1 Friday
March 2024
2024 March 1
1445 Chabân 20

അറബ് പ്രക്ഷോഭങ്ങള്‍

എം എസ് ഷൈജു


ഒന്നാം ലോക യുദ്ധത്തിനും രണ്ടാം ലോക യുദ്ധത്തിനുമിടയില്‍ ഫലസ്തീനില്‍ നടന്ന സംഘര്‍ഷ ഭരിതങ്ങളും ബഹുദിശാ രൂപികളുമായ പ്രക്ഷോഭങ്ങളുടെ ചരിത്രം കൂടി നാം പരിശോധിക്കേണ്ടതുണ്ട്. 1918ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ അറബ് മേഖല തുണ്ടം തുണ്ടങ്ങളായി പിച്ചി ചീന്തപ്പെട്ട് കഴിഞ്ഞിരുന്നു. യുദ്ധാനന്തരം ബ്രിട്ടനും ഫ്രാന്‍സുമടങ്ങുന്ന യൂറോപ്യര്‍ ലോകത്തിന്റെ നിയന്ത്രണത്തിലേക്കെത്തി. അവര്‍ അറബ് നാടുകളെ പങ്കിട്ട് സ്വന്തമാക്കി. ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ കൂടാതെ ഓരോ അറബ് രാജ്യങ്ങള്‍ക്കും അവരവരുടേതായ സ്വന്തം പ്രശ്നങ്ങള്‍ കൂടി യുദ്ധാനന്തരം ഉടലെടുത്തു. ഫലസ്തീന്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ഓരോ രാജ്യത്തിനും അവരവരുടേതായ ആവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കാന്‍ തങ്ങള്‍ പരിശ്രമിക്കാമെന്ന നിലപാടിലായിരുന്നു യൂറോപ്യര്‍. ഫലസ്തീന്‍ വിഷയത്തില്‍ അറബ് ജനതക്കിടയില്‍ ഒരു ഭിന്നത വരാന്‍ ഈ നിലപാട് കാരണമായി
ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് നാം അറബികള്‍ എന്ന് പറയുമ്പോള്‍ അത് മുസ്ലിംകള്‍ മാത്രമാണെന്ന് കരുതരുത്. അറേബ്യന്‍ സംസ്‌കാരത്തിലും അറബി മാതൃഭാഷയുമായി ജീവിക്കുന്ന അനേകം ക്രിസ്ത്യാനികളും ഇവിടെയുണ്ട്. ഫലസ്തീന്‍ കൂടാതെ ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്ത്, ഇറാഖ്, മൊറോക്കോ എന്നീ രാജ്യങ്ങളിലെല്ലാം ധാരാളം ക്രൈസ്തവര്‍ അറബികളായുണ്ട്. അത് കൊണ്ട് തന്നെ ഫലസ്തീന്‍ എന്ന അറബ് രാജ്യത്തെ കവര്‍ന്നെടുത്ത് അവിടെ ജൂതര്‍ക്കായി ഒരു രാഷ്ട്രമുണ്ടാക്കാനുള്ള പാശ്ചാത്യ പദ്ധതികള്‍ക്കെതിരിലിലുള്ള പോരാട്ടങ്ങളില്‍ അറബ് മുസ്ലിംകളെപ്പോലെ അറബ് ക്രൈസ്തവരും മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. പലരും കരുതുന്നത് പോലെ ഇതൊരു മുസ്ലിം വിഷയം മാത്രമല്ല. മസ്ജിദുല്‍ അഖ്സയുടെ നിയന്ത്രണം മുസ്ലിംകള്‍ക്ക് തിരിച്ച് ലഭിച്ചാല്‍ ഫലസ്തീന്‍ പോരാട്ടങ്ങളിലെ മതപരമായ വൈകാരികത ഒരുപക്ഷേ അവസാനിച്ചേക്കാം. അപ്പോഴും ഒരു ജനതയുടെ ഇനിയും വിജയം കാണാത്ത സ്വാതന്ത്ര്യ പോരാട്ടമായി അതവിടെ നിലനില്‍ക്കും.
ഫലസ്തീന് വേണ്ടി ജീവന്‍ നല്‍കിയവരില്‍ മുസ്ലിംകളും ക്രൈസ്തവരുമുണ്ട് എന്നതാണ് വാസ്തവം. പ്രക്ഷോഭങ്ങള്‍ക്ക് ധൈഷണികവും ചിന്താപരവുമായ പിന്‍ബലമുണ്ടാക്കിക്കൊടുക്കുന്നതില്‍ മുസ്ലിംകളെപ്പോലെ ക്രിസ്ത്യാനികളായ നേതാക്കള്‍ക്കുള്ള പങ്കും നിസ്തുലമായതായിരുന്നു. എന്നാല്‍ ഫലസ്തീന്‍ ജനസംഖ്യയില്‍ കൂടുതല്‍ മുസ്ലിംകളായതിനാലും അറബ് സംസ്‌കാരം മുസ്ലിംകളുടേതാണ് എന്ന പൊതുബോധം കൊണ്ടും പൊതുയിടങ്ങളില്‍ ഫലസ്തീന്‍ പ്രക്ഷോഭം മുസ്ലിം വിഷയം മാത്രമായി ചിത്രീകരിക്കപ്പെട്ടു. ഇത് കേവലമായ ഒരു സ്വാഭാവികത മാത്രമായിരുന്നില്ല. ഫലസ്തീന്‍ പ്രക്ഷോഭങ്ങളില്‍ പാന്‍ ഇസ്ലാമിക് രാഷ്ട്രീയ ശക്തികള്‍ നടത്തിയ ഒരിടപെടലിന്റെ അനന്തര ഫലം കൂടിയായിരുന്നു ഇത്. മത സംജ്ഞകളും മത ലക്ഷ്യങ്ങളുമുയര്‍ത്തി ഫലസ്തീന്‍ പോരാട്ടങ്ങളില്‍ ഇടപെടാന്‍ ആരംഭിച്ച ഇസ്ലാമിസ്റ്റ് ധാര, ഫലസ്തീന്‍ പോരാട്ടത്തിന് ഒരിസ്ലാമിക മാനം കൊടുക്കാനും മതത്തിന്റെ ഭൂതകാലാഭിനിവേശങ്ങളുടെ വീര്യ ബോധങ്ങളെ പോരാട്ടങ്ങള്‍ക്കായി ഉണര്‍ത്താനും നടത്തിയ ശ്രമങ്ങള്‍ പോരാട്ടങ്ങളുടെ ദിശയെത്തന്നെ മാറ്റിക്കളയുന്നതിന് കാരണമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ മുസ്ലിംകളെപ്പോലെ തന്നെ ഇരകളാക്കപ്പെട്ടവരായിരുന്നു ഫലസ്തീനിലെ ക്രിസ്ത്യാനികളും. മുസ്ലിംകളെ പോലെ അവര്‍ക്കും അഭയാര്‍ഥികളായി പലരാജ്യങ്ങളിലേക്കും നാടു വിടേണ്ടി വന്നിരുന്നു. അവരുടേത് കൂടിയായ ഒരു മണ്ണായിരുന്നു ഫലസ്തീന്‍.
ഇസ്രയേല്‍ – ഫലസ്തീന്‍ സായുധ കലാപങ്ങള്‍ തുടങ്ങിയ കാലത്ത് തന്നെ ഫലസതീനിലും മറ്റ് അറബ് പ്രദേശങ്ങളിലുമുള്ള ക്രൈസ്തവര്‍ ഇസ്രയേലിനെതിരെ ആയുധമെടുത്തിരുന്നു. ഒന്നാം ലോകയുദ്ധം അവസാനിച്ചയുടന്‍ തന്നെ രൂപപ്പെട്ട ആദ്യകാല ഫലസ്തീനി സംഘടനയാണ് മുസ്ലിം ക്രിസ്ത്യന്‍ അസോസിയേഷന്‍. ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളുടെ ഏകോപനങ്ങള്‍ക്കും ദിശാപരമായ നയരൂപീകരണങ്ങള്‍ക്കുമായാണ് സംഘടന രൂപീകരിക്കപ്പെട്ടത്. ഫലസ്തീനിലെ ഏറ്റവും സുപ്രധാനമായ പോരാളി സംഘടനയായിരുന്നു ഡോക്ടര്‍ ജോര്‍ജ് ഹബ്ബാശിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍. ധാരാളം ക്രൈസ്തവ ഫലസ്തീനികള്‍ ഈ സംഘടനയുടെ മുന്നണിപ്പോരാളികളായി പോരാട്ടരംഗത്ത് നിറഞ്ഞ് നിന്നു.
ഫതഹ് മൂവ്‌മെന്റിന്റെ മുന്‍ നിലയിലും അനേകം ക്രിസ്ത്യാനികളുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധതിന് ശേഷം നടന്ന ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളില്‍ ഒരു ഗാന്ധിയുണ്ടെങ്കില്‍ ആ സ്ഥാനത്തിന് അര്‍ഹനായ നേതാവാണ് എഡ്വേര്‍ഡ് സെയ്ദ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളും എഴുത്തുകളും വായിച്ചതാണ് അറബ് ബാഹ്യ ലോകം ഫലസ്തീനെ നെഞ്ചിലേറ്റിയത്. ഫലസ്തീന്‍ പോരാട്ട ചരിത്രത്തില്‍ യാസര്‍ അറാഫത്തിനും നായിഫ് ഹവാതമക്കുമൊപ്പം പേരെടുത്ത് പറയാന്‍ കഴിയുന്ന കമാല്‍ പത്രോസ് ഒരു ക്രിസ്ത്യന്‍ നേതാവായിരുന്നു. ഫലസ്തീന്‍ പോരാട്ടങ്ങളെ ഉത്തേജിപ്പിക്കുന്ന കമാല്‍ പത്രോസിന്റെ കാവ്യങ്ങള്‍ ഉറക്കെ പാടിക്കൊണ്ടായിരുന്നു അനേകം ഫലസ്തീന്‍ പോരാളികള്‍ പ്രതിരോധ മുനമ്പുകളില്‍ രക്ത സാക്ഷികളായത്. ഇദ്ദേഹത്തെ 1973ല്‍ മൊസാദ് ലബനാനിന്റെ തലസ്ഥാനമായ ബെയ്റൂത്തില്‍ വെച്ച് വധിച്ച് കളയുകയായിരുന്നു.
ആര്‍ച്ച് ബിഷപ് ഹിലാറിയോന്‍ കാപൂത്ഷി എന്ന പുരോഹിതനെ മറന്ന് കൊണ്ടുള്ള ഒരു ചരിത്രം ഫലസ്തീന്‍ പോരാട്ടങ്ങളുടേതായി എഴുതാന്‍ കഴിയില്ല. അന്താരാഷ്ട്രാ വേദികളില്‍ ബിഷപ് കാപൂത്ഷി ഫലസ്തീന് വേണ്ടി ഉറക്കെ ശബ്ദിച്ചു. ഒടുവില്‍, വെസ്റ്റ് ബാങ്കിലെ ഒളിപ്പോര്‍ മുനമ്പുകളിലെ ഫലസ്തീന്‍ പോരാളിമകളെ ആയുധം നല്‍കി ശാക്തീകരിച്ചുവെന്ന കുറ്റം ചാര്‍ത്തി ബിഷപ്പിനെ ഇസ്രായേല്‍ 12 വര്‍ഷം തടവില്‍ പാര്‍പ്പിച്ചതിന് ശേഷം നാട് കടത്തി. ഫലസ്തീന്‍ പോരാട്ട ഭൂമികയില്‍ ഉജ്ജ്വലമായി ഇടപെട്ട അനേകം പാത്രിയാര്‍ക്കീസുകളും ബിഷപ്പുമാരുമുണ്ടായിരുന്നു. മിഷേല്‍ സ്വബാഹ്, ഇബ്റാഹീം ജബര്‍ തുടങ്ങി അനേകം പേരുകള്‍ ഈ ഗണത്തില്‍ എണ്ണാനുണ്ട്.
ഒന്നാം ലോക യുദ്ധത്തിന് ശേഷം ആഗോള സിയോണിസ്റ്റ് സംഘടനയുടെ വളര്‍ച്ചയും അവരുടെ സമ്മേളനങ്ങളും ബിട്ടീഷ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണയും ഫലസ്തീനിലെ മാത്രമല്ല, അതിന് പുറത്തുള്ള അറബ് മുസ്ലിം നേതാക്കളെയും കടുത്ത ആശങ്കയിലേക്ക് തള്ളി വിടുന്നുണ്ടായിരുന്നു. മുസ്ലിം നേതാക്കളില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമായി കാണുന്നവരും രാഷ്ട്രീയത്തേക്കാള്‍ അതൊരു മതപ്രശ്‌നം കൂടിയാണെന്ന് വിശ്വസിക്കുന്നവരുമുണ്ടായിരുന്നു. അങ്ങനെ വിശ്വസിക്കുന്നവര്‍ മത വികാരത്തെ സജീവമാക്കിയും പ്രചോദിപ്പിച്ചുമാണ് ഫലസ്തീന്‍ വിഷയത്തില്‍ ഇടപെട്ടത്. ഈ ഇടപെടലുകള്‍ ഫലസ്തീന് എത്രത്തോളം ഗുണപ്പെട്ടിട്ടുണ്ട് എന്നും ഇന്ന് കാണുന്ന നിലയിലേക്ക് അതെത്തിപ്പെടാന്‍ എങ്ങനെ നിമിത്തമായി എന്നുമുള്ള പരിശോധനകള്‍ക്ക് തത്കാലം ഇവിടെ മുതിരുന്നില്ല. അത് ഗഹനമായിത്തന്നെ അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട മറ്റൊരു വിഷയമാണ്.
മസ്ജിദുല്‍ അഖ്‌സയുടെ ഭാഗമെന്ന് മുസ്ലിംകളും പൗരാണികമായ തങ്ങളുടെ രണ്ടാം ദേവാലയത്തിന്റെ ഭാഗമെന്ന് ജൂതന്മാരും കരുതുന്ന വിലാപ മതിലിനെക്കുറിച്ച് നാം നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. 1929 ആഗസ്തില്‍ മുസ്ലിംകളുടെ പക്കലായിരുന്ന വിലാപ മതില്‍ പിടിച്ചെടുക്കാനായി ജൂതര്‍ സംഘടിതമായി ജറുസലേമില്‍ എത്തിയതോടെ മുസ്ലിം വികാരം ഉണര്‍ന്നു. ജറുസലേമില്‍ ആരംഭിച്ച കലാപം ഫലസ്തീന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചു. മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ച് തുറക്കുന്ന പോരാട്ട മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജിഹാദ് പ്രഖ്യാപിച്ച് കൊണ്ട് പോരാട്ട ഭൂമികയില്‍ മുസ്ലിംകളെ മാത്രമായി ഇറക്കാന്‍ കാരണമായ ഒരു സംഭവമായിരുന്നു ഇത്. ആഗോള ജൂത സംഘടനയുടെ താത്പര്യപ്രകാരം 1925ല്‍ ഫലസ്തീനില്‍ ബ്രിട്ടന്‍ ഹീബ്രു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിരുന്നു. അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അവിടെയെത്തിയത് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായ ആര്‍തര്‍ ബാല്‍ഫറായിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ആര്‍തര്‍ ബാല്‍ഫറിനെതിരായി നിലനിന്ന അതി രൂക്ഷമായ പ്രക്ഷോഭങ്ങളെ സേനയെ ഉപയോഗിച്ച് കിരാതമായി അടിച്ചമര്‍ത്തിയാണ് ബ്രിട്ടന്‍ ഉദ്ഘാടനം നടത്തിയത്. അതോടെയാണ് ഫലസ്തീനില്‍ ജിഹാദ് മുന്നേറ്റങ്ങള്‍ക്ക് ആരംഭം കുറിക്കപ്പെടുന്നത്. 1925ല്‍ ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്റ് സ്ഥാപിതമായി. അന്ന് ആരംഭം കുറിച്ചിരുന്നെങ്കിലും ജറുസലേമില്‍ അത് പ്രായോഗികരൂപം പ്രാപിക്കുന്നത് വിലാപ മതിലുമായി ബന്ധപ്പെട്ടായിരുന്നു. യഥാര്‍ഥത്തില്‍ ഫലസ്തീനി പ്രക്ഷോഭങ്ങളുടെ പൊതു വഴി അവിടെ അടയുകയായിരുന്നു.
സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരില്‍ പോരാടുകയും അവിടെയൊരു ഇസ്ലാമിക ജിഹാദിന് നേതൃത്വം കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ വിചാരണക്ക് വിധേയനായി നാടുവിട്ട് ഫലസ്തീനിലെത്തിയ ഇസ്സുദ്ദീന്‍ ഖസ്സാം, ഖുദ്സ് മുഫ്തിയായി ചുമതലയേറ്റ അമീനുല്‍ ഹുസൈനി തുടങ്ങിയ നേതാക്കളാണ് ആദ്യകാല ജിഹാദീ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. അനുരഞ്ജനത്തിന്റെ പാത വെടിഞ്ഞ് സായുധ മുന്നേറ്റം നടത്താനായിരുന്നു ജിഹാദ് മൂവ്‌മെന്റ് ആഹ്വാനം നടത്തിയത്. 1931ല്‍ ഖുദ്സില്‍ വെച്ച് നടന്ന ഇസ്ലാമിക സമ്മേളനം ഫലസ്തീന്‍ പ്രശ്‌നത്തെ ഫലസ്തീനികളും ഇസ്രായേലും തമ്മിലുള്ള പ്രശ്നം എന്നതില്‍ നിന്ന് അതിനെ ഒരു ഇസ്ലാമിക് – അറബ് പ്രശ്‌നമാക്കി മാറ്റാന്‍ തീരുമാനമെടുത്തൂ. ഫലസ്തീന്‍ പ്രശ്നത്തില്‍ വലിയൊരു ഗതിമാറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ആ കാലഘട്ടം.
ഫലസ്തീനികള്‍ക്കായി പല സംഘടനകളും രൂപപ്പെടുകയും അനേകം നേതാക്കള്‍ പോരാട്ട രംഗത്ത് ഉദിച്ച് വരികയും ചെയ്തു. മൂസ കാസിം അല്‍ഹുസൈനി, ഇസുദ്ധീന്‍ അല്‍ ഖസ്സാം, അബ്ദുല്‍ ഖാദര്‍ അല്‍ ഹുസൈനി തുടങ്ങി അനേകം നേതാക്കള്‍ ഫലസ്തീന്‍ പോരാട്ടങ്ങളുടെ മുന്‍ നിരയില്‍ വന്നു. പോരാട്ടങ്ങളെയെല്ലാം ബ്രിട്ടന്‍ ഉരുക്കു മുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിക്കൊണ്ടിരുന്നു. സായുധ പോരാട്ടങ്ങളുടെ മാര്‍ഗമല്ലാത്ത അനുരഞ്ജനത്തിന്റെ പാതയില്‍ വിശ്വസിക്കുന്നവരും ഫലസ്തീനിലുണ്ടായിരുന്നു. 1936ല്‍ ഖസ്സാമി ബറ്റാലിയന്‍ നേതാവ് ഫര്‍ഹാന്‍ സആദി വിപുലമായ ഒരു ജിഹാദ് പ്രഖ്യാപിക്കുന്നതോടെ ഒരു ഭാഗത്ത് അറബികളും മറു ഭാഗത്ത് ബ്രിട്ടീഷ് സൈന്യം, ഹഗാന പോലെയുള്ള ജൂത സൈനിക സംഘങ്ങള്‍ എന്നിവയും ചേര്‍ന്ന് ഫലസ്തീന്റെ തെരുവുകള്‍ ചോരക്കളമായി മാറി. 1936 ആയപ്പോഴേക്കും നാലായിരം സൈനികാക്രമണങ്ങള്‍ ഫലസ്തീനില്‍ നടന്നു. മൂവായിരത്തിലധികം ഫലസ്തീനികളും ബ്രിട്ടീഷുകാരും ജൂതന്മാരുമായി 400 പേരും കൊല്ലപ്പെട്ടു. മനുഷ്യ ജീവനുകള്‍ തെരുവുകളില്‍ പിടഞ്ഞ് വീണ് കൊണ്ടിരുന്നു.
എത്ര ചോരയൊഴുക്കിയാലും ഫലസ്തീന്‍ സ്വതന്ത്രമാക്കി മാത്രമേ തങ്ങള്‍ പിന്‍മാറൂ എന്നായിരുന്നു വിപ്ലവകാരികള്‍ തീരുമാനമെടുത്തത്. കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്ന് മനസിലാക്കിയ ബ്രിട്ടന്‍ അനുനയ മാര്‍ഗം സ്വീകരിച്ചു. അറബ് രാജ്യങ്ങളുടെ നേതാക്കളെ മധ്യസ്ഥന്മാരാക്കി അവര്‍ വിപ്ലവകാരികളോട് ആശയവിനിമയം നടത്തി. തങ്ങള്‍ ഫലസ്തീനില്‍ നിന്ന് പിന്‍വാങ്ങാമെന്നും സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കാമെന്നുമുള്ള വാഗ്ദാനമാണ് ബ്രിട്ടന്‍ അപ്പോള്‍ നല്‍കുന്നത്.
കലാപങ്ങള്‍ താത്കാലികമായി അടങ്ങി. വിഷയം പഠിക്കാന്‍ ബ്രിട്ടന്‍ ബെയ്ല്‍ കമ്മിറ്റിയെ നിയോഗിച്ചു. ഒടുവില്‍ ഫലസ്തീനെ രണ്ട് രാഷ്ട്രങ്ങളായി വിഭജജിക്കാനുള്ള ഒരു മാര്‍ഗ നിര്‍ദേശം ബ്രിട്ടന്‍ പ്രസിദ്ധപ്പെടുത്തി. ഒന്ന് അറബികള്‍ക്കും ഒന്ന് ജൂതര്‍ക്കും. പക്ഷെ അറബികള്‍ മാത്രമല്ല, ജൂതരും ഇതിനോട് വിയോജിച്ചു. നിലവില്‍ പ്രദേശത്ത് സ്ഥിരതാമസമുള്ള ജൂതര്‍ കൂടി ഉള്‍പ്പെടുന്നതും ജൂതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനയോട് കൂടിയതും എന്നാല്‍ മേധാവിത്തം അറബികള്‍ക്കുള്ളതുമായ ഒറ്റ രാഷ്ട്രമാണ് അറബികള്‍ ഒടുവില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഫലസ്തീന്‍ മേഖല സമ്പൂര്‍ണമായും ഇസ്രായേല്‍ ആക്കി മാറ്റിക്കൊണ്ട് ഒരു ജൂത രാഷ്ട്രം തങ്ങള്‍ക്ക് വേണമെന്നാണ് ആഗോള ജൂത സംഘടന ആവശ്യപ്പെട്ടത്. ഇതോടെ ഹഗാന, ഇര്‍ഗൂന്‍ എന്നീ ജൂത സൈനിക സംഘടനകള്‍ ബ്രിട്ടനെയും ശത്രു പക്ഷത്ത് കാണാന്‍ തുടങ്ങി. ജൂതര്‍ നടത്തുന്ന അക്രമണ സംഭവങ്ങളില്‍ ഒരു ഭരണകൂടം എന്ന നിലയില്‍ ബ്രിട്ടന്‍ നടത്തുന്ന നിയന്ത്രണങ്ങളും ഇടപെടലുകളും ഈ ജൂത സംഘടനകള്‍ക്ക് അസഹ്യമായി തോന്നുകയും ചെയ്തു.
ബ്രിട്ടന്റെ വഞ്ചനക്കെതിരെ പ്രതിഷേധിച്ച് ഖസ്സാമികള്‍ വീണ്ടും ജിഹാദിന് തിരി കൊളുത്തി. അറബ് പരമോന്നത സമിതിയടക്കമുള്ള ഫലസ്തീന്‍ രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിലക്കിയും പ്രമുഖരായ നേതാക്കളെ അറസ്റ്റ് ചെയ്തും മറ്റ് പലരെയും നാട് കടത്തിക്കൊണ്ടുമാണ് ബ്രിട്ടന്‍ ഇതിനെ നേരിട്ടത്. ഖുദ്സ് മുഫ്തിയായിരുന്ന അമീനുല്‍ ഹുസൈനി ലബനാനിലേക്ക് ഒളിച്ച് കടക്കുകയും അവിടെയിരുന്ന് വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. ഏത് വിധേനെയെങ്കിലും ബ്രിട്ടനെ തറപറ്റിക്കുക എന്നതായിരുന്നു വിപ്ലവകാരികളുടെ ലക്ഷ്യം. അതിനായി ആരോട് കൂട്ട് കൂടാനും അവര്‍ തയാറായിരുന്നു. ജൂതര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ബ്രിട്ടനില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടാന്‍ പോകുന്നില്ലെന്ന തിരിച്ചറിവിലേക്ക് ഇതിനകം അവര്‍ എത്തിച്ചേര്‍ന്നിരുന്നു. ബ്രിട്ടന്‍ കൂടുതല്‍ കൂടുതല്‍ സൈന്യത്തെ എത്തിച്ച് ഫലസ്തീനികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ബ്രിട്ടന്റെ ഇടപെടലുകളില്‍ ജൂതര്‍ക്കും സംശയമുണ്ടായിത്തുടങ്ങി. അതിനും ചില കാരണങ്ങളുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈയൊരു പ്രശ്‌നത്തില്‍ നിന്ന് മെല്ലെ തലയൂരാനാണ് ബ്രിട്ടന്‍ ആഗ്രഹിച്ചത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജൂതകുടിയേറ്റം അവസാനിപ്പിച്ച് കൊണ്ട് ഒരു രാജ്യം രൂപീകരിക്കാമെന്ന ഒരു പദ്ധതി ബ്രിട്ടീഷ് കോളനികാര്യ മന്ത്രി മാല്‍ക്കം മാക്ഡ്യൂള്‍ മുന്നോട്ട് വെച്ചു. അതോടെ ജൂത സംഘടനകള്‍ കുപിതരായി. ബിട്ടീഷ് സേനയുമായി തീവ്ര ജൂത സംഘടനകള്‍ കലാപമാരംഭിച്ചു. ഒരേ സമയം അറബികളും ജൂതന്മാരും ബ്രിട്ടന് നേരെ തിരിയാന്‍ ഈയൊരു സംഭവം വഴിവെച്ചു. .
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x