9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ആദര്‍ശ പ്രഖ്യാപനം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഅംറ് സുഫ്‌യാനുബ്‌നു അബ്ദുല്ലാ അസ്സഖഫി പറയുന്നു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടല്ലാതെ മറ്റാരോടും ചോദിക്കേണ്ടിവരാത്തവിധം സമഗ്രമായ ഒരു വാക്യം ഇസ്‌ലാമിനെ സംബന്ധിച്ച് എനിക്ക് പറഞ്ഞുതരൂ. അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ അടിയുറച്ചു വിശ്വസിച്ചുവെന്ന് പ്രഖ്യാപിക്കുകയും പിന്നീട് അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. (മുസ്‌ലിം)

വാക്കും പ്രവൃത്തിയും യോജിച്ചുവരിക എന്നത് ഒരു മനുഷ്യന്റെ സത്യസന്ധതയുടെ പ്രകടമായ തെളിവാകുന്നു. ഒരു ആശയത്തെ നാവുകൊണ്ട് പ്രഖ്യാപിക്കുകയും അത് ജീവിതത്തില്‍ പ്രയോഗവത്ക്കരിക്കുകയും ചെയ്യുക എന്നത് വിശ്വാസിയുടെ സ്വഭാവ ഗുണത്തില്‍ അതിപ്രധാനമത്രെ. നാവുകൊണ്ട് പറയുന്നത് കര്‍മങ്ങളിലൂടെ സാക്ഷാത്കരിക്കുമ്പോള്‍ മാത്രമേ ജീവിതം സത്യസന്ധമാവുകയുള്ളൂ.
വിശ്വാസി തന്റെ ജീവിതത്തില്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുന്നവനാണ്. അതില്‍ ഏറ്റവും പ്രധാന്യത്തോടെയും പ്രഥമമായും പ്രഖ്യാപിക്കുന്നത് തന്റെ സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസത്തെയാകുന്നു. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അവന്റെ അജയ്യത ഉള്‍ക്കൊള്ളുകയും ആരാധനയിലെ അവന്റെ ഏകത്വം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന് എന്റെ മേല്‍ ആധികാരികതയുണ്ട്, അവനെ അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്, എന്നോട് കല്‍പിക്കാനും വിരോധിക്കാനും അവന് അധികാരമുണ്ട് എന്ന് അംഗീകരിക്കുകയും അതിന്നുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ തയ്യാറാവുന്നവനാണ് വിശ്വാസി.
താന്‍ പ്രഖ്യാപിച്ച വിശ്വാസത്തില്‍ വക്രതയോ കൃത്രിമമോ അതിശയോക്തിയോ കലര്‍ത്താതെ നേരെ ചൊവ്വെ നില്‍ക്കുകയും ആ പ്രഖ്യാപനത്തോട് നീതി പുലര്‍ത്തുകയും ചെയ്യുക എന്നത് ഗൗരവമര്‍ഹിക്കുന്ന കാര്യമാണെന്ന് ഈ നബിവചനം ബോധ്യപ്പെടുത്തുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ ഏകത്വത്തെ അംഗീകരിക്കുകയും ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും പ്രവാചകത്വത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കുകയും അവന്‍ നിര്‍ബന്ധമാക്കിയവ അനുഷ്ഠിക്കുകയും നിഷിദ്ധമാക്കിയവ വെടിയുകയും ചെയ്യുവാന്‍ തയ്യാറാവുമ്പോഴാണ് അവന്റെ ജീവിതം വക്രതയില്ലാതാവുന്നത്.
പ്രഖ്യാപിച്ച ആദര്‍ശത്തില്‍ മാലിന്യം കലര്‍ത്താതെ ജീവിതത്തെ അതിന്നനുസരിച്ച് ചിട്ടപ്പെടുത്തുന്നത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും തെളിമയാര്‍ന്നതും മറ്റൊരാളോടും സംശയനിവാരണം നടത്തേണ്ടതില്ലാത്തവിധം വ്യക്തവുമായ കാര്യമാണ്. അത്തരം ആളുകളുടെ ഈ ലോകജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ജീവിതാന്ത്യം സന്തോഷത്താല്‍ പുളകിതമാവുകയും ചെയ്യും. കാരണം ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്. ”നിങ്ങള്‍ ഭയപ്പെടുകയോ ദു:ഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക” എന്ന ആശ്വാസവചനമാണ് അവരെ വരവേല്‍ക്കുക.
ആദര്‍ശ പ്രഖ്യാപനത്തിന് പ്രയാസമില്ല. എന്നാല്‍ പിന്നീട് അതിന്നനുസരിച്ച് ജീവിതം ക്രമീകരിക്കുക എന്നത് അല്‍പം ശ്രമകരമായ കാര്യമത്രെ. അതില്‍ വിജയിക്കുന്നവര്‍ക്കാണ് ‘കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമായ അല്ലാഹു വിരുന്നൊരുക്കിയിരിക്കുന്നത്” (41:32). പ്രഖ്യാപിച്ച ആദര്‍ശത്തില്‍ അക്രമം കൂടിക്കലരാതെ അനുസരണം ശീലമാക്കി, വാക്കും പ്രവൃത്തിയും യോജിച്ചുവരുന്ന തരത്തില്‍ ജീവിതത്തെ ക്രമീകരിക്കുവാന്‍ ശ്രമിക്കുന്നതിലാണ് വിജയം എന്നത്രെ ഈ നബിവചനത്തിന്റെ സന്ദേശം.

Back to Top