1 Tuesday
July 2025
2025 July 1
1447 Mouharrem 5

അധിനിവേശ കെടുതികളില്‍ നീറുന്ന അഭയാര്‍ഥികള്‍

ടി ടി എ റസാഖ്


ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേ തീരത്ത് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്ന ഫലസ്തീന്‍ ഭൂപ്രദേശത്തെ 19 അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജനീന്‍. 2023 ജൂലൈ 3ന് ജനീന്‍ വളപ്പിനുള്ളില്‍ അധിനിവേശ ഇസ്‌റാഈല്‍ സേന നടത്തിയ സൈനിക ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ ഭവനരഹിതരാവുകയും ചെയ്തത് വലിയ വാര്‍ത്തയൊന്നുമായതായി കണ്ടില്ല. നിത്യേനയെന്നോണം നടക്കുന്ന ഇസ്‌റാഈലി ആക്രമണ പരമ്പരകള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യമൊന്നുമില്ലല്ലോ.
1948ല്‍ ഇസ്‌റാഈലി സേന വളഞ്ഞുപിടിച്ച ഫലസ്തീന്‍ ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട്, കഴിഞ്ഞ 70 വര്‍ഷമായി യുഎന്‍ നിര്‍മിച്ചുകൊടുത്ത കൊച്ചു കോണ്‍ക്രീറ്റ് ബോക്‌സുകളില്‍ ഞെരുങ്ങിക്കഴിയുന്ന ക്യാമ്പുകളിലൊന്ന് മാത്രമാണ് ജനീന്‍. ഏഴു ദശലക്ഷം പേരാണ് സ്വന്തം രാജ്യത്തും ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ താല്‍ക്കാലിക ടെന്റുകളിലും അഭയാര്‍ഥികളായി കഴിയുന്നത് (പോള്‍ ആഡംസ്, ബിബിസി). അഥവാ ഒരു ജനതയുടെ 60 ശതമാനത്തിലധികവും കൊച്ചു അഭയാര്‍ഥി കൂടാരങ്ങളില്‍ തിങ്ങിക്കഴിയുന്ന ദയനീയ കാഴ്ചകളെയാണ് നാമിന്ന് ഫലസ്തീന്‍ എന്നു പറയുന്നത്.
അഭയാര്‍ഥി ജീവിതം ദീര്‍ഘമായ 70 വര്‍ഷം പിന്നിടുമ്പോള്‍ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് കഴിയുന്ന നാലു തലമുറകളുടെ ചരിത്രം കൂടിയാണ് ഫലസ്തീന്‍. പിറന്ന ഗ്രാമങ്ങളും ഒലീവും കാരക്കയും നട്‌സും വിളയുന്ന മണ്ണും താഴ്‌വരകളും ഇന്നെവിടെയാണെന്നു പോലും അവര്‍ മറന്നുകഴിഞ്ഞു. ജനീന്‍ ക്യാമ്പിന്റെ പ്രവേശന കവാടത്തില്‍ എഴുതിവെച്ച ഒരു അറബി വാചകം ഇങ്ങനെ വായിക്കാം: ‘മുഗയ്യം ജനീന്‍, മഹത്വത് ഇന്‍തിദാറു ലിഹീനില്‍ അവ്ദ.’ ജനീന്‍ അഭയാര്‍ഥി ക്യാമ്പ്. മടക്കയാത്ര പ്രതീക്ഷിച്ചു കാത്തിരിക്കുന്ന സ്ഥലം എന്നു സാരം.
സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനായി അറ്റമില്ലാതെ കാത്തിരിക്കുന്ന ഒരു ജനതയുടെ പ്രതീകമാണ് ഇന്ന് ഫലസ്തീനിലെ ഓരോ അഭയാര്‍ഥി ക്യാമ്പും അതിന്റെ കവാടങ്ങളും. എന്നാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ അവകാശത്തെയും അതിനെ പിന്തുണയ്ക്കുന്ന ശക്തമായ യു എന്‍ പ്രമേയങ്ങളെയും തള്ളിക്കളഞ്ഞ ഒരു കാട്ടാളസേനയ്ക്ക് മുമ്പില്‍ ഇത്തരം മനുഷ്യാവകാശങ്ങള്‍ക്കെന്ത് വില? 1948ലെയും 67ലെയും യുദ്ധകാലത്തും തുടര്‍ന്നും നിരവധി ഫലസ്തീന്‍ ഗ്രാമങ്ങളാണ് അധിനിവേശസേന ഇടിച്ചു നിരപ്പാക്കിയത്. വീടും കൃഷിയിടങ്ങളും എന്നേ നഷ്ടപ്പെട്ട് കണ്ണീര്‍ ഖൈമകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരു ജനതയ്ക്ക് ഇനിയൊരു മടക്കം സാധ്യമോ?
നിരന്തര തീയിരമ്പങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നടുവിലാണ് പുതിയ തലമുറ വളര്‍ന്നുവരുന്നത്. പൂര്‍വികര്‍ താമസിച്ചിരുന്ന ഗ്രാമങ്ങളെ കുറിച്ചും അവിടത്തെ ഒലീവ് മരങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റു കഴിഞ്ഞിരുന്ന ഒരു നല്ല കാലത്തെ കുറിച്ചും അവര്‍ക്ക് കേട്ടറിവ് മാത്രമേയുള്ളൂ. എന്നാല്‍ ഇന്നീ ക്യാമ്പുകളില്‍ പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നത് കല്‍ക്കൂമ്പാരങ്ങളില്‍ പുതഞ്ഞുപോയ ഒരു മൃതദേഹത്തെയോ തകര്‍ന്നുപോയ വീടിന്റെ അവശിഷ്ടങ്ങളെയോ കാണാതായ ബന്ധുമിത്രാദികളെ തിരയുന്ന നിസ്സഹായനായ ഒരഭയാര്‍ഥിയെയോ ആണ്.

2002ല്‍ നടന്ന ജനീന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ പൗരനായ മുഹമ്മദ് ബക്‌രി നിര്‍മിച്ച ‘ജനീന്‍ ജനീന്‍’ എന്ന ഡോക്യുമെന്ററി അയാര്‍ഥി ക്യാമ്പുകളിലെ ദയനീയ കാഴ്ചകളുടെ നേര്‍ച്ചിത്രങ്ങളാണ് നമുക്ക് നല്‍കുന്നത്. 20 വര്‍ഷം നിയമയുദ്ധം നടത്തിയിട്ടും ഇസ്‌റാഈല്‍ ഈ ഡോക്യുമെന്ററിക്ക് പൊതുപ്രദര്‍ശനാനുമതി നല്‍കിയില്ല. അഭയാര്‍ഥികളുടെ കരളലിയിക്കുന്ന കണ്ണീര്‍ക്കഥകളാണ് ഈ ഡോക്യുമെന്ററി ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ശ്രമിച്ചത്. ‘ഓരോ തവണയും ഞാനെന്റെ വീട് പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരത് പൊളിച്ചുമാറ്റുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍ മറ്റൊരു കുട്ടി കൊല്ലപ്പെടുന്ന അവസ്ഥ.’
അര ചതുരശ്ര കിലോമീറ്ററില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള ജനീനില്‍ ഏകദേശം 18,000 പേരാണ് തിങ്ങിഞെരുങ്ങിക്കഴിയുന്നത്. മറ്റു പല ക്യാമ്പുകളുടെയും അവസ്ഥ വ്യത്യസ്തമല്ല. കരയിലും കടലിലും ആകാശത്തും ഉപരോധിക്കപ്പെട്ട് വീതിയും വിസ്താരവുമില്ലാതെ തൊട്ടുരുമ്മി നില്‍ക്കുന്ന ജയില്‍ സമാനമായ പാര്‍പ്പിട സമുച്ചയങ്ങളാണ് ക്യാമ്പുകള്‍ അധികവും. പരിമിതമായ ആരോഗ്യ-വിദ്യാഭ്യാസ-ശുചീകരണ സൗകര്യങ്ങള്‍, മരുഭൂമിയില്‍ മാറിമാറി വരുന്ന കടുത്ത ചൂടും തണുപ്പും പൊടിക്കാറ്റും, ഇടക്കിടെ തകര്‍ക്കപ്പെടുന്ന വൈദ്യുതി-ജലവിതരണ സംവിധാനങ്ങള്‍ മൂലം നരകയാതന അനുഭവിക്കുന്ന കുട്ടികളും അവശരുമടങ്ങിയ ജനസമൂഹം- ഇതെല്ലാമാണ് ഫലസ്തീന്‍.
തങ്ങളുടെ മണ്ണും ഗേഹവും കവര്‍ന്ന, തങ്ങളെ അടക്കിവാഴുന്ന അധിനിവിഷ്ട ഇസ്‌റാഈലി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും നിര്‍മാണമേഖലകളിലും മറ്റും ജോലി ചെയ്തുകൊണ്ടാണ് ഫലസ്തീനികള്‍ പലരും കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കുടുംബത്തില്‍ അന്നം തേടുന്നവരില്‍ പലരും നിസ്സാര കാരണങ്ങളുടെ പേരില്‍ ഇസ്‌റാഈലീ ജയിലുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. കുടിയേറ്റക്കാരുടെ പ്രകോപനങ്ങള്‍ക്കെതിരെ കല്ലും കരുത്തും മാത്രമാണ് സാധാരണ ഫലസ്തീനിയുടെ പ്രതിരോധായുധങ്ങള്‍. 20 വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണത്രേ കല്ലേറ്. ജയിലില്‍ അടയ്ക്കപ്പെട്ട 40% പേരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്.
ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആരെയെങ്കിലും കാണാതാവുകയോ ആരെങ്കിലും മുറിവേല്‍പിക്കപ്പെടുകയോ ചെയ്യാത്ത ഒരു കുടുംബവും ജനീന്‍ ക്യാമ്പ് പ്രദേശത്തില്ല എന്നാണ് ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നത്. യുദ്ധവും ഭീതിയും ഒഴിഞ്ഞ ഒരു കാലം അവര്‍ക്ക് കടന്നുപോയിട്ടില്ല. 18 കുട്ടികളാണ് ഈ വര്‍ഷം മാത്രം ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. പുതുതലമുറയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകളില്ല. അവരുടെ വികസന സങ്കല്‍പങ്ങളെ കേള്‍ക്കാന്‍ ആളുകളില്ല. മുള്‍വേലികളും ചെക്ക് പോയിന്റുകളും നിരീക്ഷണ കേന്ദ്രങ്ങളുമാണ് അവരുടെ രാഷ്ട്രവും രാഷ്ട്രീയവും.
മുളയും പായയും ഉപയോഗിച്ചുള്ള ടെന്റുകളില്‍ തുടങ്ങിയ അഭയാര്‍ഥി ജീവിതം ഇന്ന് യു എന്‍ നിര്‍മിച്ചുകൊടുത്ത കൊച്ചു കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി എന്നതൊഴിച്ചാല്‍, കഴിഞ്ഞ 70 വര്‍ഷമായി മറ്റു കാര്യമായ പുരോഗതികളൊന്നും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പുറത്തിറങ്ങിയാല്‍ വലിയ ഫ്‌ളഡ്‌ലൈറ്റ് ടവറുകളും കോണ്‍ക്രീറ്റ് മതിലുകളും ഭീമന്‍ നിരീക്ഷണ ഗോപുരങ്ങളുമടങ്ങിയ ഇസ്‌റാഈലീ നിയന്ത്രണ സംവിധാനങ്ങളാണ് എവിടെയും. തൊഴിലിനെയും യാത്രയെയും ജീവിതത്തെ തന്നെയും തടസ്സപ്പെടുത്തുന്ന കാരാഗൃഹ നിയമങ്ങളാണെവിടെയും.
ജനീന്‍ ക്യാമ്പ് സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്കിനോട് ചേര്‍ന്ന് ഇസ്‌റാഈല്‍ പിടിച്ചെടുത്ത പല പ്രദേശങ്ങളിലും അവര്‍ നിയമവിരുദ്ധമായ കുടിയേറ്റ ഭവനങ്ങളും സുരക്ഷാമേഖലകളും നിര്‍മിച്ചുകൊണ്ടിരിക്കുന്നു. തീവ്രവാദത്തിന്റെയും വംശീയ വിദ്വേഷ പ്രചാരണത്തിന്റെയും പേരില്‍ ഇസ്‌റാഈല്‍ കോടതി തന്നെ ശിക്ഷിച്ച ബെന്‍ ഗവീര്‍ (Ben Gvir) എന്ന തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്ന് ഇത്തരം കൈയേറ്റ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭൂമി കൈയേറി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്ന കുടിയേറ്റക്കാരുമായുള്ള സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന കാഴ്ചകളാണ് ക്യാമ്പുകള്‍ക്ക് പുറത്ത്.

ഇസ്‌റാഈലീ പട്ടാളത്തിന്റെ പിന്തുണയോടെ ഫലസ്തീനികളുടെ വീടും വാഹനങ്ങളും അഗ്‌നിക്കിരയാക്കുക അവരുടെ പതിവ് ആക്രമണങ്ങളില്‍ പെട്ടതാണ്. കുടിയേറ്റക്കാര്‍ക്ക് അവരുടെ തോക്കുകള്‍ ധരിക്കുന്നതിനു വിലക്കില്ല. എന്നാല്‍ ഫലസ്തീനിയുടെ കൈയിലെ ഒരു കല്ല് പോലും കുറ്റകരമാണ്. ആക്രമണകാരികളായ ഇസ്‌റാഈലീ കുടിയേറ്റക്കാര്‍ക്ക് സാധാരണ പൗരനിയമങ്ങള്‍ മാത്രം ബാധകമാവുമ്പോള്‍ ഫലസ്തീനികള്‍ക്ക് എന്നും എപ്പോഴും പട്ടാളനിയമങ്ങളാണ് ബാധകം!
വെസ്റ്റ് ബാങ്കില്‍ ജനീനിനടുത്ത് അനിന്‍ ഗ്രാമവാസിയായ ഫലസ്തീനി കര്‍ഷകനാണ് തയ്‌സീര്‍ സഅ്ദിയ യാസീന്‍. അദ്ദേഹത്തിന്റെ ഒലീവ് മരങ്ങളുടെ കഥ ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക: രണ്ടായിരാമാണ്ടില്‍ ഒരു പ്രഭാതത്തില്‍ കൃഷിയിടം സന്ദര്‍ശിക്കാനിറങ്ങിയ തയ്‌സീര്‍ കാണുന്നത് ഒലീവ് തോട്ടത്തിന് കുറുകെ 12 അടി ഉയരത്തില്‍ നിര്‍മിച്ച ഒരു കമ്പിവേലിയാണ്. ചുറ്റും പണിത റോഡില്‍ ഇസ്‌റാഈലീ പട്ടാളം റോന്തുചുറ്റിക്കൊണ്ടിരിക്കുന്നു. ഇസ്‌റാഈല്‍ സേന അവിടെയൊരു സുരക്ഷാമേഖല പണിതതാണെന്ന് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞു. തലമുറകളായി അദ്ദേഹം കൃഷി ചെയ്തുവന്നിരുന്ന സ്ഥലം അനുമതി ഇല്ലാതെ, തന്നെ ഒന്നറിയിക്കുക പോലും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ അധിനിവേശ സേന കൈയേറിയിരിക്കുന്നു.
മേത്തരം ഒലിവെണ്ണയ്ക്ക് പേരുകേട്ട നാടാണ് ഫലസ്തീന്‍. ആ അതിക്രമത്തില്‍ തയ്‌സീറിന് നഷ്ടമായത് തന്റെ കൃഷിയിടം മാത്രമല്ല, 600 ഒലീവ് മരങ്ങളുമാണ് (ദ ഗാര്‍ഡിയന്‍, 13-09-2009). യുഎന്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച, എന്നാല്‍ ഇന്നും തുടര്‍ന്നുവരുന്ന ഇസ്‌റാഈലി സെറ്റില്‍മെന്റ് പദ്ധതിയുടെ ഗൗരവമാണ് ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഫലസ്തീന്റെ മണ്ണില്‍ പുതുതായി 5000 കുടിയേറ്റ ഭവനങ്ങള്‍ക്കു കൂടി ഇസ്‌റാഈല്‍ അനുമതി നല്‍കിയ വാര്‍ത്തകളും ഇവിടെ കൂട്ടിവായിക്കുക. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനടുത്തായി ഓരോ ഫലസ്തീനിയും സംസാരിച്ചുകൊണ്ടിരിക്കുന്നത് ‘അല്‍ അവ്ദ, അല്‍ ഹുര്‍റിയ്യ, അല്‍ വതനിയ്യ, അല്‍ മുഖാവമ’ (മടക്കം, സ്വാതന്ത്ര്യം, മാതൃരാജ്യം, പ്രതിരോധം) എന്നിങ്ങനെയുള്ള അവരുടെ ഉള്ളം നീറുന്ന ചില അടിസ്ഥാന സങ്കല്‍പങ്ങളെ കുറിച്ചാണ്. ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ പോലും ഒരു ജനത അറ്റം കാണാത്ത അധിനിവേശ കെടുതികളില്‍ നീറി കഴിയുന്നു എന്നതാണീ പദങ്ങള്‍ അര്‍ഥമാക്കുന്നത്.
അല്‍ അവ്ദ
മാതൃരാജ്യത്തേക്കു മടങ്ങാനുള്ള ഫലസ്തീനികളുടെ അവകാശത്തിന്റെ യു എന്‍ പ്രഖ്യാപനമാണ് 149ാം പ്രമേയം. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്നവരെ മാത്രമല്ല, മറ്റ് അയല്‍രാജ്യങ്ങളില്‍ രണ്ടാം തരം പൗരന്‍മാരായി കഴിയുന്ന ആറു ദശലക്ഷത്തിലേറെ വരുന്ന അഭയാര്‍ഥികള്‍ക്കും മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവകാശത്തെ ഈ പ്രമേയം ഊന്നിപ്പറയുന്നു. കൂടാതെ, മടങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
സമാനമായ നിരവധി പ്രമേയങ്ങളാണ് യുഎന്‍ ശേഖരങ്ങളില്‍ വിശ്രമിക്കുന്നത്. എന്നാല്‍ യുഎന്‍ പ്രമേയങ്ങള്‍ അടിച്ചേല്‍പിക്കാനായി ഭൂഗോളത്തിന്റെ പാതിയും പറന്ന് വന്‍ സൈനിക നടപടികള്‍ നടത്തുന്ന വന്‍ശക്തികളും ശക്തിസഖ്യങ്ങളും പ്രമേയങ്ങള്‍ ഇസ്‌റാഈലിനെതിരാവുമ്പോള്‍ അവയൊന്നും വായിക്കുക പതിവില്ല. ദശാബ്ദങ്ങള്‍ക്കപ്പുറം തങ്ങളുടെ പിതാമഹന്മാര്‍ ജീവിച്ച വിശുദ്ധ ഭൂമി കണ്ടിച്ചും കുടിയേറിയും കൈവശപ്പെടുത്തിയും തിരിച്ചറിയാനാവാത്തവിധം ഭൂപടം തന്നെ മാറ്റിവരച്ച ദുരന്ത സാഹചര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ പ്രകോപിതനാവാത്ത ഒരു രാജ്യസ്‌നേഹിയും ഉണ്ടാവില്ല.
അതുകൊണ്ടുതന്നെ തലമുറകള്‍ എത്ര കഴിഞ്ഞാലും മടങ്ങാനുള്ള തങ്ങളുടെ അവകാശത്തില്‍ നിന്നൊരിഞ്ചും പിറകോട്ടില്ല എന്നാണ് അഭയാര്‍ഥി ക്യാമ്പുകളുടെ പ്രവേശന കവാടത്തില്‍ എഴുതിവെച്ച അല്‍ അവ്ദ (മടക്കം) എന്ന പദം നമ്മോട് പറയുന്നത്. പ്രശസ്തനായ ഫലസ്തീനി വിപ്ലവ കവി എന്നറിയപ്പെട്ട അബൂഅറബിയുടെ (ഇബ്‌റാഹീം മുഹമ്മദ് സാലിഹ് 1931-2014) കവിതകളുടെ മുഖ്യ പ്രമേയം മാതൃരാജ്യത്തേക്കുള്ള മടക്കമാണ്. ‘ഹദ്ദീ യാ ബഹ്‌റ് ഹദ്ദീ’ എന്ന അദ്ദേഹത്തിന്റ കവിതയിലെ ഏതാനും വരികള്‍:
‘കടലേ ശാന്തമാകൂ
ശാന്തമാകൂ
യാത്ര, അതെത്ര
ദൂരെയാണെങ്കിലും
നമുക്ക് മടങ്ങേണ്ടതുണ്ട്.
അങ്ങ് ദൂരെ സ്‌നേഹ
നിധിയായ എന്റെ ഉമ്മ
ആ തലയണകളില്‍
ഞങ്ങളുടെ മണം
പിടിക്കുന്നുണ്ടാവും.
തണല്‍പ്പക്ഷികള്‍ പാട്ടു
പാടുന്നത്
ഞങ്ങളുടെ മടക്കത്തിന്
വേണ്ടിയാണ്’

(അബൂഅറബി).
രണ്ടു യുദ്ധങ്ങളും (1948, 1967) തുടര്‍ കൈയേറ്റങ്ങളും വഴി മെഡിറ്ററേനിയന്‍ തീരത്ത് ഒരു ചെറിയ ചീന്തും (ഗസ്സ സ്ട്രിപ്) ജോര്‍ദാന്‍ നദീതീരത്തൊരു വലിയ ചീന്തുമായി (വെസ്റ്റ് ബാങ്ക്) ഇസ്‌റാഈലിനാല്‍ ചുറ്റപ്പെട്ട രണ്ട് അകന്ന ചീന്തുകളില്‍ കുടുങ്ങിക്കഴിയുന്ന ജനതയെയാണ് നാമിന്ന് ഫലസ്തീനികള്‍ എന്ന് പറയുന്നത്. ജീവിതം ദുസ്സഹമായപ്പോള്‍ മറ്റു പല നാടുകളിലേക്കും പലായനം ചെയ്തവര്‍ വേറെയുമുണ്ട്. പക്ഷേ, തങ്ങള്‍ മടക്കം ആഗ്രഹിക്കുന്ന മാതൃരാജ്യം ഇന്നെവിടെ?
ഇസ്മായീല്‍ ഹനിയ്യയുടെയും മഹ്മൂദ് അബ്ബാസിന്റെയും എന്നല്ല ഓരോ ഫലസ്തീനിയുടെയും ഭാഷയില്‍ പറഞ്ഞാല്‍ മാതൃരാജ്യം എന്നത് ഇതല്ല, അത് തങ്ങളുടെ പൂര്‍വപിതാക്കള്‍ അധിവസിച്ച, നഹ്‌റ് മുതല്‍ ബഹ്‌റ് വരെ വിശാലമായ മാതൃരാജ്യമാണ്. (ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ കടല്‍വരെ, 1946 ലെ പാലസ്തീന്‍).

Back to Top