5 Thursday
September 2024
2024 September 5
1446 Rabie Al-Awwal 1

ആദര്‍ശ പിതാവില്‍നിന്ന് പാഠമുള്‍ക്കൊള്ളുക

അബ്ദുല്‍അലി മദനി


വിശുദ്ധ ഖുര്‍ആനിലെ ഒട്ടനേകം സൂക്തങ്ങളില്‍ പ്രപഞ്ചനാഥനായ അല്ലാഹു മഹാനായ ഇബ്‌റാഹീം നബി(അ)യുടെ വിശിഷ്ടമായ സവിശേഷതകള്‍ ഓര്‍മിപ്പിക്കുന്നതായി കാണാം. സ്രഷ്ടാവും അധിപനുമായ റബ്ബിന്റെ ഇഷ്ടപ്പെട്ട കൂട്ടുകാരനായി നാഥന്‍ സ്വീകരിച്ച ആദര്‍ശപിതാവായിരുന്നു അദ്ദേഹം (വി.ഖു. 4:125).
നൂറ്റാണ്ടുകളായി ഇബ്‌റാഹീം നബിയുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും ദൈനംദിനമെന്നോണം സത്യവിശ്വാസികള്‍ പ്രാര്‍ഥനകളിലും മറ്റ് ആരാധനകളിലുമെല്ലാം അയവിറക്കിക്കൊണ്ടേയിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ലോകാവസാനം വരെ അത് നിലനില്‍ക്കുകയും ചെയ്യും. പ്രവാചക ശൃംഖലയിലെ ആദര്‍ശപിതാവായും മാതൃകായോഗ്യനായ ഒരു പ്രതിഭാസം തന്നെയായും അദ്ദേഹം അറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ 16:120ല്‍ ഇബ്‌റാഹീം നബിയെ ഒരു സമുദായം എന്നുതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. അനുകരണീയനായ ഒരു നേതാവിനെ കേന്ദ്രീകരിച്ചാണല്ലോ ഒരുല്‍കൃഷ്ട സമൂഹം വളര്‍ന്നുവരുക. ‘ഉമ്മത്തുന്‍ മുസ്‌ലിമ’യെയാണ് ഇബ്‌റാഹീം നബി മനസ്സില്‍ കണ്ടിരുന്നത്.
ഇസ്‌ലാം മതത്തിന്റെ മുഖമുദ്രയായ, സ്രഷ്ടാവും നാഥനുമായ അല്ലാഹുവിലേക്ക് നേര്‍ക്കുനേരെയുള്ള കീഴ്‌വണക്കം, സമര്‍പ്പണം എന്നിവയെ ഉജ്വലമാക്കി അവതരിപ്പിച്ച പ്രവാചകനാണ് ഇബ്‌റാഹീം നബി. അല്ലാഹു ഇബ്‌റാഹീം നബിയെ അതിന്റെ പേരില്‍ തന്നെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ 2:131ല്‍ ഇത്തരമൊരു അംഗീകാരം കാണാം. തന്റെയും റബ്ബിന്റെയും ഇടയില്‍ മധ്യവര്‍ത്തികളോ ഇടയാളന്മാരോ ഇടത്തട്ടുകാരോ ഏജന്‍സികളോ ഇല്ലാതെ നേര്‍ക്കുനേരെ ഋജുമാനസനായിക്കൊണ്ട് ആരാധനകളും അര്‍ഥനകളും പ്രാര്‍ഥനകളും വഴിപാടുകളും നല്‍കിയതിനാല്‍ ഇബ്‌റാഹീം നബിയുടെ സവിശേഷമായൊരു ഗുണമായി, അത് ഖുര്‍ആന്‍ എടു ത്തു പറയുന്നുണ്ട്. ഞാനിതാ എന്റെ സര്‍വസ്വവും ഋജുമാനസനായിക്കൊണ്ട് ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന് നേര്‍ക്കുനേരെ കാഴ്ചവെച്ചിരിക്കുന്നു എന്നു പ്രഖ്യാപന മാണ് (വി.ഖു. 6:79). ‘ഹനീഫന്‍’ എന്ന ആശയത്തെ ആസ്പദമാക്കി ഇസ്‌ലാം മതത്തെത്തന്നെ ദീനുല്‍ഹനീഫ് എന്നു വിശേഷിപ്പിക്കാറുണ്ട്.
മാനവരാശിയെ പ്രപഞ്ചനാഥനിലേക്കും കറപുരളാത്ത തൗഹീദിലേക്കും നയിക്കാനായി നിയുക്തനായ പ്രവാചകന്മാരുടെയൊന്നും പേരിനൊപ്പം ‘മില്ലത്ത്’ എന്ന പദം അല്ലാഹു പ്രത്യേകം ചേര്‍ത്തുപറഞ്ഞിട്ടില്ല. ഇബ്‌റാഹീം നബി(അ)യുടെ പേരിന്റെ കൂടെ മാത്രമല്ലാതെ. അഥവാ ‘മില്ലത്ത് ഇബ്‌റാഹീം’ എന്ന പ്രയോഗം. ഇത് പ്രത്യേകം പ്രസ്താവ്യമാണ്.
ഖുര്‍ആനില്‍ ഒട്ടേറെ സൂക്തങ്ങളിലും മില്ലത്ത് ഇബ്‌റാഹീം എന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമുന്നതമായൊരു വ്യതിരിക്തത ആദര്‍ശ പ്രബോധന രംഗങ്ങളില്‍ ഇബ്‌റാഹീം നബിയില്‍ കാണാം. തീര്‍ച്ചയായും ഇബ്‌റാഹീമില്‍ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ കണ്ടെത്താനാകാത്തവിധം ചില ചര്യകളുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട് (60:4). ഇബ്‌റാഹീം നബിയുടെ ഇടപെടല്‍ വക്രതയും വളച്ചുകെട്ടലുമില്ലാതെയും വ്യാഖ്യാന കസര്‍ത്തുകളില്ലാതെയുമായിരുന്നെന്നതാണ് പരമാര്‍ഥം.
അല്ലാഹുവിന്റെ അധീശാധികാരത്തെ വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ ഇബ്‌റാഹീം നബി പരീക്ഷണഘട്ടങ്ങളെയെല്ലാം കീഴടക്കി വിജയശ്രീലാളിതനായി (വി.ഖു. 6:57). വളരെയേറെ കൃത്യതയോടെ പ്രപഞ്ചനാഥനായ അല്ലാഹുവെ മനസ്സിലാക്കി സമര്‍പ്പണവും ആരാധനകളും നല്‍കുന്ന ദൃഢബോധ്യമുള്ള പ്രവാചകനായാണ് ഇബ്‌റാഹീം നബിയെ ഖുര്‍ആന്‍ വിശദമാക്കിയത്. ഇബ്‌റാഹീം നബിയുടെ മില്ലത്തിനെ പിന്തുടരാന്‍ മുഹമ്മദ് നബിയോടും സത്യവിശ്വാസികളോടും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട് (വി.ഖു. 3:95, 4:125, 6:161, 16:123).
ഇബ്‌റാഹീം നബി, നാഥനായ റബ്ബില്‍ നിന്നു ഔദാര്യമായി ലഭിച്ച വിവേകത്തോടെയാണ് സമൂഹത്തില്‍ നിലയുറപ്പിച്ചത്. യുക്തിചിന്തയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൂടെയുള്ള പഠനവും മനനവും അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. വി.ഖു. 21:51 മുതല്‍ 21:70 കൂടിയ വചനങ്ങളിലൂടെ ഇബ്‌റാഹീം നബിയുടെ പ്രൗഢമായ പ്രബോധനയാത്രയുടെ തുടക്കവും അവസാനവും അനാവരണം ചെയ്യുന്നതായി വായിക്കാനാവും. ”നിങ്ങളുടെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ” എന്ന തുറന്ന പ്രഖ്യാപനം (വി.ഖു. 21:67) ഇതില്‍ വളരെയേറെ വികാരഭരിതമാണ്.
നാഥനായ റബ്ബിനെ മനസ്സിലാക്കി ഉള്‍ക്കൊണ്ട് ആരാധിക്കാനാണ് ഇബ്‌റാഹീം നബി സമൂഹത്തെ പഠിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ 26:70 മുതല്‍ 89 കൂടിയ വചനങ്ങളില്‍ നിന്ന് അത് ബോധ്യമാവും, തീര്‍ച്ച. വിശ്വാസകര്‍മങ്ങളെല്ലാം ഹുജ്ജത്തിന്റെ (പ്രമാണം) അടിസ്ഥാനത്തിലായിരിക്കണമെന്ന ആശയം ഇബ്‌റാഹീം നബിയില്‍ നിന്നുള്ളതാണ് (വി.ഖു. 6:83).
ബിംബാരാധകരായ ഭരണാധിപന്‍ മുതല്‍ തന്റെ പിതാവ് വരെയുള്ളവരെ ഒന്നടങ്കം ദീനിലേക്ക് ഗുണകാംക്ഷയോടെയും തന്മയത്വത്തോടെയുമാണ് അദ്ദേഹം വിളിച്ചതെങ്കിലും അവരൊന്നും അതിലേക്ക് വഴങ്ങിയില്ല. ജനിച്ച നാട്ടില്‍ ആദര്‍ശം കാത്തുസൂക്ഷിച്ചു നില്‍ക്കാന്‍ പറ്റാതായി. നാടു വിട്ടു. ഏകനായ ആരാധ്യനെ ആരാധിക്കാന്‍ ഇബ്‌റാഹീം നബി ഒരു ഭവനം നിര്‍മിച്ചു. ലോക ചരിത്രത്തില്‍ കഅ്ബാലയം നമ്മോട് പറയുന്ന ഒരു സന്ദേശമുണ്ട്. അത് വിശുദ്ധ ഖുര്‍ആന്‍ 3: 96, 97 സൂക്തങ്ങളില്‍ കണ്ടെത്താനാകും. പ്രസ്തുത ഭവനത്തിനുള്ള സ്ഥലം നിര്‍ണയിച്ചു നല്‍കിയതുപോലും നാഥനായ അല്ലാഹുവാണ് (വി.ഖു. 22-28).
വിശുദ്ധ കഅ്ബാലയത്തിലും പരിസരപ്രദേശങ്ങളിലും ഒട്ടനേകം മതചിഹ്നങ്ങള്‍ വ്യാപിച്ചുകിടക്കുന്നതായി കാണാം. ശആഇറുകള്‍ എന്നാണ് അവ അറിയപ്പെടുക. ഇതെല്ലാം തന്നെ ഇബ്‌റാഹീം നബിയുടെ ജീവിതാനുഭവങ്ങളുടെ ദൗത്യവിളംബരമാണ് നിര്‍വഹിക്കുന്നത്. അവിടത്തെ കല്ലിനും മണ്ണിനും വൃക്ഷത്തിനും ആരാധനാഭാവം നല്‍കപ്പെടാവതല്ല. മറിച്ച്, വിശ്വാസിയുടെ കടപ്പാടുകളാണ് ക്രമീകരിക്കപ്പെടേണ്ടത്. മതചിഹ്നങ്ങളുടെ അരികിലൂടെ കടന്നുപോകുമ്പോള്‍ ഒരാളുടെ മനസ്സില്‍ പരിഹാസ ചിന്തയുണ്ടായാല്‍ അത് ദൈവനിരാസത്തിലേക്കുള്ള നീക്കമാണ്. അതുമായി ബന്ധപ്പെടുമ്പോള്‍ പ്രവാചകരിലൂടെ നാഥന്‍ നിര്‍ദേശിക്കാത്ത ഭക്തിയാദരവുകള്‍ നല്‍കി അതിരുവിടുകയാണെങ്കില്‍ ബഹുദൈവ സങ്കല്പത്തിലേക്കുമുള്ള നീക്കമായും മനസ്സിലാക്കാം.
മതചി ഹ്നങ്ങള്‍ കറകളഞ്ഞ തൗഹീദിനെ വേര്‍തിരിച്ച് ഉള്‍ക്കൊള്ളാനുള്ള അളവുകോലുകളാണെന്ന യാഥാര്‍ഥ്യത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. ഹജറുല്‍ അസ്‌വദിന് ദിവ്യത്വം ചാര്‍ത്താനോ പരിഹസിച്ച് ഇകഴ്ത്താനോ പാടില്ല. സംസമിനെ ദിവ്യത്വത്തിന്റെ വിതാനത്തിലേക്ക് ഉയര്‍ത്താനോ തരംതാഴ്ത്തി ചെറുതാക്കാനോ പാടില്ല. ഒരു വലിയ നാഗരികതയും സംസ്‌കാരവും വളര്‍ന്നു വികസിച്ചത് സംസമെന്ന ജലാശയത്തിന്റെ ആവിര്‍ഭാവത്തോടെയാണല്ലോ.
എങ്കിലും അതില്‍ നനച്ചുണക്കി കാത്തുസൂക്ഷിച്ചുവെക്കുന്ന കഫന്‍ പുടവ നരകമോചനം നല്‍കുകയൊന്നുമില്ല. ഇബ്‌റാഹീം നബിയിലൂടെ വിളിച്ചറിയിക്കപ്പെട്ട ഹജ്ജ് കര്‍മങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. കഅ്ബാലയം ഹാജറിന്റെയും ഇസ്മാഈലിന്റെയും ദര്‍ഗയോ ജാറമോ അല്ല. ഇബ്‌റാഹീം നബി ഇസ്‌ലാം മതത്തെ വികൃതമാക്കിയ ശിആക്കളുടെ നേതാവല്ല. ”അദ്ദേഹം ജൂതനോ ക്രിസ്ത്യാനിയോ ബഹുദൈവാരാധകനോ അല്ല തന്നെ” (വി.ഖു. 3:67).
മുഹമ്മദ് നബി(സ)യുടെ നിയോഗം പോലും ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ പ്രതിഫലനമാണ് (വി.ഖു. 2:129). അല്ലാഹുവിന്റെ മതത്തിലേക്ക് വളച്ചുകെട്ടലുകളില്ലാതെ നേര്‍ക്കുനേരെ ചങ്കൂറ്റത്തോടെ ധീരമായി പ്രമാണദൃഷ്ടാന്തങ്ങളുടെ വെളിച്ചത്തില്‍ ക്ഷണിക്കുകയെന്നതാണ് ഇബ്‌റാഹീം നബിയുടെ മാതൃക.
ചിലര്‍ ഇബ്‌റാഹീം നബിയുടെും പുത്രന്‍ ഇസ്മാഈലിന്റെയും പ്രതിഷ്ഠകള്‍ നിര്‍മിച്ച് കഅ്ബാലയത്തില്‍ സ്ഥാപിച്ചു. വിരോധാഭാസം! ബിംബാരാധനയുടെ അനര്‍ഥങ്ങളെ സമൂഹത്തെ ബോധ്യപ്പെടുത്തിയ ഒരു ദൈവദൂതന്റെ സമൂഹത്തിന്റെ പതനം! എന്നെയും എന്റെ സന്തതികളെയും ബിംബാരാധനയില്‍ നിന്നും അകറ്റേണമേ എന്ന് മനംനൊന്ത് പ്രാര്‍ഥിച്ച ഇബ്‌റാഹീം നബിയെ പോലും അവിവേകികള്‍ വെറുതെ വിട്ടില്ല (വി.ഖു. 14: 35, 36).
ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ നിന്നാണ് അവസാന ദൈവദൂതനായ മുഹമ്മദ് നബി നിയോഗിക്കപ്പെട്ടത്. സംഭവബഹുലമായ നബിയുടെ പ്രവാചക ദൗത്യത്തിന്റെ കൊട്ടിക്കലാശത്തില്‍ കഅ് ബാലയത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിഷ്ഠകളെ എടുത്തു പുറത്തേക്കിട്ടു. അതില്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പ്രതിമകള്‍ ഉണ്ടായിരുന്നു. അവരോടുള്ള ആദരസൂചകമായി ശിര്‍ക്കിനെ വ്യാഖ്യാനിക്കുകയല്ല നബി ചെയ്തത്.
അല്ലാഹു അല്ലാത്തവരെ അല്ലാഹുവാണെന്ന വിശ്വാസമില്ലാതെയാണ് ഞങ്ങള്‍ കാണുന്നതെന്ന് പറയുന്ന അന്ധവിശ്വാസിയായ പുരോഹിതന്റെ അവസ്ഥയും പ്രവാചകന്‍ മുഹമ്മദ് നബിയുടെ സുന്നത്തും താരതമ്യം ചെയ്തുനോക്കുക. മുഹമ്മദ് നബി ഇബ്‌റാഹീമീ മില്ലത്തിന്റെ പ്രയോഗവത്കരണ മാര്‍ഗത്തിലായിരുന്നുവല്ലോ.
വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി നിര്‍വഹിച്ച അനേകം പ്രാര്‍ഥനകള്‍ കാണാം. അതൊന്നും തന്നെ ആരുടെയും ഹഖ്, ജാഹ്, ബര്‍കത്ത്, കറാമത്ത് എന്നിവയെ മുന്‍നിര്‍ത്തിയല്ല. മറിച്ച്, നേരിട്ട് അല്ലാഹുവോട് ഹനീഫനായിട്ടായിരുന്നു. അതാണ് മില്ലത്ത് ഇബ്‌റാഹീം.
മനസ്സില്‍ കുടിയിരുത്തിയ സര്‍വ പിശാചുക്കളെയും ആട്ടിവിടുക, കഅ്ബാലയത്തിന്റെ ഭംഗിയും പ്രൗഢിയും മനസ്സില്‍ സന്നിവേശിപ്പിക്കുക, ഹാജറിലൂടെ മാതൃത്വത്തിന്റെ നിലയും വിലയും ഉള്‍ക്കൊള്ളുക, ഇസ്മാഈലില്‍ നിന്ന് ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ ബലിക്കല്ലില്‍ കിടക്കാനുള്ള സന്നദ്ധത നേടുക, ഇബ്‌റാഹീം നബിയുടെ മില്ലത്തിന്റെ പൊരുള്‍ ആര്‍ജിക്കുക. ദൈവഭക്തിയും ദൈവനാമവും അത്യുല്‍കൃഷ്ടമായതാക്കുക. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x