അഫ്ഗാന്‍ പ്രശ്‌നത്തെ ഒറ്റക്കണ്ണ് കൊണ്ട് നോക്കുമ്പോള്‍
അശ്‌റഫ് കടയ്ക്കല്‍ / വി കെ ജാബിര്‍
2021-ലെ താലിബാന്‍ നിയോ താലിബാന്‍ ആണോ എന്നത് എല്ലാവരും ഉറ്റുനോക്കുന്ന സംഗതിയാണ്. പുതിയ ആകാശവും പുതിയ ഭൂമിയും അവരുടെ മുന്നിലുണ്ടോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. കാരണം, താലിബാനകത്തു തന്നെ നിലപാടുകളില്‍ ഒരുതരം ഭിന്നിപ്പ് കാണുന്നുണ്ട്.
ഒരു ഉദാഹരണം: സിഖ്, ശിയാ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐ എസിനെ പിന്തുണയ്ക്കുന്ന താലിബാനിലെ ഒരു ഗ്രൂപ്പായിരുന്നു. പാക് പിന്തുണയുള്ള താലിബാനിലെ ഈ വിഭാഗം ഐ എസ് അനുകൂലികളായി മാറി. ഇസ്ലാമിക് സ്റ്റേറ്റും (ഐ എസ്) അല്‍ഖാഇദയും തമ്മില്‍ വലിയ ഭിന്നിപ്പുണ്ടെന്ന വസ്തുത വിസ്മരിച്ചാല്‍ ഇക്കാര്യം പിടികിട്ടില്ല. ഐ എസ് ഏറ്റവും കൂടുതല്‍ ആക്രമിക്കുന്നത് ശിയാ വിഭാഗങ്ങളെയാണ്. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ സായുധ പോരാട്ടം നടത്തണ മെന്നതാണ് അല്‍ഖാഇദയുടെ മുഖ്യ അജണ്ട. എന്നാല്‍, മുസ്ലിംകള്‍ക്കിടയില്‍ തന്നെയുള്ള അവാന്തര വിഭാഗങ്ങളാണ് ഐ എസിന്റെ മുഖ്യശത്രു. ഈ പ്രശ്നം അഫ്ഗാനിലും പ്രതിഫലിക്കുന്നുണ്ട്. ഐ എസിന്റെ ഈ നിലപാടിനോട് വിയോജിക്കുന്നവരാണ് താലിബാനികളിലെ ഭൂരിഭാഗം പേരും.
രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലെ ഉസ്ബെക്കുകളെയും താജിക്കുകളെയും റിക്രൂട്ട് ചെയ്തുകൊണ്ട് താലിബാന്‍ അവരുടെ റീ ഗ്രൂപ്പിംഗ് ശക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അഥവാ പഷ്തൂണികളായ താലിബാന്‍ ഇതര എത്നിക് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. യുദ്ധം കൊണ്ടും സംഘര്‍ഷം കൊണ്ടും താറുമാറായ ഒരു രാജ്യത്ത് വിവിധ ഗ്രൂപ്പുകളുടെ സംഘര്‍ഷം ഇനിയും തുടരുന്നത് ഒരു നിലയ്ക്കും രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകില്ല എന്ന തിരിച്ചറിവില്‍ നിന്നാവാം എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ശ്രമം നടത്തുന്നത്.
മറ്റൊന്ന്, ആദ്യ അധികാരവേളയില്‍ മതപാഠശാലയില്‍ നിന്ന് അവര്‍ക്കു ലഭിച്ച ആശയ പിന്‍ബലത്തിനപ്പുറം യാതൊരു ലോക പരിചയമോ അന്താരാഷ്ട്ര അനുഭവമോ അന്താരാഷ്ട്ര സംവിധാനങ്ങളെ കുറിച്ച് കേട്ടുകേള്‍വി പോലുമോ താലിബാന് ഇല്ലായിരുന്നു. ലോകത്തെ കുറിച്ച് അല്പമെങ്കിലും അറിയാന്‍ അവര്‍ക്ക് അവസരമുണ്ടായിരിക്കുന്നു. ഈ അറിവും തിരിച്ചറിവും ഭൗതികമായ പുതിയ പരിതസ്ഥിതിയും അന്താരാഷ്ട്ര അനുഭവവും സാഹചര്യങ്ങളുടെ സമ്മര്‍ദവും ചെറിയ തരത്തില്‍ താലിബാനില്‍ മാറ്റമുണ്ടാക്കിയെന്നു കാണാം. അത് ഗ്രൗണ്ട് ലെവലില്‍ പ്രായോഗികമായി എങ്ങനെ പ്രതിഫലിക്കും എന്നത് കാലം മാത്രം ഉത്തരം നല്‍കേണ്ട സംഗതിയാണ്.
അഫ്ഗാന്‍ ജനസംഖ്യയില്‍ 45 ശതമാനം മാത്രം വരുന്ന പഷ്തൂണുകളുടെ (പഠാണികള്‍) ഗ്രൂപ്പാണ് താലിബാന്‍. ഇസ്ലാമിക് ഗ്രൂപ്പാണോ എന്ന ചോദ്യത്തിന് അത് പഷ്തൂണ്‍ സംഘമാണ് എന്നു പറയേണ്ടി വരും. വിവിധ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു അനുരഞ്ജന സര്‍ക്കാര്‍ എന്ന മൂഡിലേക്ക് താലിബാന്‍ വരുന്നുണ്ടെങ്കില്‍ അത് അഫ്ഗാനികള്‍ക്കും ലോകത്തിനു തന്നെയും പ്രതീക്ഷ നല്‍കുന്ന കാര്യമായിരിക്കും. പക്ഷെ, അത് കാലം തെളിയിക്കേണ്ട സംഗതിയാണെന്ന് വീണ്ടും പറയേണ്ടി വരുന്നു.
അഫ്ഗാനില്‍ നിന്ന് തലയൂരേണ്ടത് അമേരിക്കയുടെ അനിവാര്യമായ ആവശ്യമായിരുന്നു. അഫ്ഗാന്‍ അധിനിവേശ കാലത്ത് യു എസില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ 85 ശതമാനം പേരും ഇടപെടല്‍ അത്യാവശ്യമാണ് എന്നാണു പറഞ്ഞിരുന്നതെങ്കില്‍ ഏറ്റവുമൊടുവില്‍ നടന്ന സര്‍വേയില്‍, 65 ശതമാനത്തിലേറെ യു എസ് പൗരന്മാരും അഭിപ്രായപ്പെട്ടത്, ഇനിയും അഫ്ഗാനില്‍ ഇടപെടുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാണ് എന്നാണ്. സ്വാഭാവികമായും അഫ്ഗാനില്‍ നിന്ന് യു എസ് പിന്മാറണം എന്ന വികാരമാണ് ഇന്ന് അമേരിക്കയില്‍ ഉയര്‍ന്നുവരുന്നത്. അതുകൊണ്ടാണ് പ്രസിഡന്റ് ബൈഡന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഭീകര സംഘങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമായി അഫ്ഗാന്‍ മാറരുത് എന്ന ഉറപ്പാണ് യു എസിന് ലഭിക്കേണ്ടിയിരുന്നത്. ഈ അജണ്ട താലിബാന്‍ സമ്മതിച്ചു എന്നതാണ് ഇപ്പോഴത്തെ മാറ്റങ്ങളിലേക്ക് എത്തിച്ച പ്രധാന ഘടകം. അതുകൊണ്ടാണ് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പോലും പങ്കെടുപ്പിക്കാതെ 2020 ഫെബ്രുവരിയില്‍ യു എസ് താലിബാനുമായി ദോഹ കരാര്‍ ഉണ്ടാക്കിയത്. അതിലെ ഒന്നാമത്തെ ഉറപ്പ്, മറ്റു രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദികളുടെ പ്രവര്‍ത്തന മേഖലയായി അഫ്ഗാന്‍ മണ്ണ് വിട്ടുകൊടുക്കില്ല എന്നതാണ്. ഈ ഉറപ്പു നല്‍കുമ്പോള്‍ തന്നെ അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം താലിബാന്‍ ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. ഇതു പാലിക്കപ്പെട്ടില്ലെങ്കില്‍ താലിബാനും തങ്ങള്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കണമെന്നില്ല. പരസ്പരം വാക്കു പാലിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ ശുഭകരമായ രീതിയില്‍ പര്യവസാനിക്കൂ.
സര്‍വത്ര ഭയമോ?
താലിബാന്‍ നിയന്ത്രണമേറ്റതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തിക്കിത്തിരക്കുന്ന ചിത്രം രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട്. ഒന്ന്, അധികാരത്തോടൊട്ടി നിന്ന, അഴിമതിയുടെ പങ്കുപറ്റിയ വരേണ്യ വിഭാഗക്കാരാണ് കാബൂളില്‍ തമ്പടിച്ചവരില്‍ നല്ലൊരു വിഭാഗം. സ്ത്രീകള്‍ക്ക് യൂറോപ്പ് സുരക്ഷിതമാണ് എന്ന വാഗ്ദാനത്തില്‍ ആകൃഷ്ടരായവര്‍ മറുവശത്തുണ്ട്. താലിബാന്‍ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇവര്‍ തീര്‍ച്ചയായും ഭയപ്പെടുന്നുണ്ട്. 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തില്‍ കാട്ടിക്കൂട്ടിയ കിരാതമായ നടപടികള്‍ ആവര്‍ത്തിക്കപ്പെടുമോ എന്നു ഭയപ്പെടുന്ന നഗരങ്ങളിലെ പ്രമാണി വര്‍ഗവും അഫ്ഗാനില്‍ നിന്നു രക്ഷപ്പെടാന്‍ ധൃതി കൂട്ടിയവരില്‍ പെടും. ഇത്രയും ആളുകള്‍ ചേരുമ്പോഴാണ് എയര്‍പോര്‍ട്ടില്‍ ലോകെ കണ്ട അത്യപൂര്‍വമായ കാഴ്ചകള്‍ രൂപപ്പെട്ടത്.
ലോകത്തു വിതരണം ചെയ്യുന്ന മയക്കുമരുന്നിന്റെ എണ്‍പത് ശതമാനം അഫ്ഗാനില്‍ നിന്നാണ് എന്നു പറയുമ്പോള്‍ തന്നെ ആ പ്രവര്‍ത്തനങ്ങളില്‍ ഒരു നിഗൂഢതയുണ്ട്. മറ്റൊന്ന് ഏറ്റവും കൂടുതല്‍ പ്രമുഖ ചാര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് അഫ്ഗാന്‍ എന്നതത്രെ. ലോകത്തൊരിടത്തും ഇത്രയധികം സ്പൈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നില്ല. സാധാരണ ഗതിയില്‍ ഒരു രാജ്യത്തിന് പരമാവധി മൂന്ന് നയതന്ത്ര ഓഫിസുകളേ മറ്റൊരു രാജ്യത്ത് ഉണ്ടാകൂ. എംബസി, കോണ്‍സുലേറ്റ്, കള്‍ച്ചറല്‍ സെന്റര്‍. അഫ്ഗാനില്‍ ഓരോ രാജ്യങ്ങള്‍ക്കും പത്തും ഇരുപതും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏറിയ പങ്കും ചാരപ്രവര്‍ത്തന ഏജന്‍സികളുടേതാണ്.
തുടര്‍ച്ചയായ രാഷ്ട്രീയ അനിശ്ചിതത്വും യുദ്ധവും കാരണം വരുമാനമാര്‍ഗങ്ങളില്ലാതെ ജീവിതം വഴിമുട്ടിയ ജനത എങ്ങോട്ടും പോകും. സര്‍ക്കാര്‍ ജീവിത മാര്‍ഗം ഒരുക്കിയാല്‍ അവരങ്ങോട്ടു ചായും. മയക്കുമരുന്ന് മാഫിയയാണ് ജീവിതായോധനം നല്‍കുന്നതെങ്കില്‍ ജനങ്ങള്‍ അവരെ പിന്തുണയ്ക്കും. താലിബാനാണ് അതു നല്‍കുന്നതെങ്കില്‍ അവരോടൊപ്പം ചേരും.
സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍
ഇന്ത്യക്കകത്തും പുറത്തും അംഗീകാരമുള്ള മുസ്ലിം സംഘടനകളോ നേതാക്കളോ വിഷയത്തില്‍ ഈ സമയത്ത് പ്രതികരിച്ചു കണ്ടിട്ടില്ല. ഏതിനെക്കുറിച്ചും പ്രതികരിക്കുന്ന സോഷ്യല്‍ മീഡിയ ഈ വിഷയത്തിലും തനതു സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. വളരെ മുന്‍വിധിയോടെയും സ്റ്റീരിയോ ടൈപ്പുമായ ഇടപെടലാണ് എല്ലാവരും നടത്തുന്നത്. മുസ്ലിമിന്റെ അമേരിക്കന്‍ വിരുദ്ധ പ്രതികരണം താലിബാന്‍ അനുകൂലമായി മുദ്ര കുത്തപ്പെടും. അതല്ല മുസ്ലിമേതര പ്രൊഫൈല്‍ താലിബാന്‍ വിരുദ്ധ പരാമര്‍ശം നടത്തിയാല്‍ അയാളെ മുസ്ലിം വിരുദ്ധനുമാക്കും. ഇതു രണ്ടും യുക്തിയല്ല.
താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിന്റെ കോളത്തിലേക്ക് കൊണ്ടുവരേണ്ട കാര്യം തന്നെയില്ല. താലിബാന്‍ ഒരു പഷ്തൂണ്‍ പാര്‍ട്ടിയാണ്. അവര്‍ അഫ്ഗാനിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുമായിരുന്നില്ല. താലിബാനെ ശക്തമായെതിര്‍ക്കുന്ന വിരുദ്ധ ഗ്രൂപ്പുകളില്‍ പ്രഗത്ഭരായ മുസ്ലിം പണ്ഡിതന്മാരും മതവിശ്വാസികളും അടങ്ങുന്ന പാര്‍ട്ടികളുണ്ടെന്ന് വിസ്മരിക്കരുത്. ഇവരൊക്കെയും താലിബാനെ എതിര്‍ക്കുന്നവരുടെ നിരയിലായിരുന്നു എന്നത് കാണാതെ താലിബാനെ ഇസ്ലാമിന്റെ കള്ളിയിലാക്കുന്നത് ഒരുതരം നിഗൂഢ താല്പര്യമാണ്.
താലിബാന്‍ = ഇസ്ലാം എന്ന സമവാക്യം വ്യാപകമാണ്. താലിബാന്‍ ചെയ്യുന്നതിന് എല്ലാ മുസ്ലിംകളും സമാധാനം പറഞ്ഞുകൊണ്ടേയിരിക്കണം എന്നതാണ് അവസ്ഥ. താലിബാന്‍ വിഷയത്തില്‍ മാത്രമല്ല ഈ ദുരവസ്ഥയുള്ളത്. ലോകത്ത്, അഴിമതിയും സ്ത്രീ വിരുദ്ധതയും അക്രമണോത്സുകതയും കാണിക്കുന്നവരെ പ്രതിനിധീകരിക്കുന്ന വേറൊരു കമ്യൂണിറ്റിക്കും ഇത്തരമൊരു ഗതികേട് ഉണ്ടായിട്ടില്ല. അപ്പോഴൊന്നും ആ സമുദായം എവിടെയും പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നില്ല. മുസ്ലിം കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും സമുദായം ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരുന്നു.
താലിബാനെ സംബന്ധിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ സാധുത നല്‍കാനുള്ള ഒരു ടൂളാണ് മതം. അധികാരവുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളും തങ്ങള്‍ക്ക് ധാര്‍മിക പിന്‍ബലം നല്‍കാനായി മതം, ഐഡിയോളജി, ദേശീയത തുടങ്ങി പലതും ഉപയോഗപ്പെടുത്തി വരുന്നുണ്ട്. മാര്‍ക്സിസ്റ്റ് ഐഡിയോളജി ഉപയോഗപ്പെടുത്തിയതിന് നല്ലൊരുദാഹരണമാണല്ലോ കംപോഡിയ. താലിബാനെ സംബന്ധിച്ച് ഏറ്റവും പ്രധാന സംഗതി മതമായതിനാല്‍ തങ്ങളെ ന്യായീകരിക്കാനായി അവര്‍ മതം ഉപയോഗിക്കുന്നു. പഷ്തൂണുകളുടെ (പഠാണികള്‍) മറ്റൊരു സവിശേഷത, ലോകത്താര്‍ക്കും അവരെ കീഴടക്കാന്‍ കഴിയില്ല എന്നതാണ്. അവരെ നിയന്ത്രിക്കാന്‍ കഴിയുക മതത്തിനോ മത പണ്ഡിതന്മാര്‍ക്കോ മാത്രമാണ്. അത് പഠാണികളുടെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്. അതുകൊണ്ടാണ് താലിബാന്‍ = ഇസ്ലാം എന്ന സമവാക്യത്തിലേക്ക് കാര്യങ്ങള്‍ പോയത്.
അഫ്ഗാന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍
43 വര്‍ഷത്തെ അഫ്ഗാന്‍ ചരിത്രത്തെ ഇരുട്ടില്‍ നിര്‍ത്തി വിഷയത്തെ കൈകാര്യം ചെയ്യുന്നത് അല്പത്തമാകും. അഫ്ഗാനിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നുണ്ടോ മുഖം പുറത്തു കാണിക്കുന്നുണ്ടോ എന്നതല്ല അടിസ്ഥാന പ്രശ്നം. അവര്‍ക്കു നിലനില്‍ക്കാനാവശ്യമായ ജീവിതാവസ്ഥ നിലനില്‍ക്കുന്നുണ്ടോ, വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടോ എന്ന പ്രസക്തമായ ചോദ്യമാണ് അഫ്ഗാന്‍ ഉയര്‍ത്തുന്നത്.
രാജ്യത്തിന്റെ നിലനില്പും പുനര്‍നിര്‍മാണവും എത്ര കണ്ട് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നു എന്നതാണ് പ്രഥമ ഉത്കണ്ഠ. അതിന്റെ അനുബന്ധമായി വരുന്നതാണ് മതസ്വാതന്ത്ര്യം, സ്ത്രീ പുരുഷ സമത്വം, അവസര സമത്വം, പൗരസ്വാതന്ത്ര്യം തുടങ്ങിയവ. അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണുന്നില്ല.
സ്ത്രീകള്‍ മുഖം മറയ്ക്കുന്നില്ലെങ്കില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു, മുഖം മറയ്ക്കേണ്ടി വരുന്നുവെങ്കില്‍ അഫ്ഗാന്‍ പ്രശ്നത്തിലേക്കാണ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ ചുരുക്കി കാണുന്നത് ആ രാജ്യത്തോടും അവിടത്തെ ജനങ്ങളോടുമുള്ള ആത്മാര്‍ഥ സമീപനമായി കാണാന്‍ കഴിയില്ല. മറ്റെന്തോ ലക്ഷ്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ചകളാണവ.
അഫ്ഗാനും
ഇന്ത്യയും
അമേരിക്കന്‍ പിന്തുണയോടെ താലിബാന്‍ പുറന്തള്ളപ്പെടുകയും കര്‍സായി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതിനെ തുടര്‍ന്ന് പാകിസ്താന് അഫ്ഗാനിസ്താന്റെ മേലുള്ള പിടി അയഞ്ഞു. പാക് സ്വാധീനം നഷ്ടപ്പെട്ടതോടെ ഇന്ത്യക്ക് വളരെ സജീവമായി അഫ്ഗാനില്‍ ഇടപെടാനുള്ള സാഹചര്യം ഒരുങ്ങി. നിരവധി പുനര്‍നിര്‍മാണ പദ്ധതികളിലാണ് ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപമിറക്കിയത്. പവര്‍സ്റ്റേഷനുകള്‍, പാലങ്ങള്‍, റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി 400ഓളം നിര്‍മാണ പദ്ധതികള്‍ അഫ്ഗാനില്‍ ഇന്ത്യ ഏറ്റെടുക്കുകയുണ്ടായി. പാര്‍ലമെന്റ് മന്ദിരവും സല്‍മ അണക്കെട്ടും 218 കി.മീ. സരഞ്ച്- ദെലറാം റോഡും എടുത്തു പറയേണ്ടവയാണ്. 2001 മുതല്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് അഫ്ഗാന്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇന്ത്യ നടത്തിയത്.
ഗവണ്‍മെന്റിന്റെ താല്പര്യപ്രകാരം ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം നടത്തുമ്പോള്‍, പെട്ടെന്നൊരു അധികാര, രാഷ്ട്രീയ മാറ്റം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മൂന്നര ലക്ഷത്തോളം വരുന്ന അഫ്ഗാന്‍ സൈന്യത്തെ പരമാവധി എണ്‍പതിനായിരം വരുന്ന താലിബാനികള്‍ക്കോ അതുപോലുള്ള ഗ്രൂപ്പുകള്‍ക്കോ കീഴടക്കാന്‍ കഴിയില്ലെന്നതാവണം ഈ പ്രതീക്ഷയ്ക്കു മുഖ്യ കാരണം. ചൈന ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളും അഫ്ഗാനില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ചൈനയും റഷ്യയും താലിബാനെ സ്വാഗതം ചെയ്തിരിക്കുന്നു. എക്കാലത്തും താലിബാനികളോട് മുഖംതിരിഞ്ഞു നിന്ന ഇറാന്‍ പോലും താലിബാനെ അംഗീകരിക്കുന്നു എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇറാന്റെ നീക്കത്തിനു പിന്നിലെ മറ്റൊരു കാരണം കൂടിയുണ്ട്. ഇറാനില്‍ അഭയാര്‍ഥികളായി കഴിയുന്ന മുപ്പത് ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയക്കുക എന്നതു കൂടി ഇറാന്റെ താല്പര്യമാണ്. അമേരിക്ക പിന്‍വാങ്ങിയ ഘട്ടത്തില്‍ ആ സ്പേസില്‍ ഇടം ഉറപ്പിക്കാനാണ് ഇവരുടെയൊക്കെ ശ്രമം. ശിയാ വിശ്വാസികളായ ഹസാറകള്‍ അഫ്ഗാന്‍ ജനസംഖ്യയുടെ 14 ശതമാനം വരും. അവരും താലിബാനുമായി ധാരണയിലെത്താന്‍ പോലും ഇറാന്‍ നിലപാട് വഴിയൊരുക്കിയേക്കും.
ഈ പശ്ചാത്തലത്തില്‍ ഒട്ടും നയതന്ത്ര വൈദഗ്ധ്യം പ്രകടിപ്പിക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എന്നു വിലയിരുത്തേണ്ടി വരും. മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ച രാജ്യമാണ് നാം. ഈ നിക്ഷേപത്തിനും പദ്ധതികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നയതന്ത്ര ഇടപെടല്‍ നടത്തുന്നതിനു പകരം എംബസി അടച്ച് അഫ്ഗാനില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. അഫ്ഗാന്റെ സാഹചര്യത്തില്‍ ഒരു ഭരണമാറ്റം മുന്‍കൂട്ടി കാണാനും അതിനു സാധ്യതയുള്ള ഗ്രൂപ്പുകളോട് എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാനുമുള്ള നയതന്ത്ര വൈദഗ്ധ്യം കാണിക്കേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ല. ഇനി അത് എങ്ങനെയാണ് മറികടക്കുക എന്നത് കാണേണ്ട സംഗതിയാണ്. ഇറാന്‍ കാണിച്ച നയതന്ത്ര മിടുക്കു ന്യൂഡല്‍ഹിക്കു പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മുപ്പത് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ഥികളെ നല്ല നിലയില്‍ തിരിച്ചയക്കാന്‍ ഇറാനു കഴിഞ്ഞാല്‍ അതവരുടെ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വലിയ നേട്ടമായിരിക്കും.
താലിബാന്‍ അപരിഷ്‌കൃതരും സ്ത്രീ വിരുദ്ധരും അക്രമോത്സുകരുമാണ് എന്നു സമ്മതിക്കുമ്പോള്‍ തന്നെ അഫ്ഗാനില്‍ അവര്‍ അധികാരത്തിലേറുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാകൂ. ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന ഡിപ്ലോമസി സ്വീകരിക്കുന്നതായിരുന്നു മുന്നോട്ടു പോക്കിന് ഗുണം ചെയ്യുക. പ്രത്യേകിച്ച് താലിബാനു മേല്‍ പാകിസ്താനുള്ള സ്വാധീനത്തിന്റെ പശ്ചാത്തലത്തില്‍.
താലിബാന്റെ രണ്ടാം വരവില്‍, നേരത്തെ പറഞ്ഞ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ നിക്ഷേപത്തിന്റെ ഭാവി ഒരു പ്രധാന ആശങ്കയാണ്. പാകിസ്താന്‍ അഫ്ഗാനില്‍ പിടിമുറുക്കുന്നതോടു കൂടി ഏതെങ്കിലും തരത്തിലുള്ള ഇന്ത്യ വിരുദ്ധ നീക്കങ്ങളിലേക്ക് വഴി തുറക്കുമോ എന്നൊരാശങ്കയുണ്ട്. മറ്റൊരു കാര്യം, പാക് അധിനിവിഷ്ട കശ്മീര്‍ വഴി ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു വരുമോ എന്നതും അതേത്തുടര്‍ന്ന് ഇന്ത്യന്‍ മുസ്ലിംകളോടുള്ള നിലപാടു മാറ്റത്തിന് പ്രേരിപ്പിക്കുമോ എന്നൊരു സന്ദേഹത്തിനും സാധ്യതയുണ്ട്. കാലം ഉത്തരം നല്‍കേണ്ട കാര്യമാണത്. ദോഹ കരാര്‍ അനുസരിച്ച് താലിബാന്‍ നീങ്ങിയാല്‍ ഇത്തരം ആശങ്കകള്‍ക്കു സാധ്യതയില്ല. ആ കരാര്‍ അരിക്കാക്കി താലിബാന്‍ മറ്റൊരു ദിശയില്‍ നീങ്ങിയാല്‍ ഇവയൊക്കെ ആശങ്ക ജനിപ്പിക്കുന്ന വിഷയങ്ങളാണ്.