21 Thursday
November 2024
2024 November 21
1446 Joumada I 19

അബ്ദുറഹീം സുല്ലമി കരുമ്പുലാക്കല്‍

മന്‍സൂറലി ചെമ്മാട്‌

പെരുവള്ളൂര്‍: പ്രമുഖ ഇസ്ലാഹീ പണ്ഡിതന്‍ അബ്ദുറഹീം സുല്ലമി കരുമ്പുലാക്കല്‍ (68) നാഥനിലേക്ക് യാത്രയായി. പെരുവള്ളൂര്‍ പ്രദേശത്തെ പ്രഥമ മുജാഹിദ് പ്രവവര്‍ത്തകനായിരുന്ന അദ്ദേഹം ആദ്യകാലത്ത് മലപ്പുറം ഈസ്റ്റ് ജില്ലയിലെയും കൊണ്ടോട്ടി മണ്ഡലത്തിലെയും ഇസ്‌ലാഹി മുന്നേറ്റത്തിന്റെ ചാലക ശക്തികളിലൊരാളായിരുന്നു. പ്രസിദ്ധമായ കൊട്ടപ്പുറം സുന്നി മുജാഹിദ് വാദപ്രതിവാദത്തിന്റെ സംഘാടകരിലൊരാളായിരുന്നു. പ്രബോധന രംഗത്ത് നിറസാന്നിധ്യമായിരുന്ന അബ്ദുറഹീം സുല്ലമി നിരവധിയാളുകള്‍ക്ക് ആദര്‍ശ വഴിയിലേക്ക് കടന്നുവരാന്‍ പ്രചോദനമായി. ആത്മാര്‍ഥതയും അര്‍പ്പണബോധവും ലാളിത്യവും ആര്‍ജ്ജവവും പ്രതിഫലിക്കുന്ന വ്യക്തിത്വം സുല്ലമിയെ സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രായ വ്യത്യാസമോ മറ്റോ പരിഗണിക്കാതെ എല്ലാവരോടും സ്‌നേഹവും സൗഹൃദവും കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന് നാട്ടിലും വിദേശത്തുമായി വിശാലമായ സുഹൃദ് വലയമുണ്ടായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി പെരുവള്ളൂര്‍ ഗവ. ഹൈസ്‌കൂളില്‍ അധ്യാകനായി സേവനമനുഷ്ഠിച്ചു. പിന്നീട് 12 വര്‍ഷം സൗദി അറേബ്യയില്‍ ജിദ്ദയിലും ദമ്മാമിലും ജോലി ചെയ്തു. ജിദ്ദയില്‍ ദാഇയായിട്ടായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ജുബൈല്‍ ഇസ്ലാഹി സെന്റര്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. വിദേശത്തു നിന്നും തിരിച്ചെത്തി, സര്‍വീസില്‍ തിരിച്ച് കയറി ചെട്ടിപ്പടി, നടുക്കര, ഏഴൂര്‍, വേങ്ങര സ്‌കൂളുകളില്‍ ജോലി ചെയ്തു.
മൊറയൂര്‍, ഫറോക്ക് ചുങ്കം, കല്‍പ്പറ്റ, കുന്നുമ്പുറം, ചേളാരി, കൊളത്തൂര്‍(കരിപ്പൂര്‍), കരുവാന്‍കല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ കരുമ്പുലാക്കല്‍ മുഹമ്മദലി മാസ്റ്ററുടെയും കള്ളിവളപ്പില്‍ പാത്തുമ്മുവിന്റെയും മകനാണ് അബ്ദുറഹീംസുല്ലമി. കലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട അധ്യാപിക സുബൈദ ടീച്ചര്‍ കുട്ടമംഗലം ആണ് ഭാര്യ. മക്കള്‍: അമീന(തറയിട്ടാല്‍ സ്‌കൂള്‍ അധ്യാപിക), അസ്ലം അലി(ദുബൈ), അഫീഫ(ദമാം).
കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്വീഫ് കരുമ്പുലാക്കല്‍ അടക്കം 8 സഹോദരങ്ങളുണ്ട്.

Back to Top