അഭിനവ സാമിരിമാര്‍ വിലസുന്നു
അബ്ദുല്‍അലി മദനി
മൂസാ(അ), ഹാറൂന്‍ (അ) പ്രവാചകന്മാരുടെ പ്രബോധന ഘട്ടങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ സൂറത്തു ത്വാഹയില്‍ സാമിരി എന്ന വ്യക്തിയെ പറയുന്നുണ്ട്. ഫറോവയുടെ കിരാതവാഴ്ചയില്‍ നിന്നു അല്ലാഹു കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിയ ഇസ്‌റാഈല്യരുടെ കൂട്ടത്തിലുണ്ടായിരുന്ന കപടനായ ഒരാളായിരുന്നു സാമിരി. അതിസമര്‍ഥമായി ഇസ്‌റാഈല്യരെ വഴികേടിലാക്കാന്‍ സാമിരി നടത്തിയ ഗൂഢശ്രമങ്ങളും അത്തരക്കാര്‍ക്ക് സംഭവിച്ചേക്കാവുന്ന നാശവും ശിക്ഷയും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ശിര്‍ക്കും കുഫ്‌റുമെല്ലാം സൂത്രത്തില്‍ വ്യാപിപ്പിച്ച ഇത്തരം സാമിരിമാര്‍ എക്കാലത്തും ഉണ്ടാകാം. അവര്‍ക്കൊക്കെ ഭയാനകമായ പതനങ്ങളും സംഭവിച്ചിട്ടുണ്ട്.
നിഷ്‌കളങ്കരായ വിശ്വാസികളുടെ അറിവില്ലായ്മയും അശ്രദ്ധയും വിദഗ്ധമായി ചൂഷണം നടത്തി, വേദവാക്യങ്ങളെ പോലും മാറ്റിമറിച്ച്, ദൈവിക സന്ദേശങ്ങളെ അലങ്കോലപ്പെടുത്തി, ഇതെല്ലാം ദൈവികം തന്നെയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഭവ സമാഹരണം നടത്തിയ ഒട്ടനേകം പുരോഹിത സാമിരിമാര്‍ ലോക ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. അവര്‍ വിറ്റഴിക്കുന്ന മതവിരുദ്ധ ആശയങ്ങളൊക്കെ ദൈവത്തില്‍ നിന്നുള്ളതാണെന്നാണ് അവര്‍ പറയുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (വി.ഖു. 2:78,79).
മേല്‍ സൂചിപ്പിച്ച ചൂഷണങ്ങള്‍ക്കും ധിക്കാരങ്ങള്‍ക്കും ഏറ്റവുമധികം വിധേയരായ ജനതയാണ് ഇസ്‌റാഈല്‍ സന്തതികള്‍. പ്രവാചക ശൃംഖലയില്‍ വളരെയേറെ പീഡനങ്ങള്‍ക്കിരയായ ദൈവദൂതനാണ് മൂസാ നബിയെന്നും കാണാം. തൗറാത്ത് എന്ന ഗ്രന്ഥം ഏറ്റുവാങ്ങി അവര്‍ക്കിടയിലേക്ക് തിരിച്ചുവന്നപ്പോഴേക്കും സത്യസരണിയില്‍ നിന്നു വ്യതിചലിച്ച സമൂഹമായി മാറിയിരുന്നു അവര്‍. മൂസാ കോപാകുലനായി ദിവ്യസൂക്തങ്ങളടങ്ങിയ ഫലകം നിലത്തിടുക പോലുമുണ്ടായെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (വി.ഖു 7:150). പ്രവാചകന്മാരുടെ കാലഘട്ടത്തില്‍ തന്നെ ഇത്തരം സാമിരിമാര്‍ ഉണ്ടായിരുന്നെന്നും അത്തരക്കാര്‍ വീണ്ടും തലപൊക്കുമെന്നത് ജാഗ്രതയോടെ കാണണമെന്നും ഓര്‍മിപ്പിക്കാനാണ് ഖുര്‍ആന്‍ അവരെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നത്.
കാലഘട്ടം പിന്നിട്ടപ്പോള്‍ നബി(സ) ഉണര്‍ത്തിയതും കര്‍ക്കശമായി വിലക്കിയതുമായ ഒട്ടനേകം അനാചാരങ്ങള്‍ സ്വന്തമായ ന്യായീകരണത്തിലൂടെ ആചാരങ്ങളാക്കി ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നതില്‍ അവരവരുടെ സാമര്‍ഥ്യം പ്രകടമാക്കിയതായി കാണാം. പ്രവാചകനോട് അനുസരണക്കേട് കാണിക്കുന്നവര്‍ ആളെ കൂട്ടി ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ സൂറഃ അന്നൂറിലെ 63ാം വചനത്തിന്റെ ഉള്ളടക്കം ഗ്രഹിക്കുന്നത് നന്നായിരിക്കും.
മാല, മൗലീദ്, ഹദ്ദാദ്, ചന്ദനക്കുടം, നാരിയസ്വലാത്ത്, ചാവടിയന്തിരം, ഹോമം, ജപം, മുട്ടറുക്കല്‍, ഉഴിഞ്ഞുവാങ്ങല്‍, നഹ്‌സ് നോക്കല്‍, കൊടി കയറ്റല്‍, മഅ്ശറ വിളി, ബറാത്ത്, ഖുത്ബിയ്യത്ത്, തല്‍ഖീന്‍ ചൊല്ലല്‍, കൂട്ടബാങ്ക്, ഉറുക്ക്, ഏലസ്സ്, ഖത്തപ്പുര പണിയല്‍, ദര്‍ഗയില്‍ ജാറം മൂടല്‍ തുടങ്ങി ഒട്ടനേകം അനാചാരങ്ങള്‍ ചില സാമിരിമാരുടെ മേല്‍നോട്ടത്തിലും ആശീര്‍വാദത്തിലും തന്നെയാണ് കൊഴുപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്. ഖബര്‍ സിയാറത്ത് ചെയ്യുന്നവന്‍ സ്വയം അവിടെ പോയി നേരിട്ട് പ്രാര്‍ഥിക്കരുതെന്നും ഖബറിനരികില്‍ പരിചാരകനായി നില്‍ക്കുന്നയാള്‍ക്ക് കൈമടക്ക് നല്‍കാതെയാവരുതെന്നും അതെല്ലാം പ്രാര്‍ഥന സ്വീകരിക്കാതിരിക്കാന്‍ നിമിത്തമാവുമെന്നും ‘ഹൗളുല്‍ കൗസറി’ന്റെ പിന്തുടര്‍ച്ചാവകാശിയുടെ അവകാശവാദം കേള്‍ക്കാനിടയായി. മുഅ്ജിസത്തും കറാമത്തുകളും വിറ്റു വരുമാനമുണ്ടാക്കുന്ന ഒരു മഹാ വിപണി തന്നെ അഭിനവ സാമിരമാര്‍ തുറന്നുവെച്ചിരിക്കുകയാണ്.
മൂസാ നബിയുടെ സമൂഹത്തില്‍ ഉണ്ടായിരുന്ന സാമിരിക്ക് ലാമിസാസ (തൊട്ടുകൂടാ, പരസ്പര സ്പര്‍ശമില്ല) എന്ന് പറഞ്ഞ് സമൂഹത്തില്‍ ഭ്രഷ്ട് ഏര്‍പ്പെടുത്തിയതായിരുന്നു ശിക്ഷ. ആരും എന്നെ കാണാന്‍ പാടില്ലെന്ന് വിലക്കുന്നത് ഇതിന്റെയൊക്കെ ഭാഗമാണെന്ന് പറയാം. മതത്തില്‍ ഇല്ലാത്തത് മതത്തില്‍ പെട്ടതായി സ്വയം നിര്‍മിച്ചുണ്ടാക്കുന്നവരെ നമുക്ക് സാമിരിമാരെന്നു വിളിക്കാം. മൂസാ നബിയുടെ കാലത്ത് സാമിരി പശുക്കുട്ടിയെ ഉണ്ടാക്കിയാണ് ആരാധിച്ചത് (വി.ഖു. 20: 87, 88, 97 വചനങ്ങള്‍ നോക്കുക).
ത്വരീഖത്തുകള്‍
പ്രവാചകനും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകളിലെ മഹാന്മാരും കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത എത്രയെത്ര മദ്ഹബുകളും ത്വരീഖത്തുകളുമാണ് ഇന്ന് നാം കാണുന്നത്. ചിശ്തി, ഖാദിരി, ശാദുലി, ജീലാനി, നഖ്ശബന്ദി, മാതുരീദി, ശംസി, ഖമരി, നൂരി തുടങ്ങിയ ഒട്ടേറെ വ്യാജ ത്വരീഖത്തുകള്‍- ഇതെല്ലാം വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതും ചില സാമിരിമാര്‍ തന്നെയാണ്.
ശൈഖ്, മുരീദ് എന്നീ തട്ടുകളുണ്ടാക്കി, നബി (സ)യിലേക്ക് എത്തിപ്പെടുന്നതാണെന്നു പറഞ്ഞ് വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ത്വരീഖത്തുകളെല്ലാം. ഇന്ന് നാം കേള്‍ക്കുന്ന പ്രതിനിധിയെ പിന്തുടരുകയെന്ന പുതിയ മുദ്രാവാക്യവും ഇതിന്റെ ഭാഗം തന്നെയാണ്. ഹൈദരാബാദില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ശൈഖുമാരാണീ ത്വരീഖത്തുകളുടെ നേതാക്കന്മാര്‍.
ഞാന്‍ നിങ്ങള്‍ക്കായി രണ്ടു കാര്യങ്ങള്‍ വിട്ടേച്ചുപോകുന്നുവെന്നും അവ രണ്ടും അവലംബിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ലെന്നുമാണ് നബി(സ) പ്രഖ്യാപിച്ചത്. ഖുര്‍ആനും നബിചര്യയുമാണവ. പിന്‍ഗാമിയെ പിന്തുടരുകയെന്ന ആശയത്തിലൂടെ വ്യംഗ്യമായി അവതരിപ്പിക്കുന്ന ത്വരീഖത്തുകളൊന്നും സ്വഹാബത്തിനോ താബിഉകള്‍ക്കോ പരിചയമുള്ളതല്ല.
ഇത്തരക്കാരുടെ നേതാക്കന്മാരായി ചമയുന്നവര്‍ സ്വയം ചില അത്ഭുത നാമങ്ങളും സ്ഥാനങ്ങളും ഉണ്ടാക്കിയിട്ടുമുണ്ട്. സാധാരണക്കാര്‍ക്ക് അര്‍ഥം അറിയാത്ത ചില പേരുകളാണവ. പ്രവാചകന്മാര്‍ക്കോ നബിയുടെ സ്വഹാബത്തിനോ ഖുലഫാഉര്‍റാശിദീങ്ങള്‍ക്കോ സ്വര്‍ഗാവകാശികളെന്ന് അറിയിക്കപ്പെട്ടവര്‍ക്കോ ബദ്‌റിലും ഉഹ്ദിലും ഹുനൈനിലും ഖന്‍ദഖിലും രക്തസാക്ഷിത്വം വരിച്ചവര്‍ക്കോ അത്തരം പേരുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കാണാന്‍ കഴിയില്ല.
ഉദാഹരണമായി ഖുത്ബുല്‍ അഖ്താബ് (അച്ചുതണ്ടുകളുടെ അച്ചുതണ്ട്) ശൈഖുല്‍ മശായിഖ് (എല്ലാ ശൈഖുമാരുടെയും മേധാവി), ശൈഖുല്‍ ആരിഫീന്‍ (അറിവുള്ളവരുടെ മേധാവി), സുല്‍ത്താനുല്‍ ആരിഫീന്‍, താജുല്‍ ഉലമ, അമീറുല്‍ ഉലമ, ഉസ്താദുല്‍ അസാത്തീദ്, റഈസുല്‍ മുഹക്കികീന്‍, താജുല്‍ ഔലിയ, ഖമറുല്‍ ഉലമ, ശംസുല്‍ ആരിഫീന്‍, നൂറുല്‍ മശായിഖ് തുടങ്ങിയ ഒട്ടേറെ സ്ഥാനപ്പേരുകള്‍. ഇങ്ങനെയുള്ള വിളിപ്പേരുകളൊന്നും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു ഉമര്‍(റ), ഇബ്‌നു മസ്ഊദ്(റ), സഅ്ദ്(റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ), ബിലാല്‍(റ), ഖാലിദുബ്‌നുല്‍ വലീദ്(റ), ത്വല്‍ഹത്ത്(റ), സുബൈര്‍(റ) തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ മഹാന്മാര്‍ക്കൊന്നും പറയുന്നതായി നാം കേള്‍ക്കാറില്ല. ഇവരുടെയൊന്നും മഖാമുകളോ അവരുടെ പേരില്‍ നേര്‍ച്ചകളോ ആരും നടത്താറുമില്ല. കാരണം അവരാരും ബിദ്അത്ത് നിര്‍മിക്കുന്നവരായിരുന്നില്ല.
നബിയുടെ സന്തതസഹചാരികളും ഇസ്‌ലാമിന് ഊടും പാവും നെയ്തവരുമായ മഹാന്മാര്‍ക്കൊന്നും ശൈഖ്, ഖോജ, സയ്യിദ്, ഖുത്ബ്, സുല്‍ത്താന്‍ എന്നിത്യാദി നാമങ്ങള്‍ നല്‍കപ്പെടാത്തതുതന്നെ ചിന്തിക്കേണ്ട വസ്തുതയാണ്. നബി(സ)യുടെ 20 ഉപ്പാപ്പമാരുടെ പേരുകള്‍ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നത് നബി മനുഷ്യ പരമ്പരയില്‍ മനുഷ്യനായി പിറന്നു വളര്‍ന്ന ഒരാളാണെന്ന് അറിയിക്കാനാണ്. പില്‍ക്കാലത്ത് മുഹമ്മദ് നബി അവതാരമോ ദൈവാംശമോ ആണെന്ന് ആരുംതന്നെ വാദമുന്നയിക്കാതിരിക്കാനുമാണ്. 20 ഉപ്പാപ്പമാരുടെ വംശപരമ്പരയിലൂടെ ജന്മം കൊണ്ട ഒരാള്‍ എങ്ങനെയാണ് മനുഷ്യനല്ലാതാവുക? നബിയുടെ അറിയപ്പെട്ട ഉപ്പാപ്പമാരെ മുന്‍നിര്‍ത്തി ഹഖ്, ജാഹ്, ബര്‍കത്ത്, തവസ്സുല്‍ എന്നിവയാരും ആഗ്രഹിക്കാറുമില്ല. കാരണം, അവര്‍ വിശ്വാസികളായിട്ടുണ്ടോ ഇല്ലേ എന്ന് വ്യക്തമല്ലല്ലോ.
നബിയുടെ മുടിയെപ്പറ്റി അത് ജിബ്‌രീല്‍ മാലാഖയുടേതാണെന്ന് പറയാനും അവര്‍ മടിക്കില്ല. ഇതിനു മുമ്പ് സാക്ഷാല്‍ സാമിരിയും അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടവരുണ്ടല്ലോ. അയാള്‍ ദൈവദൂതനായ ജിബ്‌രീലിന്റെ കാല്‍പ്പാടുകളില്‍ നിന്ന് എടുത്ത ഒരുപിടി മണ്ണാണത്രേ പശുക്കുട്ടിയെ ഉണ്ടാക്കാന്‍ ഉരുക്കിയ ലോഹത്തിലേക്ക് ഇട്ടത്. (ഖുര്‍ആന്‍ 20:96ന്റെ വ്യാഖ്യാനം നോക്കുക).
ചൂഷണങ്ങള്‍
സാധാരണ മനുഷ്യരെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാന്‍ കഴിയുമെന്നതാണ് ഇവര്‍ നടത്തുന്ന ഇജ്തിഹാദ് (ഗവേഷണം). ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു എന്നാണവര്‍ സാധാരണയായി കൊട്ടിഘോഷിക്കുന്നത്. അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടാന്‍ ഖുര്‍ആനിലൂടെ ഗവേഷണം ചെയ്തവരാണവര്‍.
മാല, മൗലിദ്, കുത്തുറാത്തീബ് എന്നിവക്കും ഖുര്‍ആനിലൂടെ ഗവേഷണം ചെയ്തവരാണവര്‍. നമസ്‌കരിക്കാത്ത ഒരാളെ വലിയ്യായി ഗണിക്കാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ലഹരിബാധിതരായി നമസ്‌കരിക്കാന്‍ വരരുതെന്ന ഖുര്‍ആന്‍ സൂക്തം ഓതിക്കൊണ്ട് അല്ലാഹുവിന്റെ ഔലിയാക്കന്മാര്‍ സ്വര്‍ഗത്തിന്റെ ലഹരി ബാധിച്ചവരാകയാല്‍ അവര്‍ നമസ്‌കാരത്തിന് വന്നില്ലെങ്കിലും പ്രശ്‌നമില്ലെന്നായിരുന്നു ഇവരുടെ ന്യായീകരണം.
കുത്തുറാത്തീബിന് ഖുര്‍ആനില്‍ തെളിവുണ്ടോ എന്ന ചോദ്യം ഉന്നയിച്ചയാള്‍ക്ക്, ഇബ്‌റാഹീം നബി(അ)യോട് പക്ഷികളെ പിടിച്ചു തുണ്ടംതുണ്ടമാക്കി പര്‍വതങ്ങളില്‍ കൊണ്ടുപോയി വെക്കാന്‍ പറഞ്ഞ സൂക്തമാണ് ഒരു മുസ്‌ലിയാര്‍ ഓതിയത് (വി.ഖു. 2:260 നോക്കുക). അഥവാ പ്രസ്തുത വചനം റാത്തീബിന് തെളിവാണത്രേ. ഇത് അവരുടെ സമകാലിക ഗവേഷണങ്ങളില്‍ പെട്ടതാണ്. എന്തിനധികം, ഇന്നും ചില ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു മൗലവി വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുതന്നെ ചികിത്സ നിര്‍ദേശിക്കുന്നു.
ഉറക്കക്കുറവ്, മാസമുറ പ്രശ്‌നങ്ങള്‍, ഇഴജന്തുക്കളുടെ ശല്യം, ഉറുമ്പ്, കൊതുക് എന്നിവയുടെ ഉപദ്രവം, ശത്രുദോഷം, ലഹരി പദാര്‍ഥങ്ങളുടെ കെടുതികള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവക്കെല്ലാം അയാള്‍ നിര്‍ദേശിക്കുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതി തലയണയുടെ താഴെയോ വീടുകളുടെ വെടിപ്പഴുതുകളിലോ അടുപ്പുകളിലോ നിക്ഷേപിച്ചാല്‍ മതിയാകുമെന്ന ചികിത്സാരീതി! ഈ വിധം ചികിത്സാശൈലികളും ചില സാമിരിമാരുടെ സംഭാവനകളാണ്.
ദഫ്മുട്ട്, മീലാദ് റാലി, ഖുത്ബിയ്യത്ത്, ദിക്‌റ്, സ്വലാത്ത്, ദുആ സമ്മേളനം, മതപ്രഭാഷണം, നേര്‍ച്ച, ആണ്ട്, തിരുകേശ പ്രദര്‍ശനം, റാത്തീബ്, ചന്ദനക്കുടം, ദര്‍സ് ഉദ്ഘാടനം, മദ്ഹുന്നബി, മീലാദ് ഫെസ്റ്റ്, ഹുബ്ബുര്‍റസൂല്‍, ഇശ്‌ഖെ മദീന, ബുര്‍ദ ആസ്വാദനം, ഖത്തം ദുആ, ദിക്‌റ് വാര്‍ഷികം, ജശ്‌നെ മദീന, സ്വലാത്ത് ജാഥ എന്നിത്യാദി പരിപാടികള്‍ക്കെല്ലാം മുന്നിലായി ‘വമ്പിച്ച’ എന്നുകൂടി കൂട്ടിച്ചേര്‍ക്കുമ്പോഴാണ് മേല്‍ സംഗതികള്‍ രോമാഞ്ചജനകമാവുക.
ദിക്‌റ്, സ്വലാത്ത് ജാഥകള്‍ വഴിത്താരയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നത് ഒരു സല്‍ക്കര്‍മമാകാന്‍ സാധ്യതയുണ്ടോ എന്നറിയില്ല. ആശീര്‍വാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും ഒരായിരം പൂച്ചെണ്ടുകള്‍ നാട്ടുകാരോട് ഇരന്നു വാങ്ങുന്ന ചുണക്കുട്ടികളുടെ ഈ പ്രകടനങ്ങള്‍ പുളകം കൊള്ളിക്കുന്നവ തന്നെ.
ഏതായാലും ഇവര്‍ ചെയ്തുകൂട്ടുന്ന അസംബന്ധങ്ങള്‍ സാമാന്യബുദ്ധിയുള്ളവരെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നത് ആശാവഹമാണ്. നബിയുടെ വേര്‍പാടിനു ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി, ആഇശ, ഹഫ്‌സ, ഫാത്തിമ, ബിലാല്‍, ഖാലിദ്, ഹസന്‍, ഹുസൈന്‍ (റളിയല്ലാഹു അന്‍ഹും) മുതലായവര്‍ക്കൊന്നും ഉദിച്ചിട്ടില്ലാത്ത ഒരു മ്യൂസിയം ചിന്ത സാക്ഷാത്കരിക്കാന്‍ പ്രസ്തുത മുടി തന്നെ വെള്ളത്തിലിട്ട് കുപ്പികളിലാക്കി വിറ്റ് കാശാക്കണോ എന്ന് ചോദിക്കുന്നുണ്ട്.
മുടിക്കെട്ട് സൂക്ഷിക്കല്‍ ഒരു സല്‍കര്‍മമാണെങ്കില്‍ സ്വന്തം കൈവശമുള്ള പണം കൊണ്ട് പള്ളി നിര്‍മിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? കത്തിച്ചു കാണിച്ച് നബിയുടെ മുടിയുടെ അമാനുഷികത തെളിയിക്കാന്‍ ആവശ്യപ്പെടുന്നവരോട് അത് കത്തിക്കാന്‍ പാടില്ലെന്ന് പറയുന്ന ഈ സമര്‍ഥന്മാര്‍, അത് വെള്ളത്തിലിട്ട് കുതിര്‍ത്ത് കുപ്പികളിലാക്കി നാനാജാതിക്കാരുടെയും കൈകളിലെത്തിക്കുന്നത് മുടിയെ ആദരിക്കലാകുമോ? ഈ വിധം വിറ്റഴിക്കപ്പെടുന്ന കുപ്പിവെള്ളം കുടിച്ച് ദാഹം തീര്‍ക്കുന്നവന്റെ അജ്ഞതയുടെ ആഴത്തെപ്പറ്റിയാണ് ഇജ്തിഹാദ് നടത്തേണ്ടത്.
നബി(സ)യുടെ മുടി കൊണ്ടും രാഷ്ട്രീയം കളിക്കുന്ന ഇത്തരം സാമിരിമാരുടെ ഉദ്ദിഷ്ട ലക്ഷ്യത്തിന്റെ ഗുട്ടന്‍സാണ് ബുദ്ധിയുള്ളവര്‍ ഉള്‍ക്കൊള്ളേണ്ടത്. ഉര്‍ദു പദപ്രയോഗങ്ങളിലൂടെയായതിനാല്‍ ഈ മുടി ഉര്‍ദുവാലകള്‍ കൈമാറിയതായിരിക്കുമെന്നു സംശയിക്കുന്നതിലും തെറ്റില്ല. അറബിയില്‍ ‘ശഅ്ര്‍ മുബാറക്’ എന്നോ ‘അശ്ശഅ്‌റുല്‍ മുബാറക്’ എന്നോ ആണ് പറയാവുന്നത്.
ഇവര്‍ പറയുന്നത് ‘ശഅ്‌റേ മുബാറക്’ എന്നാണ്. അതിനാല്‍ തന്നെ ഇതില്‍ എന്തോ ഒരു ലക്ഷണക്കേട് ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതൊന്നും നബിയോടുളള സ്‌നേഹപ്രകടനമല്ല, ഇസ്‌ലാമികവുമല്ല. ഇത്തരം മുടികള്‍ക്കും കോടികള്‍ക്കും അല്ലാഹുവിന്റെ കോടതിയില്‍ ശരിയായ സനദ് ബോധിപ്പിക്കേണ്ട സമയത്ത് ഏത് സാമിരിയാണ് മുടിയിട്ട ഈ വെള്ളം കൊണ്ടുവന്നു തരിക?