അടിയന്തരാവസ്ഥയെ വിലയിരുത്തുമ്പോള്‍
സജീവന്‍ മാവൂര്‍
ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥക്കാലവും ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രസക്തമാണ്. സൈദ്ധാന്തികതലത്തിലും പ്രത്യയശാസ്ത്രപരവുമായ നിലകളിലാണ് വ്യത്യാസമുള്ളത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം മുസ്‌ലിംകളെ അന്യരായി കാണുകയോ കടന്നുകയറ്റക്കാരായി മുദ്രയടിക്കുകയോ രണ്ടാംകിട പൗരന്മാരായി ചാപ്പകുത്തുകയോ ചെയ്തിരുന്നില്ല. ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്നു പുറത്താക്കില്ല, അവര്‍ക്ക് രാജ്യത്തു തുടരാം, രണ്ടാംകിട പൗരന്മാരായി മാത്രം എന്ന സവര്‍ക്കര്‍ തീസിസല്ല പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസ് പിന്തുടര്‍ന്നത്.
2014 മുതല്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്ന പുതിയൊരു തരം സംഘംചേര്‍ന്നുള്ള തല്ലിക്കൊലകള്‍ നടപ്പില്‍ വന്നു. ഇവയിലേറെയും മുസ്‌ലിംകള്‍ക്കു നേരെയായിരുന്നു. ദലിതര്‍ക്കു നേരെയും ഇത്തരം സംഘടിത ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇതായിരുന്നോ കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥക്കാലത്ത് നടന്നത്? അന്നുണ്ടായ, പരക്കെ വിമര്‍ശിക്കപ്പെട്ട തുര്‍ക്മാന്‍ ഗേറ്റ് സംഭവത്തില്‍ നടന്നത് വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണവും ദരിദ്രരുടെ ചേരികള്‍ ഇടിച്ചുനിരത്തലുമാണ്. എന്നാല്‍ ഇന്നത്തെപ്പോലെ ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമാക്കുന്ന ആക്രമണങ്ങള്‍ അടിയന്തരാവസ്ഥക്കാലത്തു നടന്നില്ല. പലരും കൊണ്ടാടിയ അടിയന്തരാവസ്ഥക്കാലത്തെ ഭയാനകമായ ‘അച്ചടക്ക’മാകട്ടെ പില്‍ക്കാലത്ത് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്കകത്തെ ഒരു ഘടനയായി മാറ്റപ്പെട്ടതുമില്ല.
ഇന്നത്തെ കാഴ്ച എന്താണ്? ഭരണഘടന പൊള്ളയായിരിക്കുന്നു. ഭരണകൂടവും അതിനു പിന്നിലുള്ള സംഘടിത രാഷ്ട്രീയശക്തിയും സീമാതീതമായി ഭയാനകമായി വളര്‍ന്നിരിക്കുന്നു. ജനങ്ങളില്‍ നിന്നുയരുന്ന ഏതു ചെറുത്തുനില്‍പുകളെയും മൃഗീയമായും നിഷ്ഠുരമായും അത് അടിച്ചമര്‍ത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ പൗരത്വ അവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടം മാധ്യമങ്ങളെ സെന്‍സര്‍ ചെയ്ത് എതിരാളികളെ നിശ്ശബ്ദരാക്കാനാണ് ശ്രമിച്ചതെങ്കില്‍ ഇന്ന് എതിരാളികളെ നേരിട്ട് ഉന്മൂലനം ചെയ്യുകയാണ്. ഞങ്ങള്‍ക്ക് നിങ്ങളെ എന്തും ചെയ്യാം, ആര്‍ക്കും ഞങ്ങളെ തടയാനാവില്ല എന്ന പ്രഖ്യാപനമാണ് ക്രൂരതകളും മനുഷ്യത്വരാഹിത്യവും വഴി മോദി ഭരണകൂടവും അതിന്റെ കോടതികളും വ്യക്തമാക്കുന്നത്.