ആണ്‍-പെണ്‍ ഖുര്‍ആനിന്റെ ഭാഷാ പ്രയോഗങ്ങള്‍
ഡോ. ജാബിര്‍ അമാനി
ലിംഗനീതിയുടെ അടിസ്ഥാന ആശയങ്ങള്‍ വളരെ കൃത്യതയോടെയാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. മനുഷ്യ വര്‍ഗത്തിന്റെ അടിസ്ഥാന അസ്തിത്വങ്ങളാണ് ആണും പെണ്ണും. പുരുഷാധിപത്യത്തെയും സ്ത്രീക്ക് സ്വതന്ത്രവ്യക്തിത്വം നല്‍കാത്തതിനെയും കുറിച്ചുള്ള ആരോപണങ്ങള്‍ ഇസ്‌ലാം വിമര്‍ശനങ്ങളുടെ ഭാഗമാണ്. എന്നാല്‍ ആണ്‍-പെണ്‍ അസ്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ഖുര്‍ആനിലെ ഭാഷാപ്രയോഗങ്ങളില്‍ തന്നെ ലിംഗനീതിയുടെ കൃത്യമായ അടയാളങ്ങള്‍ കാണാവുന്നതാണ്. സൂക്ഷ്മതലത്തില്‍ പോലും ലിംഗ അസമത്വമോ ലിംഗവിവേചനമോ പ്രസ്തുത അധ്യാപനങ്ങളില്‍ കാണാന്‍ സാധിക്കില്ല.
ആണ്‍, പെണ്‍ എന്ന രണ്ട് അസ്തിത്വത്തെ അടിസ്ഥാനപരമായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത് ദകര്‍, ഉന്‍സാ എന്നീ പദപ്രയോഗങ്ങളിലൂടെയാണ്. ദകര്‍ എന്നാല്‍ ആണും ഉന്‍സാ എന്നാല്‍ പെണ്ണും. മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ച സൂക്തങ്ങളില്‍ ഈ ഭാഷാ പ്രയോഗമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. ഖുര്‍ആനില്‍ വിവിധ ആശയങ്ങളിലായി 80 തവണ ദകര്‍ എന്ന പദവും 30 തവണ ഉന്‍സാ എന്ന പദവും കാണാവുന്നതാണ്.(11) ആണ്‍-പെണ്‍ എന്ന അടിസ്ഥാന പ്രയോഗങ്ങളില്‍ ദകര്‍, ഉന്‍സാ എന്ന പരാമര്‍ശം നടത്തുന്ന ഖുര്‍ആന്‍, മനുഷ്യ സൃഷ്ടിപ്പിലേക്ക് ചേര്‍ത്ത് പൊതുവായി രിജാല്‍/റജുല്‍, നിസാഅ്/മര്‍അത്ത് എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നില്ല. മാത്രമല്ല, രിജാല്‍, നിസാഅ് എന്നീ പദങ്ങള്‍ ദകര്‍, ഉന്‍സാ എന്ന ആശയത്തില്‍ നിന്ന് രൂപപ്പെടുന്നതാണ് എന്നും മനസ്സിലാക്കാവുന്നതാണ്.
അടിസ്ഥാനപരമായി ആണ്‍ എന്നത് ദകര്‍ എന്ന പദത്തിലും പെണ്ണ് എന്ന അസ്തിത്വം ഉന്‍സാ എന്ന പദത്തിലുമാണ് ഉള്‍ക്കൊള്ളുക. റജുല്‍/രിജാല്‍ എന്നാല്‍ പുരുഷന്‍, ഭര്‍ത്താവ്; മര്‍അത്ത്/നിസാഅ് എന്നാല്‍ സ്ത്രീ, ഭാര്യ എന്നിങ്ങനെയാണ് പരിചയപ്പെടുത്തുന്നത്. ഭാഷാപരമായി പരിശോധിക്കുമ്പോള്‍ എല്ലാ ദകര്‍ പ്രയോഗത്തിലും രിജാല്‍ ഉള്‍ക്കൊള്ളണമെന്നില്ല. എല്ലാ ഉന്‍സാ പ്രയോഗങ്ങളിലും മര്‍അത്തും നിസാഉം ഉള്‍പ്പെടണമെന്നില്ല. ഇപ്രകാരമൊരു ഭാഷാ വൈവിധ്യവും അമാനുഷികതയും തിരിച്ചറിയുന്നതിലൂുടെ മാത്രമേ ലിംഗനീതിയുടെ ഖുര്‍ആനിക ദര്‍ശനത്തെ കാലാതിവര്‍ത്തിത്വമുളള ആശയമായി ഗ്രഹിക്കാനാവൂ. ഖുര്‍ആന്‍ പറയുന്ന പ്രയോഗങ്ങള്‍ പരിശോധിക്കാം.
മനുഷ്യന്റെ ആദിമ സൃഷ്ടിപ്പ് – ആണായും പെണ്ണായുമുള്ളത് ഒരേ ആത്മാവില്‍ നിന്നാണെന്നും എന്നിട്ട് ആ ഇണകളില്‍നിന്ന് പുരുഷന്മാരെയും (രിജാല്‍) സ്ത്രീകളെയും (നിസാഅ്) സൃഷ്ടിച്ചുവെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു(4:01). മനുഷ്യ സൃഷ്ടിപ്പിലേക്ക് ചേര്‍ത്ത് ഖുര്‍ആന്‍ രിജാല്‍, നിസാഅ് എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പുരുഷനും സ്ത്രീയും എന്ന പ്രയോഗം, ആണും പെണ്ണും എന്ന ആശയാര്‍ഥങ്ങള്‍ വ്യക്തമാക്കുന്നതിനായി മലയാള ഭാഷയില്‍ ഉപയോഗിക്കാറുണ്ട്. എങ്കിലും സ്രഷ്ടാവ് ആദ്യമായി ആണിനെയും പെണ്ണിനെയും സൃഷ്ടിക്കുകയും പിന്നീട് അവയില്‍ നിന്ന് പുരുഷ – സ്ത്രീയുടെ സൃഷ്ടിപ്പും പ്രതിനിധാനവും സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.
ആണില്‍ നിന്ന് (ദകര്‍) പിതാവ്, മകന്‍, ഭര്‍ത്താവ്, സഹോദരന്‍ തുടങ്ങിയ സ്ഥാനങ്ങളും പെണ്ണില്‍ (ഉന്‍സാ) നിന്ന് മാതാവ്, മകള്‍, ഭാര്യ, സഹോദരി എന്നിവയും രൂപപ്പെടുന്നു. ജനനം മുതല്‍ മരണം വരെ വിവിധ റോളുകള്‍ വഹിക്കുന്ന ആണിനെ ദകര്‍ എന്നോ പെണ്ണിനെ ഉന്‍സാ എന്നോ പരിചയപ്പെടുത്തുന്നില്ല. മനുഷ്യവര്‍ഗത്തിന്റെ പിറവിയില്‍ ആണ്‍, പെണ്‍ വ്യക്തിത്വങ്ങളായി ഗര്‍ഭാശയത്തില്‍ വ്യവസ്ഥപ്പെടുത്തുക എന്നതാണല്ലോ ആദ്യം നിര്‍വഹിക്കപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. (42:49)
പുരുഷാധിപത്യമോ?
ആണ്‍-പെണ്‍ എന്നത് ഇണകളായ രണ്ട് അടിസ്ഥാന അസ്തിത്വങ്ങളാണ്. പുരുഷനും സ്ത്രീയുമാണ് ഇണകളായി മാറുന്നത് (വി.ഖു 53:45, 75:39, 42;50, 92:3). അല്ലാഹു പുരുഷന്മാരെയും സ്ത്രീകളെയും (രിജാല്‍, നിസാഅ്) ഇണകളായി സൃഷ്ടിച്ചുവെന്നല്ല പ്രയോഗിക്കുന്നത്. ആണിനെയും പെണ്ണിനെയും എന്നത് ഭാഷാപരമായ പ്രത്യേകതയാണ്. ഉദാഹരണമായി, ദകറിലേക്ക് ചേര്‍ക്കാവുന്ന രിജാലിന് (ഭര്‍ത്താവ്) ആണ് സ്ത്രീകളുടെ കാര്യത്തില്‍ നല്ല നിര്‍വാഹകനായി (ഖവ്വാം) നേതൃത്വമേറ്റെടുക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നത് (4:34). നേരിട്ട് എല്ലാ ദകറിനുമല്ല. അര്‍രിജാലു ഖവ്വാമൂന അലന്നിസാഇ എന്ന പ്രയോഗത്തിന്റെ അര്‍ഥ താല്പര്യം; ഭര്‍ത്താവാകുന്ന പുരുഷന് തന്റെ ഭാര്യയാകുന്ന സ്ത്രീയുടെ കാര്യത്തില്‍ കുടുംബത്തില്‍ നല്ല നിര്‍വാഹകനാകാനുള്ള ചുമതലയുണ്ട് എന്നാണ്. ലോകത്തിലെ എല്ലാ ആണുങ്ങള്‍ക്കും പെണ്ണിന്റെ മേല്‍ അത്തരമൊരു നേതൃബാധ്യതയുണ്ട് എന്നല്ല. അങ്ങനെ വരുമ്പോഴാണ് ‘പുരുഷാധിപത്യത്തിലേക്കുള്ള വചനമായി (4:34) പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തെ വിമര്‍ശിക്കാനാവൂ.
ഒരു പുരുഷന് പോലും മറ്റൊരു സ്ത്രീയുടെ കാര്യത്തില്‍ അത്തരമൊരു ചുമതല ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടില്ല. മറിച്ച് ഭര്‍ത്താവിന് ഭാര്യയുടെ കാര്യത്തില്‍ കുടുംബത്തില്‍ മാത്രമാണ് ഈ അനുവാദം. ആണിന് പെണ്ണിന്റെ മേലാണ് ഈ നേതൃനിര്‍വഹണ ബാധ്യതയുള്ളത് എന്നാണ് ഇസ്‌ലാം വിമര്‍ശകര്‍ പറയുന്നത്. അപ്രകാരം വാദം ഉന്നയിക്കണമെങ്കില്‍ പ്രസ്തുത ഖുര്‍ആന്‍ വചനം അദ്ദകൂറു ഖവ്വാമൂന അലല്‍ ഇനാസി എന്നാണ് വരേണ്ടത്.(12) ഇത്തരത്തിലുള്ള വസ്തുതാപരമായ അപഗ്രഥനം ബോധ്യപ്പെടണമെങ്കില്‍ ഖുര്‍ആന്‍ പ്രയോഗിച്ച ദകര്‍ (ആണ്‍), ഉന്‍സാ (പെണ്‍), രിജാല്‍ (പുരുഷന്മാര്‍), നിസാഅ് (സ്ത്രീകള്‍) എന്നീ പദപ്രയോഗങ്ങളിലെ ഭാഷാ സൗന്ദര്യവും കൃത്യതയും വേര്‍തിരിവും ബോധ്യപ്പെടേണ്ടതുണ്ട്.
ദകറിലേക്കും ഉന്‍സയിലേക്കും ഖുര്‍ആന്‍ ചേര്‍ത്തു പറഞ്ഞ മിക്ക പരാമര്‍ശങ്ങളും പൊതുവായി സൂചിപ്പിക്കുന്ന പ്രഖ്യാപനവും രിജാല്‍, നിസാഅ് എന്നീ പദത്തിലേക്ക് ചേര്‍ത്ത പരാമര്‍ശങ്ങള്‍ പ്രത്യേകമാക്കപ്പെട്ട നിര്‍ദേശങ്ങളുമാണ്. പൊതുവായി പറഞ്ഞത്, പൊതുവായും പ്രത്യേകമായി സൂചിപ്പിച്ചത് പ്രത്യേകമായിട്ടും കൃത്യമായി വേര്‍തിരിക്കുമ്പോഴാണ് ലിംഗനീതി അര്‍ഥപൂര്‍ണമാവുക.
ആണ്‍-പെണ്‍ തമ്മിലുള്ള ഏകോപനവും വ്യവസ്ഥാപിതത്വവും വേര്‍തിരിവുകളും ഉള്‍ക്കൊള്ളാത്തതാണ് പുരുഷാധിപത്യ പ്രവണത ഇസ്‌ലാമില്‍ ഉണ്ട് എന്ന ആരോപണമുണ്ടാവുന്നതിനുള്ള അടിസ്ഥാന കാരണം. റജുല്‍, രിജാല്‍ എന്ന പദപ്രയോഗങ്ങളെ ആണുങ്ങള്‍ എന്ന നിലയില്‍ വായിക്കുകയാണ് വിമര്‍ശകരും മറ്റും ചെയ്യുന്നത്. ഖുര്‍ആനിലെ ചില പദപ്രയോഗങ്ങളില്‍ രിജാല്‍ എന്ന വാക്ക് ആണുങ്ങളിലേക്ക് ചേര്‍ത്തും, ജനങ്ങള്‍, മനുഷ്യര്‍ എന്ന ആശയങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.(13) ഓരോ സന്ദര്‍ഭങ്ങളിലും ഉള്ള അര്‍ഥകല്‍പ്പനകളും ആശയങ്ങളും സുവ്യക്തമായി മനസ്സിലാക്കേണ്ടതാണ്.
മനുഷ്യ സമൂഹത്തിലെ ഒരു വര്‍ഗത്തെ അടിസ്ഥാനപരമായി നിര്‍ണയിക്കുന്നതാണല്ലോ ലിംഗം എന്നത്. ജനിറ്റിക്കല്‍ ഓര്‍ഗണ്‍ എന്ന പരിഗണനയില്‍ അനാട്ടമിക്കലായി പ്രതിനിധീകരിക്കുന്ന പ്രയോഗമായി ദകര്‍, ഉന്‍സാ എന്നീ പദങ്ങളെയും സാമൂഹികവും ദൗത്യനിര്‍വഹണ സംബന്ധിയുമായ തലങ്ങളില്‍ രിജാല്‍, നിസാഅ് മറ്റു അനുബന്ധ പദങ്ങളെയും പൊതുവായി വിലയിരുത്താവുന്നതാണ് (അല്ലാഹു അഅ്‌ലം). ആണ്‍, പെണ്‍ വര്‍ഗങ്ങള്‍ എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ദകര്‍, ഉന്‍സാ, രിജാല്‍, നിസാഅ് പദപ്രയോഗങ്ങളില്‍ പൂര്‍ണമായ ലിംഗനീതിയും അവസരസമത്വവും ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്.
‘ഏതൊരു ആണോ പെണ്ണോ (ദകര്‍, ഉന്‍സാ) സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (16:97). സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവൃത്തിക്കുന്നതാരോ പുരുഷനോ സ്ത്രീയോ ആകട്ടെ, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കു നോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (40:40)
ആണുങ്ങള്‍, പെണ്ണുങ്ങള്‍ എന്ന അര്‍ഥത്തില്‍ രിജാല്‍, നിസാഅ് എന്ന പ്രയോഗം ഈ വചനത്തില്‍ കാണാം: പുരുഷന്മാര്‍ (രിജാല്‍) സമ്പാദിച്ച് ഉണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്ക് ഉണ്ട്, സ്ത്രീകള്‍ (നിസാഅ്) സമ്പാദിച്ച് ഉണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. (4:32) ഹ
കുറിപ്പുകള്‍
11. www.alarabiya.net
12. 27:55, 29:29, 2:82,4:75, 12:109
13. 7:81 (രിജാല്‍ എന്നാല്‍ ആണുങ്ങള്‍ എന്ന് സാരം) 4:176 (ദകര്‍, ഉന്‍സാ പദവും രിജാല്‍, നിസാഅ് എന്ന പദവും ഒരുമിച്ച് ഉപയോഗിച്ചിട്ടുണ്ട്). 24:37 (ജനങ്ങള്‍, ആളുകള്‍ എന്ന് താല്പര്യം)