22 Wednesday
October 2025
2025 October 22
1447 Joumada I 0

അടിച്ചമര്‍ത്താന്‍ വെമ്പുന്ന ആണധികാരം

അബ്ദുല്ല കോഴിക്കോട്‌

ആണധികാര പ്രയോഗങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന കാലമാണ്. ഏറെ സൂക്ഷ്മതയോടെയാണ് പുതിയ കാലത്ത് ഏതു സംഘവും തങ്ങളുടെ അധികാര പ്രമത്തത കാണിക്കാറുള്ളത്. സ്ത്രീ സംഘങ്ങളുമായി ബന്ധപ്പെട്ട വല്ല വിഷയവുമുയര്‍ന്നാല്‍ ജാഗ്രതയുടെ തോത് കൂടും. ഇത്തരമൊരു കാലത്തു പോലും എത്ര ജനാധിപത്യ വിരുദ്ധമായാണ് മുസ്ലിംലീഗ് തങ്ങളുടെ കയ്യിലുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തതെന്നു നോക്കൂ. കുറ്റം ഏറ്റു പറഞ്ഞ ആരോപിതന് രണ്ടാഴ്ച സമയവും കുറ്റമാരോപിച്ചവര്‍ നീതി തേടിയതിന് മരവിപ്പ് സമ്മാനവും. എന്തൊരു നീതി!
ഗുരുതരമായ ഒഫന്‍സ് ആണ് നടന്നത്. സ്ത്രീകളോട് സെക്ഷ്വലി അബ്യൂസിവ് ആയി പെരുമാറുകയെന്നത് ക്രിമിനല്‍ ഒഫന്‍സ് ആണെന്നിരിക്കെ, ഇവര്‍ക്കെതിരെ അടിയന്തര നടപടിക്ക് മുതിരാതെ ഹരിതയെ മരവിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്. പ്രതിസ്ഥാനത്തുള്ളവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയും, പാര്‍ട്ടിയില്‍ പരാതി നല്‍കി മാസങ്ങളോളം നടപടിക്കായി കാത്തിരിക്കേണ്ടി വന്ന ഹരിതക്കെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കുകയും ചെയ്യുന്നത് ആണധികാര പ്രമത്തതയുടെ വെളിപ്പെടലാണ്.
ഹരിത പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് പലരും. പാര്‍ട്ടിയില്‍ സ്ത്രീ നേതാക്കളുണ്ടാകുന്നു എന്നതു തന്നെയാണ് ഈ കുശുമ്പിന്റെ കാതലായ കാര്യം. പെണ്ണ് അധികാര സ്ഥാനങ്ങളിലിരിക്കുന്നതും പെണ്ണിനാല്‍ നയിക്കപ്പെടുന്നതും അപമാനമായി കാണുന്ന ഒരു വലിയ സമൂഹം ലീഗ് അണികളിലുണ്ട്. പുതിയ വിവാദങ്ങളില്‍ ശരി ഏതു പക്ഷത്തായിരുന്നാലും ഹരിതയെ ഫ്രീസ് ചെയ്യണം എന്നാഗ്രഹിക്കുന്നവരുടെ ഉള്ളില്‍ മകന്‍ മരിച്ചായാലും മരുമോള് കരഞ്ഞാല്‍ മതി എന്ന ആറ്റിറ്റിയൂഡാണുള്ളത്. പുതിയ വിവാദം മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കുണ്ടാക്കിയ ഡാമേജ് ചെറുതല്ല. ഇത്തരം വലിയ ഡാമേജുണ്ടാക്കുന്ന വിഷയമാണെന്ന തികഞ്ഞ ബോധ്യത്തിലും അഹങ്കാരത്തോടെ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അത്രമേല്‍ ആണധികാര പ്രമത്തത അവരെ കീഴ്‌പ്പെടുത്തി കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തം.
പരാതി പറഞ്ഞ് രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹരിത നേതൃത്വം വനിതാ കമീഷനിലേക്കെത്തുന്നത്. രമ്യമായി വിഷയം കൈകാര്യം ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും ആ പരാതി അവഗണിച്ച് ലീഗ് ഇരന്നു വാങ്ങിയതാണ് ഇപ്പോഴുണ്ടായ പുകിലുകള്‍. പ്രശ്‌നത്തോടെ ഹരിതയെ എങ്ങനെ അടിച്ചിരുത്താം എന്നതിലാണ് അണികളുടെ ശ്രദ്ധ എന്നു കാണാം. ഹരിത എന്ന സ്‌പേസിനെ തന്നെ ഡിസ്‌ക്രെഡിറ്റ് ചെയ്യാനുള്ള മുറവിളികള്‍ ശക്തമായി രൂപപ്പെടുന്നത് ഏതാനും മാസങ്ങളായി കൂടുതല്‍ പ്രകടമായി കാണാം. ‘ഈ കൂട്ടര്‍ തന്നെ വേണ്ട!’, ‘ഈ പണ്ഡിതന്റെ വാക്കുകള്‍ ഓര്‍മ്മയില്ലേ ഇവര്‍ നാശമാണ്’ എന്ന് തുടങ്ങി എത്ര വിദ്വേഷ സങ്കല്‍പ്പങ്ങളാണ് ഹരിത വിരുദ്ധപക്ഷം പിടിക്കുന്നവര്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്കിടയിലും ആഘോഷിക്കുന്നത്. മതവും ധര്‍മ്മികതയും ഫെമിനിസവും അച്ചടക്കവും തുടങ്ങി കല്യാണവും ക്യാമ്പസും വരെ എല്ലാ തരം സ്ത്രീവിരുദ്ധ ചേരുവകളും മുസ്ലിം വിദ്യാര്‍ഥിനീ ഇടത്തിന്റെ അടയാളത്തെ തന്നെ സംഹരിക്കാന്‍ വെമ്പുന്ന തരത്തില്‍ ഉപയോഗിക്കുന്നതും കാണാം.
ഇപ്പോഴും മുസ്ലിംലീഗിന് പുരുഷ മേധാവിത്ത രക്ഷകര്‍തൃ മനോഭാവത്തില്‍ നിന്നും പുറത്ത് വരാനോ ഒപ്പമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല എന്നത് നിരാശാജനകമാണ്. ജന്റര്‍ ഇക്വാളിറ്റിയെ കുറിച്ച് വാ തോരാതെ പറയുമെങ്കിലും പ്രാധിനിത്യത്തില്‍ ഇവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

Back to Top