ആഭിചാരക്കാരെയും ആത്മീയ തട്ടിപ്പുകാരെയും തുറുങ്കിലടയ്ക്കാന്‍ നിയമം വേണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: മനുഷ്യജീവന്‍ പന്താടുന്ന ആഭിചാരക്കാരെയും മന്ത്രവാദികളെയും തുറുങ്കിലടക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നരബലി, ആഭിചാരം, മാരണം, ബാധയിറക്കല്‍ തുടങ്ങിയവയെല്ലാം ഭരണഘടന പ്രകാരമുള്ള വിശ്വാസസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. പൊതു സമാധാനം തകര്‍ക്കുന്നതും, സാന്മാര്‍ഗികതക്ക് വിഘ്‌നം സൃഷ്ടിക്കുന്നതുമായ കാര്യങ്ങള്‍ ഭരണഘടന 25 പ്രകാരമുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഉപാധികള്‍ക്ക് എതിരാണെന്നിരിക്കെ ആത്മീയ തട്ടിപ്പുകാരെയും ആത്മീയ വാണിഭ കേന്ദ്രങ്ങളെയും നിലക്കുനിര്‍ത്താന്‍ നിയമനിര്‍മാണം വഴി നിരോധനം ഏര്‍പ്പെടുത്തണം.
വിശ്വാസികളെ ചൂഷണം ചെയ്യുന്ന ആള്‍ദെവങ്ങളെയും മന്ത്രവാദികളെയും സിദ്ധന്മാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. മതത്തിന്റെ മറപിടിച്ച് സിദ്ധന്മാരായി രംഗത്തു വരുന്നവര്‍ക്ക് മതത്തിന്റെ യാതൊരു പിന്‍ബലവുമില്ല. മാരണത്തിനും ആഭിചാരത്തിനും പ്രതിഫലനമില്ലെന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിനെതിരായി ജിന്ന് ബാധ ചികിത്സയും മാരണത്തിന്റെ പ്രതിഫലനവും പ്രചരിപ്പിക്കുന്നവര്‍ ഇത്തരം നരബലികള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. കെ അബൂബക്കര്‍ മൗലവി, എം അഹമ്മദ്കുട്ടി മദനി, സി. മമ്മു കോട്ടക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ മംഗലതയില്‍, എന്‍ജി. സൈതലവി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, എം ടി മനാഫ്, കെ എ സുബൈര്‍, സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, എം കെ മൂസ, അബ്ദുല്‍അലി മദനി, ഡോ. അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
