ആദര്‍ശമഹിമ ഉദ്‌ഘോഷിക്കുന്ന സമ്മേളന പ്രമേയങ്ങള്‍
മന്‍സൂറലി ചെമ്മാട്
നിരവധി മഹാസമ്മേളനങ്ങള്‍ക്കും ജനപ്രവാഹങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മലയാള മണ്ണിന് തികച്ചും വേറിട്ട പ്രചോദനങ്ങളും പ്രയോജനങ്ങളുമാണ് മുജാഹിദ് സമ്മേളനങ്ങള്‍ പകര്‍ന്നുനല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളും അതിനു മുമ്പ് നടന്നിരുന്ന 17 വാര്‍ഷിക സമ്മേളനങ്ങളും ഉള്‍പ്പെടെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ വിവിധ ബാനറുകളിലുള്ള സംഗമങ്ങള്‍ ചര്‍ച്ച ചെയ്ത പ്രമേയങ്ങളും പ്രഭാഷണങ്ങളും പ്രചാരണങ്ങളും സമൂഹത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിലെ ഉത്ഥാനത്തിലേക്കുള്ള ദിശാസൂചികളായിരുന്നു.
അംഗബലത്തിന്റെ ഊറ്റംകൊള്ളലോ വിഭവശേഷി കാണിച്ചുള്ള വിലപേശലോ ആയിരുന്നില്ല മുജാഹിദുകള്‍ക്ക് സമ്മേളനങ്ങള്‍. മറിച്ച്, ആദര്‍ശമഹിമയുടെ അടയാളപ്പെടുത്തലായിരുന്നു. മതത്തിന്റെ ജീവസ്സുറ്റ ഒരു മേഖലയ്ക്കും നേരെ പുറംതിരിഞ്ഞുനില്‍ക്കാതെ, വര്‍ത്തമാനത്തിന്റെ സമസ്യകളോട് സംവദിച്ചും കളങ്കിത വിശ്വാസത്തെ കുറിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്തിയും മതത്തിന്റെയും മാനവികതയുടെയും കൈയൊപ്പുള്ള കര്‍മങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാണ് പ്രസ്ഥാനത്തിന്റെ ഇന്നലെകള്‍. ചെറുത്തുനില്‍പിന്റെയും ചേര്‍ത്തുനില്‍പിന്റെയും സംഭവബഹുലമായ ഭൂതകാലം.
1923നും 1934നുമിടയില്‍ നടന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ 13 വാര്‍ഷിക സമ്മേളനങ്ങളും 1951നും 1968നുമിടയില്‍ നടന്ന നദ്‌വത്തുല്‍ മുജാഹിദീന്റെ 17 വാര്‍ഷിക സമ്മേളനങ്ങളും ഉള്‍പ്പെടെ, ഇസ്ലാം എന്നാല്‍ നാട്ടുനടപ്പുകളോ പ്രമാണമെന്നാല്‍ കെട്ടുകഥകളോ അല്ലെന്ന് സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു. സഹജീവി സ്‌നേഹവും സഹിഷ്ണുതയും ആദരവും പരിശീലിപ്പിച്ച് വിശ്വാസത്തിന്റെയും വിവേകത്തിന്റെയും തലത്തിലേക്ക് അവരെ വഴിനടത്തുകയായിരുന്നു.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള ചരിത്രത്തില്‍ പ്രോജ്ജ്വലമായ നാഴികക്കല്ലുകളായി ഉയര്‍ന്നുനില്‍ക്കുന്ന ചില സ്ഥലപ്പേരുകളുണ്ട്. പുളിക്കല്‍, ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ, കോഴിക്കോട്, പനമരം, എടരിക്കോട്, കൂരിയാട്. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇവ കേവലം സ്ഥലനാമങ്ങളല്ല, നവോത്ഥാന പ്രയാണത്തിന്റെ കുതിപ്പിന് പിന്നിലെ കരുത്തുറ്റ കാല്‍വെപ്പുകളുടെ പേരുകള്‍ കൂടിയാണവ. ഓരോ സമ്മേളനവും മുഴക്കിയത് വരണ്ടുണങ്ങിയ മുദ്രാവാക്യങ്ങളോ പഴകി ദ്രവിച്ച പ്രത്യയശാസ്ത്രങ്ങളോ ആയിരുന്നില്ല, പ്രായോഗികമായ പ്രമേയങ്ങളും പ്രാമാണികമായ പ്രബോധനങ്ങളുമായിരുന്നു.
വികല വിശ്വാസങ്ങള്‍ക്കും ആചാര വൈകൃതങ്ങള്‍ക്കുമെതിരിലുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും കറകളഞ്ഞ തൗഹീദിന്റെ പ്രബോധനവും മുജാഹിദുകള്‍ക്ക് ജീവിതദൗത്യമാണ്. അതുകൊണ്ടുതന്നെ മുജാഹിദ് സമ്മേളനങ്ങള്‍ ഈ സന്ദേശത്തിന്റെ വിളംബരവുമാണ്. പ്രാര്‍ഥന അല്ലാഹുവോട് മാത്രമെന്നത് എക്കാലത്തെയും സമ്മേളന പ്രമേയമായിരുന്നു. അനുബന്ധമായി കാലികപ്രസക്തവും, മനുഷ്യ നന്മയിലും സൗഹാര്‍ദത്തിലും ഊന്നിയതുമായ ഒരു സന്ദേശവും കൂടി മുഖ്യ പ്രമേയമാക്കിയാണ് മിക്ക സമ്മേളനങ്ങളും നടന്നിട്ടുള്ളത്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’
1979 മാര്‍ച്ച് 8 മുതല്‍ 11 വരെ പുളിക്കലിലും 1982 ഫെബ്രുവരി 25 മുതല്‍ 28 വരെ ഫറോക്കിലും നടത്തിയ ഒന്നും രണ്ടും മുജാഹിദ് സമ്മേളനങ്ങള്‍ക്ക് ശീര്‍ഷകങ്ങളായി അത്തരത്തിലുള്ള നിശ്ചിത പ്രമേയങ്ങള്‍ ഉണ്ടായിരുന്നില്ല. യാഥാസ്ഥിതിക-മോഡേണിസ്റ്റ് ചിന്താധാരകള്‍ ഇസ്‌ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുകയും പ്രമാണബദ്ധമായി പ്രതിരോധിക്കാനിറങ്ങിയ മുജാഹിദുകളെ മര്‍ദനങ്ങളും പീഡനങ്ങളും കൊണ്ട് നേരിടുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച ഒരു കാലഘട്ടത്തിലായിരുന്നു ഈ സമ്മേളനങ്ങള്‍.
മുജാഹിദ് സെന്ററിനു നേരെ പോലും ആക്രമണങ്ങളുണ്ടായി. പുത്തന്‍വാദികളെന്ന ആക്ഷേപം മുജാഹിദുകള്‍ക്കെതിരില്‍ അരങ്ങു തകര്‍ത്തിരുന്ന ആ കാലത്ത് ഇസ്‌ലാമിലെ പുത്തന്‍വാദവും പഴഞ്ചന്‍വാദവും വേര്‍തിരിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കൂടി പ്രസ്ഥാനത്തിനുണ്ടായിരുന്നു. ക്രിസ്തീയ മിഷണറിയുടെ കുതന്ത്രങ്ങളും ഖാദിയാനി-ബഹായി ആശയങ്ങളുടെ നുഴഞ്ഞുകയറ്റവും ഖുര്‍ആന്‍ സുന്നത്ത് ദുര്‍വ്യാഖ്യാന പ്രവണതകളുമെല്ലാം തലപൊക്കിയ ആ കാലത്ത് കൃത്യമായ പ്രമാണത്തിന്റെ കരുത്തില്‍ സത്യസന്ദേശം പ്രബോധനം ചെയ്യാന്‍ ഇസ്‌ലാഹി സംഗമങ്ങള്‍ വേദിയായി.
ആദര്‍ശ മുന്നേറ്റത്തിലും പ്രസ്ഥാന വളര്‍ച്ചയിലും ഈ സമ്മേളനങ്ങള്‍ ചെറുതല്ലാത്ത പ്രതിഫലനങ്ങളാണ് ഉണ്ടാക്കിയത്. ഇസ്‌ലാമിക അനുശാസനകളും സംസ്‌കാരങ്ങളും പൗരോഹിത്യം പുറത്തുവിട്ട പുകപടലങ്ങളില്‍ മൂടിപ്പോവുന്ന അവസ്ഥയില്‍ ഇസ്‌ലാഹി പ്രസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വലിയ മുന്നേറ്റങ്ങള്‍ക്കും വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കിയ സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കും ഇതിന്റെ ഭാഗമായായിരുന്നു പ്രസ്ഥാനം തുടക്കമിട്ടത്.
പുളിക്കല്‍ സമ്മേളനത്തിന്റെ ഏറ്റവും പ്രധാന സെഷനുകളിലൊന്നായിരുന്ന ഉലമാ സമ്മേളനം ‘മതപ്രബോധനം: ലക്ഷ്യവും ശൈലിയും’ എന്ന ശീര്‍ഷകത്തിലായിരുന്നു നടന്നത്. സദാചാരവും സദ്‌വിചാരവും പരിശീലിപ്പിക്കപ്പെട്ട, മൈത്രിക്കും നീതിക്കും ശാന്തിക്കും നന്മയ്ക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി അധ്വാനിക്കുന്നവരാണ് മുജാഹിദുകള്‍ എന്നു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രസ്ഥാനത്തിന് സ്വീകാര്യത വര്‍ധിക്കുന്നതിനും ഈ സമ്മേളനങ്ങള്‍ വഴിയൊരുക്കി.
മുജാഹിദുകളുടെ സാന്നിധ്യം ഭയപ്പെടുകയും അതിന്റെ പ്രബോധനങ്ങളില്‍ പ്രകോപിതരാവുകയും പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ അസ്വസ്ഥരാവുകയും ചെയ്ത പൗരോഹിത്യം തങ്ങളുടെ നിലനില്‍പിനായി പഴുതുകള്‍ തേടുകയായിരുന്നു. അതിന്റെ സൂചന കൂടിയായിരുന്നു ഫറോക്ക് സമ്മേളനത്തിന്റെ തൊട്ടടുത്ത വര്‍ഷം നടന്ന കൊട്ടപ്പുറം സംവാദത്തില്‍ കണ്ടത്. നേര്‍വഴിയുടെ വിപരീത ദിശയിലുള്ള സഞ്ചാരത്തെ സാധൂകരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ പച്ചയായി ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പോലും തങ്ങള്‍ക്കു മടിയില്ലെന്നു തെളിയിക്കുകയായിരുന്നു മുസ്‌ല്യാക്കള്‍. പാമര ജനങ്ങളെ ഇവരുടെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തലായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം അക്കാലത്ത് മുഖ്യ ദൗത്യമായി കണ്ടത്.
‘പ്രബോധനം,
സംസ്‌കരണം,
സമ്പര്‍ക്കം’
ആ പശ്ചാത്തലത്തിലായിരുന്നു 1987 ജനുവരി 1 മുതല്‍ 4 വരെ കുറ്റിപ്പുറം നിളാതീരത്തു വെച്ച് മൂന്നാം സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. ‘പ്രബോധനം, സംസ്‌കരണം, സമ്പര്‍ക്കം’ എന്നായിരുന്നു സമ്മേളന പ്രമേയം. പല തരത്തിലുള്ള ജീര്‍ണതകള്‍ നുരഞ്ഞുപൊങ്ങുന്ന സമൂഹത്തിന്റെ ശാസ്ത്രീയവും ഫലപ്രദവുമായ നാനാമുഖ നവോത്ഥാനത്തിലേക്കുള്ള സന്ദേശമായിരുന്നു ഈ പ്രമേയത്തിന്റെ സാരാംശം.
‘മതം മനുഷ്യ
സൗഹാര്‍ദത്തിന്’
പാലക്കാട് സമ്മേളനം, മുജാഹിദ് സംസ്ഥാന സമ്മേളന ചരിത്രത്തിലെ അവിസ്മരണീയ സംഗമമായിരുന്നു. ബാബരി മസ്ജിദ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ അശാന്തികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ ആര്‍ജവത്തോടെയും അര്‍പ്പണബോധത്തോടെയും മുജാഹിദുകള്‍ കോട്ടമൈതാനിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അതൊരു ചരിത്രസംഭവമായി മാറുകയായിരുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ആ സമ്മേളനം സമൂഹത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ അഭിമാനകരമായിരുന്നു.
‘പ്രാര്‍ഥന അല്ലാഹുവോട് മാത്രം’ എന്ന പ്രമേയത്തില്‍ ഊന്നിയായിരുന്നു സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും ബാബരി ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ‘മതം മനുഷ്യ സൗഹാര്‍ദത്തിന്’ എന്ന പ്രമേയമാണ് സമ്മേളന സംഘാടക സമിതി നിര്‍ദേശിച്ചത്. കലുഷിതമായ സാമൂഹിക ചുറ്റുപാടില്‍ നാടിന്റെ മഹിത സംസ്‌കാരവും പാരമ്പര്യവും വികൃതമാക്കപ്പെടാനും ജനങ്ങള്‍ക്കിടയിലെ സ്‌നേഹബന്ധങ്ങളില്‍ സംശയത്തിന്റെയും അകല്‍ച്ചയുടെയും പോറലുകള്‍ വീഴാനുമുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട്, സമയോചിതമായ ഇടപെടല്‍ നടത്താന്‍ മുജാഹിദ് പ്രസ്ഥാനത്തിന് സമ്മേളനം ഒരവസരമായി മാറി. പ്രചാരണ യോഗങ്ങളും വൈവിധ്യമാര്‍ന്ന സമ്മേളന പ്രവര്‍ത്തനങ്ങളും തൊട്ട് സമ്മേളനത്തിലെ വിവിധ സെഷനുകള്‍ ഉള്‍പ്പെടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്നവയായിരുന്നു.
രാജ്യം കലങ്ങിമറിഞ്ഞ ആ സാഹചര്യത്തില്‍ വ്യാജ പോസ്റ്ററുകളിറക്കിക്കൊണ്ട്, ഹൈന്ദവ സഹോദരങ്ങളെയും ഫാസിസ്റ്റുകളെയും സമ്മേളനത്തിനെതിരില്‍ തിരിച്ചുവിടാനും വര്‍ഗീയ കലാപത്തിന് തീകൊളുത്താനും പോന്ന കുതന്ത്രങ്ങള്‍ ഒരുപറ്റം മുസ്‌ല്യാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടായി. അനാവശ്യ ആശങ്കകള്‍ ഉന്നയിച്ച് സമ്മേളനം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമവുമായി മറ്റൊരു കൂട്ടരും കുതന്ത്രം മെനഞ്ഞു. മതം മനുഷ്യ സൗഹാര്‍ദത്തിന് എന്ന മഹിത സന്ദേശം മുജാഹിദുകള്‍ സമൂഹത്തെ പഠിപ്പിക്കുമ്പോള്‍, മതം കുത്തിത്തിരിപ്പിന് എന്ന സ്വന്തം സംസ്‌കാരവുമായി അവരൊക്കെ പണിയെടുക്കുകയായിരുന്നു.
‘മാനവ മൈത്രിക്ക്
ദൈവിക ദര്‍ശനം’
1997 ഡിസംബര്‍ 18, 19, 20, 21 തിയ്യതികളില്‍ കണ്ണൂര്‍ പിലാത്തറയില്‍ നടന്ന അഞ്ചാം മുജാഹിദ് സമ്മേളനം ‘മാനവ മൈത്രിക്ക് ദൈവിക ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഊന്നിക്കൊണ്ടായിരുന്നു. മതത്തിന്റെ മേല്‍വിലാസത്തില്‍ വിദ്വേഷവും അക്രമങ്ങളും പതിവുസംഭവങ്ങളാകുന്ന കാലത്ത് മൈത്രിയുടെയും മതത്തിന്റെയും യഥാര്‍ഥ നിര്‍വചനവും സഹിഷ്ണുതയുടെയും ഇരുലോക മോക്ഷത്തിന്റെയും സന്ദേശങ്ങളും പഠിപ്പിച്ചുകൊണ്ടായിരുന്നു സമ്മേളന പ്രവര്‍ത്തനങ്ങള്‍. സമ്മേളനം പ്രഖ്യാപിച്ചതു മുതല്‍ നാട്ടിലും മറുനാടുകളിലുമായി നടന്ന എണ്ണമറ്റ പ്രചാരണ പരിപാടികളിലൂടെയും വ്യക്തിസമ്പര്‍ക്കങ്ങളിലൂടെയും ഏറ്റവും കാലികപ്രസക്തിയുള്ള ഈ സന്ദേശം ലോകര്‍ക്ക് പകര്‍ന്നുനല്‍കി.
‘സ്രഷ്ടാവിലേക്ക്
സമാധാനത്തിലേക്ക്’
2002 ഡിസംബര്‍ 19, 20, 21, 22 തിയ്യതികളില്‍ കോഴിക്കോട്ട് നടന്ന ആറാമത് മുജാഹിദ് സംസ്ഥാന സമ്മേളനം പുതിയ സംഘടനാ പശ്ചാത്തലത്തിലായിരുന്നു. പ്രസ്ഥാനത്തെ സംബന്ധിടത്തോളം ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ പിന്നാലെ ആദര്‍ശസ്‌നേഹികള്‍ സ്വപ്‌നനഗരിയില്‍ ആവേശത്തോടെയാണ് ഒത്തുചേര്‍ന്നത്. ക്ഷുദ്രശക്തികളുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ കാരണം പ്രസ്ഥാനം പിളര്‍ന്നതും തുടര്‍ന്നങ്ങോട്ട് ഇതിന്റെ പേര് പിന്നെയും പിന്നെയും കളങ്കപ്പെടുത്താന്‍ വഴിയൊരുങ്ങിയതും ഇതേ വര്‍ഷമായിരുന്നു. ‘സ്രഷ്ടാവിലേക്ക്, സമാധാനത്തിലേക്ക്’ എന്ന പ്രമേയമായിരുന്നു ആറാം സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്.
സ്രഷ്ടാവിനെ യഥാവിധി പരിചയപ്പെടുത്തുകയും അവന്റെ ദീനിലേക്ക് ആളുകളെ പ്രചോദിപ്പിക്കുകയും ദൈവിക മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്ക് വൈയക്തികമായും സാമൂഹികമായും ലഭിക്കുന്ന സമാധാനവും ശാന്തിയും ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സമ്മേളന സന്ദേശം എത്തിക്കാന്‍ സാധ്യമായപ്പോഴും തൗഹീദില്ലാത്തവര്‍, ദീനീകാര്യങ്ങളില്‍ ശുഷ്‌കാന്തിയില്ലാത്തവര്‍, മായം കലര്‍ത്തിയവര്‍ എന്നൊക്കെയുള്ള ആക്ഷേപം ഒരിരുണ്ട കോണില്‍ നിന്നുയരുന്നുണ്ടായിരുന്നു.
ആദര്‍ശ വ്യതിയാനത്തിന്റെയും സംഘടനാ വിരുദ്ധതയുടെയും പൈതൃക നിഷേധത്തിന്റെയും വ്യാജാരോപണങ്ങളുടെ പെരുമഴക്കാലത്തെ അതിജീവിക്കുന്നതിനായുള്ള പോരാട്ടത്തിനിടയിലായിരുന്നു ആറാം സമ്മേളനം. വര്‍ഷങ്ങള്‍ നീണ്ട ആ പോരാട്ടം ലക്ഷ്യം കണ്ടുവെന്നുതന്നെ പറയാം. അന്ന് വലിയ വായില്‍ ആക്രോശിച്ചിരുന്ന ആരോപണങ്ങളൊന്നും ഇന്ന് ആ ആരോപകര്‍ തന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രവാചകന്റെ മുന്നറിയിപ്പിനെ യാഥാര്‍ഥ്യമാക്കിക്കൊണ്ട്, ആദര്‍ശവീഴ്ചകളും നിന്ദ്യതകളും ചേരിതിരിവുകളും പിന്നീട് ആരോപകരില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു.
‘ഇസ്‌ലാം നീതിക്ക്
നന്മയ്ക്ക്’
വയനാട് ജില്ലയിലെ പനമരത്താണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഏഴാം സംസ്ഥാന സമ്മേളനത്തിന് വേദിയൊരുങ്ങിയത്. 2008 ഫെബ്രുവരി 7 മുതല്‍ 10 വരെ നടന്ന സമ്മേളനത്തിന്റെ പ്രമേയമായി നിശ്ചയിച്ചിരുന്നത് ‘ഇസ്‌ലാം നീതിക്ക് നന്മയ്ക്ക്’ എന്നതായിരുന്നു. ഇസ്‌ലാം ഭീതിയും ഇസ്‌ലാം വിദ്വേഷവും ശക്തിയാര്‍ജിക്കുകയും മതത്തെക്കുറിച്ച് നാനാ കോണുകളില്‍ നിന്നും പല തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ അരങ്ങു തകര്‍ക്കുകയും ഇസ്‌ലാമിന്റെ ലേബലില്‍ തന്നെ അത്തരം കുതന്ത്രങ്ങള്‍ക്ക് ചൂട്ടുപിടിച്ചുകൊടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കാലികപ്രസക്തവും ഉള്ളുണര്‍ത്തുന്നതുമായ ഈ പ്രമേയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇസ്‌ലാമിന്റെ തനത് ആശയവും ശൈലിയും ഇസ്‌ലാം വിഭാവനം ചെയ്യുന്ന നീതിയുടെയും നന്മയുടെയും സന്ദേശങ്ങളും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ വയനാട് സമ്മേളനത്തിന്റെ അനുബന്ധ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും നിസ്തുലമായ പങ്കാണ് നിറവേറ്റിയത്.
‘മതം, മാനവികത,
നവോത്ഥാനം’
എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം ആറു വര്‍ഷത്തെ ഇടവേളയിലായിരുന്നു സംഘടിപ്പിച്ചത്. 2014 ഫെബ്രുവരി 6 മുതല്‍ 9 വരെ മലപ്പുറം ജില്ലയിലെ എടരിക്കോട്ട് നടന്ന എട്ടാം മുജാഹിദ് സമ്മേളനത്തിന്റെ പ്രമേയം ‘മതം, മാനവികത, നവോത്ഥാനം’ എന്നായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അജ്ഞതയും അന്ധവിശ്വാസങ്ങളുമായിരുന്നു സമൂഹത്തില്‍ ഇരുള്‍ പടര്‍ത്തിയിരുന്നതെങ്കില്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്ക് അറിവിന്റെ ദുരുപയോഗം വഴിയുള്ള ജീര്‍ണതകളാണ് പ്രശ്‌നമാവുന്നത്. വിവരസാങ്കേതിക മേഖലയിലുണ്ടായ കുതിച്ചുചാട്ടം നേട്ടത്തോളം തന്നെ കോട്ടവും സൃഷ്ടിക്കുന്നതായിരുന്നു.
വിശുദ്ധ ഖുര്‍ആനിന്റെ സമ്പൂര്‍ണതയും അമാനുഷികതയും അജയ്യതയും കൃത്യമായി വരച്ചുകാണിച്ച് അന്യൂനമായ ദൈവികാദര്‍ശത്തിന്റെ മഹിമ സമൂഹത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം ഒരേ മാതാപിതാക്കളുടെ മക്കളാണ് ലോകത്തിലെ സകല മനുഷ്യരുമെന്ന സന്ദേശത്തിലൂന്നി മനുഷ്യനെ യഥാര്‍ഥ മനുഷ്യനായി കാണാന്‍ പ്രേരിപ്പിക്കുന്ന മാനവികത പരിശീലിപ്പിച്ച് യഥാര്‍ഥ മതസങ്കല്‍പത്തില്‍ നിന്ന് ബഹുദൂരം പിറകോട്ട് പോയ സമൂഹത്തെ സമുദ്ധരിച്ച്, നവോത്ഥാനത്തിന്റെ വഴി വെട്ടിത്തെളിക്കുന്ന മഹത്തായ ഒരു പ്രക്രിയയായിരുന്നു ‘മതം, മാനവികത, നവോത്ഥാനം’ എന്ന പ്രമേയം.
‘മതം: സഹിഷ്ണുത,
സഹവര്‍ത്തിത്വം,
സമാധാനം’
2017 ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനം ഉയര്‍ത്തിപ്പിടിച്ച പ്രമേയം ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്നതായിരുന്നു. മുജാഹിദ് ഐക്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. അത്യാഹ്ലാദത്തോടെ കൈകോര്‍ത്ത് പരസ്പര സ്‌നേഹാദരവുകളോടെ നടത്തേണ്ടിയിരുന്ന ആ സമ്മേളനം പക്ഷേ അപസ്വരങ്ങളുടെയും അസ്വാരസ്യങ്ങളുടെയും ഇരുണ്ട ചരിത്രമാണ് ബാക്കിവെച്ചത്. മുജാഹിദുകള്‍ പ്രതീക്ഷയോടെ നെഞ്ചേറ്റിയ ഐക്യം ചിലരുടെ വക്രബുദ്ധികളില്‍ കടുത്ത ഒരു വഞ്ചനയ്ക്കുള്ള പഴുതാക്കി മാറ്റാനുള്ള മുന്നൊരുക്കങ്ങള്‍ അണിയറയില്‍ നടന്നിരുന്നു.
സഹിഷ്ണുതയും സഹവര്‍ത്തിത്തവും സമാധാനവും മറന്നുപോയ സംസാരങ്ങളും സമീപനങ്ങളും അലര്‍ച്ചകളും സമ്മേളനനഗരിയെ മലിനമാക്കി. എങ്കിലും മുജാഹിദുകളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയം ഉള്‍ക്കൊള്ളുന്ന മഹത്തായ ആശയം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാന്‍ മുജാഹിദുകള്‍ പണിയെടുത്തു. കൈരളിയുടെ ഉള്ളുണര്‍ത്തിയ, സമൂഹം നെഞ്ചേറ്റിയ അര്‍ഥവത്തായ സമ്മേളന പ്രമേയങ്ങള്‍ ഇനിയും നിരവധിയാണ്. മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയങ്ങള്‍ മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. പോഷക ഘടകങ്ങളുടെ സമ്മേളന പ്രമേയങ്ങളും കാമ്പയിന്‍ ശീര്‍ഷകങ്ങളും പുതുമയോടൊപ്പം അമൂല്യമായ അറിവിന്റെ അക്ഷരങ്ങള്‍ കൂടിയായിരുന്നു.
ഈ ചരിത്രത്തിലേക്ക് പുതിയൊരു പ്രമേയം കൂടി സമര്‍പ്പിച്ചുകൊണ്ട് മുജാഹിദുകളുടെ പത്താമത് സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ വേദിയൊരുങ്ങുകയാണ്. ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്നാണ് സമ്മേളന പ്രമേയം. വര്‍ത്തമാനകാല ലോകത്തോട് ഉറക്കെയുറക്കെ ആര്‍ജവത്തോടെ വിളിച്ചുപറയാന്‍ ഇതിലും വലിയൊരു സന്ദേശമില്ല എന്നതാണ് വസ്തുത. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഈ സന്ദേശം ഉയര്‍ത്തിയുള്ള പ്രബോധന പ്രവര്‍ത്തനങ്ങളിലാണ് മുജാഹിദ് പ്രസ്ഥാനം. പുതിയൊരു ജാഗരണത്തിലേക്ക് ഈ മുന്നേറ്റം വഴി തുറക്കുമെന്ന് ഉറപ്പാണ്. പടച്ചവന്റെ മാര്‍ഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള കളങ്കമില്ലാത്ത ഒരു ശ്രമവും പാഴായിപ്പോവില്ലല്ലോ.