അധിനിവേശങ്ങളും ഭരണകൂടങ്ങളും
എം എസ് ഷൈജു
ദാവീദ് തുടക്കമിടുകയും സോളമന്‍ അഥവാ സുലൈമാന്‍ നബി വിപുലപ്പെടുത്തുകയും ചെയ്ത യഹൂദരുടെ പൗരാണിക രാജ്യത്തെക്കുറിച്ച് നാം നേരത്തെ പറഞ്ഞിരുന്നു. ആഭ്യന്തര ശൈഥില്യങ്ങള്‍ മൂലം നശിച്ച് തുടങ്ങിയ ഈ പൗരാണിക ഇസ്‌റാഈല്‍ ഭരണകൂടത്തിന് ശേഷം ജറൂസലം നഗരത്തിന്റെയും ഫലസ്തീന്റെയും അധികാരത്തിലേക്ക് ആദ്യം വന്നത് അസൂരികള്‍ എന്നറിയപ്പെടുന്ന ഒരു ഗോത്രക്കാരായിരുന്നു. ഇറാഖില്‍ നിന്നുള്ള സഞ്ചാര ജനതയായിരുന്നു അസൂരികള്‍. ഇസ്‌റാഈല്യരെ പരാജയപ്പെടുത്തി അവര്‍ ഫലസ്തീന്റെയും ജറൂസലമിന്റെയും അധികാരം കൈക്കലാക്കി. ഇസ്‌റാഈല്യര്‍ രൂപീകരിച്ച, അവരുടെ ആദ്യ രാഷ്ട്രം എന്ന് വിളിക്കാവുന്ന ഭരണം അതോടെ അവസാനിച്ചു. ദുര്‍ബലപ്പെട്ട് പോയ യഹൂദികള്‍ പ്രതിരോധത്തിന് മുതിര്‍ന്നില്ല. അസൂരികള്‍ ഏതാണ്ട് 80 വര്‍ഷം ഫലസ്തീന്‍ പ്രദേശം കൈയ്യടക്കി ഭരിച്ചു.
തുടര്‍ന്ന് അവിടെയെത്തിയത് ബാബിലോണിയക്കാരായിരുന്നു. അക്കാലത്ത് ബാബിലോണിയ സാമ്രാജ്യം കൂടുതല്‍ വിസ്തൃതവും ശക്തവുമായിരുന്നു. അസൂരികളുടെ തലസ്ഥാനമായ നീനവ പട്ടണം അവര്‍ പിടിച്ചെടുത്തു. എതിര്‍ത്ത യഹൂദരെ ബന്ദികളാക്കി. അവരോട് കൂറ് പുലര്‍ത്തിയ യഹൂദ വിഭാഗത്തെ അവര്‍ കൂടെ നിര്‍ത്തുകയും ഭരണത്തില്‍ സാമന്തക്കാരാക്കുകയും ചെയ്തു. തങ്ങളോടൊപ്പം നിന്ന യഹൂദ ഗോത്രത്തിന്റെ പ്രതിനിധിയെ അവിടെ പ്രാദേശിക ഭരണാധികാരിയായി വാഴിച്ചു. ബാബിലോണിയരുടെ അപ്രമാദിത്വം അംഗീകരിച്ച് അയാള്‍ ഇസ്‌റാഈല്യരെ ഭരിച്ചു.
യഹൂദര്‍ അസ്വസ്ഥരായിരുന്നു. വൈദേശിക ഭരണത്തിനെതിരെ അവരില്‍ അമര്‍ഷം പുകഞ്ഞു. ബി സി 586ല്‍ യഹൂദര്‍ ബാബിലോണിയക്കെതിരെ ഉപജാപങ്ങളും കലാപവും നടത്തി. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ഫലം തിക്തമായതായിരുന്നു. ബാബിലോണിയന്‍ ചക്രവര്‍ത്തി യഹൂദരെ കടന്നാക്രമണം നടത്തി. ജീവനില്‍ ഭയന്ന് യഹൂദരില്‍ വലിയൊരു പക്ഷം വീണ്ടും ഈജിപ്തിലേക്ക് പലായനം ചെയ്തു. വലിയൊരു വിഭാഗം യഹൂദന്മാരെ ചക്രവര്‍ത്തി ബാബിലോണിയായിലേക്ക് പിടിച്ച് കൊണ്ട് പോയി. അതില്‍ പലരെയും അടിമകളാക്കി മാറ്റി. യഹൂദര്‍ ഏറ്റവും വിശുദ്ധമായിക്കണ്ടിരുന്ന സോളമന്റെ ദേവാലയത്തെ ചക്രവര്‍ത്തി തകര്‍ത്ത് തരിപ്പണമാക്കി. അവിടെ സൂക്ഷിക്കപ്പെട്ടിരുന്ന അമൂല്യമായ അവരുടെ പൈതൃക വസ്തുക്കളെല്ലാം ബാബിലോണിയായിലേക്ക് കടത്തപ്പെട്ടു. ബാബിലോണിയായില്‍ സേവകരായും അടിമകളായും യഹൂദര്‍ തലമുറകളോളം കഴിഞ്ഞു. വളരെ പരിമിതരായ ഏതാനും യഹൂദര്‍ മാത്രമാണ് പിന്നീട് ഫലസ്തീന്‍ ദേശത്ത് ശേഷിച്ചത്.
പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് ബാബിലോണിയക്കാരെ കീഴ്‌പ്പെടുത്തുന്നത് വരെ യഹൂദര്‍ ബാബിലോണിയായില്‍ അവരുടെ ജീവിതം തുടര്‍ന്നു. അപ്പോഴേക്കും ബാബിലോണിയായിലെ ഒരു നിര്‍ണായക ശക്തിയായി ഇസ്‌റാഈല്‍ ജനത മാറിക്കഴിഞ്ഞിരുന്നു. വ്യാപാരങ്ങളിലും മറ്റും അവര്‍ ഇതിനകം വ്യുല്‍പ്പത്തി നേടിയിരുന്നു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിക്കൊപ്പം നിലകൊണ്ട ജൂത സമൂഹത്തിന് ഫലസ്തീനിലേക്ക് മടങ്ങിപ്പോകാനുള്ള അനുമതി ചക്രവര്‍ത്തി നല്‍കി. കുറെ ആളുകള്‍ മടങ്ങിപ്പോകുകയും മറ്റുള്ളവര്‍ ബാബിലോണിയായില്‍ തന്നെ തുടരുകയും ചെയ്തു. മടങ്ങിപ്പോയ ജൂതന്മാര്‍ ആദ്യം ചെയ്തത് സോളമന്റെ ദേവാലയം പുനര്‍ നിര്‍മിക്കലായിരുന്നു. ഇസ്‌റാഈലി ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു സംഭവമായാണ് ഈ ചരിത്ര സന്ദര്‍ഭത്തെ അവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ദേവാലയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ആഗോള ജൂതസമൂഹം ഇന്നും അവരുടെ മനസ്സിനുള്ളില്‍ കുടിയിരുത്തിയിരിക്കുന്ന അമൂര്‍ത്തമായ മതവിശുദ്ധതയാണ് ഈ രണ്ടാം ദേവാലയം. ഇവിടെ ഒത്തുകൂടുക എന്നത് തങ്ങളുടെ തലമുറകളുടെ അഭിലാഷമായി അവര്‍ കാണുന്നു. പിന്നീട് റോമാക്കാര്‍ കല്ലോട് കല്ല് തകര്‍ത്ത് കളഞ്ഞ ആ ദേവാലയത്തിന്റേതെന്ന് കരുതപ്പെടുന്ന പടിഞ്ഞാറെ മതില്‍ക്കെട്ടിന്റെ ചില അവശിഷ്ടങ്ങള്‍ ഇന്നും ജറൂസലം പഴയ നഗരത്തിനുള്ളിലുണ്ട്. വിലാപ മതില്‍ എന്ന പേരിലാണ് അതറിയപ്പെടുന്നത്. തങ്ങളുടെ അഭിലാഷ സാക്ഷാത്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിര്‍വൃതികള്‍ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതന്മാര്‍ ഇന്നും ഈ പൗരാണിക മതില്‍ക്കെട്ടിന്റെ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുന്നുണ്ട്. അവിടെ ഒരു മൂന്നാം ദേവാലയം നിര്‍മിക്കണമെന്നതാണ് ഭക്തരായ ജൂതന്മാരുടെ ഏറ്റവും തീവ്രമായ മതകീയ അഭിലാഷം.
ബി സി 332-ല്‍ മാസിഡോണിയയില്‍ നിന്നുളള മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നടത്തിയ പടയോട്ടങ്ങളിലൂടെ ഫലസ്തീന്‍ ഗ്രീക്ക് സാമ്രാജ്യത്തിന് കീഴിലായി. രണ്ടാം ദേവാലയം പൊളിക്കാന്‍ ശ്രമം നടത്തിയ ചക്രവര്‍ത്തി പിന്നീട് ആ ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയതായും പറയപ്പെടുന്നു. ഒരു ജനതയെ അതിജയിച്ചതിന്റെ അടയാളമായി രാജാക്കന്മാരും ചക്രവര്‍ത്തിമാരും ചെയ്തിരുന്നത് അവരുടെ ഏറ്റവും മികച്ച നിര്‍മിതികളെ തകര്‍ക്കലായിരുന്നു. പടയോട്ടങ്ങള്‍ക്കിടെ ആരാധനാലയങ്ങളും സാംസ്‌കാരിക ഗേഹങ്ങളും തകര്‍ക്കപ്പെടുന്നതിന്റെ കാരണം ഇതാണ്. ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത്തരം തകര്‍ക്കലുകള്‍ നമുക്ക് വായിക്കാന്‍ സാധിക്കും. തങ്ങളുടെ ആധിപത്യ ബോധത്തെ തങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കുന്ന ജനതയില്‍ അടിച്ചേല്പിക്കുന്നതിനും അവരെ മാനസികമായി നിര്‍വീര്യമാക്കുന്നതിനുമാണ് ചക്രവര്‍ത്തിമാര്‍ ഇത്തരം ഉന്മൂലനങ്ങള്‍ നടത്തുന്നത്. അധികാരത്തിന്റെ അടയാളമായി അവിടെ അവരുടേതായ പുതിയ നിര്‍മ്മിതികള്‍ തീര്‍ക്കുകയും ചെയ്യും. ആധുനികമെന്ന് നാം കരുതുന്ന ജനാധിപത്യത്തില്‍ പോലും ഭരണകൂടങ്ങള്‍ ഇത്തരം ഉന്മൂലന സ്വഭാവങ്ങള്‍ പുലര്‍ത്തുന്നത് നമുക്ക് കാണാന്‍ സാധിക്കും.
ഒരു തകര്‍ച്ചയില്‍ നിന്ന് രണ്ടാം ദേവാലയം രക്ഷപ്പെട്ടെങ്കിലും ഖുദ്‌സ്/ ജറൂസലം പൂര്‍ണമായും ഗ്രീക്ക് സാമ്രാജ്യത്തിന് കീഴിലായി. ഗ്രീക്ക് അധിനിവേശ നാളുകളില്‍ യഹൂദ സമൂഹത്തില്‍ യവന വിശ്വാസങ്ങള്‍ കൂടിക്കലര്‍ന്നതായും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അലക്‌സാണ്ടറുടെ മരണ ശേഷം ക്രമേണ ദുര്‍ബലമായി വന്ന ഗ്രീക്കുകാരെ പരാജയപ്പെടുത്തി റോമാക്കാര്‍ അവിടം അധീനപ്പെടുത്തി. അതിനെത്തുടര്‍ന്ന് സുദീര്‍ഘമായ ഒരു കാലഘട്ടം റോമാക്കാര്‍ ഫലസ്തീന്‍ മേഖലയെ ഒന്നാകെ ഭരിക്കുകയും ചെയ്തു. സംഭവ ബഹുലമായ ഒട്ടനവധി സംഗതികള്‍ ജൂത സമൂഹത്തില്‍ നടക്കുന്നതും ജറൂസലം ക്രിസ്ത്യന്‍ ആധിപത്യത്തിന് കീഴില്‍ ആകുന്നതും ഈ കാലങ്ങളിലാണ്. ജറൂസലം നഗരത്തില്‍ ഇന്ന് കാണുന്ന ക്രിസ്ത്യന്‍ നിര്‍മിതികളെല്ലാം ഇക്കാലത്ത് രൂപപ്പെടുത്തിയതാണ്. ആഗോള ജൂത സമൂഹത്തിന്റെ തീവ്രമായ വിലാപത്തിന് കാരണമായ രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതും അവര്‍ക്ക് യൂറോപ്പ് അടക്കമുള്ള വിവിധ വന്‍കരകളിലേക്ക് പലായനം ചെയ്യേണ്ടി വന്നതും ക്രിസ്ത്യന്‍ ആധിപത്യത്തിന്റെ ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. ക്രിസ്തു ഘാതകരായ ജൂതരോട് ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട റോമന്‍ ഭരണാധികാരികള്‍ പ്രതികാരം വീട്ടുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.
ചരിത്രത്തില്‍ ഇത്തരം വംശീയവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളെല്ലാം ഉടലെടുക്കുന്നത് മനുഷ്യന്റെ സഞ്ചാര ത്വര കൊണ്ടും, ആധിപത്യ ബോധം കൊണ്ടും, വംശീയമായ ദേശ ബോധങ്ങള്‍ കൊണ്ടുമാണ്. മനുഷ്യന്റെ വംശീയവും സ്വത്വപരവുമായ ഇത്തരം ബോധങ്ങള്‍ ഇപ്പോഴൊന്നും ആരംഭിച്ചതല്ല. മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ തന്നെ ഇത്തരം ബോധങ്ങളെയും അവര്‍ കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. ജ്ഞാനത്തിന്റെയും ബോധത്തിന്റെയും വികാസം കൊണ്ടാണ് മനുഷ്യര്‍ അവരുടെ സാമൂഹികമായ എല്ലാ വളര്‍ച്ചകളും കൈവരിച്ചത്. ആ വളര്‍ച്ചകളിലൂടെ സഹജമായ അധമ ബോധങ്ങളെ തിരസ്‌കരിക്കുവാനും സാംസ്‌കാരികമായ ഒരു ഔന്നത്യം കൈവരിക്കാനും മനുഷ്യര്‍ ശ്രമിച്ച് പോരുകയായിരുന്നു, എല്ലാ കാലത്തും.
ഏതാണ്ട് 65000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്ന് പുറത്തേക്ക് അവരുടെ സഞ്ചാരം ആരംഭിച്ചതെന്നാണ് നരവംശ ശാസ്ത്രം അഭിപ്രായപ്പെടുന്നത്. ഗവേഷണങ്ങളിലൂടെയും ഫോസിലുകളിലൂടെയുമുള്ള തെളിവുകള്‍ വെച്ചാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. അവിടെയായിരുന്നു മനുഷ്യന്റെ ഉദയമെന്നും വിശ്വസിക്കപ്പെടുന്നു. അവിടെ നിന്ന് ഒരോരോ കൂട്ടമായി മനുഷ്യര്‍ വിഭവങ്ങളും തേടി സഞ്ചാരം ആരംഭിച്ചു. ഓരോ തവണയും ഓരോ കൂട്ടങ്ങളായാണ് മനുഷ്യര്‍ സഞ്ചാരം നടത്തിക്കൊണ്ടിരുന്നതെന്നാണ് നരവംശ ശാസ്ത്രം ശാസ്ത്രീയമായ തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നത്. യാത്ര പുറപ്പെട്ട എല്ലാവരും ഒരിടത്തേത്തേക്കല്ല യാത്ര നടത്തിയത്. ചിലര്‍ അവരുടെ യാത്ര വളരെ പെട്ടെന്ന് അവസാനിപ്പിച്ച് അവിടങ്ങളില്‍ കൂടി. എന്നാല്‍ മറ്റ് ചിലര്‍ അവരുടെ യാത്ര പിന്നെയും തുടര്‍ന്നു. മുന്‍പേ എത്തിച്ചേര്‍ന്ന മനുഷ്യര്‍ ഓരോയിടങ്ങളില്‍ സ്വത്വ രൂപീകരണങ്ങള്‍ നടത്തി. അവരുടെ പല തലമുറകള്‍ ആ യാത്ര ഏറ്റെടുത്തു. ഇന്നും സഞ്ചാര ജനതയായി തുടരുന്ന, ആദിമ മനുഷ്യന്റെ സഞ്ചാര പൈതൃകം അതുപോലെ സൂക്ഷിക്കുന്ന മനുഷ്യര്‍ അഫ്ഗാന്‍ മലയടിവാരങ്ങള്‍ക്കുമപ്പുറത്ത് സഞ്ചാര ജീവിതം തുടര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്.
അങ്ങനെ ദൂരങ്ങള്‍ താണ്ടി, ഭൂഖണ്ഡങ്ങള്‍ താണ്ടി യാത്ര ചെയ്തിരുന്ന മനുഷ്യരാണ് പിന്നീട് അധിനിവേശങ്ങള്‍ ആരംഭിക്കുന്നത്. ഈ യാത്രകള്‍ പലരും വീണ്ടും തുടര്‍ന്നു. ആദ്യം യാത്ര അവസാനിപ്പിച്ച ആളുകളില്‍ ചിലര്‍ വീണ്ടും യാത്ര തുടങ്ങി. അവര്‍ക്കു മുന്‍പേ യാത്ര ചെയ്തു ഓരോ സ്ഥലങ്ങളും നേടിയവര്‍ ഇവരെ അധിനിവേശക്കാര്‍ ആയി കണ്ടു. ഓരോരോ ഭൂപ്രദേശങ്ങളിലും ജീവിത രീതികളിലും കഴിഞ്ഞ് കൂടിയ മനുഷ്യര്‍ ഓരോരോ സംസ്‌കാരവുമായാണ് അധിനിവേശങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ ചരിത്ര പശ്ചാത്തലങ്ങള്‍ ഒക്കെ മുന്‍നിര്‍ത്തി വേണം ചരിത്രത്തിലെ ഇത്തരം അധിനിവേശങ്ങളെയും ആധിപത്യങ്ങളെയുമൊക്കെ നമ്മള്‍ വായിക്കാന്‍. (തുടരും)