19 Tuesday
November 2024
2024 November 19
1446 Joumada I 17

ഇസ്‌ലാഹി കേരളത്തിന്റെ ആദര്‍ശ സംഗമം

ഡോ. ജാബിര്‍ അമാനി


ഇസ്്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മൗലികമായ നിര്‍ദേശങ്ങളും രീതിശാസ്ത്രവും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ മാര്‍ഗങ്ങള്‍ ഇന്നത് മാത്രമേ ആയിരിക്കാവൂ എന്ന് പ്രത്യേകം നിജപ്പെടുത്തിയിട്ടില്ല. പ്രവാചകന്മാരുടെ പ്രബോധന ദൗത്യങ്ങളുടെ ആത്മാവും ലക്ഷ്യവും ഒന്നായിരുന്നതോടൊപ്പം രൂപങ്ങള്‍ക്ക് വൈവിധ്യമുണ്ടായിരുന്നു. ഇബ്റാഹിം നബി(അ) വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തിയ രീതിയല്ല മുഹമ്മദ് നബി(സ) സ്വീകരിച്ചത്. ഓരോ ജനതയുടേയും ജീവിത സാഹചര്യങ്ങളും കാലഘട്ടങ്ങളും സ്പന്ദനങ്ങളും തിരിച്ചറിഞ്ഞാണ് ദൈവീക സന്ദേശങ്ങളെ (രിസാലത്ത്) ജനങ്ങളിലേക്ക് കൈമാറിയത്. അങ്ങനെയായിരിക്കണം പ്രബോധന ദൗത്യങ്ങള്‍ എന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. (ഇബ്റാഹിം 4)
നല്ല വാക്കിനെ നല്ല മരത്തോടുപമിക്കുന്ന ഖുര്‍ആന്‍ അധ്യാപനം ശ്രദ്ധേയമാണ് (ഇബ്റാഹിം 24). കാണ്ഡമില്ലാത്ത ഒരു മരത്തെക്കുറിച്ചാണ് ഈ വചനം സൂചിപ്പിക്കുന്നത്. അടിത്തറ സുഭദ്രവും ഫലങ്ങള്‍ പ്രാപ്തി വൈവിധ്യവും വൈപുല്യവും നിറഞ്ഞതുമാവണം എന്ന് പ്രഖ്യാപിക്കുന്നു. അഥവാ ഓരോ കാലത്തും ദേശത്തും നിര്‍വഹിക്കുന്ന സത്യസന്ദേശ പ്രചാരണ ദൗത്യങ്ങള്‍ (കാണ്ഡം) വൈവിധ്യമുള്ളതായിരിക്കും. അവ ഒരേ വാര്‍പ്പു മാതൃകയിലേക്ക് ചുരുക്കുന്നത് ഉചിതമല്ല. ആദര്‍ശാടിത്തറയും തദ്ഫലമായ ലക്ഷ്യപാപ്തിയും മാറ്റത്തിന് വിധേയമല്ല. നടേ സൂചിപ്പിച്ച രണ്ടു വചനങ്ങളുടെയും മൗലികമായ തത്വത്തില്‍ ‘സമ്മേളന’ങ്ങളെ വിലയിരുത്തുമ്പോഴാണ്, അത് കേവലമായൊരു ആള്‍ക്കൂട്ട സംഗമമല്ലെന്ന് തിരിച്ചറിയുക.
മത സംഘടനകളല്ലാത്തവരും സമ്മേളനങ്ങളും സമാനമായ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുവെന്നിരിക്കെ മത സമ്മേളനങ്ങളെ ഭൗതികമായ പ്രദര്‍ശനപരതയും പൊലിമയും കാണിക്കുന്ന കാഴ്ചകള്‍ മാത്രമായി അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം. അത് സ്വാഭാവികവുമാണ്. മുജാഹിദ് സമ്മേളനങ്ങള്‍ പ്രസരിപ്പിക്കുന്ന ആശയ പ്രമേയവും പ്രവര്‍ത്തന രീതികളും നിഷ്പക്ഷമായി വിലയിരുത്തിയാല്‍ അതിന്റെ സദ്ഫലങ്ങള്‍ ചെറുതല്ല എന്ന് ബോധ്യപ്പെടുന്നതാണ്. സമ്മേളനങ്ങളെ മാത്രം പരിഗണിക്കുമ്പോള്‍ ജനലക്ഷങ്ങള്‍ ഒരുമിച്ചു ചേരുന്ന ഒരു സംഗമമായി മാത്രമേ വിലയിരുത്തുകയുള്ളൂ. എന്നാല്‍ സമ്മേളന പൂര്‍വ പ്രവര്‍ത്തനങ്ങളേയും പ്രബോധനങ്ങളെയും തിരിഞ്ഞ് നോക്കുകയും മുസ്‌ലിം നവോത്ഥാന രംഗത്ത് സമ്മേളനങ്ങള്‍ ചെലുത്തിയ സ്വാധീനങ്ങളെ തിരിച്ചറിയുകയും ചെയ്യുമ്പോഴേ വസ്തുതകള്‍ ബോധ്യപ്പെടുകയുള്ളൂ.
കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രം അടയാളപ്പെടുത്തിയ മുജാഹിദ് പ്രസ്ഥാനം ചെലുത്തിയ പരിവര്‍ത്തനങ്ങള്‍ക്ക് സമ്മേളനങ്ങളുടെ ചരിത്രം കൂടി സ്മരിക്കാനുണ്ട്. 1922 ല്‍ ആരംഭിച്ച കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പ്രബോധന- പ്രചാരണ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്നത്, സംഘം നടത്തിയ 12 വാര്‍ഷിക മഹാ സമ്മേളനങ്ങള്‍ ആയിരുന്നു. പ്രസ്തുത വാര്‍ഷിക സമ്മേളനങ്ങളുടെ (1922 മുതല്‍ 1934 വരെ) അധ്യക്ഷന്മാര്‍ ആരെല്ലാമായിരുന്നു എന്ന് ശ്രദ്ധിച്ചാല്‍ തന്നെ ഐക്യസംഘ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണവും ലോക മുസ്്ലിം ചലനങ്ങളില്‍ പ്രസ്ഥാനത്തിനുണ്ടായിരുന്ന ബന്ധവും സ്വാധീനവും വ്യക്തമാവുന്നതാണ്. ഒരു നവോത്ഥാന സംഘം എന്നതിലേക്ക് ഈ ബന്ധങ്ങള്‍ ഏറെ പ്രസക്തമാണ്.
1924-ല്‍ ആലുവായില്‍ നടന്ന രണ്ടാമത് വാര്‍ഷിക സമ്മേളനത്തില്‍, അന്നത്തെ ഇന്ത്യയിലെ ഉന്നത മതപാഠശാലയായ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് പ്രിന്‍സിപ്പില്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്റത്ത്, 1926 ലെ തലശ്ശേരി നാലാം വാര്‍ഷിക സമ്മേളനത്തില്‍ ഖുര്‍ആനിന്റെ പ്രമുഖ ഇംഗ്ലീഷ് വ്യാഖ്യാതാവായ മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍ എന്നിവര്‍ അധ്യക്ഷന്മാര്‍ക്ക് ചില ഉദാഹരണങ്ങളാണ്. ആശയ വിനിമയ സംവിധാനങ്ങള്‍ തുലോം പരിമിതമായ അക്കാലത്ത്, ഇത്ര ഉന്നത വ്യക്തിത്വങ്ങളുമായുള്ള ബന്ധവും അവരുടെ സാന്നിധ്യം വഴി ചെലുത്തിയ സ്വാധീനവും വര്‍ത്തമാന കാല നവോത്ഥാനവും കേരളീയ സമൂഹവും കാണുന്നുണ്ട്. ഐക്യസമ്മേളനത്തിന്റെ പ്രവര്‍ത്തന ഫലമായാണ് കേരള ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്‍കുന്നത് (1924ല്‍).

അന്ധവിശ്വാസങ്ങളുടെ നിര്‍മാര്‍ജനം, വിദ്യാഭ്യാസ നവോത്ഥാനം, പ്രകൃതിയുമായുള്ള വിശ്വാസികളുടെ ബന്ധത്തെ ശക്തിപ്പെടുത്തല്‍, സ്ത്രീകളുടെ വിദ്യാഭ്യാസം, മതബന്ധം എന്നിവയെ ശക്തിപ്പെടുത്തല്‍, ആരോഗ്യ ചികിത്സാ രംഗങ്ങളില്‍ നിര്‍വഹിക്കേണ്ട ബാധ്യതകളും ദൗത്യങ്ങളും ബോധ്യപ്പെടുത്തല്‍, ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളായ കേരളത്തിന്റെ പൊതുവായ നവോത്ഥാന സംരംഭങ്ങളിലുള്ള പങ്കാളിത്തം, കേരള മുസ്ലിംകള്‍ക്ക് ക്രിയാത്മകമായ കാഴ്ചപ്പാടുകളും നയനിലപാടുകളും രൂപീകരിക്കുന്നതിന് ധിഷണാപരമായ നേതൃത്വം നല്‍കുക തുടങ്ങിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു നിമിത്തമായിത്തീര്‍ന്നത് വാര്‍ഷിക സമ്മേളനങ്ങളാണ്.
ഒരു പ്രസ്ഥാനമെന്ന നിലക്ക് ചെറിയ കാലഘട്ടം കൊണ്ട് തന്നെ ശക്തവും ഉജ്വലവുമായ പരിവര്‍ത്തനങ്ങളാണ് ഐക്യസംഘം കാഴ്ചവെച്ചത്. ഐക്യ സംഘത്തിന്റെ മുഖ്യ കര്‍മ മേഖല ദക്ഷിണ കേരളമായിരുന്നിട്ടും സ്വാധീന മേഖല കേരളത്തെ പൊതുവായി ഉള്‍ക്കൊണ്ടുവെന്നതും സമ്മേളനങ്ങളുടെ അനന്തരഫലമാണെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നു. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവവും ജനകീയവുമായ മുഖം കൈവരുന്നതിന് കാരണമായ പണ്ഡിതസഭ കെ ജെ യു വിന്റെയും കെ എന്‍ എമ്മിന്റെയും രൂപീകരണവും (1950) ഐക്യസംഘ വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ സദ്ഫലമാണ്.
പ്രസ്ഥാന രൂപീകരണം വഴിയോ കേവലമൊരു സ്ഥാപനാസൂത്രണങ്ങളിലൂടെ മാത്രമോ ഒരു ആശയത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയില്ല. ശക്തമായ പ്രചാരണങ്ങളും പ്രബോധനവും അനിവാര്യമാണ്. ഏതുകാലത്തും പ്രഭാഷണങ്ങളിലൂടെയും യുക്തിസമ്പര്‍ക്കങ്ങള്‍ വഴിയുമാണ് ഈ ദൗത്യങ്ങള്‍ നിര്‍വഹിച്ചത്. വ്യക്തികളുടെ മനസ്സിന്റെ മാറ്റമാണല്ലോ ആശയ സ്വീകരണത്തിന്റെ മുഖ്യമേഖല. അതിനായി വ്യാപകമായ സന്ദേശ പ്രചാരണങ്ങളും ആവശ്യമാണ്. അവയെല്ലാം ഏതു കാലത്തും പ്രഭാഷണങ്ങളിലൂടെയാണ് പൊതുവില്‍ നിര്‍വഹിക്കപ്പെടാറുള്ളത്.
മുജാഹിദ് സംസ്ഥാന സമ്മേളനങ്ങള്‍ വ്യവസ്ഥാപിതമായി ആരംഭിക്കുന്നത് 1979 മാര്‍ച്ച് എട്ട് മുതല്‍ 11 വരെ പുളിക്കല്‍ വെച്ചാണെങ്കിലും ചെറുതും വലുതുമായ ഒട്ടേറെ സമ്മേളനങ്ങള്‍ കെ എന്‍ എം നേതൃത്വത്തില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്്. 1951 ഏപ്രില്‍ മുതല്‍ 1968 മെയ് വരെ വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു മുന്‍പ് കെ എന്‍ എം സംസ്ഥാന സമ്മേളനം 1972 മെയ് നാല് മുതല്‍ ഏഴുവരെ കോഴിക്കോട് വെച്ച് നടക്കുകയുണ്ടായി. എന്നാല്‍ മുജാഹിദ് ഒന്നാം സംസ്ഥാന സമ്മേളനം എന്ന് പരിഗണിക്കുന്നത് പുളിക്കല്‍ സമ്മേളനമാണ്.
പത്താമത് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുകയാണല്ലോ. പുളിക്കല്‍ സമ്മേളന ശേഷം അരനൂറ്റാണ്ടിന്റെ കര്‍മ ദൗത്യവുമായി വീണ്ടും കരിപ്പൂരില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങുമ്പോള്‍, ഒട്ടേറെ സദ്ഫലങ്ങളും സ്വാധീനങ്ങളുമാണ് കേരള സമൂഹവും പൊതുവിലും മുസ്ലിംകള്‍ പ്രത്യേകിച്ചും അടയാളപ്പെടുത്തിയിട്ടുള്ളത്. കേവലമൊരു കൂടിപ്പിരിയലും പ്രദര്‍ശനപരതയുമാണ് സമ്മേളനങ്ങളില്‍ പരിഗണിക്കുന്നതെങ്കില്‍ ഇത്രമേല്‍ ശക്തമായ ഒരു സ്വാധീനം കേരള ജനതക്ക് ദര്‍ശിക്കുവാന്‍ സാധിക്കുകയില്ലല്ലോ.
മതപ്രബോധനം മുതിര്‍ന്നവരും പ്രായം ചെന്നവരും മാത്രം നിര്‍വഹിച്ചു വന്നിരുന്ന ഒരു സാഹചര്യം പഴയകാലത്ത് കാണാമായിരുന്നു. പള്ളികളിലെ ആരാധനാ കാര്യങ്ങളുടെ മുഖ്യപങ്കാളിത്തവും തഥൈവ. എന്നാല്‍ പുളിക്കല്‍ സമ്മേളനത്തിനു മുന്‍പ് തന്നെ സമൂഹത്തിലെ യുവജന, വിദ്യാര്‍ഥി, സ്ത്രീ, വിഭാഗങ്ങളെ ശക്തമായ മതബോധമുള്ളവരാക്കി വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ ബൃഹത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വാര്‍ഷിക സമ്മേളനങ്ങളുടെ ഭാഗമായി പ്രത്യേകം നിര്‍വഹിച്ചിരുന്നു.
1967 ല്‍ യുവജന വിഭാഗവും (ഐ എസ് എം) 1970 ല്‍ വിദ്യാര്‍ഥി വിഭാഗവും (എം എസ് എം) രൂപീകൃതമാവുന്നത് സമ്മേളനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ അവരവര്‍ നിര്‍വഹിച്ച ഉജ്വലമായ ദൗത്യങ്ങളും പിന്‍മടക്കമില്ലാത്ത സേവനവും പങ്കാളിത്തവും കാരണമാണ്. 1987 ലെ കുറ്റിപ്പുറം സമ്മേളന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ കാണിച്ച സജീവതയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ധാര്‍മിക ബോധത്തോടെയുള്ള മുന്നേറ്റവും കാരണമാണ് വനിതാ വിഭാഗമായ എം ജി എം രൂപീകൃതമാവുന്നത്. 2005 മെയ് 6,7,8 തിയ്യതികളില്‍ കോട്ടക്കലില്‍ നടന്ന ഉത്തര കേരള മുജാഹിദ് സമ്മേളനവും പ്രവര്‍ത്തനങ്ങളുമാണ് വിദ്യാര്‍ഥിനി വിഭാഗമായ ഐ ജി എം ന്റെ രൂപീകരണത്തിന് നിമിത്തമാവുന്നത് (എം ജി എം സ്റ്റുഡന്റ്സ് വിംഗ് എന്ന പേരിലായിരുന്നു ആദ്യം രൂപീകരിച്ചത്.)
സമ്മേളനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ഘടകങ്ങള്‍ രൂപീകൃതമാവുകയില്ല എന്നല്ല, മറിച്ച് സമ്മേളനങ്ങള്‍ തുറന്നിടുന്ന പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ വലിയ ജാലകം, അത്രമേല്‍ ശക്തവും ബൃഹത്തുമായ പങ്കാളിത്തം നിര്‍വഹിക്കാന്‍ ഓരോരുത്തരേയും സജ്ജരാക്കുന്നുവെന്നതാണ്. പ്രസ്ഥാനത്തിന്റെ വൈപുല്യവും പ്രബോധനങ്ങളുടെ വൈവിധ്യവുമാണ് ഓരോ സമ്മേളനവും അടയാളപ്പെടുത്തുന്നത്.
അടുക്കളകളുടെ നാലു ചുവരുകളില്‍ പൗരോഹിത്യം തളച്ചിട്ട സ്ത്രീത്വം, മത-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുന്നവരായി ഇന്ന് കാണാനാവും. ത്രിതല പഞ്ചായത്തുകളില്‍ ധാര്‍മിക ബോധമുള്ള മുസ്‌ലിം സ്ത്രീകളുടെ സ്വാധീനം ചെറുതല്ല. വിദ്യാഭ്യാസ രംഗത്ത് അന്തര്‍ദേശീയ മേഖലകളില്‍ വരെ കേരള മുസ്ലിം വനിതാ പ്രതിനിധീകരണം ശക്തമായി കാണാം. എതിര്‍പ്പുകളും ബഹിഷ്‌കരണങ്ങളും വിലവെക്കാതെ മതത്തിന്റെ മൗലികാടിത്തറയിലും ഇസ്്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തിലും സ്ത്രീകള്‍ നേടിയെടുത്ത ഔന്നിത്യത്തിന് നവോത്ഥാന സംഘമായ ഇസ്്ലാഹീ പ്രസ്ഥാനത്തോടാണ് മുഖ്യമായും കടപ്പെട്ടിരിക്കുന്നത്.
സമ്മേളന
പ്രമേയങ്ങളുടെ
സ്വീകാര്യത

സമ്മേളനങ്ങള്‍ മുന്‍പില്‍ വെച്ച പ്രമേയങ്ങള്‍ കേരളീയ സമൂഹം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രമേയങ്ങളും സമ്മേളന ഭാഗമായി അവതരിപ്പിക്കുന്ന പ്രമേയങ്ങളും കേരള സമൂഹത്തിന്റെ കാഴ്ചപ്പാട് രൂപീകരിക്കാന്‍ സഹായകമായിട്ടുണ്ട്. കുറ്റിപ്പുറം സമ്മേളനത്തോടെയാണ് ഒരൊറ്റ പ്രമേയത്തെ മുന്‍നിര്‍ത്തി സമ്മേളനങ്ങള്‍ നടത്തിയത്. മത സൗഹാര്‍ദം, മാനവികത, സഹിഷ്ണുത, ബഹുസ്വര സമൂഹത്തിലെ മുസ്്ലിം സ്വത്വം, ദൈവീക ദര്‍ശനത്തിലെ പ്രസക്തി, ആത്മീയ ചൂഷണങ്ങള്‍, ഇസ്്ലാമിന്റെ നീതി സങ്കല്‍പം, ഏകദൈവാരാധനയും ഏകമാനവികതയും തുടങ്ങിയ മേഖലകളെയാണ് മുഖ്യമായും ഊന്നിയത്. ഒരുവേള ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി മതസഹിഷ്ണുതയും തീവ്രവാദ, അപരവല്‍ക്കരണങ്ങള്‍ക്കെതിരിലുള്ള പ്രതിരോധവും ജനസേവന തല്‍പരതയും കേരളത്തിന്റെ പൊതു-മുസ്്ലിം മണ്ഡലങ്ങള്‍ ഉയര്‍ത്തിവിട്ട നിലപാടുകളും കാഴ്ചപ്പാടുകളുമാണ്. ഇത്തരത്തിലുള്ള നിരന്തരമായ ആശയ പ്രചാരണം വഴി മത മാനവിക വിരുദ്ധ ശ്രമങ്ങളെ കക്ഷി വ്യത്യാസമില്ലാതെ പ്രതിരോധിക്കാനുള്ള ഏക മനസ് മലയാളികള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നത് അനിഷേധ്യമാണ്.
സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചയാവുന്നതുമായ പ്രമേയങ്ങളുടെ ഫലപ്രാപ്തിയും തഥൈവ. മാര്‍ഗ തടസ്സം സൃഷ്ടിക്കുന്ന മതഘോഷയാത്രകളെ നിയന്ത്രിക്കണമെന്ന് കുറ്റിപ്പുറം സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍വ തലങ്ങളിലും ചര്‍ച്ചയായിരുന്നു. പൗരോഹിത്യത്തേയും അന്ധവിശ്വാസങ്ങളെയും പ്രമോട്ട് ചെയ്യാത്ത ഒരു പ്രബോധന പ്രസ്ഥാനത്തിന് മാത്രമേ ഈ നിലപാടില്‍ എത്തിച്ചേരുവാന്‍ കഴിയൂവെന്ന സത്യം കേരള സമൂഹം തിരിച്ചറിഞ്ഞു. ജനസേവന മേഖലയില്‍ മതത്തിന്റെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാനുള്ള ആഹ്വാനമാണ് മറ്റൊന്ന്. ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക’ എന്ന ഐ എസ് എം ജീവകാരുണ്യ രംഗത്ത് പ്രഖ്യാപിച്ച മുദ്രാവാക്യം, കേരള സര്‍ക്കാര്‍ പോലും ആദരവോടെ സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്.
പത്താം സമ്മേളനം
അടയാളപ്പെടുത്തുന്നത്

ലോകവും രാജ്യവും ഒരു പ്രത്യേക കാലഘട്ടത്തിലൂടെ നീങ്ങുകയാണ്. അപരവത്കരണവും വംശീയതയും എവിടെയും സജീവമാണ്. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണി നേരിടുകയാണ്. ഫാസിസത്തിന്റെ അധികാര തേര്‍വാഴ്ച ആവര്‍ത്തിക്കാനുള്ള ബ്യൂറോക്രാറ്റിക്, കോര്‍പ്പറേറ്റ് കൂട്ടുകെട്ടുകള്‍ക്കു ഓരോ ദിനവും സാക്ഷിയാവുകയാണ്. പിന്നാക്ക, ദളിത്, ന്യൂനപക്ഷങ്ങള്‍ ഇരകളാക്കപ്പെടുന്ന സ്ഥിതി വ്യാപകമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കയ്യൂക്കുള്ളവര്‍ കാര്യക്കാരനായി വരുന്നു. അന്തര്‍ദേശീയ നിയമങ്ങളും സംവിധാനങ്ങളും അപ്പൂപ്പന്‍ താടിപോലെ ആകാശത്ത് പാറിക്കളിക്കുന്നു. അങ്കുഷമില്ലാത്ത ധാര്‍ഷ്ട്യങ്ങളാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ‘വിശ്വ മാനവികത’യാണ് തിരിച്ചുപിടിക്കേണ്ട പരിഹാരമെന്ന് ഊന്നുകയായിരുന്നു സമ്മേളന പ്രചാരണങ്ങള്‍.
ആശയ തലത്തില്‍ സ്വതന്ത്രവാദവും ദൈവ-മാനവികതാ നിരാസവും ആസൂത്രിതമായി ഒളിച്ചു കടത്തുന്നു. ലിബറലിസവും ജെന്‍ഡര്‍ പൊളിറ്റിക്സും കൂട്ടുചേര്‍ന്ന് മനുഷ്യനെ സമ്പൂര്‍ണ അരാജക ജീവിയാക്കി മാറ്റുകയാണ്. സത്യ-നീതി-ധര്‍മ- മാനവികതാ ശാസനകള്‍ പഴഞ്ചനും അപ്രായോഗികവുമെന്നും വാദിച്ച് ജയിക്കാന്‍ ആള്‍ക്കൂട്ട മനശാസ്ത്രം കൂട്ടുപിടിച്ച് മുന്നേറുകയാണ് നാസ്തിക ചേരികള്‍.
മതം മാത്രമാണ് മനുഷ്യന്റെ വിമോചനമെന്ന് വേദ വെളിച്ചത്തിലൂടെ സമ്മേളനം ബോധ്യപ്പെടുത്തുന്നു. ആഗോളീകരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തീര്‍ക്കുന്ന നിര്‍മാണാത്മകമല്ലാത്ത രീതികളും മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുന്നു. ചരിത്രത്തിന്റെ പ്രായോഗിക മാതൃകയിലൂടെ വേദവെളിച്ചം മാത്രമാണ് ഏതുമാനവിക പ്രതിസന്ധിക്കുമുള്ള പരിഹാരമെന്ന് ഉറക്കെ പറയുകയാണ് പത്താം സമ്മേളന പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ ആര് അധികാരത്തില്‍ വരണമെന്ന് തീരുമാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള ഒരു സന്ദര്‍ഭത്തില്‍, മതേതര പൈതൃകങ്ങളുടെ തുടര്‍ച്ചക്കും ഇന്ത്യ, ഇന്ത്യയായി നിലനില്‍ക്കുന്നതിനും പൗരന്മാര്‍ക്ക് പൊതുവിലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും കാഴ്ചപ്പാടും ദിശയും നല്‍കുന്നതിനും സമ്മേളനം വെളിച്ചം പകരുന്നു.
വൈജ്ഞാനിക വികാസവും സാങ്കേതിക മികവും ശക്തമായ പുതുനൂറ്റാണ്ടില്‍ അടിസ്ഥാനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മതസന്ദേശങ്ങളുടെ കാലാതിവര്‍ത്തിത്തം പ്രായോഗികമായി ബോധ്യപ്പെടുത്തുന്നതിനും ഈ മഹാസംഗമം നിമിത്തമായിട്ടുണ്ട്. സമ്മേളന നഗരിയിലെ ഇസ്്ലാമിക് എക്സിബിഷന്‍ അതിന് കരുത്തുറ്റ തുടര്‍ച്ച പകരാനുതകുന്നതാണ്. ഒച്ചയിട്ട് ‘വായടപ്പന്‍’ മറുപടിയല്ല ലോകം തേടുന്നത്, പ്രാമാണികവും ജ്ഞാനാധിഷ്്ഠിതവുമായ ഗുണകാംക്ഷാ പൂര്‍ണമായ വിശകലനമാണ് എന്ന് പ്രബോധന രംഗം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആദര്‍ശ
നിലപാടുകളുടെ
അംഗീകാരം

തെറ്റുപറ്റാത്ത പ്രമാണങ്ങളെ അവലംബിച്ച് നിര്‍വഹിക്കുന്ന പ്രബോധന ദൗത്യങ്ങള്‍ക്ക് സംഘടനാ സങ്കുചിതത്വങ്ങള്‍ വഴി അസ്വീകാര്യതയുടെയും അസത്യങ്ങളുടേയും ‘ടാഗ്’ ചേര്‍ത്താറുണ്ട്. പക്ഷേ കാലം എല്ലാ ശരികളേയും ലോകത്തിന് ബോധ്യപ്പെടുത്തി നല്‍കുന്നതാണ് യാഥാര്‍ഥ്യം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശ പ്രബോധനങ്ങളും നയനിലപാടുകളും നിരന്തരമായ എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും തല്‍പര കക്ഷികള്‍ തന്നെ സ്വീകരിച്ചാചരിച്ചതായാണ് ചരിത്രം നല്‍കുന്ന സാക്ഷ്യം. പൊതു മദ്റസാ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആതുര ശുശ്രൂഷ, അന്ധവിശ്വാസ വിരുദ്ധ നിലപാട്, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, ബഹുസ്വര സമൂഹത്തിലെ മുസ്്ലിം ഇടപാടുകള്‍, തീവ്രവാദ- ഫാസിസത്തിന്നെതിരിലെ പ്രതിരോധങ്ങള്‍, ആത്മീയ ചൂഷണങ്ങള്‍ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉദാഹരണം മാത്രം.
സമ്മേളനങ്ങള്‍ വഴി സംഘടിപ്പിക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന പ്രബോധന- പ്രചാരണ പ്രഭാഷണങ്ങള്‍ ആണ് പൊതുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന മുഖ്യ മാര്‍ഗങ്ങള്‍. ദീര്‍ഘമായ ഒരു നൂറ്റാണ്ടിന്റെ കര്‍മ ദൗത്യങ്ങളിലേക്ക് തിരിച്ച് നോക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെ ആദര്‍ശപ്രബോധന നയനിലപാടുകളുടെ സ്വീകാര്യതയുടേയും അംഗീകാരങ്ങളുടെയും വൈപുല്യം ആര്‍ക്കും ഗ്രഹിക്കാനാവും. ധാരാളക്കണക്കിന് യൂണിറ്റുകള്‍, മഹല്ലുകള്‍, പള്ളികള്‍ എന്നിവ ഓരോ സമ്മേളനങ്ങള്‍ക്കു ശേഷവും വര്‍ധിച്ചതായി കാണാം.
അന്ധവിശ്വാസങ്ങളേയും ത്വരീഖത്തുകളേയും പുനരാനയിച്ച് നവോത്ഥാന ഭൂമികയില്‍ കുടിയിരുത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ നിര്‍വഹിക്കുന്ന സമകാല പശ്ചാത്തലത്തില്‍, മുജാഹിദ്് പ്രസ്ഥാനത്തിന്റെ ആദ്യകാല ആദര്‍ശ നിലപാടുകള്‍ തന്നെ പ്രാമാണികമായി സമര്‍ഥിക്കാന്‍ പത്താം സമ്മേളന പ്രബോധന പ്രവര്‍ത്തനങ്ങളിലും സാധ്യമാവുന്നത് കെ എന്‍ എം മര്‍ക്കസുദഅ്വയെ വ്യതിരിക്തമാക്കുന്നു. വേദവെളിച്ചം കാലത്തിന്റെ കുത്തൊഴുക്കില്‍ ശോഭ മങ്ങാതെ നിലനില്‍ക്കുമെന്ന പ്രഖ്യാപനത്തിന്റെ സാഫല്യംകൂടിയാണിത്.

Back to Top