21 Thursday
November 2024
2024 November 21
1446 Joumada I 19

ആത്മീയദാഹത്തെ ചൂഷണം ചെയ്യുന്ന ബിദ്അത്തുകള്‍

മുര്‍ശിദ് പാലത്ത്‌


ശ്രുതി-സ്മൃതി വിരുദ്ധമായ ആചാരങ്ങള്‍ എന്നാണ് അനാചാരങ്ങള്‍ക്ക് നല്കപ്പെടുന്ന നിര്‍വചനം. ആചാരങ്ങള്‍ക്ക് മാനദണ്ഡം നിര്‍ണയിക്കപ്പെടുമ്പോഴേ അനാചാരം വേര്‍തിരിക്കാന്‍ സാധിക്കൂ. മതഭക്തി അവകാശപ്പെടുന്നവര്‍ക്ക് തോന്നുന്നതെല്ലാം മതാചാരമാക്കാന്‍ സ്വാതന്ത്ര്യമുള്ള മതങ്ങളില്‍ ഈ നിര്‍വചനപ്രകാരം അനാചാരങ്ങള്‍ ഉണ്ടാവില്ല. നമ്മുടെ നാട്ടിലെ ഹൈന്ദവ- ക്രൈസ്തവ മതങ്ങളില്‍ ഇപ്പോഴും മതാചാരങ്ങള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. അത് അവിടെ അസാധ്യവുമാണ്. കാരണം ആചാരങ്ങളുടെ അടിസ്ഥാനമായ നിര്‍ണിത പ്രമാണങ്ങള്‍ ഇല്ല. അവിടെ വിശ്വാസിയോ അവിശ്വാസിയോ ആരും ആയിക്കൊള്ളട്ടെ അവര്‍ക്കെല്ലാം സ്വതന്ത്രമായി മത ആചാരങ്ങള്‍ ഉണ്ടാക്കാന്‍ അവകാശമുണ്ട്. ഇനിയും ജനിക്കാനിരിക്കുന്ന മതാചാര്യന്മാര്‍ക്കും സഭകള്‍ക്കുമെല്ലാം പുതിയ മതകര്‍മങ്ങള്‍ നിര്‍മിക്കാന്‍ അവിടെ വാതായനം തുറന്നു വെച്ചിരിക്കുകയാണ്. ഹിന്ദു ദര്‍ശനത്തിലെ ദൈവനിഷേധികളായ ചാര്‍വാകന്‍മാരും ക്രൈസ്തവ ദര്‍ശനത്തിലെ ക്രിസ്തു വിരുദ്ധനായ പൗലോസ് അടക്കമുള്ള മതാചാര്യരും ആ മതങ്ങളില്‍ നിര്‍മിച്ച വിശ്വാസ-ആചാരങ്ങള്‍ ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ആ മതങ്ങളിലെ ഏതെങ്കിലും കുറച്ചാളുകള്‍ ചില കര്‍മങ്ങളെ അനാചാരമെന്നു പറഞ്ഞാലും മറ്റു വിഭാഗങ്ങള്‍ അവയെ പവിത്രമായ ആചാരങ്ങളായി ഗണിക്കുകയും സമൂഹം അത് അംഗീകരിക്കുകയും ചെയ്യും. ജാതീയതയും സതിയും ശൈശവ വിവാഹവുമെല്ലാം ഉള്‍ക്കൊള്ളുന്ന മനുവാദം ഇപ്പോഴും മഹത്വവത്കരിക്കപ്പെടുന്നത് ഇതിനാലാണ്. ക്രൈസ്തവ സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന കുര്‍ബാന ഏകോപനം വലിയചര്‍ച്ചയും വിവാദവുമായതും ഇതിന്റെ ഭാഗം തന്നെ.
കാലം, ലോകം, ഭരണം തുടങ്ങിയ ചുറ്റുപാടുകള്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ വലിച്ചു നീട്ടാവുന്നതും ഏച്ചുകെട്ടാവുന്നതുമായ ഒന്നാണ് പൊതുവെ മതങ്ങള്‍ നിര്‍മിക്കുന്ന ആചാരങ്ങള്‍. ശ്രുതി, സ്മൃതി എന്നെല്ലാം പറയുന്ന പ്രമാണങ്ങള്‍ ഏവ, വേദങ്ങള്‍ ഏതെല്ലാം, അവയില്‍ ഏതെല്ലാം എത്ര അളവില്‍ പ്രമാണമാക്കാം എന്നിത്യാദി കാര്യങ്ങളിലെല്ലാം തര്‍ക്കമുണ്ട്. പുറമെ ശരിയായ പ്രമാണമാകേണ്ടിയിരുന്ന ദിവ്യഗ്രന്ഥങ്ങളിലും പ്രവാചക ചര്യകളിലുമെല്ലാം അവിടെ കാലാകാലങ്ങളിലായി കൈകടത്തലുകളും മാറ്റത്തിരുത്തലുകളും ഉണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘(സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിന് ശേഷം ബോധപൂര്‍വം തന്നെ അതില്‍ കൃത്രിമം കാണിച്ചു കൊണ്ടിരിക്കുകയുമാണല്ലോ’ (2:75)
ഇത് മറ്റു മതവിശ്വാസികള്‍ക്കു മേലുള്ള ഖുര്‍ആനിന്റെ ദുരാരോപണമല്ല, ആ മതത്തിന്റെ അനുയായികളായ വിശ്വാസികള്‍ തന്നെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ തിരുത്തുകള്‍ നൈയാമികവും അംഗീകൃതവുമാണെന്നാണ് അവരുടെ വിശ്വാസം.
എന്നാല്‍ ഇസ്ലാം ഈ രംഗത്ത് വ്യത്യസ്തമാണ്. ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രമാണബദ്ധവും സുനിര്‍ണിതവുമാണ്. നബിയായി നിയോഗിക്കപ്പെട്ട അന്നു മുതല്‍ മരണപ്പെടുന്നതു വരെയുള്ള മുഹമ്മദ് നബി(സ)യുടെ 23 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞും പ്രവര്‍ത്തിച്ചും അംഗീകരിച്ചും കാണിച്ചു തന്ന കാര്യങ്ങള്‍ മാത്രമാണ് ഇസ്ലാം മതത്തിലെ ആചാരങ്ങള്‍. അദ്ദേഹത്തിന്റെ മരണത്തോടുകൂടി ഇസ്ലാം പൂര്‍ണമാവുകയും അത് മുദ്രവെക്കപ്പെടുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ഇത് ഖണ്ഡിതമായി വ്യക്തമാക്കിയിട്ടുണ്ട്. (5:3)
അതില്‍ സമയം, കാലം, കോലം തുടങ്ങി ഒരു ഭാഗത്തും അണു അളവ് കൂട്ടാനോ കുറക്കാനോ മാറ്റം വരുത്താനോ അനുവാദമില്ല. അതിന്റെ ആവശ്യവുമില്ല. സ്വര്‍ഗത്തോടടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ യാതൊന്നും അദ്ദേഹം തന്റെ സമുദായത്തില്‍ നിന്ന് മറച്ചുവെക്കുകയോ മറന്നുപോവുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല അങ്ങനെ മതകര്‍മങ്ങളില്‍ പുത്തന്‍ രീതികള്‍ കൊണ്ടുവരുന്നത് മഹാ പാപവും ശിക്ഷാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനും തിരുനബി(സ) യുടെ സുന്നത്തുമാണ് ഇസ്ലാമിലെ പ്രമാണങ്ങള്‍. ഇത് ഇന്നും സുരക്ഷിതമാണ്. എന്നും അങ്ങനെ തന്നെയായിരിക്കും. അതിനാല്‍ അനാചാരങ്ങള്‍ കൃത്യമായി കണ്ടെത്താനും പുറംതള്ളാനും എളുപ്പത്തില്‍ സാധിക്കും. കഴിഞ്ഞ കാലങ്ങളിലെല്ലാം തത്പര കക്ഷികള്‍ ഇസ്ലാമിന്റെ മേല്‍ കെട്ടിയേല്‍പിക്കാന്‍ ശ്രമിച്ച നൂറു കണക്കിന് പുത്തനാചാരങ്ങളെ അതാതു കാലത്തെ നിസ്വാര്‍ഥരായ പണ്ഡിതന്മാര്‍ ഈ പ്രമാണങ്ങള്‍ വെച്ച് പരിശോധിച്ചാണ് ബിദ്അത്തെന്ന പേരില്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. അവയില്‍ വലിയ മഹാന്മാരുടെ പേരില്‍ നിര്‍മിക്കപ്പെട്ടതും വലിയ ജനക്കൂട്ടം അനുഷ്ഠിച്ചു വന്നതും പ്രത്യക്ഷത്തില്‍ വളരെ വലിയ ആത്മീയ ഉണര്‍വു നല്കുന്നതുമായ പലതുമുണ്ടായിരുന്നു. എന്നാല്‍ യാതൊരു സങ്കോചവും കൂടാതെ പടച്ചവന്റെ തൃപ്തിയും പാരത്രിക മോക്ഷവും മാത്രം ലക്ഷ്യമായി കണ്ട സദ്‌വൃത്തര്‍ അതെല്ലാം തള്ളിക്കളഞ്ഞു. അതിന് അവരെ പ്രചോദിപ്പിച്ചത് മുഹമ്മദ് നബി(സ)യുടെ കര്‍ശനമായ അധ്യാപനങ്ങളായിരുന്നു. ‘നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതില്‍ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാല്‍ അതു തള്ളേണ്ടതാണ്.’ (ബുഖാരി) ‘നമ്മുടെ കല്‍പനയില്‍ ഉള്‍പ്പെടാത്ത വല്ലതും വല്ലവനും ചെയ്താല്‍ അത് തള്ളേണ്ടതാണ്.’ (ബുഖാരി) ‘മതത്തിലുണ്ടാക്കുന്ന പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കണം. തീര്‍ച്ചയായും മതത്തില്‍ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.’ (അഹ്മദ്, അബൂദാവൂദ്-സ്വഹീഹ്)
മതപരവും ഭൗതികവുമായ എല്ലാ കള്ളങ്ങളെയും വെള്ള പൂശുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രമാണങ്ങള്‍ തള്ളിക്കളയുന്ന ബിദ്അത്തുകളെ നല്ലതല്ലേ എന്ന ചോദ്യത്തോടെയാണിവര്‍ നേരിടുക. അല്ലെങ്കില്‍ തങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്തിലെ ചില നന്മകള്‍ എടുത്തുദ്ധരിച്ചു കൊണ്ട് ഇതിലെന്താണ് തെറ്റ് എന്നായിരിക്കും ചോദ്യം. ‘ബിദ്അത്തുകളില്‍ നല്ലതും ചീത്തയുമുണ്ട്. നല്ല ബിദ്അത്തുകള്‍ ഉണ്ടാക്കാം. ചീത്ത ബിദ്അത്തുകളാണ് പാടില്ലാത്തത്. ബിദ്അത്തിനെ എതിര്‍ക്കുന്നവര്‍ സംഘടനാ സമ്മേളനം നടത്തുന്നില്ലേ, ഖുര്‍ആന്‍ ക്ലാസുകള്‍ എടുക്കുന്നില്ലേ, ബാങ്കും ഖുതുബയും കേള്‍പ്പിക്കാന്‍ മൈക്ക് ഉപയോഗിക്കുന്നില്ലേ. ഇവിടെയൊന്നും ബിദ്അത്തില്ലേ.’ തുടങ്ങിയ പല ദുര്‍ന്യായങ്ങളും ഇവര്‍ക്കുണ്ട്. ഇത്തരം എന്തെല്ലാം ദുര്‍ന്യായങ്ങള്‍ കൊണ്ടു വന്നാലും ഇമാം മാലികിന്റെതായി ഇമാം ശാത്വിബി പറഞ്ഞതാണ് വസ്തുത. ‘സലഫുകളില്‍ (സ്വഹാബത്തിലും താബിഉകളിലും) ഇല്ലാത്ത ഒരു ചര്യ ഈ സമുദായത്തില്‍ വല്ലവനും പുതുതായി ഉണ്ടാക്കുന്ന പക്ഷം നബി (സ) പ്രബോധനത്തില്‍ വഞ്ചന കാണിച്ചു എന്നവന്‍ ജല്‍പിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു അരുളുന്നു: ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അന്ന് നബി (സ)യുടെ കാലത്ത് ദീനില്‍ പെടാത്ത ഒരു കാര്യം ഇന്നും ദീനാവുകയില്ല’ (അല്‍ ഇഅ്തിസ്വാം 1:48).
അനാചാരങ്ങളും ദുരാചാരങ്ങളും ഇസ്ലാമിന്റെ അനുയായികളില്‍ കടന്നു കൂടിയതില്‍ സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ നിരവധി കാരണങ്ങള്‍ കാണാന്‍ കഴിയും. മുസ്ലിം ലോകത്തെ ആദ്യ രാഷ്ട്രീയ വിഭജനം നിര്‍വഹിച്ച ശീഈകളാണ് ഇതിനും തുടക്കമിട്ടത്. ഇസ്ലാമിക വളര്‍ച്ചയും മുസ്ലിംകളുടെ ഉയര്‍ച്ചയും പുറംപൂച്ചാക്കി തങ്ങളുടെ ഇസ്ലാം വിരുദ്ധത വിജയിപ്പിച്ചെടുക്കാനായി അവര്‍ ഇസ്ലാമിക ലോകത്ത് ബിദ്അത്തുകള്‍ക്ക് വിത്തിടുകയായിരുന്നു. ദുര്‍ബല വിശ്വാസികളോ ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമില്ലാത്തവരോ ആയ പൊതു ജനം ഈ ആത്മീയതില്‍ അകപ്പെടുകയായിരുന്നു. തങ്ങളുടെ ചുറ്റു വട്ടങ്ങളിലുള്ളതും തങ്ങള്‍ ഇസ്ലാമിലെത്തും മുമ്പ് മുന്‍ മതപ്രകാരം ആചരിച്ചു വന്നിരുന്നതുമായ അനുഷ്ഠാനങ്ങള്‍ അവര്‍ക്ക് പഠിക്കാനും പകര്‍ത്താനും ഏറെ എളുപ്പവും മനസ്സംതൃപ്തി നല്കുന്നതുമായിരുന്നു. ചക്കിക്കൊത്ത ചങ്കരന്‍ എന്ന നിലയില്‍, വയറ്റത്ത് കൈകെട്ടുന്ന പുരോഹിതന്മാരും അഛന്റെ ഇച്ഛക്കനുസരിച്ച് കല്പിക്കുന്ന വൈദ്യ വേഷം കെട്ടിയാടിയപ്പോള്‍, ജനങ്ങളുടെ ആത്മീയ ദാഹത്തെ ചൂഷണം ചെയ്യുക എളുപ്പമായി.
ബഹുമത, മതനിരപേക്ഷ സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകളില്‍ കൂടുതലായി അനാചാരങ്ങള്‍ കാണുന്നത് നിരീക്ഷിച്ചാല്‍ അവരുടെ സഹോദര സമുദായങ്ങളിലെ ആചാരങ്ങള്‍ക്ക് ചാണിന് ചാണായും മുഴത്തിന് മുഴമായും അവ ചേര്‍ന്നു നില്ക്കുന്നത് കാണാം. ഇതിനെ മതേതരത്വവും മതവിശാലതയുമായെല്ലാം വിശദീകരിക്കപ്പെടുകയും ഇസ്ലാം മതത്തിന്റെ തനിമ വിളിച്ചോതുന്നവര്‍ മത വര്‍ഗീയവാദികളും ഭീകരരുമെല്ലാമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന സമകാലത്താണ് നാം ജീവിക്കുന്നത്. ഇസ്ലാം മതാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും പ്രാമാണികമായി കാണിക്കുന്ന നിഷ്‌കര്‍ഷയാണ് ഇത്തരം സത്യമുസ്ലിംകള്‍ സ്വന്തം മതത്തിലെ പുത്തനാചാരക്കാരുടെയും പൊതു സമൂഹത്തിലെ മതേതരരുടെയും മറ്റു ലിബറല്‍ മതക്കാരുടെയും കണ്ണുകളില്‍ സലഫിയും ഭീകരനുമെല്ലാമായി ചിത്രീകരിക്കപ്പെടാനും ക്രൂശിക്കപ്പെടാനും കാരണമാകുന്നത്. പക്ഷേ എന്തു വന്നാലും മുഹമ്മദ് നബി(സ)യുടെ മംഗളാശിസ്സുകള്‍ അവര്‍ക്കാണ്, അവര്‍ക്കു മാത്രമാണ്. ഇസ്ലാം (പുതു നിര്‍മിതികളാല്‍) തുടങ്ങിയ കാലത്തെന്ന പോലെ അപരിചിതമാവും. അന്ന് എന്റെ സുന്നത്തുകള്‍ മുറുകെപ്പിടിക്കുകയും ബിദ്അത്തുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മംഗളാശംസകള്‍ (ഹദീസ്)
കുമാരനാശാന്‍ പറഞ്ഞതെത്ര ശരി, ‘ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍.’

Back to Top