5 Tuesday
March 2024
2024 March 5
1445 Chabân 24

അതിരുകള്‍ മായ്ക്കുന്ന അഭയാര്‍ഥി പ്രവാഹം

ഹിശാമുല്‍ വഹാബ്‌


സമകാലിക ലോക സാഹചര്യത്തില്‍ വ്യത്യസ്ത കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്നും നിര്‍ബന്ധിത സാഹചര്യത്തില്‍ പലായനം ചെയ്യേണ്ടി വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും വംശഹത്യകളും അവിടങ്ങളില്‍ സമാധാന ജീവിതവും സ്വസ്ഥതയും നശിപ്പിക്കുമ്പോള്‍ തന്നെയാണ്, കോവിഡ് 19 രോഗവ്യാപനം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമാകുന്ന കോവിഡ് ഭീതി വലിയൊരളവില്‍ കുറയ്ക്കുവാന്‍ വാക്‌സിനേഷന്‍ മുതലായ സംവിധാനങ്ങള്‍ക്ക് സാധിച്ചെങ്കിലും, ഇതര സ്ഥലങ്ങളില്‍ നിന്നും കടന്നു വരുന്ന ജനതകളെക്കുറിച്ചുള്ള വംശീയ-ബോധങ്ങള്‍ സൃഷ്ടിച്ച സാങ്കല്പിക ഭീതിയെ ഇനിയും തളയ്ക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. കോവിഡാനന്തര ലോകവ്യവസ്ഥ വിഭവ തലത്തിലും രാഷ്ട്രീയ തലത്തിലും കൂടുതല്‍ അപകടകരമായ അനീതിയുടെയും അസന്തുലിതാവസ്ഥയുടെയും പ്രവണതകള്‍ക്ക് കാരണമാവും എന്നതില്‍ സംശയമില്ല.
ഈയൊരു യാഥാര്‍ഥ്യ പൂര്‍ണമായ പരിതസ്ഥിതിയുടെ പ്രതിഫലനമാണ് ലോക അഭയാര്‍ഥി ക്ഷേമ സംഘടനയായ യു എന്‍ എച്ച് സി ആര്‍ പുറത്തുവിട്ട അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വീക്ഷിക്കാന്‍ സാധിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ട് നവംബര്‍ 11-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ കാലയളവില്‍ മാത്രം 33 രാജ്യങ്ങളില്‍ നിന്നും അഞ്ച് കോടിയിലധികം ജനങ്ങളാണ് പലായനം ചെയ്യേണ്ടി വന്നത്. അതില്‍ ഭൂരിപക്ഷവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളാല്‍ അഭയാര്‍ഥികളാക്കപ്പെട്ടവരില്‍ 67.5 ലക്ഷം പേരും സിറിയന്‍ വംശജരാണ്. അതിനാല്‍ തന്നെ, ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന രക്തരൂഷിതവും അക്രമാസക്തവുമായ യുദ്ധം സിറിയയെ പത്തു വര്‍ഷത്തിനിപ്പുറവും തകര്‍ത്തു കൊണ്ടിരിക്കുകയാണ്.
അറബ് വസന്തം എന്ന ഓമനപ്പേരിലറിയപ്പെട്ട അറബ് ജനതകളുടെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ 2010-ലാണ് തുനീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഒരു ദശാബ്ദത്തിനു ശേഷം അതിന്റെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും അവലോകനം ചെയ്യുമ്പോള്‍ പൊതുവെ ശുഭപര്യവസാന സൂചകമായ ഒരു ചിത്രമല്ല നമ്മുടെ മുമ്പിലുള്ളത്. തുനീഷ്യയില്‍ ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ പൗരസമൂഹം തയ്യാറായെങ്കിലും, നിലവില്‍ ആ രാജ്യം രാഷ്ട്രപതി ഭരണത്തിനു കീഴിലാണ്. ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈനികാധിപത്യത്തിന് തുടര്‍ച്ച നല്‍കിയത് അബ്ദുല്‍ഫത്താഹ് അല്‍സീസിയാണ്. മുഅമ്മര്‍ ഗദ്ദാഫിയുടെ കൊലപാതകത്തിനു ശേഷം ആഭ്യന്തര യുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ട ലിബിയയില്‍ ഇപ്പോള്‍ രണ്ട് ഭരണകൂടങ്ങളാണ് ഭരിക്കുന്നത്.
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നോക്കുകയാണെങ്കില്‍, ബഹ്‌റയ്‌നില്‍ നടന്ന സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും യമന്‍ ആഭ്യന്തര യുദ്ധവും പ്രാദേശിക വടംവലികളും തുടര്‍ക്കഥയായി മാറുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, സിറിയയില്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്ന ബശ്ശാറുല്‍ അസദ്, പ്രതിപക്ഷ കക്ഷികളെ അടിച്ചമര്‍ത്തുകയും ആഗോള യുദ്ധത്തിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്തു. അയല്‍രാജ്യമായ ഇറാഖില്‍, അമേരിക്കയുടെ അബദ്ധ ജടിലമായ വൈദേശിക അധിനിവേശം നാമാവശേഷമാക്കിയ ജനത പുതിയ വെല്ലുവിളികള്‍ നേരിട്ടത് തീവ്രസംഘങ്ങളിലൂടെയാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സായുധ സംഘങ്ങളുടെ കടന്നുവരവ് സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ വര്‍ധിക്കുവാന്‍ കാരണമാവുകയും സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം ലോകത്തെ ഏറ്റവും സങ്കീര്‍ണമായ ഒന്നാവുകയും ചെയ്തു.
ലോക അഭയാര്‍ഥി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വെനുസ്വേലയാണ്. 2019 മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്‌നം അധികാര തര്‍ക്കത്തിലാണ് തുടങ്ങിയത്. ഹുവാന്‍ ഗ്വയ് ദോയും നികോലാവ് മദുറോയും നയിക്കുന്ന എതിര്‍ കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നം 41 ലക്ഷം ജനങ്ങളുടെ പലായനത്തിനു കാരണമായിട്ടുണ്ട്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് പേരുകേട്ട വെനുസ്വേലയില്‍ അമേരിക്കന്‍ പിന്തുണയോടു കൂടിയ അജണ്ടകള്‍ അരങ്ങേറുന്നു എന്ന ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. 91 രാജ്യങ്ങളിലേക്ക് പലായനം ചെയ്ത ഈ ജനത കൂടുതലും താമസിക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ്.
കഴിഞ്ഞ നാല്പത് വര്‍ഷത്തിലധികമായി തുടര്‍ച്ചയായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വൈദേശിക അധിനിവേശങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും വേദിയായ അഫ്ഗാനിസ്താനില്‍ നിന്നും 26 ലക്ഷത്തോളം ജനങ്ങളാണ് അഭയാര്‍ഥികളായി മാറിയത്. ഈ വര്‍ഷം ആഗസ്റ്റ് മുപ്പതോടുകൂടി പരാജയം ഏറ്റുവാങ്ങി സൈനിക പിന്മാറ്റം നടപ്പിലാക്കിയ അമേരിക്കയുടെ നടപടിയോടു കൂടി ആഗോള നാണയ നിധിയടക്കമുള്ള സ്ഥാപനങ്ങള്‍ അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നിര്‍ത്തി വെച്ചിരിക്കുകയാണ്. 1996 മുതല്‍ ഭരണം നടത്തിയ താലിബാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് അധിനിവേശം നടത്തിയ അമേരിക്ക മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ കേവലം വാചാടോപം മാത്രമായിരുന്നു എന്നാണ് തെളിയിക്കപ്പെടുന്നത്. അമേരിക്കന്‍ പിന്തുണയോടുകൂടി നിലനിര്‍ത്തപ്പെട്ട അശ്‌റഫ് ഗനി പാവ ഭരണകൂടം അഴിമതിയിലൂടെ രാജ്യത്തെ തകര്‍ക്കുകയും പിന്നീട് നാടു വിടുകയുമാണ് ചെയ്തത്. അമേരിക്കയുടെ പിന്മാറ്റത്തോടു കൂടി ഭരണം ഏറ്റെടുത്ത താലിബാന്‍ രാഷ്ട്ര നിര്‍മാണത്തിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നു. നാല്പതിനായിരത്തിലധികം വരുന്ന അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ താമസിക്കുമ്പോഴും അവര്‍ക്ക് അനിവാര്യമായ അഭയാര്‍ഥി കാര്‍ഡ് ലഭ്യമാക്കാന്‍ ഐക്യരാഷ്ട്രസഭ താല്പര്യപ്പെടുന്നില്ല എന്ന് ആരോപിച്ച് അവര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ആഭ്യന്തര യുദ്ധവും പ്രകൃതി വിഭവത്തിന്റെ ദൗര്‍ലഭ്യവും കാരണമായി പലായനം നടന്നു കൊണ്ടിരിക്കുന്ന സൗത്ത് സുഡാനാണ് നാലാം സ്ഥാനത്ത്. 23 ലക്ഷം ജനങ്ങളാണ് സമീപ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറി, കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ഈ കാലയളവില്‍ 2.17 ലക്ഷം ജനങ്ങളാണ് അഭയാര്‍ഥികളായി മാറിയത്. സൈന്യത്തിന്റെ അമിതാധികാര പ്രയോഗത്തോടൊപ്പം തീവ്ര-ബുദ്ധ സംഘങ്ങളും മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബറിലാണ്, ‘ബുദ്ധ-ഭീകരതയുടെ മുഖം’ എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച അഷിന്‍ വിരാതുവിനെ സൈന്യം ജയിലില്‍ നിന്നും വെറുതെ വിട്ടത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഡല്‍ഹിയിലും ജമ്മുവിലും ഹൈദരാബാദിലും താമസിക്കുന്ന റോഹിങ്ക്യന്‍ ജനതയുടെ തിരിച്ചുപോക്ക് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, സുഡാന്‍, സോമാലിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, എരിത്രിയ എന്നിവിടങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളും വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയും പട്ടിണിയും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ആഫ്രിക്കന്‍ വന്‍കര, കോളനിവത്കരണത്തിന്റെയും അടിമത്തത്തിന്റെയും ബഹുരാഷ്ട്ര കുത്തകകളുടെയും ആധിപത്യത്തിനു കീഴില്‍ നിന്നും ഔദ്യോഗികമായി സ്വതന്ത്രമായെങ്കിലും ചരിത്രപരമായ സംഘര്‍ഷങ്ങള്‍ അവിടങ്ങളില്‍ നിലനില്ക്കുന്നുണ്ട്. വരള്‍ച്ചയും ഭക്ഷ്യ ക്ഷാമവും പട്ടിണി മരണങ്ങളിലേക്കും കൂട്ട പലായനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നു. കുട്ടികളില്‍ വിളര്‍ച്ചയും വൈകല്യങ്ങളും യമനടക്കം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം, കോവിഡ് വ്യാപനം ആരോഗ്യമേഖലയെ തളര്‍ത്തിയതും വാക്‌സിനേഷന്റെ ലഭ്യതക്കുറവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അഭയാര്‍ഥികളുടെ പുനരധിവാസവും ക്ഷേമവും വലിയ പ്രതിസന്ധികളാണ് ഉയര്‍ത്തുന്നത്. കോവിഡ് ഭീതിയില്‍ അന്താരാഷ്ട്ര പ്രാദേശിക അതിര്‍ത്തികള്‍ അടച്ചിട്ടപ്പോള്‍ കുടിയേറ്റ തൊഴിലാളികളേക്കാള്‍ ദുരിതമനുഭവിച്ചത് അഭയാര്‍ഥികളാണ്. ലോകത്തിലെ പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ഭൂരിപക്ഷവും പാശ്ചാത്യ ശക്തികളുടെയോ വികസിത രാജ്യങ്ങളുടെയോ നടപടികളും അധിനിവേശങ്ങളും അനുഭവിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, അഭയാര്‍ഥികളെ സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭൂരിപക്ഷവും വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളുമാണ്. 57 ലക്ഷം ഫലസ്തീന്‍ ജനത ഇപ്പോഴും അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളില്‍ കഴിയുകയാണ്. സിറിയന്‍ ജനതയടക്കം 37 ലക്ഷം അഭയാര്‍ഥികളാണ് തുര്‍ക്കിയില്‍ നിലവില്‍ താമസിക്കുന്നത്. കൊളമ്പിയ, ഉഗാണ്ട, പാകിസ്താന്‍, ജര്‍മനി, സുഡാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ അഭയം നല്‍കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അഭയാര്‍ഥി സാന്ദ്രതയുള്ള നഗരം ബംഗ്ലാദേശിലെ കോക്കസ് ബസാറാണ്. അതേസമയം, അഭയസ്ഥാനങ്ങള്‍ തേടിയുള്ള അപകടകരമായ യാത്രകള്‍ പലരുടെയും ജീവനെടുക്കുന്നുണ്ട് എന്നത് ഒരു ദുഖകരമായ യാഥാര്‍ഥ്യമാണ്.
ആഗോളതലത്തില്‍ പുറം തള്ളപ്പെടുന്ന അഭയാര്‍ഥികള്‍ ഭാവിയില്‍ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകണം എന്ന പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നവരാണ്. സ്വതന്ത്രവും സ്വസ്ഥവുമായ ഒരു ജീവിതം ആശിക്കുന്ന ഇവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കേണ്ടത് ഭരണകൂടങ്ങളും ആഗോള മനുഷ്യാവകാശ സംഘടനകളും സഹായ കൂട്ടായ്മകളുമാണ്. ഇന്ത്യയിലെ അഭയാര്‍ഥി സമൂഹങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ മലയാളികളുള്‍പ്പെടെ പരിശ്രമിക്കുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. അതേസമയം, കൂടുതല്‍ പൗരന്മാരെ പുറംതള്ളുവാനും അവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുവാനും വേണ്ടി നിര്‍മിക്കപ്പെടുന്ന പൗരത്വപട്ടികയും ദേശീയ സര്‍വേകളും ഇന്ത്യയിലെ മുസ്‌ലിംകളെ വേട്ടയാടുന്നുണ്ട്. കൂട്ട തടവറകള്‍ ആസ്സാമിലും ബംഗളൂരുവിലും നിര്‍മിക്കപ്പെടുമ്പോള്‍ അഭയാര്‍ഥി പ്രശ്‌നവും പൗരത്വ നിഷേധവും നമുക്ക് ഒരു അതിവിദൂര സാധ്യതയല്ല എന്ന് തെളിഞ്ഞുവരികയാണ്. ദേശരാഷ്ട്ര അതിര്‍ത്തികള്‍ക്കും തീവ്രദേശീയതകള്‍ക്കും അതീതമായ ആഗോള പരതയുടെയും മനുഷ്യസൗഹാര്‍ദത്തിന്റെയും പ്രതലത്തില്‍ നിന്നു മാത്രമേ സമകാലിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x