ആശാന്റെ ദുരവസ്ഥ വല്ലാത്തൊരവസ്ഥ തന്നെ
വി കെ എം കുട്ടി ഈസ്റ്റ് മലയമ്മ
ഡോ: പി ഗീത എഴുതിയ കവര്‍സ്റ്റോറി വായിച്ചു. അതിരു കാണാ കിളിയെ പോലെ വായനക്കാരന്‍ പ്രയാസപ്പെടുകയാണ് ചെയ്യുന്നത്. ദുരവസ്ഥയെ പൊക്കി കൊണ്ട് നടക്കുന്നതിനേക്കാളും വേസ്റ്റ് ലാന്റിലിടുകയാകും ഉചിതം. കുമാരനാശാന്‍ എന്ന മഹാകവിയില്‍ നിന്ന് ഇത് പോലെ ഒരു കൃതി പ്രതീക്ഷിച്ചിരിക്കില്ല. ‘ക്രുദ്ധനാം സര്‍പ്പത്തെക്കാള്‍ ഏറ്റവും പേടിക്കണം’, കൃഷ്ണഗാഥ എഴുതിവച്ചത് ഒരു പക്ഷേ ഇതുപോലുള്ള കവികളേ കുറിച്ച് ആവണം.
ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യന്‍ ആണോ കുമാരനാശാന്‍? ‘ദാന്തേ’ പോലും നബിതിരുമേനിയും മുസ്‌ലിം സമുദായത്തെയും ഇത്രമേല്‍ വിമര്‍ശിച്ചിട്ടുണ്ടാവില്ല. അസംബന്ധ കവിതയെന്നോ ലിമിനിക് എന്നോ വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ നന്നാവുക. ജാപ്പനീസ് കവികള്‍ക്ക് കവിത എഴുതാന്‍ അറിയില്ലെന്ന് (ഗുരു നിത്യംചൈതന്യ യതി) പറയുന്നത് പോലെയാണോ കുമാരനാശാന്റെയും അവസ്ഥ ?
‘നിന്റെ നാമം എഴുതുമ്പോള്‍ എന്റെ ഉള്ളില്‍ പ്രണയം നിറയുമായിരുന്നു (ഗാലിബ് )’. കുമാരനാശാനെ കുറിച്ച് വായിക്കുമ്പോഴും ഇതായിരുന്നു ഇന്നലെയോളം അവസ്ഥ. ഇന്ന് പക്ഷേ അത് മാറി. ബ്രിട്ടീഷ് കാരില്‍ നിന്ന് പട്ടും വളയും അക്ഷര ലക്ഷ്യവും വാങ്ങിയ ഒരു കവിയുടെ ഹൃദയം മാനവികതയെ പല കള്ളികളില്‍ ആക്കി മാറ്റി കെട്ടുന്നത് ഉചിതമായില്ല.
കവിത നിര്‍മിക്കുക അല്ല, മറിച്ച് വെളിപാടുപോലെ പുറപ്പെടുകയാണ്. സാഹിത്യത്തിന്റെ അമ്മയാണ് കവിത. കവിത സമൂഹത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഏതാണ്ടെല്ലാ സംസ്‌കാരങ്ങളിലും സാഹിത്യം നിലവിലുണ്ട്.
സാഹിത്യവും ചരിത്രവും പരസ്പരം ഇണങ്ങുക എന്നത് വിരളമാണ്. സാഹിത്യത്തിന് വേണ്ടത് ഭാഷാശൈലിയും വ്യുല്പത്തിയുമാകുന്നു. ചരിത്രത്തിന് സംഭവങ്ങള്‍ ആണ് വേണ്ടത്. മാത്രമല്ല, ചരിത്രം മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസവുമാണ്.
ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും ഈ ലേഖനത്തിന്റെ ഏറെ ഭാഗം സ്വാധീനിക്കുന്നുണ്ട്. ഒരു പക്ഷേ ഉറൂബിന്റെ കൃതിയിലും അതിശയോക്തി ഇല്ലാതില്ല. വസ്തുനിഷ്ഠമാണ് ലേഖനത്തിന്റെ ആശയ സംവിധാനം. സത്യം തന്നെയാണ് സൗന്ദര്യം. സൗന്ദര്യം തന്നെയാണ് സത്യം. നന്ദി ലേഖികക്കും ശബാബ് മാസികക്കും.