അടിസ്ഥാന പ്രമാണങ്ങളും സ്വഹാബികളും
പി കെ മൊയ്തീന് സുല്ലമി

സ്വഹാബികള്‍ ഇസ്ലാമിന്റെ കണ്ണാടികളാണ്. അവരിലൂടെയാണ് നാം ഇസ്ലാമിനെ മനസ്സിലാക്കുന്നത്. അവരുടെ ഏകോപിച്ച അഭിപ്രായങ്ങള്‍ അഥവാ ഇജ്മാഅ് ഇസ്ലാമിന്റെ ബലപ്പെട്ട പ്രമാണമാണ്. ഇജ്മാഅ് പ്രമാണമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കിയിട്ടുണ്ട്: ”തനിക്ക് നേര്‍മാര്‍ഗം ബോധ്യപ്പെട്ടതിനു ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാം അവനെ കരിച്ചുകളയുന്നതുമാണ്.” (നിസാഅ്് 115)
ഇവിടെ സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം എന്നതുകൊണ്ട് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ദേശിക്കുന്നത് ഇജ്മാഇന് വിരുദ്ധം നില്ക്കുകയെന്നതാണ്. ഇബ്നുഅബ്ബാസ്(റ) ഉദ്ധരിക്കുന്നു: ”എന്റെ സമൂഹം ഒന്നടങ്കം തെറ്റുകളില്‍ ഏകോപിക്കുന്നതല്ല.” (തിര്‍മിദി, ബൈഹഖി)
നബി(സ)യുടെ മരണശേഷം അബൂബക്കറിനെ(റ) ഖലീഫയായി സ്വഹാബികള്‍ ഏകോപിച്ചു തെരഞ്ഞെടുക്കുകയാണുണ്ടായത്. അത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന്റെയടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും തഖ്വയുള്ളവനാകുന്നു.” (ഹുജുറാത്ത് 13)
നബി(സ)യുടെ അഭാവത്തില്‍ അവിടുന്ന് നമസ്കാരത്തില്‍ ഇമാമത്തും മറ്റും ഏല്പിച്ചിരുന്നത് അബൂബക്കറിനെ(റ) ആയായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരിക്കുന്ന വിഷയത്തില്‍ സ്വഹാബികള്‍ ഒറ്റക്കെട്ടായിരുന്നു. ആദ്യം അബൂബക്കര്‍(റ) അതിന് വൈമനസ്യം കാണിച്ചുവെങ്കിലും പിന്നീട് തയ്യാറാവുകയാണുണ്ടായത്. അതിനുള്ള സൂചനയും ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട്: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം ഇറക്കിയത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്.” (ഹിജ്റ് 9). സ്വഹാബത്തിലൂടെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുകയാണുണ്ടായത്.
എന്നാല്‍ സ്വഹാബികള്‍ വ്യക്തിപരമായി പറയുന്ന അഭിപ്രായങ്ങളോ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി പറയുന്ന അഭിപ്രായങ്ങളോ ദീനില്‍ തെളിവല്ല. കാരണം. സ്വഹാബികള്‍ പാപസുരക്ഷിതര്‍ (മഅ്സ്വൂം) അല്ല. ഏത് തെറ്റും അവരില്‍ നിന്നും വരാവുന്നതാണ്. വന്നിട്ടുമുണ്ട്.
ഇസ്ലാമില്‍ മഹാപാപങ്ങള്‍ ഏഴാണ്. ”ഏഴ് മഹാപാപങ്ങളെ നിങ്ങള്‍ വര്‍ജിക്കണം.” (ബുഖാരി, മുസ്ലിം). ഒന്നാമത്തേത് ശിര്‍ക്കാണ്. അബൂവാഖിദുല്ലൈസി പറയുന്നു: ഇസ്്ലാമിലേക്ക് പുതുതായി വന്ന ചില സ്വഹാബികള്‍ നബി(സ)യോട് ഇപ്രകാരം അപേക്ഷിക്കുകയുണ്ടായി: ശത്രുക്കള്‍ക്ക് ആയുധം കൊളുത്താന്‍ ഒരു ഇലന്തമരം ഉള്ളതുപോലെ ഞങ്ങള്‍ക്കും ആയുധം കൊളുത്തിയെടുക്കാന്‍ ഒരു മരം നിശ്ചയിച്ചു തരണം. നബി(സ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും മഹാന്. നിങ്ങള്‍ എന്നോട് ചോദിച്ചത് ബനൂ ഇസ്രാഈല്യര് മൂസാനബി(അ)യോട് ചോദിച്ചതിന് തുല്യമാണ്. അതിപ്രകാരമാണ്: അവര്‍ക്ക് ദൈവങ്ങളുള്ളതുപോലെ ഞങ്ങള്‍ക്കും (ചില) ദൈവങ്ങളെ നിശ്ചയിച്ചുതരണം. (തിര്‍മിദി) മറ്റൊരു ദൈവമുണ്ടെന്ന്് അംഗീകരിക്കല്‍ ശിര്‍ക്കാണല്ലോ?
യുദ്ധത്തില്‍ നിന്നു പിന്തിരിഞ്ഞോടല്‍ മഹാപാപങ്ങളില്‍ പെട്ടതാണ്. ഉഹ്ദ് യുദ്ധത്തില്‍ വിശ്വാസികള്‍ക്ക് ആദ്യം വിജയം ലഭിച്ചെങ്കിലും ബഹു ഭൂരിപക്ഷവും യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടിയതിനാല്‍ പരാജയപ്പെടുകയാണുണ്ടായത്. പരാജയത്തില്‍ അല്ലാഹുവോട് പരിഭവം പ്രകടിപ്പിച്ച സത്യവിശ്വാസികളോട് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്: നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ (ബദ്റില്‍) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. (ആലുഇംറാന് 140)
ഹുനൈന്‍ യുദ്ധത്തിലും ബഹുഭൂരിപക്ഷം സ്വഹാബികളും പിന്തിരിഞ്ഞോടുകയാണുണ്ടായത്. അല്ലാഹു പറയുന്നു: ഹുനൈന്‍ യുദ്ധ ദിവസത്തിലും (അല്ലാഹു നിങ്ങളെ സഹായിച്ചു.) അഥവാ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ സന്തോഷിപ്പിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. (തൗബ 25)
സ്വഹാബിമാരില്‍ ചിലര്‍ക്കെല്ലാം പ്രവര്‍ത്തന വൈകല്യങ്ങളും അബദ്ധങ്ങളും വന്നിട്ടുള്ളതായി ഹദീസുകളില്‍ കാണാവുന്നതാണ്. പലപ്പോഴും തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ അവര്‍ തിരുനബിയോട് തുറന്നുപറയാറുണ്ടായിരുന്നു. മനുഷ്യസഹജമായ തെറ്റുകള്‍ സംഭവിക്കുന്നതില്‍ അവര്‍ പാപമുക്തരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
അബൂബക്കര്‍ (റ) ഉമര്‍(റ) എന്നിവര്‍ സ്വര്‍ഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടവരാണ്. അവരില്‍ നിന്നു പോലും അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അബൂബക്കറിന്റെ(റ) മകളും പ്രവാചകപത്നിയുമായ ആയിശ(റ)യുടെ പേരില്‍ ഒരു അപവാദ പ്രചാരണം നടക്കുകയുണ്ടായി. അതില്‍ അബൂബക്കറിന്റെ(റ) ബന്ധുവും അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ ജീവിച്ചിരുന്ന വ്യക്തിയുമായ മിസ്ത്വാഹ്ബ്നു അസാസ എന്ന വ്യക്തിയും ഉള്‍പ്പെട്ടിരുന്നു. അപവാദ പ്രചാരണത്തില്‍ പങ്കാളിയായതിനാല്‍ ഇനി ഞാന്‍ മിസ്ത്വാഹിന് ഒന്നും കൊടുക്കുകയില്ലെന്ന് അബൂബക്കര്‍(റ) ശപഥം ചെയ്യുകയുണ്ടായി. അതിന്റെ പേരിലാണ് താഴെ വരുന്ന വചനം അവതരിക്കപ്പെട്ടത്:
”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബ ബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?” (നൂര്‍ 22). ഈ സംഭവം ഇബ്നു കസീര്‍(റ) തന്റെ തഫ്്സീറില് (3:276) രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ മിസ്ത്വാഹ്ബ്നു അസാസക്ക് ഖദ്ഫിന്റെ ശിക്ഷയെന്ന നിലയില്‍ 80 ചാട്ടവാറടി ലഭിക്കുകയുണ്ടായി.
മറ്റൊരിക്കല്‍ അബൂബക്കറും(റ) ഉമറും(റ) പ്രവാചക സന്നിധിയില്‍ വെച്ച് ഒരു പ്രശ്നത്തിന്റെ പേരില്‍ അത്യുച്ഛത്തില്‍ സംസാരിക്കുകയുണ്ടായി. അപ്പോഴാണ് താഴെ വരുന്ന വചനം ഇറക്കപ്പെട്ടതെന്ന് ഇബ്നുകസീര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്. ”സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിന്റെ മീതെ നിങ്ങള്‍ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ശബ്ദിക്കുന്നതു പോലെ ശബ്ദിക്കുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടിയാണിത്. (ഹുജുറാത്ത് 2, ബുഖാരി, ഇബ്നുകസീര്‍ 4:205)
നബി(സ)യുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഉമര്‍(റ) പരുഷ ഭാവത്തിലാണ് പ്രതികരിച്ചത്. ഇബ്നു ഹിശാം(റ) രേഖപ്പെടുത്തുന്നു: ഉമര്‍(റ) പറഞ്ഞു: നബി(സ) മരണപ്പെട്ടു എന്ന് ചില കപടന്മാര് ജല്പിക്കുന്നു. നബി(സ) മരണപ്പെട്ടിട്ടില്ല. അല്ലാഹു സത്യം. നബി(സ) ജീവനോടെ മടങ്ങി വരിക തന്നെ ചെയ്യും. അദ്ദേഹം മരണപ്പെട്ടു എന്ന് ജല്‍പിക്കുന്നവരുടെ കൈകാലുകള്‍ നാം മുറിക്കുക തന്നെ ചെയ്യും. (2:655)
സ്വഫിയ്യുറഹ്്മാന് മുബാറക്പൂരി രേഖപ്പെടുത്തുന്നു: പ്രവാചകന് മരണപ്പെട്ടുവെന്ന വാര്‍ത്ത കേട്ട സന്ദര്‍ഭത്തില്‍ ഉമര്‍(റ) രോഷാകുലനായി സംസാരിച്ചു കൊണ്ടിരിക്കെ അബൂബക്കര്‍(റ) അവിടേക്ക് വന്നു. അദ്ദേഹം പറഞ്ഞു: ഉമറേ, താങ്കള്‍ ഇരിക്കണം. ഉമര്‍(റ) അതിന് വിസമ്മതിച്ചു. അതിനാല്‍ ജനങ്ങള്‍ ഉമറിനെ(റ) തള്ളിക്കളയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: നിങ്ങളില്‍ നിന്നും വല്ലവനും മുഹമ്മദിനെ ആരാധിക്കുന്ന പക്ഷം തീര്‍ച്ചയായും മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിക്കുന്ന പക്ഷം അവന് മരണമില്ല. അവന് എന്നും ജീവിച്ചിരിക്കുന്നവനാണ്. അനന്തരം ആലു ഇംറാനിലെ 144 ാം വചനം ഓതിക്കേള്‍പ്പിക്കുകയുണ്ടായി. (അര്റഹീഖുര് മഖ്തൂം, പേജ് 481)
ചുരുക്കത്തില്‍ പ്രവാചകന്മാര്ക്കുള്ള പാപസുരക്ഷിതത്വം (ഇസ്വ്മത്ത്) സ്വഹാബികള്ക്കില്ല. ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പല തെറ്റുകളും അക്കാലത്തും ഉണ്ടായിരുന്നു. അതില്‍ ഏറ്റക്കുറച്ചിലില്‍ വ്യത്യാസമുണ്ടായിരിക്കാം.
ഇമാം ഗസ്സാലി(റ) പറയുന്നു: സ്വഹാബികള്‍ പാപസുരക്ഷിതരല്ലെന്ന് പണ്ഡിതന്മാര്ക്കിടയില് ഇജ്മാഅ്് (ഏകോപനം) ഉണ്ട്. അവരില്‍ നിന്നും തെറ്റുകള്‍ വരാവുന്നതാണ്. (ഇഹ്യാ ഉലൂമിദ്ദീന്‍ 2:116)
അപ്പോള്‍ താഴെ വരുന്ന ഹദീസിനെക്കുറിച്ച് സംശയം വരാന്‍ സാധ്യതയുണ്ട്. നബി(സ) പറഞ്ഞു: നിങ്ങള്‍ എന്റെ സുന്നത്തും സന്മാര്ഗികളായ ഖലീഫമാരുടെ സുന്നത്തും മുറുകെ പിടിക്കുക. സംശയത്തിന് ഹദീസില്‍ തന്നെ ഉത്തരമുണ്ട്. കാരണം സന്മാര്ഗികള് എന്നതില്‍ നിന്നും അക്കാര്യം നമുക്ക് മനസ്സിലാക്കാം. ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ് സന്മാര്ഗികള്. എന്നാല്‍ ഇമാം ഗസ്സാലി(റ) ഈ ഹദീസിന് കൊടുക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ഭരണകാര്യങ്ങളിലും നീതിബോധത്തിലും ഭൗതികമായ വിരക്തിയിലും അവരെ നിങ്ങള്‍ പിന്തുടരുക. (അല്‍മുസ്തസ്വ്ഫാ 1:264)
ഭരണകാര്യങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ചുരുക്കത്തില്‍ സ്വഹാബികളുടെ ഇജ്മാഅ് ഇല്ലാത്ത അഭിപ്രായങ്ങള്‍ ദീനില്‍ പ്രമാണമല്ല. അക്കാര്യം എല്ലാ പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറയുന്നു: സ്വഹാബിയുടെ വാക്ക് പ്രമാണമല്ല. (അര്‍രിസാല, പേജ് 511)
ഇമാം നവവി പറയുന്നു: ഒരു സ്വഹാബി വല്ലതും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതിന് മൗഖൂഫ് എന്നാണ് പറയുക. സ്വഹാബിയുടെ വാക്കും പ്രവര്‍ത്തിയും തെളിവാക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ഇമാം ശാഫിഈ(റ)ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും ശരിയായത് അദ്ദേഹത്തിന്റെ പുതിയ അഭിപ്രായമാണ്. അത് സ്വഹാബി ദീനില്‍ പ്രമാണമല്ല എന്നതാണ്. (ശറഹു മുസ്ലിം 1:55)
ഇമാം ഗസ്സാലി പറയുന്നു: സ്വഹാബികള്‍ ദീനില്‍ പ്രമാണമല്ലാത്തതു പോലെ പണ്ഡിതന്മാരും പ്രമാണമല്ല. (അല്‍മുസ്തസ്വ്ഫാ 1:262). ഇമാം സുബ്്കി പറയുന്നു: സ്വഹാബിയുടെ വാക്ക് ദീനില്‍ പ്രമാണമല്ല. (ജംഉല്‍ ജവാമിഅ്് 2:370)
സ്വഹാബികള്‍ പ്രമാണങ്ങളാണ് എന്ന നിലയില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെല്ലാം ദുര്‍ബലമോ നിര്‍മിതങ്ങളോ ആണ്. അവ ഖുര്‍ആനിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധങ്ങളുമാണ്.
