമാണ്.
വിജയമോ പരാജയമോ എന്ന് വിലയിരുത്തുന്നതിനു മുമ്പ്, അമേരിക്ക എന്തിനാണ് അഫ്ഗാനിസ്താനില്‍ കടന്നാക്രമണം നടത്തിയതെന്ന് നമ്മള്‍ ആദ്യം മനസ്സിലാക്കണം.
പതിറ്റാണ്ടുകളായി അമേരിക്കന്‍ സാമ്രാജ്യത്വ തന്ത്രജ്ഞരുടെ കൈകളിലാണ് മധ്യേഷ്യ. സോവിയറ്റാനന്തര മധ്യേഷ്യയിലെ അസന്തുലിതമായ യുദ്ധത്തിന്റെ തന്ത്രപ്രധാനമായ സാധ്യതകള്‍ പുനഃക്രമീകരിക്കാനും തങ്ങളുടെ സൈനിക വീര്യം പ്രദര്‍ശിപ്പിക്കാനുമുള്ള ഒരു ഒഴികഴിവും തന്ത്രവുമായിരുന്നു അമേരിക്കയെ സംബന്ധിച്ച് 9/11 സംഭവങ്ങള്‍. അഫ്ഗാനിസ്താനോ താലിബാനോ ഒരിക്കല്‍പോലും അവരുടെ പ്രാഥമിക പ്രശ്‌നങ്ങളായിരുന്നില്ല; അവര്‍ വെറും പുകമറ മാത്രമായിരുന്നു.
യു എസ് അധിനിവേശ കാലത്ത് അഫ്ഗാനിസ്താനില്‍ സംഭവിച്ചതും, അല്ലെങ്കില്‍ അമേരിക്ക പോയി താലിബാന്‍ വന്നാല്‍ അഫ്ഗാനികള്‍ക്ക് എന്തു സംഭവിക്കുമെന്നതോ അമേരിക്കന്‍ നയതന്ത്രജ്ഞരെയോ അവരുടെ സാമ്രാജ്യത്വ മുന്‍ഗണനകളേയോ സംബന്ധിച്ച് ആശങ്കയുടെ ഒരു ചെറുകണിക പോലും ഉയര്‍ത്തുന്ന വിഷയമല്ല.
ഒരു വലിയ സാമ്പത്തിക-സൈനിക ഭീഷണിയായി ചൈന ഉയര്‍ന്നുവരുന്നു; റഷ്യ എപ്പോഴും ഒരു ഭീഷണിയാണ്; നോര്‍ത്ത് കൊറിയ വിട്ടുമാറാത്ത തലവേദനയാണ്; ഇറാനാണെങ്കില്‍ അമേരിക്കയുടെ പ്രിയപ്പെട്ട കുടിയേറ്റ കോളനിയുടെ പരിസരത്ത് അപമര്യാദയായി പെരുമാറുന്നുമുണ്ട്. ഇവയാണ് അമേരിക്കയുടെ സുപ്രധാനപ്രശ്‌നങ്ങള്‍. അഫ്ഗാനിസ്താന്റെ കാര്യത്തില്‍ അവര്‍ എന്തിന് ശ്രദ്ധിക്കണം? താലിബാന്റെ മാരകമായ മതഭ്രാന്തിന്റെ കരുണാരാഹിത്യത്തിനു മുന്നില്‍ അകപ്പെട്ടുപോയ 40 ദശലക്ഷം മനുഷ്യരുടെ വിധി അവരുടെ കണക്കുകൂട്ടലുകളില്‍ തീര്‍ത്തും അപ്രസക്തമാണ്.
അല്‍ഖാഇദയുടെയും താലിബാന്റെയും ക്രിമിനല്‍ ക്രൂരതകളുടെ പ്രാഥമിക ഇരകള്‍ പൊതുവെ മുസ്‌ലിംകളായിരുന്നു, പ്രത്യേകിച്ച് അഫ്ഗാനികള്‍.
9/11ലെ സംഭവങ്ങളും അഫ്ഗാനിസ്താനിലെ യു എസ് കടന്നാക്രമണം കഴിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം, ആഗോളതലത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ സൈനികസ്ഥിതിയിലാണ് യു.എസ് ഇപ്പോഴുള്ളത്. ഈ സൈനിക ശക്തിക്ക് ധാര്‍മിക അധികാരം ഇല്ല എന്നത് തികച്ചും അപ്രസക്തമാണ്;
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, സൈനികനീക്കങ്ങളുടെ ഈ വിശാല ഭൂമികയില്‍ അഫ്ഗാനിസ്താന്‍ യുദ്ധം അമേരിക്കയെ സംബന്ധിച്ച് തന്ത്രപ്രധാന വിജയം തന്നെയാണ്. ഈ ഭൂപ്രദേശത്ത് കുറിച്ച് മുമ്പത്തേക്കാള്‍ നന്നായി അവര്‍ക്കിപ്പോള്‍ അറിയാം, റഷ്യന്‍, ചൈനീസ് സ്വാധീനശ്രമങ്ങളെ നേരിടാന്‍ അവരിപ്പോള്‍ സജ്ജരാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി നശിച്ച് മണ്ണടിഞ്ഞുപോയ പതിനായിരക്കണക്കിന് നിരപരാധികളായ അഫ്ഗാനികളുടെ ശവപ്പറമ്പാണ് അഫ്ഗാനിസ്താന്‍. മേഖലയിലും അതിനപ്പുറത്തുമുള്ള അമേരിക്കന്‍ സൈനികശക്തിയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താന്‍ ഒരു സമ്പൂര്‍ണ വിജയം തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x