26 Thursday
December 2024
2024 December 26
1446 Joumada II 24

അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലങ്ങ് വീഴുന്നു

അബ്ദുല്‍ശുക്കൂര്‍

എല്ലായിടങ്ങളിലും ഭരണകൂടം പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ കേന്ദ്രം ഒരുങ്ങുന്നു എന്നാണ് കേള്‍ക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 79ാം വകുപ്പ് അനുസരിച്ച് ഇന്റര്‍മിഡിയറികള്‍ക്ക്, ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇന്റര്‍മീഡിയറി എന്നാല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകളാണ്. ഉദാഹരണത്തിന് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതില്‍ പ്രസിദ്ധീകൃതമാകുന്ന സംഗതികള്‍ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്തമാണ്. അതിന്റെ ഉള്ളടക്കത്തിനു മേല്‍ ഇന്റര്‍മീഡിയറികള്‍ക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും അവര്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്തവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ അവിടെ സാധ്യമാകുന്നു.
നിലവിലെ ഐ ടി ആക്ട് അനുസരിച്ച് നേരിട്ടുള്ള നിയന്ത്രണം അസാധ്യമാണ് എന്നറിഞ്ഞതുകൊണ്ട് ചട്ടങ്ങളുടെ ഭാഗമായി വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന പൊതുസ്വഭാവം കൈവരിച്ചിട്ടുള്ള സമകാലിക സാഹചര്യത്തില്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ ധൈര്യപൂര്‍വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും സന്നദ്ധസേവകരും മാത്രമാണ്.
പണം കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും പിടിച്ചെടുക്കാന്‍ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകള്‍ ഭരണകൂടങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചത്.

Back to Top