ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍; എബിലിറ്റി ഫൗണ്ടേഷന് സംസ്ഥാന പുരസ്‌കാരം സമ്മാനിച്ചു

ഭിന്നശേഷി ശാക്തീകരണ രംഗത്തെ മികച്ച സര്‍ക്കാരിതര സംഘടനക്കുള്ള സംസ്ഥാന അവാര്‍ഡ് പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സമ്മാനിക്കുന്നു.
കോഴിക്കോട്: ഭിന്നശേഷി ശാക്തീകരണ രംഗത്തെ മികച്ച സര്‍ക്കാരിതര സംഘടനക്കുള്ള സംസ്ഥാന അവാര്‍ഡ് പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ- പുരസ്‌കാര വിതരണ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അവാര്‍ഡ് കൈമാറി. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, എബിലിറ്റി വൈസ് ചെയര്‍മാന്‍ കായല്‍മഠത്തില്‍ അബ്ദുല്ലത്തീഫ്, ട്രഷറര്‍ എന്‍ എം അബ്ദുല്‍ ജലീല്‍, മുഹമ്മദലി ചുണ്ടക്കാടന്‍, ഡോ. മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷാനില്‍, അബ്ദുല്ലത്തീഫ് വൈലത്തൂര്‍ പങ്കെടുത്തു.
2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച എബിലിറ്റി ഫൗണ്ടേഷന്റെ പ്രധാന ദര്‍ശനം ‘പരിമിതികളല്ല കഴിവുകളാണ് പരിഗണിക്കപ്പെടേണ്ടത്’ എന്നാണ്. ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിച്ചു സ്വാശ്രയരാക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഭിന്ന ശേഷിക്കാര്‍ക്ക് അവസര സമത്വവും തുല്യപങ്കാളിത്തവും അഭിമാന ബോധവും നല്‍കിവരുന്നതാണ് എബിലിറ്റിയുടെ പ്രവര്‍ത്തന ശൈലി. കാഴ്ച പരിമിതര്‍, ശ്രവണ പരിമിതര്‍, അരക്കു താഴെ ചലനശേഷി നഷ്ടപെട്ടവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മറ്റു ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് കൗണ്‍സലിംഗ്, തെറാപ്പി, തുടര്‍ വിദ്യാഭ്യാസം, നൈപുണ്യ വികസനം, മാര്‍ഗ ദര്‍ശനം, പുനരധിവാസം എന്നിവയാണ് എബിലിറ്റിയില്‍ നല്‍കി വരുന്നത്. ശ്രവണ പരിമിതര്‍ക്ക് മാത്രമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നു. 2019-ല്‍ ശ്രവണ പരിമിതര്‍ക്ക് വേണ്ടിയുള്ള മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കാഴ്ച പരിമിതര്‍ക്ക് വായനാ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പരിശീലനം, ദിവ്യ ദീപ്തി ഓഡിയോ മാഗസിന്‍, ഉറവ ടോക്കിങ് ബുക്ക് ലൈബ്രറി, ബ്രയില്‍ പരിശീലനം, സഞ്ചാര പരിശീലനം, എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമായ തൊഴില്‍ പരിശീലനം, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, പാചകമടക്കമുള്ള ഹോം മാനേജ്‌മെന്റ്, സ്വയം പ്രതിരോധ പരിശീലനങ്ങള്‍ എന്നിവയും നടത്തി വരുന്നു. ആംഗ്യ ഭാഷയിലേക്ക് ജുമുഅ ഖുതുബ തത്സമയം വിവര്‍ത്തനം ചെയ്യുന്ന രാജ്യത്തെ പ്രഥമ പള്ളിയാണ് കാമ്പസ്സിലെ മസ്ജിദു റഹ്മ. കലാ കായിക ശേഷികളിലൂടെ പുനരധിവാസം എന്ന ലക്ഷ്യത്തോടെ എബിലിറ്റി പാര സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് അക്കാദമി കലാ കായിക പരിശീലനങ്ങള്‍ നല്‍കുന്നു. കാഴ്ച പരിമിതര്‍ക്കുള്ള ക്രിക്കറ്റ്, ചെസ്സ്, അരക്കു താഴെ ചലനമറ്റവര്‍ക്കുള്ള വീല്‍ചെയര്‍ ഒപ്പന, കോല്‍ക്കളി, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള വിവിധ കലാ കായിക പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, കോളേജ്, ആശുപത്രികള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ആംഗ്യ ഭാഷ (ഐ എസ് എല്‍) പരിശീലനം നല്‍കി വരുന്നു.
എല്ലാ വിഭാഗക്കാര്‍ക്കും പി എസ് സി, മത്സര പരീക്ഷ പരിശീലനങ്ങള്‍, ഗൈഡന്‍സ് ആന്റ് പ്ലേസ്‌മെന്റ്, സ്വയം തൊഴില്‍ സംരംഭക സഹായങ്ങള്‍ എന്നിവ നല്‍കി വരുന്നു. ഭിന്ന ശേഷിക്കാരുടെ വിവാഹ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്ന തിന്നായി പൊരുത്തം എന്ന പേരില്‍ വിവാഹാന്വേഷണ മേളകള്‍ നടത്തുന്നു.