9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ആദര്‍ശത്തിലും സത്യത്തിലും ഉറച്ചുനില്‍ക്കുന്നവര്‍

അബ്ദുല്‍അലി മദനി


മുസ്‌ലിം ലോകത്ത് പ്രവാചകന്‍(സ)യുടെ വിയോഗാനന്തരം അറിയപ്പെട്ട വിഭാഗങ്ങളിലൊന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്നത്. വേറെയും കക്ഷികളും വിഭാഗങ്ങളുമുണ്ട്. എല്ലാവരും തങ്ങളാണ് സത്യത്തിന്റെയാളുകളെന്ന് അവകാശപ്പെടുന്നുമുണ്ട്. ഞങ്ങള്‍ മാത്രമാണ് സത്യത്തിന്റെ പാതയിലെന്നു തന്നെയാണല്ലോ ഓരോരുത്തരും അവകാശപ്പെടുക. അതൊരു സ്വാഭാവിക വാദഗതി മാത്രമാണ്. എന്നാല്‍ പ്രവാചകന്‍ അവിടുത്തെ വിയോഗമുണ്ടാകുന്നതിനു മുമ്പുതന്നെ സംഭവിച്ചേക്കാവുന്ന ഒരു കാര്യമെന്ന നിലക്ക് നടത്തിയ പ്രവചനത്തില്‍ സത്യത്തിന്റെ ആളുകള്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിങ്ങനെയാണ്: ‘ഞാനും എന്റെ സന്തതസഹചാരികളും ഏതൊരു മാര്‍ഗത്തിലായിരുന്നുവോ അതില്‍ നിലകൊള്ളുന്നവരായിരിക്കും എന്റെ ശേഷം സത്യപാതയിലായവര്‍’. ഈയൊരടിസ്ഥാനത്തില്‍ രൂപ്പപെട്ടതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്നത്. എന്നാല്‍, പരിപൂര്‍ണമായും പ്രവാചകന്‍(സ) പഠിപ്പിച്ചറിയിച്ച പോലെത്തന്നെയാണ് ഇപ്പോള്‍ ഈ അവകാശവാദമുന്നയിക്കുന്നതെന്ന് പറയാവതെല്ലെങ്കിലും സത്യത്തിന്റെ പാതയതു തന്നെയാണെന്ന് പറയാം. അല്ലാഹു നമ്മെ ആ വിഭാഗത്തില്‍ പൂര്‍ണമായും എത്തിച്ചേര്‍ക്കട്ടെയെന്ന് പ്രാര്‍ഥിക്കുക. അസത്യത്തില്‍ ഒരുമിച്ചു കൂടുന്ന ഭൂരിപക്ഷത്തെയോ കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാത്ത സാധാരണക്കാരെയോ അല്ല ഇവിടെ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇങ്ങനെയുള്ളവരൊക്കെ നാം മുകളില്‍ സൂചിപ്പിച്ചപോലെ അവകാശവാദമുന്നയിക്കുന്നവര്‍ മാത്രമാണെന്നതാണ് വസ്തുത.
എന്നാല്‍ യഥാര്‍ഥത്തില്‍ ആരാണവര്‍? ഉത്തരം വളരെ ലളിതമാണ്. പ്രവാചകനും അവിടുത്തെ സന്തതസഹചാരികളായിരുന്ന സ്വഹാബത്തും പഠിച്ചറിഞ്ഞ് വിശ്വസിച്ച് പ്രവൃത്തി പഥത്തില്‍ നിലനിര്‍ത്തിയ നടപടിക്രമങ്ങള്‍ മുറുകെ പിടിച്ചുനിന്നവര്‍. ഇസ്‌ലാം മതത്തില്‍ കടന്നൂകൂടിയ നൂതന പ്രവണതകളെ നഖശിഖാന്തം എതിര്‍ക്കുന്നവരുമാണവര്‍. കൂടാതെ, ഖുര്‍ആനിന്റെയും പ്രവാചകചര്യകളുടെയും അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി ഏകോപിച്ച് ഒന്നിച്ചു നില്‍ക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന ഒരാശയമാണത്.
പ്രവാചകന്‍(സ) അറിയിച്ച വിജയികളായ വിഭാഗം അവര്‍ മാത്രമാണ്. അവിടുന്ന് പറഞ്ഞു: യഹൂദികളും ക്രിസ്ത്യാനികളും എഴുപത്തിരണ്ട് വിഭാഗമായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗവും. അവയില്‍ നിന്ന് ഒന്നൊഴികെ ബാക്കിയെല്ലാം അസത്യത്തിന്റെയാളുകളും നരകാവകാശികളുമായിരിക്കും. രക്ഷപ്പെടുന്ന വിഭാഗമാണ് അല്‍ജമാഅഃ. നമ്മുടെയിടയില്‍ പ്രചാരമുള്ള സലഫുസ്സാലിഹുകള്‍, അഹ്‌ലുല്‍ ഹദീസ്, അല്‍ഫിര്‍ഖത്തുന്നാജിയ, ത്വായിഫത്തുല്‍ മന്‍സൂറഃ, അഹ്‌ലുല്‍ ഇത്തിബാഅ് എന്നിങ്ങനെ അറിയപ്പെടുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയെത്തന്നെയാണ്.
ഇസ്‌ലാമികമായ വിശ്വാസങ്ങളും കര്‍മങ്ങളും ശരിയായി ചിട്ടപ്പെടുത്തണമെങ്കില്‍ രണ്ട് പ്രമാണങ്ങളെയാണ് മൗലികമായി അവലംബിക്കേണ്ടത്. ഒന്ന്, അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍. രണ്ട്, പ്രവാചകനില്‍ നിന്ന് ന്യൂനതയില്ലാതെ രേഖപ്പെടുത്തിയ സ്ഥിരപ്പെട്ട ചര്യകള്‍. പ്രവാചകന്‍ അല്ലാഹുവില്‍ നിന്നു ദിവ്യബോധനം ലഭിക്കുന്ന ആളായതിനാല്‍ അന്യൂനമായി ഉദ്ധരിക്കപ്പെട്ട പ്രവാചകാധ്യാപനങ്ങള്‍ മാതൃകയാക്കുകയാണെങ്കില്‍ മാത്രമേ വിശുദ്ധ ഖുര്‍ആനിന്റെ വഴിയില്‍ എത്തിച്ചേരുകയുള്ളൂ.
ഇജ്മാഅ്, ഖിയാസ് എന്ന് സാങ്കേതികമായി പറയാറുള്ളത് ഖുര്‍ആനിനോടും നബിചര്യയോടും ബന്ധപ്പെട്ടുകിടക്കുന്നതു തന്നെയായതിനാല്‍ അവ രണ്ടും ഒരേ ഉറവിടത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. ആയതുകൊണ്ട് അതിനെ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തേണ്ടതില്ല. ഖുര്‍ആനിന്റെയും നബിചര്യയുടെയും താല്‍പര്യവും തേട്ടവും മനസ്സിലാക്കി ഉത്തമനൂറ്റാണ്ടുകളിലെ മഹാന്മാര്‍ നിരാക്ഷേപം ഒന്നിച്ചു കൈക്കൊണ്ട നടപടിക്കാണ് ഇജ്മാഅ് എന്ന് പറയുന്നത്. ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ള വിധികളോട് തുലനം ചെയ്യുന്ന സമീപനമാണ് ഖിയാസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അന്തിമ വിശകലനത്തില്‍ ഇവ രണ്ടും ഖുര്‍ആനിലും സുന്നത്തിലും എത്തിച്ചേരുന്നതായി കാണാം.
അപ്പോള്‍ അടിസ്ഥാനപരമായി ഖുര്‍ആനും സുന്നത്തും തന്നെയാണ് ഉറവിടം. അദൃശ്യജ്ഞാനങ്ങള്‍ പ്രാപിക്കാന്‍ മനുഷ്യബുദ്ധികൊണ്ടാവില്ല. പ്രവാചകന്മാരിലൂടെയല്ലാതെ മനുഷ്യരെ അദൃശ്യകാര്യങ്ങള്‍ ബോധ്യപ്പെടുത്താനും കഴിയില്ല. നേരെ ചൊവ്വെ സദുദ്ദേശ്യപൂര്‍വം ചിന്തിക്കുന്ന ആര്‍ക്കും മതാധ്യാപനങ്ങളില്‍ അവ്യക്തമായി ഒന്നും തന്നെ കാണാനാവില്ല. ഖുര്‍ആനും സുന്നത്തും ശക്തമായ രണ്ട് പ്രമാണങ്ങള്‍ തന്നെയാണ്.
അവ രണ്ടും മനുഷ്യനിര്‍മിത ചിന്തകളല്ലെന്നതാണതിനു കാരണം. മുസ്‌ലിംകള്‍ അവരുടെ വിശ്വാസകര്‍മങ്ങളുടെ ഉരകല്ലായിട്ടാണ് അതിനെ കാണുന്നത്. വിശ്വാസകര്‍മങ്ങളുടെ ബലാബലം നോക്കാന്‍ ഒരു നിശ്ചിത അളവുകോലുതന്നെയില്ലാത്തവര്‍ക്ക് ഇതിന്റെയടുക്കല്‍ പിടിച്ചുനില്‍ക്കാനാവില്ല. പറയുക, നിങ്ങള്‍ നിങ്ങളുടെ പ്രമാണങ്ങള്‍ കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളാണെങ്കില്‍ (വി.ഖു 2:11)
ഈ വിധം ഇസ്‌ലാമിനെ അതിന്റെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കി അതുള്‍ക്കൊണ്ടവരില്‍ ബഹുദൈവസങ്കല്‍പങ്ങളോ വന്‍കുറ്റകൃത്യങ്ങളോ മതത്തിലില്ലാത്ത നൂതനാചാരങ്ങളോ(ബിദ്അത്ത്) കാണാനാവില്ല. കാരണം അതില്‍ അവ്യക്തതകളോ പരസ്പര വൈരുധ്യങ്ങളോ ഇല്ല തന്നെ. അല്ലാഹുവിന്റെ വാക്കുകളില്‍ എങ്ങനെയാണ് നിലനില്‍ക്കാത്തതും നിഗൂഢമായതും ഉണ്ടാവുക?
എന്നാല്‍ ഇസ്‌ലാമിന്റെ പരിശുദ്ധിയില്‍ വെള്ളം കലക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവര്‍ ദുരൂഹതകള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നവരാണ്. അവര്‍ അവരുടെ സ്വന്തം വകയായുള്ള ചില ദുര്‍ന്യായങ്ങള്‍ ജനമധ്യേ പ്രചരിപ്പിക്കുന്നു. മതാധ്യാപനങ്ങളെപ്പറ്റി അജ്ഞരായ ചിലര്‍ ഇത്തരക്കാരുടെ ജല്‍പനങ്ങളില്‍ ആകൃഷ്ടരായി അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ലേബലൊട്ടിച്ച് അവരുടെ ദുഷിച്ച ആശയങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, ‘എന്റെ സമുദായത്തില്‍ സത്യത്തിന്റെ വക്താക്കളായി നിലകൊള്ളുന്ന ഒരു വിഭാഗം എന്നും നിലനില്‍ക്കും. അവരെ കയ്യൊഴിക്കുന്നവരുടെ യാതൊരു ഉപദ്രവവും അവര്‍ക്ക് ഏല്‍ക്കുകയില്ല. അല്ലാഹുവിന്റെ തീര്‍പ്പ് (ലോകാവസാനം) വരും വരെ’ (മുസ്‌ലിം, തുര്‍മുദി) എന്ന നബിവാക്ക് അന്വര്‍ഥമാവുക തന്നെ ചെയ്യും, തീര്‍ച്ച.
ലോകത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക ചലനങ്ങള്‍ മുസ്‌ലിംകളില്‍ ഐക്യവും സാഹോദര്യവും നിലനില്‍ക്കാന്‍ വേണ്ടിയുള്ളതാവണം. അവരുടെ മതപരവും ഭൗതികവുമായ കാര്യങ്ങള്‍ നന്നാക്കിയെടുക്കാനും ഉതകുന്നതാകണം. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ശീലമാകണം. തന്നിഷ്ടപ്രകാരം ആരും ആരെയും സ്വര്‍ഗാവകാശികളോ നരകാവകാശികളോ ആക്കരുത്. അവിവേകികള്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണകളെയും അതിന്റെ മറവില്‍ സ്വാര്‍ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിപ്പുകളെയും തിരിച്ചറിയാന്‍ കഴിയണം. അപ്പോള്‍ ആരാണ് അഹ്‌ലുസ്സുന്നത്തുകാരെന്ന് വ്യക്തമാകും.
വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ആരാണ് പ്രവാചകചര്യ അവലംബിക്കുന്നതെന്ന് വെളിവാകും, വേര്‍തിരിയും. അപ്പോള്‍ അവര്‍ സലഫുസ്സ്വാലിഹുകളാകും. ഉത്തമനൂറ്റാണ്ടുകളിലെ സ്വഹാബത്തിന്റെയും താബിഉകളുടെയും യോഗ്യരായറിയപ്പെട്ട ഇമാമുകളുടെയും മാര്‍ഗമവലംബിച്ചവരാകും. അവര്‍ ഒരിക്കലും സൂഫികളെപ്പോലെ ഖബ്‌റാരാധനകളോ ബിദ്അത്തുകളോ പ്രവര്‍ത്തിക്കുകയില്ല. കല്ലുകള്‍, പാറകള്‍, ഖബ്‌റുകള്‍, ഖുബ്ബകള്‍ എന്നിവയെ ഭക്തിപൂര്‍വം ആഗ്രഹ സഫലീകരണത്തിനായി അവര്‍ സമീപിക്കുകയില്ല.
ജനന മരണ ദിവസങ്ങള്‍ ആദരവോടെ അവര്‍ ആഘോഷിക്കുകയില്ല. സത്യം തുറന്നുപറയാനും സത്യത്തില്‍ ഉറച്ചുനില്‍ക്കാനും അവര്‍ മടിക്കുകയില്ല. കാര്യലാഭത്തിനുവേണ്ടി ഏതുമാര്‍ഗവും സ്വീകരിക്കല്‍ അവരുടെ ശൈലിയല്ല. പാണ്ഡിത്യവും വിനയവും ധര്‍മവും സഹനവും വിട്ടുവീഴ്ചയും അവര്‍ പ്രാവര്‍ത്തികമാക്കും. മുന്‍കോപികളായി അവര്‍ ഒന്നിലും എടുത്തുചാടുകയില്ല. എതിരാളിയെ നേരിടുന്നതില്‍ അവര്‍ ഖുര്‍ആനിക സന്ദേശങ്ങളെ കാത്തുസൂക്ഷിക്കും.
എന്റെ സമുദായത്തില്‍ നിന്ന് ഒരു ചെറുസംഘം സത്യത്തിന്റെ പ്രയോക്താക്കളായി ലോകാവസാനം വരെ നിലകൊള്ളുമെന്ന വചനം അവരിലാണ് അന്വര്‍ഥമാവുക. ജനങ്ങള്‍ വികൃതമാക്കിയതിനെ നന്നാക്കുന്നവരായതിനാല്‍ ആശീര്‍വാദങ്ങളും അനുമോദനങ്ങളും അവര്‍ക്കാണ് സാക്ഷാത്കരിക്കുക. അവര്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണെങ്കിലും പ്രവാചകന്റെ മംഗളാശീര്‍വാദങ്ങള്‍ അവര്‍ക്കുള്ളതാണ്.
അനിസ്‌ലാമികതയും പൈശാചികതയും വെച്ചുപുലര്‍ത്തുന്നവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. മതവിരുദ്ധ ചിന്തകളും ആശയങ്ങളും പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുകയും തങ്ങളാണ് ദീനിന്റെ മൊത്തക്കുത്തകക്കാര്‍ എന്ന് അവകാശപ്പെടുകയും യഥാര്‍ഥ മതം ഉള്‍ക്കൊണ്ടവരെ പുറത്താക്കാന്‍ വികൃതമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവര്‍ കണ്ടറിയണം. നിങ്ങള്‍ക്ക് ഈ മതത്തെ (ഇസ്‌ലാമിനെ) ഞാന്‍ തൃപ്തിപ്പെട്ട് നല്‍കിയിരിക്കുന്നു എന്ന ദൈവികവാഗ്ദാനം സത്യമായി പുലരുന്നത് കാണാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x