പുളിക്കല്‍ എബിലിറ്റിയില്‍ വീല്‍ചെയര്‍ സൗഹൃദകൃഷി

പുളിക്കല്‍: ഭിന്നശേഷിക്കാരുടെ കര്‍മ്മശേഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുളിക്കല്‍ എബിലിറ്റിയില്‍ ചക്രക്കസേര സൗഹൃദ ജൈവ കൃഷിക്ക് തുടക്കമായി. അരക്കുതാഴെ ചലന ശേഷി നഷ്ടമായവര്‍ക്ക് ചക്ര കസേരയില്‍ ഇരുന്ന് കൃഷിചെയ്യുന്നതാണ് പദ്ധതി. ഇതിനായി ഉയര്‍ത്തിയ മണ്‍തറകള്‍ ഒരുക്കിയിട്ടുണ്ട്. വളംചെയ്യല്‍, വിത്ത് പാകല്‍, നന, ചെടി പരിപാലനം എന്നിവ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് നിര്‍വഹിക്കാനാവും. മണ്‍തറകളിലേക്കും ഗ്രോ ബാഗുകളിലേക്കും ചലിക്കുന്നതിനും വീല്‍ ചെയര്‍ പാത, കൈകൊണ്ട് ഉപയോഗിക്കാവുന്ന കൃഷി ഉപകരണങ്ങള്‍, ജലസേചനത്തിന് ഡ്രിപ് ഇറിഗേഷന്‍ സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കൃഷി ഓഫിസര്‍ വിനീത് വര്‍മ്മ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, ബഷീര്‍ മമ്പുറം, എബിലിറ്റി കോളേജ് ഡയറക്ടര്‍ പ്രഫ. അഷ്‌റഫ്, അബ്ദുല്‍ കബീര്‍ മോങ്ങം, ഫൗസിയ സിപി, ശബ പി ടി പ്രസംഗിച്ചു.
