21 Thursday
November 2024
2024 November 21
1446 Joumada I 19

ഇമാം അബൂഹനീഫ; ആദര്‍ശധീരതയുടെ അനന്യ മാതൃകകള്‍

സി കെ റജീഷ്


ഇസ്ലാമിക ഫിഖ്ഹ്- നിയമ വിജ്ഞാനത്തിന് നാല് മദ്ഹബുകളുടെ ഇമാമുമാരായ പണ്ഡിതന്മാര്‍ ചെയ്ത സേവനങ്ങള്‍ ഏറെ വിലമതിക്കേണ്ടതാണ്. ആഴത്തിലുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ ഈ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എങ്കിലും അവയെ അടിസ്ഥാനമാക്കി ആ പണ്ഡിത ജ്യോതിസ്സുകള്‍ രചിച്ച കനപ്പെട്ട ഗ്രന്ഥങ്ങളും അവരുടെ മദ്ഹബുകളെ സ്വീകരിച്ച ജനവിഭാഗങ്ങളും അവരുടെ വീക്ഷണാടിത്തറയില്‍ പില്‍ക്കാലത്ത് വികാസം പ്രാപിച്ച വൈജ്ഞാനിക ശാഖകളും ജനഹൃദയങ്ങളില്‍ അവര്‍ക്കുള്ള സ്വാധീനത്തെയാണ് വിളിച്ചോതുന്നത്. ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമ്മദ് ബ്നു ഹമ്പല്‍ എന്നിങ്ങനെയാണ് ജനന വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ സ്ഥാനക്രമം.
ജനനം കുടുംബം
ഹിജ്റ 80 ല്‍ കൂഫയില്‍ ജനിച്ച അബൂഹനീഫയാണ് നാലു മദ്ഹബുകളില്‍ ആദ്യത്തേതായ ഹനഫി മദ്ഹബിന്റെ ഇമാം ആയി ഗണിക്കപ്പെടുന്നത്. കാബൂളില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പേര്‍ഷ്യന്‍ വംശജരില്‍പ്പെട്ട സാബിത്ബ്നു സൂത്വിയാണ് അബൂഹനീഫയുടെ പിതാവ്. പേര്‍ഷ്യന്‍ രാജാവായ നുഅ്മാന്‍ എന്ന പേര് പുത്രനായ അബൂഹനീഫക്ക് നല്‍കിയതിനാല്‍ അബൂഹനീഫത്തു നുഅ്മാന്‍ എന്നാണറിയപ്പെട്ടത്. വ്യാപാര പാരമ്പര്യമുള്ള ധനിക കുടുംബത്തില്‍ പിറന്ന അബൂഹനീഫ പിതാവിന്റെ കൂടെ കച്ചവടത്തില്‍ സഹായിയായി നില്‍ക്കുമ്പോള്‍ കൂഫയിലും ബസറയിലും ഉള്ള പ്രസിദ്ധ പണ്ഡിതരുമായി ബന്ധം പുലര്‍ത്തി വിജ്ഞാനം ആര്‍ജിച്ചു.
ബുദ്ധിമാനും ഊര്‍ജസ്വലനുമായ അബൂഹനീഫയോട് പണ്ഡിതരുമായി സഹവാസം പുലര്‍ത്തി വിജ്ഞാനം നേടാമെന്ന് ശഅബി പ്രചോദിപ്പിച്ചു. മാര്‍ക്കറ്റില്‍ പോവുന്നത് നിര്‍ത്തി പഠനത്തിന് മുഴുസമയം വിനിയോഗിക്കാന്‍ ഇമാം അബൂഹനീഫയെ പ്രേരിപ്പിച്ചത് ശഅബിയുടെ വാക്കുകളായിരുന്നു. അതിനിടെ പിതാവ് മരണപ്പെട്ടതിനാല്‍ കച്ചവടവും പഠനവും അദ്ദേഹത്തിന് ഒരുമിച്ച് കൊണ്ടു പോകേണ്ടി വന്നു. തന്റെ കര്‍മ മേഖല കച്ചവടമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധികള്‍ മനസ്സിലാക്കി സത്യസന്ധത മുറുകെ പിടിച്ച് അനുകരണീയ മാതൃക കാണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

സദ്ഗുണങ്ങള്‍
ക്രയവിക്രയങ്ങളില്‍ സത്യസന്ധത മുറുകെ പിടിക്കണമെന്ന നിഷ്‌കര്‍ഷത ഇമാം അബൂഹനീഫക്കുണ്ടായിരുന്നു. ബോധപൂര്‍വമോ അല്ലാതെയോ ന്യായരഹിതമായ മാര്‍ഗത്തിലൂടെ യാതൊന്നും കൈവശം വെച്ചുകൂടെന്ന നിര്‍ബന്ധ ബുദ്ധി കച്ചവടത്തിലുടനീളം അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ കൂട്ടുകാരനെ കടയില്‍ നിര്‍ത്തി അദ്ദേഹം പഠിക്കാനായി പുറത്തു പോയി. അല്‍പം ന്യൂനതകളുള്ള ഒരു പ്രത്യേക വസ്ത്രം കാണിച്ചുകൊണ്ട് വാങ്ങാന്‍ വരുന്നവരെ അത് ബോധ്യപ്പെടുത്തി മാത്രമേ വില്‍പന നടത്താവൂ എന്ന് ഇമാം കൂട്ടുകാരനോട് ഉണര്‍ത്തിയിരുന്നു. എന്നാല്‍ അയാള്‍ അത് മറന്ന് വിറ്റു.
അബൂഹനീഫ തിരിച്ച് വന്ന് കാര്യം മനസ്സിലാക്കി അത് വാങ്ങിയ ആള്‍ ആരെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ അതിന്റെ വില മുഴുവന്‍ ധര്‍മം നല്‍കുകയും ചെയ്തു. സാമ്പത്തിക രംഗത്ത് സംശുദ്ധി നിലനിര്‍ത്തി ഇടപാടുകള്‍ നടത്താന്‍ കണിശത പുലര്‍ത്തിയ ഇമാം ഉദാരതയിലും ഉല്‍കൃഷ്ട മാതൃക കാഴ്ചവെച്ചു.
സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ രഹസ്യമായി ചെയ്തു കൊടുക്കുന്ന ഉദാരശീലനായിരുന്നു ഇമാം അബൂഹനീഫ. കച്ചവടത്തിന്റെ ലാഭത്തില്‍ നിന്നും കിട്ടുന്ന വിഹിതം വിജ്ഞാന തല്‍പരര്‍ക്കും പണ്ഡിതര്‍ക്കും ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്കാനായിരുന്നു അദ്ദേഹം വിനിയോഗിച്ചിരുന്നത്. തന്റെ വരുമാനത്തില്‍ നിന്ന് ഒരു വര്‍ഷത്തെ ചിലവിന് ആവശ്യമായ തുക മാറ്റിവെച്ച് ശേഷിക്കുന്ന തുക മുഴുവന്‍ സാധുക്കള്‍ക്ക് ദാനം ചെയ്തിരുന്നു. നാട്ടില്‍ വിഷമം അനുഭവിക്കുന്നവരുടെ വാതിലിനരികില്‍ ചെന്ന് പണം നിക്ഷേപിച്ച സഞ്ചി വെച്ച് പെട്ടെന്ന് തന്നെ അദ്ദേഹം അവിടെ നിന്ന് മടങ്ങുന്ന പതിവാണുണ്ടായിരുന്നത്. ‘ഇവിടെ ഒരു സാധനം വെച്ചിട്ടുണ്ട്’ എന്ന അദ്ദേഹത്തിന്റെ ശബ്ദം കേട്ട് വീട്ടുടമ പുറത്ത് വരും മുമ്പ് ഇമാം അവിടെ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തിരുന്നു.
സാധാരണ ജീവിതത്തില്‍ ഭംഗിയുള്ള വസ്ത്രം ധരിക്കാനും സുഗന്ധം പൂശാനും നല്ല ആഹാരം കഴിക്കാനും ഇമാം ശ്രദ്ധിച്ചിരുന്നു. വേഷ ഭൂഷാദികളില്‍ ആര്‍ഭാടങ്ങളിലേക്ക് വഴിമാറാതെ അനിവാര്യമായ അഴകിന്റെ അടയാളങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ഒരിക്കല്‍ മോശപ്പെട്ട വസ്ത്രം ധരിച്ച ഒരു കൂട്ടുകാരനെ കണ്ടപ്പോള്‍ രഹസ്യമായി ഇമാം അയാളുടെ കയ്യില്‍ ആയിരം ദിര്‍ഹം വെച്ച് കൊടുത്തു. നല്ല വസ്ത്രം വാങ്ങാന്‍ സാമ്പത്തിക ശേഷിയുള്ള ആളായിരുന്നു അദ്ദേഹം. എങ്കിലും ഐഹിക ജീവിതത്തോടുള്ള വിരക്തി കാരണമായിരുന്നു അദ്ദേഹം ആ വേഷം ധരിച്ചത്. അബൂഹനീഫ അയാളെ ഉണര്‍ത്തി. ”അല്ലാഹു ഒരു അനുഗ്രഹം ചെയ്താല്‍ അതിന്റെ അടയാളം മനുഷ്യനില്‍ പ്രകടമാകുന്നത് അവനിഷ്ടമാണ്.”
തിന്മകളുടെ ദൂഷിത വലയത്തില്‍ പെട്ടുപോയ മനുഷ്യരെ അകറ്റാതെയും വെറുക്കാതെയും സൗഹാര്‍ദ സമീപനത്തോടുകൂടി അവരെ തിരുത്താനുള്ള നടപടികളായിരുന്നു ഇമാം സ്വീകരിച്ച് പോന്നിരുന്നത്. കടുത്ത മദ്യപാനിയായ ഒരാള്‍ മദ്യത്തിന്റെ ലഹരിയില്‍ പാട്ട് പാടി രാത്രി മുഴുവന്‍ അയല്‍വാസികള്‍ക്ക് ശല്യക്കാരനായിത്തീര്‍ന്നു. ഒരു ദിവസം ഇയാളുടെ ശബ്ദമേ കേള്‍ക്കാന്‍ സാധിച്ചില്ല. അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. മദ്യപാനത്തിന്റെ പേരില്‍ ഭരണാധികാരി അയാളെ ജയിലിലടച്ചിരുന്നു. അബൂഹനീഫ തന്റെ അയല്‍ക്കാരനെ മോചിപ്പിക്കണമെന്ന് ഭരണാധികാരിയോട് ശുപാര്‍ശ ചെയ്തു. മദ്യപാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കാരണത്താല്‍ അയാളെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇമാമിന് സാധിച്ചു. വിജ്ഞാന സദസ്സുകളില്‍ സ്ഥിരം സാന്നിധ്യമായി മാറിയ അദ്ദേഹം പിന്നീട് പണ്ഡിതന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.
ഫത്‌വകള്‍
പ്രമാണങ്ങളുടെ താത്വികാര്‍ഥത്തിലുള്ള വായന നടത്തി യുക്തി ന്യായത്തിന്റേയും ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ മതവിധികള്‍ അദ്ദേഹം പുറപ്പെടുവിച്ചു. മറ്റ് പണ്ഡിതന്മാര്‍ ഇമാമിന്റെ വീക്ഷണത്തോട് പലവിഷയങ്ങളിലും വിയോജിക്കേണ്ടതായി വന്നു. കാഫിര്‍, നിരീശ്വരവാദി, മനോരോഗി തുടങ്ങിയ ആക്ഷേപങ്ങള്‍ ഒക്കെ അദ്ദേഹത്തെക്കുറിച്ച് എതിരാളികള്‍ പറഞ്ഞു. എന്നാല്‍ എവിടേയും ധീരമായി തന്റെ ആദര്‍ശ നിലപാട് തുറന്നു പറയാന്‍ ഇമാമിന് മടിയുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് രക്ഷിതാവ് മുഖേനയല്ലാതെ സ്വയം ഒരു പുരുഷനെ തിരഞ്ഞെടുത്തു വിവാഹം കഴിക്കാം എന്നായിരുന്നു ഇമാം അബൂഹനീഫ(റ)യുടെ വീക്ഷണം. പക്ഷേ അനുയോജ്യന്‍ (കുഫ്വ) ആവുക എന്ന നിബന്ധന പാലിക്കപ്പെട്ടാലേ ഇമാം ഇതിന് അനുവാദം നല്‍കിയിരുന്നുള്ളൂ.
വ്യക്തി സ്വാതന്ത്ര്യത്തിന് ഇമാം വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. വിശേഷിച്ചും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും അവര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കാന്‍ ശ്രദ്ധിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഖലീഫ മന്‍സൂറും ഭാര്യയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. മന്‍സൂര്‍ രണ്ടാം വിവാഹത്തിന് തുനിഞ്ഞപ്പോള്‍ ഭാര്യ എതിര്‍ത്തു. ഒടുവില്‍ ഈ വിഷയത്തില്‍ അബൂഹനീഫ നല്‍കുന്ന ഫത്‌വ അംഗീകരിക്കാന്‍ തയ്യാറായിരുന്നു ഭാര്യ. നാല് വരെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ മതം അനുവദിക്കുണ്ടെന്ന് മന്‍സൂര്‍ വാദിച്ചു. അത് നീതി പാലിക്കുന്നവര്‍ക്കാണ് അനുവദനീയമാക്കിയിട്ടുള്ളത്, അല്ലെങ്കില്‍ ഒന്ന് മാത്രമേ പാടുള്ളൂവെന്ന് അബൂഹനീഫ ഫത്വ നല്‍കി.
ഇതോട് കൂടി ഖലീഫ വിവാഹ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞു. തനിക്കനുകൂലമായി ഫത്‌വ പറഞ്ഞ ഇമാമിന് മന്‍സൂറിന്റെ ഭാര്യ കുറെ സമ്മാനങ്ങള്‍ അയച്ചുകൊടുത്തെങ്കിലും ഇമാം അതെല്ലാം നിരസിക്കുകയാണുണ്ടായത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ചെയ്തതാണ് ഇതെന്ന് ഇമാം അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ആദര്‍ശ ധീരമായ
നിലപാട്

ന്യായവാദങ്ങള്‍ ഉന്നയിച്ച് പ്രതിയോഗികളുടെ ഉത്തരം മുട്ടിക്കാനുള്ള അസാമാന്യ കഴിവ് ഇമാം അബൂഹനീഫക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്റെ കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ തെറ്റായ ഫത്‌വകളെ അദ്ദേഹം വിമര്‍ശിച്ചു. ഫത്‌വകളിലുടനീളം ഇമാമിന്റെ ധീരമായ ആദര്‍ശ നിലപാട് വെളിപ്പെടുത്തി തരുന്നുണ്ട്. 18 വര്‍ഷം അബ്ബാസി ഭരണത്തില്‍ ജീവിച്ച ഇമാം അബ്ബാസികളുടെ എതിരാളികളായ അലവികളെ തള്ളിപ്പറയാന്‍ തയ്യാറായില്ല.
ഇമാമിന്റെ ധീരമായ നിലപാട് അബ്ബാസികള്‍ക്ക് പ്രയാസകരമായി. ഭരണാധികാരികളെ എതിര്‍ക്കുന്ന അബൂഹനീഫ മുര്‍തദ്ദ് (മതത്തില്‍ നിന്ന് പുറത്തു പോയവന്‍) എന്ന് വരെ ആക്ഷേപിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനം നല്‍കി അദ്ദേഹത്തെ വശത്താക്കാന്‍ ഖലീഫ ശ്രമിച്ചെങ്കിലും ഇമാം അതിന് വഴങ്ങിയില്ല. ഭരണകൂടത്തിന് എതിരായ ഫത്‌വകള്‍ നല്‍കുന്നത് പതിവാക്കിയ ഇമാമിനെ അവര്‍ ജിയിലില്‍ അടച്ചു. തലക്ക് കാര്യമായ പ്രഹരമേറ്റതിനാല്‍ അതിന്റെ വേദനയില്‍ അദ്ദേഹം വിങ്ങിപ്പൊട്ടി. പക്ഷേ അപ്പോഴും അദ്ദേഹം പറഞ്ഞിരുന്നത് ”അടിയുടെ വേദന കൊണ്ടല്ല ഞാന്‍ കരയുന്നത്, എന്റെ ഉമ്മയെ ഓര്‍ത്ത് വേദനിച്ചാണ്” എന്നായിരുന്നു.
മരണവുമായി മല്ലടിക്കുമ്പോഴും അദ്ദഹം വസിയ്യത്തായി പറഞ്ഞിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ഭരണാധികാരികള്‍ അന്യായമായി കൈവശപ്പെടുത്തിയ ഒരു മണ്ണിലും തന്നെ മറവ് ചെയ്യരുതെന്നായിരുന്നു പറഞ്ഞത്.
വൈജ്ഞാനിക
സംഭാവനകള്‍

ഫിഖ്ഹ് നിയമ വിജ്ഞാനത്തിന് ഇമാം അബൂഹനീഫ നല്‍കിയത് അനന്യമായ സംഭാവനകളായിരുന്നു. അല്‍ഫിഖ്ഹുല്‍ അക്ബര്‍ എന്ന പ്രസിദ്ധ കൃതിയില്‍ അറുപതിനായിരം പ്രശ്നങ്ങള്‍ വിശകലന വിധേയമാക്കി. മുസ്നദു അബീഹനീഫ എന്ന മറ്റൊരു ഗ്രന്ഥവും ഇമാം അബൂഹനീഫയുടെ വിഖ്യാതമായ വൈജ്ഞാനിക സംഭാവനയാണ്. ഇമാം അബൂഹനീഫയുടെ ശിഷ്യഗണങ്ങളില്‍ ഏറ്റവും പ്രമുഖന്‍ കിതാബുല്‍ ഖറാജ് എന്ന ബൃഹത് ഗ്രന്ഥത്തിന്റെ കര്‍ത്താവായ അബൂയൂസുഫ് (ജനനം 113 ഹി. മരണം: 182) ആണ്. 52 വര്‍ഷം ഉമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസി ഭരണത്തിലും ജീവിച്ച അബൂഹനീഫ ഹിജ്റ 150 ല്‍ അന്തരിച്ചു.
ഇമാം അബൂഹനീഫയുടെ കാലഘട്ടം ഗ്രന്ഥരചനക്കും ആശയ ക്രോഡീകരണത്തിനും കൂടുതല്‍ ശ്രദ്ധയൂന്നുന്ന സാഹചര്യമായിരുന്നില്ല. പഠനം, കച്ചവടം എന്നിവയില്‍ മുഴുകുന്നതോടൊപ്പം ഇമാം ജനങ്ങള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കാനും, അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും തര്‍ക്ക വിഷയങ്ങളില്‍ മതവിധികള്‍ നല്‍കാനും സമയം കണ്ടെത്തി. തന്റെ ശിഷ്യനായ ഇമാം യൂസഫ് അല്‍ഖാദിയോടുള്ള ഉപദേശങ്ങള്‍ എന്ന കൃതി ഇമാം നിര്‍വഹിച്ച പ്രധാന രചനയാണ്.
അല്‍ഫിഖ്ഹുല്‍ അക്ബര്‍, അല്‍ഫിഖ്ഹുല്‍ അബ്സ്വത് എന്നീ ഗ്രന്ഥങ്ങള്‍ ഇല്‍മുല്‍ കലാമില്‍(വചന ശാസ്ത്രം) വിഖ്യാതമായ ഇമാമിന്റെ വൈജ്ഞാനിക സംഭാവനയാണ്. ഈ വിജ്ഞാന ശാഖയില്‍ തന്നെ ഇമാം നിരവധി ലേഖനങ്ങള്‍(രിസാലത്ത്) എഴുതുകയും പില്‍ക്കാലത്ത് ഹനഫി മദ്ഹബിന്റെ വക്താക്കളായ പണ്ഡിതന്മാര്‍ അത് വിശദീകരിക്കുകയും ചെയ്തു.
ഫഖീഹുല്‍ ഇറാഖ് (ഇറാഖിലെ കര്‍മശാസ്ത്ര വിദഗ്ധന്‍), ഇമാമുല്‍ അഇമ്മത്തുല്‍ ഫുഖഹാഅ് (കര്‍മശാസ്ത്ര പണ്ഡിതരുടെ ഇമാം), ആലിമുല്‍ ഉമ്മ (സമുദായത്തിന്റെ പണ്ഡിതന്‍), അല്‍ ഇമാമുല്‍ അഅ്‌ളം (മഹാനായ ഇമാം) തുടങ്ങിയ സ്ഥാനപ്പേരുകളില്‍ അബൂഹനീഫ അറിയപ്പെട്ടു. ആദര്‍ശ ധീരതയുടെ പര്യായമായി ജീവിച്ച് ഇസ്ലാമിക വൈജ്ഞാനിക രംഗത്തുള്ള സംഭാവനകളിലൂടെ കാലത്തെ അതിജീവിക്കുന്ന വിധം പ്രഭപരത്താന്‍ ആ പണ്ഡിത ജ്യോതിസ്സിന്സാധിച്ചു.

Back to Top