8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ജന്മവും കര്‍മവും

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ

ഒരു പ്രഭാഷണം കേള്‍ക്കാനിടയായി: ”1869 ഒക്‌ടോബര്‍ 2-നാണ് ഗാന്ധിജി ജനിച്ചത്. അതേ ദിവസം അതേ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുജറാത്തിലെ പോര്‍ബന്ധറില്‍ തന്നെയും ഒട്ടേറെ ആളുകള്‍ ജനിക്കുകയുണ്ടായി. അവരെന്തുകൊണ്ട് ലോകപ്രശസ്തരായില്ല.”
പ്രസംഗകന്‍ വിരല്‍ ചൂണ്ടിയത് ജന്മമല്ല, കര്‍മമാണ് ഒരാളുടെ മഹത്വം നിര്‍ണയിക്കുന്നത് എന്നായിരുന്നു. 1910 ആഗസ്ത് 26-നാണ് മദര്‍ തെരേസയുടെ ജനനം. 1929 ജനുവരി 15-ന് ജോര്‍ജിയയിലാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജനിക്കുന്നത്. 1889 നവംബര്‍ 14-ന് ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ചു. 1809 ഫെബ്രുവരി 12-നാണ് അബ്രഹാം ലിങ്കണ്‍ ജനിച്ചത്. ഇങ്ങനെ ലോകത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച മഹത്തുക്കളുടെ ജന്മദിനം പരിശോധിച്ചാലും ആ ദിവസവും ആ സമയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു ജന്മങ്ങള്‍ നടക്കുന്നു. ജന്മദിനത്തിനും സമയത്തിനും നക്ഷത്രത്തിനും പ്രാധാന്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരേ സമയത്ത് ജനിച്ചവരില്‍ ചിലര്‍ മഹാന്മാരും വേറെ ചില ആളുകള്‍ ഒട്ടും അറിയപ്പെടാത്തവരുമായി മാറുന്നു.
കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ഒരു വെടിക്കെട്ടപകടത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടു. ഇവരില്‍ പലരുടെയും നക്ഷത്രഫലങ്ങളനുസരിച്ച് ഒട്ടും അപകട സാധ്യത ഇല്ലാത്തവരായിരുന്നു. ഇങ്ങനെ ഒരുപാട് യാഥാര്‍ഥ്യങ്ങളുണ്ടെങ്കിലും ജനനത്തിനും മരണത്തിനും പ്രാധാന്യം കല്പിക്കുകയും അവരുടെ കര്‍മങ്ങള്‍ മനുഷ്യന്‍ മറക്കുകയും ചെയ്യുന്നു.
ലോക ഫുട്‌ബോള്‍ മാമാങ്കം നടക്കുമ്പോള്‍ ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന ബൈസിക്കിള്‍ കിക്കിലൂടെ പന്തിനെ ഗോള്‍വലയത്തിലെത്തിക്കുന്ന കളിക്കാരന്റെ കളി അനുകരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഹെയര്‍സ്റ്റൈല്‍, അദ്ദേഹം അണിഞ്ഞ ജേഴ്‌സി, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ പതാക എന്നിവയൊക്കെയാണ് നമുക്ക് പ്രിയങ്കരമാകുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന് മൊഴിഞ്ഞ ശ്രീനാരായണ ഗുരുവിനെപ്പോലും കേരളീയര്‍ ദൈവമാക്കി. ഇങ്ങനെ എല്ലാം ബിംബവത്ക്കരിക്കപ്പെടുമ്പോള്‍ സമൂഹം ആദര്‍ശത്തില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും അകന്നു. ദണ്ഡി കടപ്പുറത്തുനിന്ന് പെട്ടെന്ന് ഉപ്പു കുറുക്കിയെടുക്കുന്നതിനു പകരം സബര്‍മതി ആശ്രമത്തില്‍ നിന്നു ഉപ്പു കുറുക്കാന്‍ വേണ്ടി കിലോമീറ്ററുകള്‍ ഗാന്ധി സഞ്ചരിച്ചതെന്തിന്. ഇന്ന് ഗാന്ധിയെ അനുസ്മരിക്കാന്‍ നാമാരെങ്കിലും കടപ്പുറത്തുപോയി ഉപ്പു കുറുക്കാറുണ്ടോ. ഇല്ല എന്നതല്ലേ വാസ്തവം. മനുഷ്യനെ മഹാനാക്കുന്നത് അവരുടെ കര്‍മങ്ങളാണ്. അവരുടെ കര്‍മങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ സൃഷ്ടിപ്പിന്റെ അടിത്തറ പാകുന്നവരാണ് മഹാന്മാരെല്ലാം.
മുത്തുനബി മുഹമ്മദ്(സ)യുടെ ആദര്‍ശങ്ങള്‍ പകര്‍ത്തിയവരായിരുന്നു അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങി ഒട്ടേറെ പേര്‍. ഈ ആദര്‍ശം പിന്‍പറ്റിയവരും ലോകത്ത് ഏറെ ഓര്‍ക്കപ്പെടുന്നു. എന്നാല്‍ നബി ജനിച്ച ദിവസവും വര്‍ഷവും ജനിച്ച എത്രയോ മനുഷ്യരെ ലോകം ഓര്‍ക്കുന്നുപോലുമില്ല. നബിയുടെ കര്‍മങ്ങള്‍, വാക്കുകള്‍, നിര്‍ദേശങ്ങള്‍ എന്നിവ പിന്‍പറ്റി ജീവിച്ചു മരിച്ചുപോയ എത്രയെത്ര മഹാന്മാരെക്കുറിച്ചാണ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തിരുനബി(സ) ജനിച്ച ദിവസം ജനിച്ച എത്ര പേര്‍ ഓര്‍ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.
അതുകൊണ്ടാണ് റസൂല്‍(സ) തിരുമേനിയുടെ കര്‍മങ്ങള്‍ പിന്‍പറ്റണമെന്നും ജന്മദിനം ആഘോഷിക്കുന്നതിനു പകരം മായം കലരാത്ത അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റണമെന്നും നിര്‍ദേശിക്കപ്പെട്ടത്. ഏതു സമൂഹമാകട്ടെ തങ്ങളുടെ നേതാവിന്റെ ആദര്‍ശം പിന്‍പറ്റുമ്പോള്‍ ആ നേതാവിനെ സ്‌നേഹിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ജന്മദിന ആഘോഷത്തില്‍ തളച്ചിടുമ്പോള്‍ മൂല്യശോഷണമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ജന്മത്തേക്കാള്‍ മഹത്തരം കര്‍മമാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x