7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

വിശ്വാസരാഹിത്യം ജീവിതം ദുസ്സഹമാക്കുന്നു

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


എന്റെ ഉദ്‌ബോധനത്തില്‍ നിന്ന് വല്ലവനും പിന്തിരിയുന്നപക്ഷം അവന് ഇടുങ്ങിയ ജീവിതമാണ് ഉണ്ടായിരിക്കുക. അന്ത്യനാളില്‍ അന്ധനായി നാം അവനെ എഴുന്നേല്‍പിക്കുന്നതാണ്. അവന്‍ പറയും: നാഥാ, നീയെന്തേ എന്നെ അന്ധനായി എഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചശക്തി ഉള്ളവനായിരുന്നുവല്ലോ? (ത്വാഹ 125)

പരലോക വിജയത്തിനുവേണ്ടി മതം നിശ്ചയിച്ച വിശ്വാസ-ആരാധനാ സംസ്‌കാരങ്ങള്‍ സ്വീകരിക്കുന്നവന് ഐഹിക ജീവിതവും സന്തോഷകരമായിരിക്കും. അല്ലാഹുവിനെ കുറിച്ചുള്ള ശരിയായ ധാരണയും ബോധ്യവും മനസ്സിന് നല്‍കുന്ന ആശ്വാസമാണ് അതിന്റെ അടിസ്ഥാനം. വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാനസിക-ശാരീരിക-സാമൂഹിക സാമ്പത്തിക പരിരക്ഷ മതം ഉറപ്പ് നല്‍കുന്നു.
മറുഭാഗത്ത് മത നിഷേധവും ദൈവനിരാസവുമാണ് അവന്‍ സ്വീകരിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങളും അവന്‍ തന്നെ അനുഭവിക്കേണ്ടിവരും. ഇതിലേക്കാണ് ഈ ആയത്ത് സൂചന നല്‍കുന്നത്. ദൈവബോധം കൈവെടിഞ്ഞ് ജീവിതത്തില്‍ എന്തെല്ലാം നേടിയാലും ജീവിതം മൊത്തത്തില്‍ പ്രശ്‌നസങ്കീര്‍ണമായിരിക്കും. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചവരുടെ ജീവിതം ഇതിന്റെ നേര്‍സാക്ഷ്യമായി ചരിത്രത്തില്‍ കിടപ്പുണ്ട്. നമ്മുടെ അനുഭവങ്ങളിലും അത്തരം വ്യക്തികളുണ്ട്. ഐഹിക വിഭവങ്ങളുടെ കുറവല്ല ജീവിതത്തിന് ഇടുക്കമുണ്ടാക്കുന്നത്. വിവിധ കാര്യങ്ങളില്‍ ഇടപെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ദിശാബോധം ലഭിക്കാതെ മനസ്സ് തളരുന്ന അവസ്ഥയിലാണ് ഈ ഇടുക്കം കൂടുതല്‍ അനുഭവപ്പെടുന്നത്.
അല്ലാഹു എന്ന ബോധ്യമില്ലാത്ത മനസ്സിനുമുന്നില്‍ ആശങ്കകള്‍ അവസാനിക്കുകയില്ല. അല്ലാഹുവിനോടുള്ള വിധേയത്വവും കടപ്പാടും മനുഷ്യനെ വിനയാന്വിതനാക്കും. ഈമാന്‍ വലിച്ചെറിഞ്ഞ് ജീവിക്കുന്നവരെ നയിക്കുന്നത് ദുരഭിമാനവും അഹങ്കാരവുമായിരിക്കും. ജീവിതം ഇടുങ്ങുന്നതിന് ഇത് കാരണമാകുന്നു. മനസ്സിന്റെ വിശാലതയും ഇടുക്കവും ഖുര്‍ആന്‍ മറ്റു സന്ദര്‍ഭങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ”ആര്‍ക്കെങ്കിലും നേര്‍വഴി അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ ഇസ്ലാം സ്വീകരിക്കാന്‍ പാകത്തില്‍ അവന്റെ മനസ്സിനെ അല്ലാഹു വിശാലമാക്കുന്നു. വഴികേട് വിധിക്കപ്പെടുന്നവരുടെ മനസ്സ് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു”. (5:125)
അത്തരക്കാരെ ആകാശത്തിലേക്ക് കയറിപ്പോകുന്നവനോടാണ് പിന്നീട് ഉപമിക്കുന്നത്. ബഹിരാകാശത്ത് ജീവവായു കുറയുന്നതുമൂലം ശ്വാസതടസ്സം അനുഭവപ്പെടുന്നു. അതിന് സമാനമായ അവസ്ഥയിലാണ് ഈമാനാകുന്ന ജീവവായുവിന്റെ അഭാവത്തില്‍ ജീവിതം ദുസ്സഹമാകുന്നത്. ഇത്തരക്കാരുടെ ദുര്യോഗം ഇവിടം കൊണ്ട് തീരുന്നുമില്ല. പരലോകത്തും അവര്‍ അന്ധരായി മാറുന്നു. അന്നേരം അവര്‍ ഉന്നയിക്കുന്ന ചോദ്യവും അല്ലാഹു നല്‍കുന്ന മറുപടിയും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
എനിക്ക് നേരത്തേ കാഴ്ചയുണ്ടായിരുന്നല്ലോ എന്നാണ് അവര്‍ പറയുന്നത്. കണ്ണുകള്‍ക്ക് യഥാര്‍ഥ കാഴ്ച നല്‍കുന്നത് ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ചുള്ള ബോധ്യമാണെന്ന് തുടര്‍ന്നു പറയുന്നു. ‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിനക്ക് ലഭിച്ചിരുന്നില്ലേ? അന്നേരം നീ അത് മറന്നുകളഞ്ഞു. അപ്രകാരം ഇന്ന് നിന്നെയും മറക്കുന്നു’ എന്നായിരിക്കും അല്ലാഹുവിന്റെ മറുപടി. ശരീരത്തിന്റെ ജൈവികതയിലുള്ള കാഴ്ചശക്തി നഷ്ടപ്പെട്ടാലും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. അന്ധരായ പരശ്ശതം പേര്‍ സമൂഹത്തിലുണ്ട്. കണ്ണുള്ളവരെക്കാള്‍ അവര്‍ ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നു. അകക്കണ്ണുകളാണ് പ്രകാശം പൊഴിക്കേണ്ടത്. ‘എന്റെ കണ്ണുകളില്‍ പ്രകാശം നല്‍കേണമേ’ എന്ന നബി(സ)യുടെ പ്രാര്‍ഥന ബാഹ്യനേത്രങ്ങളുടെ കാഴ്ചയേയെക്കാള്‍ മനസ്സ് ഈമാന്‍ കൊണ്ട് പ്രകാശിതമാകണമെന്നാണ് പഠിപ്പിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x