12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

ബദ്ര്‍ വീണ്ടെടുക്കേണ്ട പാഠങ്ങള്‍ – അബൂമിഖ്ദാദ്

ക്രിസ്താബ്ദം 613-ല്‍ ഉക്കാസ് ചന്തയില്‍ എത്തിച്ചേര്‍ന്ന അറബികള്‍ ഒരു വിചിത്ര കാഴ്ചക്ക് സാക്ഷ്യംവഹിച്ചു. ഉക്കാസിലെ ഏറ്റവും ആദരണീയ ഗോത്രമായ ‘ഖുറൈശി’കളിലെ സുമുഖനും ബുദ്ധിമാനുമായ, നാല്പത്തിമൂന്നു വയസ്സുള്ള മുഹമ്മദ് എന്ന വ്യക്തി ആളുകളെ സമീപിക്കുന്നു. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് പ്രസ്താവിക്കുക, നിങ്ങള്‍ വിജയിക്കുമെന്ന് അവരെ ഉണര്‍ത്തുന്നു.
ആളുകള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കും മുമ്പ് വേറൊരാള്‍ അവിടേക്ക് എത്തുന്നു. വാര്‍ധക്യത്തിലേക്ക് കാലെടുത്തുവെച്ച ഖുറൈശിയായ അയാള്‍ സുമുഖനാണെങ്കിലും അല്പം കോങ്കണ്ണുള്ളവനാണ്. “ഇത് എന്‍റെ സഹോദര പുത്രനാണ്. അവന്‍ നമ്മുടെ മതത്തെ കയ്യൊഴിഞ്ഞ വ്യാജവാദിയാണ്. അവനെ സൂക്ഷിക്കുക” -തന്‍റെ സഹോദര പുത്രനെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് രംഗത്തുവന്ന അയാള്‍ അബ്ദുല്‍ഉസ്സ ബിന്‍ അബ്ദുല്‍മുത്തലിബ് അബൂലഹബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
അബൂലഹബിനെയും മുഹമ്മദ് നബി(സ)യെയും ആളുകള്‍ കാണുന്നതിന് മുമ്പു തന്നെ, ഖുറൈശി പ്രമുഖര്‍ മക്കയിലെയും ‘ഉക്കാസ’ ചന്തയിലേക്കു വരുന്ന ഗോത്ര നേതാക്കളെയുമെല്ലാം നബിയുമായി സന്ധിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അവരാകട്ടെ തങ്ങളുടെ ഗോത്രങ്ങളില്‍ നിന്ന് അവിടെ എത്തിയ ആളുകളെയെല്ലാം ഇക്കാര്യം അറിയിക്കുകയും ചെയ്തു.(1)

മര്‍ദനങ്ങളുടെ വേലിയേറ്റം
നബി(സ)ക്കും വിശ്വാസികള്‍ക്കുമെതിരെ വ്യാജ പ്രചരണങ്ങളും ദുരാരോപണങ്ങളും അഴിച്ചുവിട്ട ഖുറൈശികള്‍ അവ കൊണ്ട് മാത്രം അടങ്ങിയിരുന്നില്ല. നബിയെയും അനുചരരെയും ശാരീരികമായി കയ്യേറാനും ക്രൂരമായി പീഡിപ്പിക്കാനും അവര്‍ ധൃഷ്ടരായി.
യാസിറിന്‍റെ കുടുംബം ഇസ്ലാം സ്വീകരിച്ചു. ഇതറിഞ്ഞ അബൂജഹ്ലും സംഘവും യാസിറിനെയും ഭാര്യ സുമയ്യയെയും മകന്‍ അമ്മാറിനെയും ബന്ധനസ്ഥരാക്കി. ഒരു പ്രദേശത്ത് കൊണ്ടുപോയി ചൂടുള്ള മണലില്‍ കിടത്തി ക്രൂരമായി മര്‍ദിച്ചു. വൃദ്ധയും അവശയുമായ സുമയ്യയുടെ ജനനേന്ദ്രിയത്തിലൂടെ ചുട്ടുപഴുത്ത കുന്തം അബൂജഹ്ല്‍ പ്രയോഗിച്ചു. ആ വൃദ്ധ ഇസ്ലാമിലെ പ്രഥമ രക്തസാക്ഷിയായി. ശിക്ഷയുടെ കൂരമ്പുകളേറ്റു വാങ്ങിയ അവരുടെ ഭര്‍ത്താവിന്‍റെ ആത്മാവും ഉന്നതലോകത്തേക്ക് യാത്രയായി. ചുട്ടുപഴുത്ത തണലില്‍ കിടത്തിയും വലിയ കല്ലുകള്‍ നെഞ്ചില്‍ കയറ്റിവെച്ചും അവര്‍ അമ്മാറിനെ പീഡിപ്പിച്ചു. പലപ്പോഴും ജലത്തില്‍ അദ്ദേഹത്തിന്‍റെ തല മുക്കുകയും ബോധരഹിതനാവുകയും ചെയ്തു.
അമ്മാറിന്‍റെ കുടുംബം സഹിച്ച വേദനകള്‍ നബി(സ)യെ അങ്ങേയറ്റം പ്രയാസപ്പെടുത്തിയിരുന്നു. പക്ഷേ, എന്തു ചെയ്യും? ആ വീടിനു സമീപത്തു കൂടെ നടന്നുപോകുമ്പോള്‍ നബി(സ) ദു:ഖാര്‍ത്തമായ സ്വരത്തില്‍ അവരോടു പറഞ്ഞു: യാസിര്‍ കുടുംബമേ ക്ഷമിക്കൂ. നിങ്ങളുടെ വാഗ്ദാന ഭൂമി സ്വര്‍ഗം തന്നെയാണ്.(2)
അമ്മാറിന്‍റെ കുടുംബം മാത്രമല്ല മര്‍ദിക്കപ്പെട്ടത്. ബിലാല്‍ബിന്‍ റബാഹ്, അഫ്ലഹ്, ഖബ്ബാബ്, ഉമ്മു ഉബൈസ് എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. എന്തിനധികം മുഹമ്മദ്(സ) തന്നെയും കയ്യേറ്റങ്ങള്‍ക്ക് വിധേയമായി. പരിശുദ്ധ കഅ്ബയുടെ സമീപത്ത് സാഷ്ടാംഗം ചെയ്തിരുന്ന നബിയുടെ കഴുത്തിലേക്ക് ഒട്ടകത്തിന്‍റെ കുടല്‍മാലകള്‍ എറിയപ്പെട്ടു. അദ്ദേഹത്തിന്‍റെ മുഖത്ത് തുപ്പുകയും അടിക്കുകയും ചെയ്തു. ത്വാഇഫിലേക്ക് ഇസ്ലാമിക പ്രചരണവുമായി പോയ നബിക്ക് അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ അവര്‍ണനീയമാണ്.

മദീനയിലേക്കുള്ള പലായനം
മക്കയില്‍ ജീവിതം ദുസ്സഹമായ കാലത്താണ് ഇസ്ലാമിന്‍റെ പ്രഭ മദീനയെ ആശ്ലേഷിച്ചത്. ഹജ്ജുവേളയില്‍ മക്കയിലെത്തിയിരുന്ന ‘യഥ്രിബ്’ എന്നറിയപ്പെട്ടിരുന്ന അവിടത്തെ നിവാസികളുമായി നബി(സ) ബന്ധപ്പെട്ടിരുന്നു. അവരിലൂടെ മദീനയില്‍ ഇസ്ലാം പ്രചരിച്ചു. നബി(സ)യുടെ ദൂതനായി നിയോഗിതനായ മിസ്അബ് ബിന്‍ ഉമൈറിന്‍റെ(റ) പ്രവര്‍ത്തനം കൂടിയായപ്പോള്‍ അവിടത്തെ ഒട്ടേറെ പേര്‍ മുസ്ലിംകളായി. അവരില്‍ ഗോത്രനായകരും ജനനേതാക്കളുമുണ്ടായിരുന്നു.
ക്രിസ്താബ്ദം 622 ജൂലൈ മാസത്തില്‍ യഥ്രിബയില്‍ നിന്ന് വന്നെത്തിയ മുസ്ലിംകളുമായി നബി(സ) ഒരു കരാര്‍ ചെയ്തു. തദനുസാരം നബി(സ)യെയും വിശ്വാസികളെയും അവര്‍ തങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്തു. മുഹാജിറുകള്‍ക്ക് അവിടെ ജീവിക്കാനുള്ള സൗകര്യങ്ങളൊരുക്കാമെന്നും എല്ലാവിധ സംരക്ഷണവും നല്കാമെന്നും അവര്‍ നബിയുമായി ഉടമ്പടി ചെയ്തു.

കലിയൊടുങ്ങാത്ത ഖുറൈശികള്‍
തങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്. അവനെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ചതിന്‍റെ പേരിലാണ് ഖുറൈശികള്‍ മുസ്ലിംകളെ പീഡിപ്പിച്ചത്. നാട്ടില്‍ പൊറുതി മുട്ടിയ വിശ്വാസികള്‍ മക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതിനെയും ഖുറൈശികള്‍ തടയാന്‍ ശ്രമിച്ചു. മുസ്ലിംകള്‍ക്ക് സംരക്ഷണം നല്കാമെന്ന് വാഗ്ദാനം ചെയ്തതിന്‍റെ പേരില്‍ യഥ്രിബിലെ ചില പ്രമുഖരെ ഖുറൈശികള്‍ പിടികൂടി മര്‍ദിച്ചു. പല മുഹാജിറുകളുടെയും യാത്രയെ അവര്‍ മുടക്കാന്‍ ശ്രമിച്ചു. അതിനാല്‍ മിക്കവരും അതീവ രഹസ്യമായാണ് മക്ക വിട്ടത്.
തന്‍റെ അനുചരന്മാര്‍ മിക്കവരും യഥ്രിബിലേക്ക് പലായനം ചെയ്തു കഴിഞ്ഞപ്പോള്‍ നബി(സ) അബൂബക്കറിന്‍റെ കൂടെ പുതിയ കര്‍മരംഗത്തേക്ക് തിരിക്കാന്‍ തീരുമാനിച്ചു. ഇത് അറിഞ്ഞ ഖുറൈശികള്‍ നബി(സ)യെ വധിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി. അവരുടെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നബി(സ) അബൂബക്കറിന്‍റെ(റ) കൂടെ അതീവ രഹസ്യമായ ഒരു യാത്രയിലൂടെ യഥ്രിബിലെത്തി. നബി(സ)യെ ആബാലവൃദ്ധം ജനങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. അന്ന് യഥ്രിബ് ആമോദഭരിതമായി. അന്നു മുതല്‍ ആ കാര്‍ഷികഗ്രാമം പ്രവാചക നഗരി (മദീനത്തു റസൂലില്ലാഹ്) ആയി മാറി.
തങ്ങളുടെ നാട്ടില്‍ നിന്ന് മുസ്ലിംകള്‍ ഒഴിഞ്ഞുപോയത് ഖുറൈശികളെ കൂടുതല്‍ രോഷാകുലരാക്കി. മുസ്ലിംകള്‍ ഉപേക്ഷിച്ച സ്വത്തുക്കള്‍ അവര്‍ കൈവശപ്പെടുത്തി. ഹിജ്റ ചെയ്യാന്‍ സാധിക്കാത്ത മുസ്ലിംകളെ അവര്‍ തടവിലിട്ട് ക്രൂരമര്‍ദനങ്ങള്‍ക്ക് വിധേയമാക്കി. ഇതുകൊണ്ടൊന്നും രോഷമൊടുങ്ങാത്ത അവര്‍ നബി(സ)യെ രഹസ്യമായി വധിക്കാന്‍ ഗുഢാലോചന നടത്തി. ഇത് ഗ്രഹിച്ച പ്രവാചകന്‍(സ) തന്‍റെ അനുചരന്മാരെ കാര്യം ഗ്രഹിപ്പിക്കുകയും അവര്‍ അദ്ദേഹത്തിന് രാത്രിയില്‍ കാവലിരിക്കുകയും ചെയ്തു.(3)
നബി(സ)ക്ക് മാത്രമല്ല മുഴുവന്‍ മുസ്ലിംകള്‍ക്കും സുരക്ഷ ആവശ്യമായിത്തീര്‍ന്നു. ഖുറൈശികളുടെ ദുഷ്പ്രേരണക്ക് വിധേയരായ മറ്റു ഗോത്രങ്ങളും മദീനയെ അക്രമിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തി. അതിനാല്‍ മദീനയില്‍ ഒരു യുദ്ധകാലാവസ്ഥ സംജാതമായി. അതിനു പുറമെ മദീനാ നിവാസികളായ അബ്ദുല്ലാഹിബ്നു ഉബയ്യിനെ പോലുള്ള അവിശ്വാസികളുമായി ഖുറൈശികള്‍ ബന്ധപ്പെട്ടു. നബിയുമായി പോരാടാന്‍ അവരെ പ്രേരിപ്പിച്ചു. നബിയുടെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മദീന ആഭ്യന്തര യുദ്ധക്കളരിയായി മാറുമായിരുന്നു.(4)

യുദ്ധത്തിന് അനുവാദം
മുസ്ലിംകളുടെ പലായനത്തിനു മുമ്പും ശേഷവുമായി ഖുറൈശികള്‍ നടത്തിയ അപരാധങ്ങളും നിരവധിയാണ്. (1). മുസ്ലിംകള്‍ക്ക് തങ്ങളുടെ ആദര്‍ശമനുസരിച്ച് ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം നിഷേധിച്ചു. (2). തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശത്തിലേക്ക് പ്രബോധനം ചെയ്യാനുള്ള സ്വാതന്ത്ര്യം നിരസിച്ചു. (3). മുസ്ലിമായി എന്നതിന്‍റെ പേരില്‍ മാത്രം പീഡിപ്പിച്ചു. ചിലരെ കൊല്ലുകയും ചെയ്തു. (4). എത്യോപ്യയിലേക്ക് പലായനം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചു. പലായനം ചെയ്തവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തി. (5). മുസ്ലിംകളെ സാമൂഹ്യമായി ബഹിഷ്ക്കരിച്ചു. (6). നബി(സ)യെ വധിക്കാന്‍ ശ്രമിച്ചു. (7). മദീനയിലേക്ക് പലായനം ചെയ്യുന്നവരെ തടയാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. (8). പലായനം ചെയ്തവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി. (9). മദീനയിലെ അവിശ്വാസികളെ മുസ്ലിംകള്‍ക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചു. അങ്ങനെ മദീനയില്‍ ആഭ്യന്തര കലഹമുണ്ടാക്കാന്‍ ശ്രമിച്ചു.
മുകളില്‍ വ്യക്തമാക്കിയ ഓരോ കാര്യങ്ങളും ഖുറൈശികളുടെ ശത്രുതയെയും മുസ്ലിംകളെ നശിപ്പിക്കാനുള്ള അവരുടെ അഭിവാഞ്ഛയെയും അനാവരണം ചെയ്യുന്നു. അവയോരോന്നും തന്നെ സ്വരക്ഷയ്ക്കു വേണ്ടി പ്രതിരോധിക്കുകയല്ലാതെ മുസ്ലിംകള്‍ക്ക് മാര്‍ഗമില്ല എന്ന് വിളിച്ചോതുകയും ചെയ്യുന്നു. ശത്രുത സഹിക്കവയ്യാതെ തങ്ങളുടെ വീടുകളും സമ്പാദ്യങ്ങളും ഉപേക്ഷിക്കുകയും അഭയാര്‍ഥികളായി മദീനയിലെത്തുകയും ചെയ്തിട്ടും അവരെ ജീവിക്കാന്‍ അനുവദിക്കില്ലെങ്കില്‍ പിന്നീട് എന്തുണ്ട് മാര്‍ഗം? ഈ സന്ദര്‍ഭത്തിലാണ് മര്‍ദിത ജനവിഭാഗത്തിന് തിരിച്ചടിക്കാനുള്ള അവകാശം ഖുര്‍ആന്‍ അനുവദിച്ചത്.
“യുദ്ധത്തിനു വിധേയരാവുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം കല്പിക്കപ്പെട്ടിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു ശക്തനാണ്. അവര്‍ അന്യായമായി തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് അവര്‍ ചെയ്തത്. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടയുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും ക്രിസ്തീയ യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്‍റെ നാമം ധാരാളം പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.” (വി.ഖു 22:39,40)

അബൂസുഫ്യാന്‍റെ വ്യാപാരസംഘം
ഹിജ്റ രണ്ടാംവര്‍ഷം ജമാദുല്‍ അവ്വലില്‍ അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ ഒരു വലിയ കച്ചവടസംഘം സിറിയയിലേക്ക് പുറപ്പെട്ടു. ആയിരത്തോളം ഒട്ടകങ്ങള്‍ ഭാരംചുമന്നിരുന്ന വ്യാപാരസംഘത്തില്‍ മക്കയിലെ പ്രധാനികളുടെയെല്ലാം ഓഹരി ഉണ്ടായിരുന്നു. അവരെ പിടികൂടുകയാണെങ്കില്‍ മക്കയിലെ പ്രമുഖര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനും മുസ്ലിംകളുടെ നഷ്ടപ്പെട്ട സമ്പത്തിന്‍റെ ഒരു ഭാഗമെങ്കിലും തിരിച്ചുപിടിക്കാനും സാധിക്കുമായിരുന്നു.
അവരെ പിടികൂടാനായി നൂറ്റമ്പതോളം അനുയായികളുമായി നബി(സ) പുറപ്പെട്ടു. പക്ഷെ അതിനു മുമ്പു തന്നെ അബൂസുഫ്യാന്‍ മദീനയുടെ സമീപപ്രദേശങ്ങളില്‍ നിന്ന് തന്‍റെ വ്യാപാര സംഘവുമായി സിറിയയിലേക്ക് കടന്നിരുന്നു! അതിനാല്‍ യാത്രാസംഘം സിറിയയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പിടികൂടാമെന്ന ധാരണയില്‍ നബി(സ) മദീനയിലേക്ക് തിരിച്ചുപോന്നു.
അബൂസുഫ്യാന്‍റെ യാത്രാസംഘം സിറിയയില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞ വിവരം നബി(സ) അറിഞ്ഞു. അവരെ പിടികൂടാന്‍ മുന്നൂറില്‍പരം (അവര്‍ 313 ആണെന്നും മുന്നൂറ്റി പതിനാലോ, മുന്നൂറ്റി പതിനേഴോ ആണെന്നും അഭിപ്രായാന്തരമുണ്ട്) അനുചരരുമായി നബി(സ) പുറപ്പെട്ടു. വലിയൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പൊന്നും അവര്‍ നടത്തിയിരുന്നില്ല. അവര്‍ക്ക് രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബൂസുഫ്യാനെയും നാല്പതോളം പേരെയും നേരിടാന്‍ ഈ ഒരുക്കം തന്നെ ധാരാളമായിരുന്നു.
മുസ്ലിംകള്‍ തന്‍റെ കച്ചവടസംഘത്തെ ആക്രമിക്കാനിടയുണ്ടെന്ന വിവരം അബൂസുഫ്യാന്‍ ഒരു ദൂതനിലൂടെ മക്കക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ മക്കക്കാര്‍ സര്‍വ സന്നാഹങ്ങളും തങ്ങളുടെ കച്ചവടസംഘത്തെ പ്രതിരോധിക്കാന്‍ ഒരുക്കി. അതിനിടെ അബൂസുഫ്യാന്‍ മദീനയുടെ സമീപത്തുകൂടെയുള്ള യാത്ര ഒഴിവാക്കുകയും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
മക്കയില്‍ എത്തിച്ചേര്‍ന്ന അബൂസുഫ്യാന്‍ മക്കയില്‍ നിന്ന് മദീനയുടെ ഭാഗത്തേക്ക് കച്ചവടസംഘത്തെ സംരക്ഷിക്കാന്‍ യാത്രതിരിച്ച ഖുറൈശി പടയോട് തിരിച്ചുപോരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അഹങ്കാരിയായ അംറിബ്നി ഹിശാം എന്ന അബൂജഹല്‍ മടങ്ങിപ്പോരാന്‍ കൂട്ടാക്കിയില്ല. ബദ്റിലേക്ക് പോവുകയും അവിടെ മൂന്നു ദിവസം തങ്ങുകയും ചെയ്തു. കള്ളുകുടിക്കുകയും ഗാനമാലപിക്കുകയും ചെയ്ത് ആ ദിനങ്ങള്‍ ആഘോഷിക്കുക, നമ്മുടെ ശക്തി അറബികള്‍ ഗ്രഹിക്കട്ടെ, അവര്‍ നമ്മെ ഭയപ്പെടട്ടെ -ഇതായിരുന്നു അബൂജഹലിന്‍റെ ഗര്‍വ് നിറഞ്ഞ അഭിപ്രായം.
പ്രവാചകനെയും അനുചരരെയും സംബന്ധിച്ചേടത്തോളം അവിചാരിതമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഖുറൈശികളുടെ സേനയുമായി ഒരു പോരാട്ടം അവര്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. മദീനയുടെ സമീപപ്രദേശത്ത് ഖുറൈശികളെ വിളയാടാന്‍ അനുവദിച്ചാല്‍ അത് മുസ്ലിംകളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാവാനിടയുണ്ട്. അഹങ്കാരിയായ അബൂജഹ്ലിന്‍റെ നേതൃത്വത്തിലുള്ള സംഘം മദീനയെ തന്നെ ലക്ഷ്യം വെക്കാനുള്ള സാധ്യതയും തള്ളിക്കളയാവതല്ല.
തികച്ചും സങ്കീര്‍ണമായ ഒരവസ്ഥ. യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പില്ല. എന്നാല്‍ യുദ്ധം ഒഴിവാക്കാന്‍ മാര്‍ഗവുമില്ല. എന്തുചെയ്യും? പ്രവാചകന്‍ തന്‍റെ അനുചരരോട് കൂടിയാലോചിച്ചു.

ബദ്റിന്‍റെ രണാങ്കണത്തില്‍
ദൈവവിശ്വാസത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും മഹനീയ മാതൃകകളായിരുന്ന സ്വഹാബികളുടെ വാക്കുകള്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ്. മിഖ്ദാദിബ്നി അസ്വദിന്‍റെ(റ) പ്രസ്താവന ശ്രദ്ധിക്കുക: “അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹു താങ്കള്‍ക്ക് വെളിപ്പെടുത്തുന്ന വീഥിയിലൂടെ താങ്കള്‍ ചരിക്കുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ടാവും. മൂസായുടെ ജനത പറഞ്ഞതുപോലെ നീയും നിന്‍റെ രക്ഷിതാവും പോയി യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം എന്ന് ഞങ്ങള്‍ പറയില്ല. നീയും നിന്‍റെ രക്ഷിതാവും യുദ്ധത്തിന് പോവുക. ഞങ്ങളും നിങ്ങളോടൊപ്പം പോരാടുകതന്നെ ചെയ്യും”
മദീനയിലെ അന്‍സ്വാറുകളുടെ നായകനായ സഅ്ദിബ്നി മുആദിന്‍റെ വാക്കുകള്‍ അവിസ്മരണീയമാണ്: “അല്ലാഹുവിന്‍റെ ദൂതരേ, താങ്കള്‍ ഉദ്ദേശിച്ചതുപോലെ സഞ്ചരിക്കുക. നിങ്ങള്‍ ആ സമുദ്രത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാവരും താങ്കളുടെ കൂടെയുണ്ടാവും. അതിനാല്‍ താങ്കള്‍ ഉദ്ദേശിച്ചവരോട് ബന്ധം ചേര്‍ക്കുക. ഉദ്ദേശിച്ചവരോട് ബന്ധം മുറിക്കുക. ഞങ്ങളുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ ഇഷ്ടമുള്ളത് എടുക്കുക. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ക്ക് നല്കുക.”
ഖുറൈശികള്‍ യുദ്ധത്തിന് നിര്‍ബന്ധിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനമായി. ഇരുസേനയും അണിനിരന്നു. ആദര്‍ശത്തിന്‍റെ പേരിലുള്ള പോരാട്ടത്തിന്‍റെ മണിമുഴങ്ങാറായി. അല്ലാഹുവിന്‍റെ ദൂതന്‍ തന്‍റെ രക്ഷിതാവിന്‍റെ മുമ്പില്‍ വിനയാന്വിതനായി പ്രാര്‍ഥിക്കാന്‍ തുടങ്ങി: “രക്ഷിതാവേ, ഖുറൈശികളിതാ ധാര്‍ഷ്ട്യതയും ഗര്‍വും പ്രകടിപ്പിച്ചുകൊണ്ട് നിന്നെ ധിക്കരിക്കുന്നു. നിന്‍റെ ദൂതനെ നിഷേധിക്കുന്നു. നാഥാ, നീ വാഗ്ദാനംചെയ്ത സഹായത്തിനായി ഞാന്‍ യാചിക്കുന്നു. അല്ലാഹുവേ, ഈ ചെറുസംഘത്തെ നീ ഇന്ന് നശിപ്പിക്കുകയാണെങ്കില്‍ ലോകത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടാവില്ല.”(5)
തന്‍റെ ദൂതന്‍റെ പ്രാര്‍ഥനയ്ക്ക് ഉന്നതികളില്‍ നിന്ന് ഉത്തരം ലഭിച്ചു. ആകാശത്തെ മാലാഖമാര്‍ അവര്‍ക്ക് തുണയേകി. “നിങ്ങള്‍ രക്ഷിതാവിനോട് സഹായം തേടിയപ്പോള്‍ അവന്‍ ആയിരം മലക്കുകളെ അയച്ചുകൊണ്ട് നിങ്ങളെ സഹായിക്കാമെന്ന് ഉത്തരം ചെയ്തു.” (വി.ഖു 8:9)
ശത്രുസേനയുടെ മൂന്നിലൊരു ഭാഗം മാത്രം വരുന്ന മുസ്ലിം സേന അടര്‍ക്കളത്തില്‍ സ്ഥൈര്യത്തോടും ധീരതയോടും കൂടി പോരാടി. സത്യനിഷേധികളുടെ നേതാക്കള്‍ ഓരോരുത്തരായി ബദ്റിന്‍റെ മണ്ണില്‍ വീഴാന്‍ തുടങ്ങി. അവരുടെ എണ്ണം എഴുപതിലേക്കുയര്‍ന്നപ്പോള്‍ ഖുറൈശികള്‍ക്ക് പിടിച്ചുനില്ക്കാനായില്ല. അവര്‍ യുദ്ധക്കളത്തില്‍ നിന്ന് പിന്തിരിഞ്ഞോടി. അവരിലെ എഴുപതുപേര്‍ മുസ്ലിംകളുടെ തടവുപുള്ളികളുമായി. അങ്ങനെ അല്ലാഹു അവന്‍റെ വാഗ്ദാനം നിറവേറ്റി.
“രണ്ട് സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തത് ഓര്‍ക്കുക. ആയുധബലം കുറഞ്ഞ (വ്യാപാര)സംഘം നിങ്ങള്‍ക്ക് ലഭിക്കണമെന്നാണ് നിങ്ങള്‍ ആശിച്ചത്. അല്ലാഹുവാകട്ടെ, തന്‍റെ വചനങ്ങളിലൂടെ സത്യത്തെ പുലര്‍ത്തണമെന്നും സത്യനിഷേധികളുടെ വേരറുത്തുകളയാനുമാണ് ഉദ്ദേശിച്ചത്.” (വി.ഖു 8:7)

ബദ്റിലെ അനശ്വര ചിത്രങ്ങള്‍
ബദ്ര്‍യുദ്ധം ആരംഭിച്ചു. പോരാട്ടം ശക്തമായി. സത്യവിശ്വാസികളെ യുദ്ധക്കളരിയിലേക്ക് പ്രോത്സാഹിപ്പിച്ച നബി(സ) പറഞ്ഞു: ആകാശ-ഭൂമികളെക്കാള്‍ വിശാലമായ സ്വര്‍ഗത്തിലേക്ക് പുറപ്പെടൂ. തന്‍റെ കൈകളിലുണ്ടായിരുന്ന ഈത്തപ്പഴം തിന്നുകൊണ്ടിരുന്ന ഉമൈറിബ്നി അല്‍ഹമാം പ്രവാചകന്‍റെ ആഹ്വാനം കേട്ടു. ഈ കാരക്കകള്‍ തിന്നുതീരുന്നതുവരെ കാത്തിരിക്കാനാവില്ല എന്നു പറഞ്ഞ അദ്ദേഹം അവ എറിഞ്ഞുകളഞ്ഞു. അദ്ദേഹം പോര്‍ക്കളത്തിലിറങ്ങി പോരാടി. ബദ്റിലെ രക്തസാക്ഷികളില്‍ സ്ഥാനം നേടി.
നബി(സ) ബദ്റിലെ വിശ്വാസികളുടെ അണികള്‍ ക്രമീകരിക്കുകയായിരുന്നു. സവാദിബ്നി ഗസിയ്യ എന്ന സ്വഹാബി അണിയില്‍ നിന്ന് തെറ്റിയാണ് നില്ക്കുന്നത്. തന്‍റെ കയ്യിലുള്ള അസ്ത്രംകൊണ്ട് നബി(സ) അദ്ദേഹത്തിന്‍റെ വയറിലൊന്ന് തട്ടി. സവാദ് അണിയില്‍ ചേര്‍ന്നുനില്‍ക്കൂ എന്ന് പറഞ്ഞു. നബിയേ താങ്കളുടെ പ്രഹരം എന്നെ വേദനിപ്പിച്ചിരിക്കുന്നു. പകരം അങ്ങോട്ട് അടിക്കാന്‍ അനുവദിക്കണം. നബി(സ) തന്‍റെ വയര്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. പകരം ചെയ്യൂ എന്ന് പറഞ്ഞു. തന്‍റെ കണ്‍മുമ്പില്‍ നബിയുടെ ശരീരം കാണേണ്ട താമസം ഉമൈര്‍ അവിടം ചുംബിച്ചു. അത്ഭുതസ്തബ്ധനായ നബി(സ) നീ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. നിങ്ങളുടെ ശരീരത്തില്‍ എന്‍റെ മുഖം സ്പര്‍ശിച്ചതാകട്ടെ എന്‍റെ ജീവിതത്തിലെ അവസാന ഓര്‍മ എന്ന് ഞാന്‍ ആശിച്ചുപോയി.

ബദ്റിലെ പാഠങ്ങള്‍
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളിലൊന്നായിരുന്നുവല്ലോ ബദ്റില്‍ കണ്ടത്. നബി(സ) തന്നെ നേതൃത്വം നല്‍കിയ പ്രസ്തുത പോരാട്ടത്തില്‍ പഠിക്കാനുള്ള പാഠങ്ങള്‍ അനേകങ്ങളാണ്. സുപ്രധാനമായ ചിലത് സൂചിപ്പിക്കാം
ഒന്ന്). മുസ്ലിംകളെ ക്രൂരമായി പീഡിപ്പിക്കുകയും വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തപ്പോഴാണ് മുസ്ലിംകള്‍ മക്കയില്‍ നിന്ന് പലായനം ചെയ്തത്. മുസ്ലിംകളുടെ ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കള്‍ ഖുറൈശികള്‍ കയ്യടക്കിയിരുന്നു. അതിനാലാണ് അബൂസുഫ്യാന്‍റെ നേതൃത്വത്തിലുള്ള വര്‍ത്തകസംഘത്തെ പിടികൂടാന്‍ മുസ്ലിംകള്‍ തയ്യാറായത്. വര്‍ത്തകസംഘം രക്ഷപ്പെട്ട ശേഷവും അതിനെ സംരക്ഷിക്കാനായി പുറപ്പെട്ട ഖുറൈശികള്‍ ബദ്റില്‍ തങ്ങി. മദീനക്ക് തന്നെയും അവര്‍ ഭൂഷണി ഉയര്‍ത്താന്‍ തുടങ്ങി. അങ്ങനെ അവരുമായി പോരാടാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായി. അതായിരുന്നു ബദ്ര്‍ യുദ്ധം.
രണ്ട്). യുദ്ധം, യുദ്ധതന്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടിയാലോചിക്കുന്നത് നബിചര്യയാണ്. നബി(സ) മുഹാജിറുകളോടും അന്‍സ്വാറുകളോടും കൂടിയാലോചിച്ച ശേഷമാണ് യുദ്ധ തീരുമാനമെടുത്തത്.
മൂന്ന്). വിഷമഘട്ടത്തില്‍ എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവോട് വിശ്വാസികള്‍ പ്രാര്‍ഥിച്ചു. അല്ലാഹുവിനോട് മാത്രമാണ് ഏത് സമയത്തും പ്രാര്‍ഥിക്കാവൂ എന്ന മതത്തിന്‍റെ മൗലികാശയം ഖുര്‍ആന്‍ തന്നെ വിളിച്ചോതുന്നു.

ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ച
ഹിജ്റ രണ്ടാംവര്‍ഷം റമദാന്‍ പതിനേഴിനായിരുന്നു ബദ്ര്‍ യുദ്ധം നടന്നത്. ബദ്റില്‍ പതിനാല് സ്വഹാബികള്‍ രക്തസാക്ഷികളായിരുന്നു. അവരുടെ കണ്ണൂക്ക് അടിയന്തിരമോ പതിനാലാം ദിവസത്തെയോ നാല്പതാം നാളിലെയോ അടിയന്തിരങ്ങള്‍ നബി(സ) നടത്തിയില്ല. ബദ്ര്‍ യുദ്ധത്തിനു ശേഷം പിന്നെയും എട്ടു റമദാന്‍ മാസങ്ങള്‍ നബി(സ)യുടെ ജീവിതകാലത്ത് കടന്നുപോയി. അഥവാ എട്ട് ബദ്ര്‍ ദിനങ്ങള്‍ക്ക് നബി(സ) സാക്ഷിയായി. ആ വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും നബി(സ) അവരുടെ ആണ്ട് ആഘോഷിച്ചതായി ഒരു രേഖയുമില്ല. ബദ്റില്‍ പങ്കെടുത്ത നൂറുകണക്കിന് സ്വഹാബികളും അക്കാലത്തുണ്ടായിരുന്നു എന്ന് ഓര്‍ക്കുക.
നബി(സ)യുടെ വിയോഗാനന്തരം ഇസ്ലാമിക ലോകത്തിനു നേതൃത്വം നല്‍കിയ നാല് ഖലീഫമാരും ബദ്ര്‍ ദിനം ആചരിച്ചിരുന്നില്ല. അവരില്‍ ഉസ്മാന്‍(റ) ഒഴികെയുള്ളവരെല്ലാം ബദ്റില്‍ പങ്കെടുത്തവരായിരുന്നു.
പക്ഷ, എന്തുചെയ്യാം.. ഇന്ന് മുസ്ലിം നാമധാരികള്‍ പലരും ബദ്ര്‍ ദിനം മൃഷ്ടാന്ന ഭോജനത്തിന്‍റെ നാളാക്കിയിരിക്കുന്നു. അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിച്ചിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികളോടാണ് ബദ്റിലെ പോരാളികള്‍ യുദ്ധം ചെയ്തത്. ഇന്നത്തെ മുസ്ലിം നാമധാരികള്‍ ബദ്റിലെ പോരാളികളോട് പ്രാര്‍ഥിക്കുന്നു. ഇബ്റാഹീം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രതിമകള്‍ നിര്‍മിച്ച് ആരാധിച്ച മക്കക്കാരുടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. അല്ലാഹുവില്‍ ശരണം!

കുറിപ്പുകള്‍
1. അല്‍ബിദായ വന്നിഹായ, ഇബ്നുകഥീര്‍ 5:75
2. ഇബ്നുഹിശാം 1:319
3. ബുഖാരി, മുസ്ലിം
4. അബൂദാവൂദ്
5. റഹീഖ് അല്‍മക്ത്തൂം, സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക്പൂരി, 291-292

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x