24 Tuesday
December 2024
2024 December 24
1446 Joumada II 22

അധികാര രാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ക്കെന്തു നേട്ടം

ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

അധികാര കസേരകളില്‍ കണ്ണു വെക്കാതെ അപരന്റെ വേദനകളെ മനസ്സിലാക്കാനും അവരെ കൂട്ടിപ്പിടിക്കാനും തയ്യാറുള്ള വിശാലമനസ്‌ക്കരായ നേതൃനിരയെയാണ് സമകാലിക ഇന്ത്യക്ക് ആവശ്യം. രാഷ്ട്രീയ പകപോക്കലുകളും അടിസ്ഥാന രഹിതമായ ആരോപണ കസര്‍ത്തുക്കളും അനാവശ്യ വാഗ്വോദങ്ങളുംകൊണ്ട് വാര്‍ത്താ ചാനലുകള്‍ സജീവമാകുമ്പോള്‍ നഷ്ടപ്പെടുന്നത് സാമൂഹിക സൗഹൃദങ്ങളിലെ നന്മകളാണ്. അടിസ്ഥാനരഹിതമായ ആരോപണ പ്രത്യാരോപണങ്ങളും കളവ്, വഞ്ചന, ചതി, തുടങ്ങിയ സാമൂഹിക തിന്മകള്‍ രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമാണന്ന തോന്നലാണ് പുതുതലമുറയില്‍ ജനിപ്പിക്കുന്നത്. രാഷ്ട്രീയം അധികാര സംരക്ഷണത്തിനുള്ള ഒരുപാധിയല്ലായെന്നും മറിച്ച് രാഷ്ട്ര സേവനവും മാനവ നന്മയുമാണ് രാഷ്ട്രീയത്തിനാധാരം എന്ന ബോധമാണ് നേതാക്കളില്‍ ഉണ്ടാകേണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ ഭരണകാര്യനിര്‍വഹണ മേഖലയിലേക്ക് നീങ്ങുവാനുള്ള സാമൂഹിക സാഹചര്യം രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ലഭിച്ചിട്ടും ജനക്ഷേമത്തിനും മതസൗഹാര്‍ദ്ധത്തിനുമാണ് ഇറങ്ങി പുറപ്പെട്ടത്. കര്‍മ്മം കൊണ്ട് ജീവിതം പകര്‍ത്തുവാന്‍ ഉതകുന്നതായിരിക്കണം എന്ന ഗാന്ധിയുടെ മാനവിക കാഴ്ചപ്പാടിനെ ഉള്‍കൊള്ളാന്‍ സാധിക്കാത്ത നേതൃനിരകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇക്കൂട്ടര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ് ജനസമൂഹത്തില്‍ കശാപ്പു ചെയ്യുന്നത്. രാഷ്ട്രീയം ഒരു ജനസേവന ഉപാധിയാണ് എന്ന അടിസ്ഥാന തത്വത്തെയാണ് ഇവര്‍ വിസ്മരിച്ചുകൊണ്ടിരിക്കുന്നത്.

Back to Top