അബുല്‍കലാം ആസാദ് പണ്ഡിതനായ രാഷ്ട്രതന്ത്രജ്ഞന്‍
ബി പി എ ഗഫൂര്‍

‘ഉപദേശങ്ങള്‍ക്കു വേണ്ടി ഞാനിനി എങ്ങോട്ട് തിരിയും? എന്റെ മൗലാന മരിച്ചുപോയല്ലോ’- 1958 ഫെബ്രുവരി 22ന് മൗലാനാ അബുല്‍ കലാം ആസാദിന്റെ നിര്യാണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രതിവചിച്ചതാണിത്. 1958 ഫെബ്രുവരി 23ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ആസാദ് അനുസ്മരണ ചടങ്ങില്‍ നെഹ്‌റു വിതുമ്പിക്കൊണ്ട് പറഞ്ഞു. മഹാന്മാര്‍ എത്രയുണ്ടെങ്കിലും മൗലാനാ അബുല്‍ കലാം പ്രതിനിധീകരിച്ച മഹത്വം ഇനി ഇന്ത്യക്കില്ലല്ലോ എന്ന്.
ഒരു മൊട്ടുസൂചി പോലും സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ കഴിയാതിരുന്ന സ്വതന്ത്ര ഇന്ത്യയെ ഇന്നീ കാണുന്ന വിധം ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനികരംഗത്ത് വളര്‍ത്തിയെടുക്കാന്‍ അടിത്തറയിട്ട രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മോദീ ഭരണകാലത്ത് പാഠപുസ്തകങ്ങളില്‍ നിന്ന് നിഷ്‌കാസിതനാകുമ്പോള്‍ ആസാദിന്റെ മഹത്വത്തെക്കുറിച്ച പുനര്‍വായന അനിവാര്യമാണ്.
എന്‍സിഇആര്‍ടിയുടെ 11-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നു യാതൊരു ദാക്ഷിണ്യവുമില്ലാതെ ചരിത്രപുരുഷനെ പുറത്താക്കിയ മോദി സര്‍ക്കാര്‍ ചരിത്രത്തോട് ചെയ്യുന്ന കടുത്ത അനീതിയാണിത്. ‘ഭരണഘടന എന്തുകൊണ്ട്, എങ്ങനെ’ എന്ന പാഠഭാഗത്തിലെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകളില്‍ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്. ‘ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. രാജേന്ദ്രപ്രസാദ്, മൗലാനാ അബുല്‍കലാം ആസാദ്, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ തുടങ്ങിയവരാണ് ഭരണഘടനാ സമിതികളില്‍ പതിവായി അധ്യക്ഷത വഹിക്കുക’ എന്ന വരിയില്‍ നിന്നാണ് ആസാദിന്റെ പേര്‍ ഒഴിവാക്കിയത്.
1888 നവംബര്‍ 11ന് ഇന്ത്യന്‍ വംശജനായ മൗലാനാ ഖൈറുദ്ദീന്റെ (1831-1908) മകനായി അബുല്‍ കലാം ഗുലാം മുഹ്‌യുദ്ദീന്‍ അഹ്മദ് എന്ന മൗലാനാ അബുല്‍കലാം ആസാദ് വിശുദ്ധ മക്കയില്‍ ജനിച്ചു. മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സഗീറിന്റെ മകള്‍ അലിയ്യയാണ് മാതാവ്. 1898ല്‍ ചികിത്സാര്‍ഥം ഇന്ത്യയിലേക്ക് തിരിച്ച മൗലാനയുടെ കുടുംബം കൊല്‍ക്കത്തയില്‍ പിതാവ് ഖൈറുദ്ദീന്റെ ശിഷ്യന്മാരുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയില്‍ തങ്ങാന്‍ തന്നെ തീരുമാനിച്ചു.
അറേബ്യയില്‍ ജനിച്ച മൗലാനാ മുഹമ്മദിന് അറബി ഭാഷ നന്നായി വശമുണ്ടായിരുന്നു. രാജ്യത്തെ ഔപചാരിക വിദ്യാഭ്യാസം വേണ്ടത്ര ഫലപ്രദമല്ലെന്ന കാഴ്ചപ്പാടുണ്ടായിരുന്ന പിതാവ് ഖൈറുദ്ദീന്‍ ആസാദിന് ഔപചാരിക വിദ്യാഭ്യാസം നല്‍കിയില്ല. പകരം പണ്ഡിതന്‍ തന്നെയായ ഖൈറുദ്ദീന്‍ തന്റെ നേതൃത്വത്തില്‍ തന്നെ വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആസാദിന് പ്രാഥമിക വിദ്യാഭ്യാസം നല്‍കി. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയവ വീട്ടില്‍ നിന്ന് തന്നെ അഭ്യസിച്ചു. സംഗീതവും ഗണിതശാസ്ത്രവും തര്‍ക്കശാസ്ത്രവും പഠിച്ചു. ഗണിതശാസ്ത്ത്രതിലും തര്‍ക്കശാസ്ത്രത്തിലും പ്രത്യേക പ്രാവീണ്യം അദ്ദേഹം കൈവരിച്ചു. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധജ്ഞാനം കൈവരിച്ച ആസാദ് തന്റെ 11-ാം വയസ്സില്‍ തന്നെ ഉര്‍ദുവില്‍ കവിതകള്‍ എഴുതിത്തുടങ്ങി.
ആധുനിക വിജ്ഞാനീയങ്ങള്‍ കരഗതമാക്കുകയെന്ന ലക്ഷ്യത്തോടെ കെയ്‌റോ, ബൈറൂത്ത് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചു. പരന്ന വായന ആസാദിന്റെ പാണ്ഡിത്യത്തെ തിളക്കമുള്ളതാക്കി. 1901ല്‍ ബോംബെയിലേക്ക് താമസം മാറ്റിയപ്പോള്‍ ആഗോള പ്രസാധകരുടെ പുസ്തകങ്ങളുടെ ലഭ്യത സുഗമമായി. ഈജിപ്തിലെ നവോത്ഥാന നായകന്‍ ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും സര്‍ സയ്യിദ് അഹ്മദ്ഖാന്റെയും കൃതികള്‍ വായിക്കാനിടയാവുകയും ഇസ്‌ലാമിക നവോത്ഥാന ചിന്താധാരയില്‍ ആകൃഷ്ടനാവുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ സയ്യിദിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും ആസാദില്‍ ഇംഗ്ലീഷ് പഠിക്കാന്‍ ആവേശം ജനിപ്പിക്കുകയും അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളെപ്പോലെ തന്നെ ഇംഗ്ലീഷിലും പ്രാവീണ്യം നേടുകയും ചെയ്തു.
ഒരു പത്രപ്രവര്‍ത്തകനാവുകയെന്ന അമിതാവേശത്തില്‍ കൗമാരത്തില്‍തന്നെ പത്രങ്ങളിലും ആനുകാലികങ്ങളിലും ആസാദ് എന്ന കൊച്ചു ബാലന്‍ എഴുതിത്തുടങ്ങി. തന്റെ ആദ്യ കവിത ‘മനോഹരമായ ഉപഹാരം’ ബോംബെയില്‍ നിന്നും ലഖ്‌നോയില്‍ നിന്നും പ്രസിദ്ധീകരിച്ചു. 1900ല്‍ മിസ്ബാഹ് എന്ന വാരിക സ്വന്തമായി തുടങ്ങി. മൂന്നു മാസം മാത്രമേ അത് പ്രസിദ്ധീകരിച്ചുള്ളൂ. 15-ാം വയസ്സില്‍ ലിസാനുല്‍ സിദ്ഖ് എന്ന ഉര്‍ദു ജേണല്‍ പ്രസിദ്ധീകരിച്ചു. 1905ല്‍ ലഖ്‌നോ നദ്‌വത്തുല്‍ ഉലമായില്‍ നിന്ന് പ്രസിദ്ധീകൃതമായ അന്നദ്‌വയുടെ പത്രാധിപരായി. 1906ല്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയ ആസാദ് 1907ല്‍ സുലൈഖാ ബീഗത്തെ വിവാഹം ചെയ്തു. 1908 ആഗസ്തില്‍ പിതാവ് ഖൈറുദ്ദീന്‍ ഇഹലോകവാസം വെടിഞ്ഞു. 1899ല്‍ 11ാം വയസ്സില്‍ ആസാദിന്റെ മാതാവ് മരണപ്പെട്ടിരുന്നു.
കല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയതോടെ ആസാദില്‍ രാഷ്ട്രീയാഭിനിവേശം ജനിച്ചു. അല്‍ബലാഗ്, അല്‍ഹിലാല്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ മതയാഥാസ്ഥിതികതക്കും ബ്രിട്ടീഷ് രാജിനുമെതിരെ ചാട്ടുളി പോലുള്ള വിമര്‍ശനങ്ങള്‍ എയ്തുവിട്ടു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി പറഞ്ഞതുപോലെ, ആസാദിന്റെ തൂലികയില്‍ നിന്ന് അക്ഷരങ്ങളല്ല, അഗ്നിസ്ഫുലിംഗങ്ങളാണ് ബഹിര്‍ഗമിച്ചത്. അല്‍ഹിലാല്‍ 1914ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. മഹാത്മാ ഗാന്ധിയുടെ അഹിംസാത്മക പോരാട്ടമെന്ന ആശയത്തില്‍ ആകൃഷ്ടനായി 1919ലെ റൗലത്ത് ആക്ട് വിരുദ്ധ സമരത്തില്‍ പങ്കാളിയായി.
ബ്രിട്ടീഷ് രാജുമായി സഹകരിച്ചുകൊണ്ടുള്ള അലിഗഡ് വാഴ്‌സിറ്റി പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പുണ്ടായിരുന്ന അബുല്‍ കലാം ആസാദ് 1920ല്‍ ബ്രിട്ടീഷുകാരുടെ ഔദാര്യമില്ലാതെ തന്നെ അലിഗഡില്‍ 1920ല്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. 1934ല്‍ അലിഗഡില്‍ നിന്നും ജാമിഅ മില്ലിയ ദില്ലിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1921ലെ നിസ്സഹകരണ സമരത്തെ തുടര്‍ന്ന് ലാഹോറിലെ ഷാഹി മസ്ജിദില്‍ നടത്തിയ പ്രഭാഷണത്തെ തുടര്‍ന്ന് 1921 ഡിസംബറില്‍ ജയിലിലടക്കപ്പെട്ടു. 1920നും 45നുമിടയില്‍ നിരവധി തവണ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി ജയിലിലടക്കപ്പെട്ടു.
1923ല്‍ 35ാം വയസ്സില്‍ മൗലാനാ അബുല്‍ കലാം ആസാദ് കോണ്‍ഗ്രസ് സമ്മേളന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1931ലെ സത്യാഗ്രഹത്തില്‍ പങ്കെടുത്ത മൗലാനാ ആസാദ് 1940 മുതല്‍ 1946 വരെ രാജ്യത്തിന്റെ ഭാവി നിര്‍ണയ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തുടര്‍ന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമ്മേളനത്തിലെ അധ്യക്ഷന്‍ ആസാദായിരുന്നു. ഭരണഘടനാ ഉപസമിതി അധ്യക്ഷന്‍മാരിലൊരാളായിരുന്ന ആസാദ് ബ്രിട്ടീഷ് കാബിനറ്റ് മിഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
രാജ്യത്തിന്റെ
ഉപദേഷ്ടാവ്
രാജ്യം സ്വതന്ത്രമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പ്രഥമ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ആധുനിക ഇന്ത്യയുടെ അസ്തിവാരമിടാന്‍ വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുക്കാന്‍ ഏല്‍പിക്കപ്പെട്ടത് മൗലാനാ അബുല്‍കലാം ആസാദിനെയായിരുന്നു. ‘ഇന്ത്യയിലെ മതേതരത്വം തകര്‍ന്നാല്‍ സ്വാതന്ത്ര്യം നല്‍കാം എന്ന് പറഞ്ഞാല്‍ ആ സ്വാതന്ത്ര്യം എനിക്ക് വേണ്ടെ’ന്ന് പറഞ്ഞ മൗലാനാ അബുല്‍കലാം ആസാദിന്റെ രാജ്യത്തോടുള്ള കൂറും പാണ്ഡിത്യവും പുരോഗമന കാഴ്ചപ്പാടും ആസാദിനെ നെഹ്‌റുവിന്റെയും മഹാത്മാഗാന്ധിയുടെയും ഏറ്റവും അടുത്ത ഉപദേഷ്ടാവ് എന്ന നിലയിലേക്ക് ഉയര്‍ത്തി.
തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന വിഖ്യാതമായ ഖുര്‍ആനിന്റെ ഉര്‍ദു വ്യാഖ്യാനവും മറ്റനവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഒക്കെയായി ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതന്‍ എന്ന തലത്തിലേക്ക് ആസാദ് എന്ന രാഷ്ട്രീയക്കാരന്‍ വളര്‍ന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെ. ആസാദിന്റെ പാണ്ഡിത്യത്തെ പരിഗണിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതനെന്ന ആദരവ് നല്‍കാന്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മുന്നോട്ടുവന്നെങ്കിലും അദ്ദേഹമത് സ്വീകരിക്കാന്‍ തയ്യാറായില്ല. അത്യപാരമായ ഓര്‍മശക്തിയും അറിവിനോടുമുള്ള അഭിവാഞ്ഛയും വിശ്വവിജ്ഞാനകോശമെന്ന ഖ്യാതിയിലേക്ക് ആസാദിനെ ഉയര്‍ത്തി. മധ്യയുഗ അറബ് ലോകം, പശ്ചിമേഷ്യന്‍ ചരിത്രം, ഇന്ത്യയിലെ മുസ്‌ലിം കാലഘട്ട ചരിത്രം തുടങ്ങിയവയില്‍ അഗാധജ്ഞാനം നേടിയ ആസാദിന്റെ വിരല്‍ത്തുമ്പിലായിരുന്നു അരിസ്‌റ്റോട്ടിലും പ്ലാറ്റോയുമെല്ലാം.
‘പാകിസ്താന്‍ ഉണ്ടാവില്ലെന്നല്ല, ഉണ്ടാവരുതെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ഇന്ത്യ ഒരു യാഥാര്‍ഥ്യമാണ്; പാകിസ്താന്‍ ഒരു പരീക്ഷണവുമാണ്.’ ആസാദിന്റെ ദീര്‍ഘദൃഷ്ടി അധികം കഴിയാതെ യാഥാര്‍ഥ്യമായി.
മതത്തിലും തത്വചിന്തയിലും രാഷ്ട്രീയ നയനിലപാടുകളിലുമുള്ള ആസാദിന്റെ അഗാധപാണ്ഡിത്യവും പരിജ്ഞാനവും രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞ നെഹ്‌റു തന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി മൗലാനാ അബുല്‍കലാം ആസാദിനെ നിശ്ചയിച്ചതിലെ ലക്ഷ്യം ഒട്ടും തെറ്റിയില്ല. ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ് എന്ന് പ്രഖ്യാപിച്ച മൗലാനാ ആസാദ് സാര്‍വത്രികവും സൗജന്യവുമായ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസമെന്ന പദ്ധതിക്ക് അടിത്തറയിട്ടു. രാജ്യത്തിന്റെ വികസനം പൂര്‍ത്തിയാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് പ്രഖ്യാപിച്ച ആസാദ് അതിനു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു മൊട്ടുസൂചി പോലും ഉല്‍പാദിപ്പിക്കാന്‍ സാധ്യതകളില്ലാതിരുന്ന ഒരുകാലത്ത് ഐഐടി എന്ന ആശയം സ്വപ്‌നം കാണുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കുക കൂടി ചെയ്തു ആസാദ് എന്ന് പറയുമ്പോള്‍ ശാസ്ത്ര-സാങ്കേതിക-വൈജ്ഞാനികരംഗത്ത് രാജ്യം ഇന്ന് നേടിയ പുരോഗതികള്‍ക്കെല്ലാം രാജ്യം ആസാദിനോട് കടപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
1953ല്‍ യുജിസി എന്ന ആശയം ആസാദ് ആവിഷ്‌കരിക്കുകയും 1956ല്‍ യുജിസി നിലവില്‍ വരുകയും ചെയ്തു. 1953ല്‍ സംഗീത നാടക അക്കാദമിക്കും ലളിതകലാ അക്കാദമിക്കും തുടക്കം കുറിച്ചത് ആസാദ് തന്നെയായിരുന്നു. സെക്കന്‍ഡറി സ്‌കൂള്‍ കമ്മീഷന്‍ പോലുള്ള ഒട്ടേറെ കമ്മീഷനുകള്‍ രൂപവത്കരിച്ചു. രാജ്യത്തിന്റെ പ്രഥമ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുത്തതും മൗലാനാ അബുല്‍കലാം ആസാദ് എന്ന സാമൂഹിക പരിഷ്‌കര്‍ത്താവും രാഷ്ട്രനായകനുമാണ്.
അപാരമായ ബുദ്ധിയില്‍ പ്രശ്‌നത്തിന്റെ കാതലെന്തെന്ന് മനസ്സിലാക്കി രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ അബുല്‍കലാം എന്ന മുജദ്ദിദ് നേതൃത്വം നല്‍കിയപ്പോള്‍ നെഹ്‌റുവിയന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകു വെക്കുകയായിരുന്നു. 1958 ഫെബ്രുവരി 22ന് മരണംവരെ ആസാദ് വിദ്യാഭ്യാസ വകുപ്പിന്റെ ചുക്കാന്‍ പിടിച്ചു. ജനാധിപത്യം-മതേതരത്വം-ദേശീയത ഇസ്‌ലാമുമായി ഇഴചേര്‍ന്നു പോകുന്നുവെന്ന് പഠിപ്പിച്ച മൗലാനാ ആസാദ് ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അംബാസഡറായി നിലകൊണ്ടു.
മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി എഴുതിയ ആസാദിന്റെ ജീവചരിത്രം രാജ്യത്തിന്റെ തന്നെ ചരിത്രമാണ്. മഹാത്മാ ഗാന്ധി തന്നെയാണ് പുസ്തകത്തിന് അവതാരിക എഴുതിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മൗലാനാ ആസാദിന്റെ ആത്മകഥയായ ‘ഇന്ത്യാ വിന്‍സ് ഫ്രീഡം’ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ആത്മാവിഷ്‌കാരം കൂടിയാണ്.
രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ രാജ്യതന്ത്രജ്ഞനും പണ്ഡിതനുമായ മൗലാനാ അബുല്‍കലാം ആസാദ് എന്ന പരിഷ്‌കര്‍ത്താവിനെയാണ് മോദീ ഭരണകൂടം പാഠപുസ്തകത്തില്‍ നിന്നു വെട്ടിമാറ്റിയതെന്നോര്‍ക്കുമ്പോള്‍ സംഘ്പരിവാര്‍ ഫാസിസം വെച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ആഴം വ്യക്തമാവും.
