23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ആളില്ലാ വീടുകളുടെ നാടായി മാറുന്ന കേരളം

ജയകൃഷ്ണന്‍ നായര്‍/ വിവ. റാഫിദ് ചെറവന്നൂര്‍


കേരളത്തിലെ കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തില്‍ നൂറോളം ആളില്ലാ വീടുകള്‍ കാണാനാവും. വിദേശത്തേക്ക് കുടിയേറി അവിടെ സ്ഥിര താമസമാക്കിയ മലയാളികളുടേതാണീ വീടുകള്‍. കൊട്ടാരസമാനമായ വീടുകള്‍, ഒരു ടൗണ്‍ഷിപ്പിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായ ഗ്രാമം എന്നിങ്ങനെ വര്‍ഷങ്ങളായി ഇവിടേക്കൊഴുകുന്ന വിദേശ നാണയത്തിന്റെ അടയാളങ്ങള്‍ ഒരുപാടുണ്ട്.
1950കളില്‍ തന്നെ ജോലിക്കായി വിദേശത്തേക്ക് പോകാന്‍ തുടങ്ങിയ ക്‌നാനായ കത്തോലിക്കാ സമൂഹമാണ് ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും. ക്‌നാനായക്കാര്‍ ഈ പ്രവണത തുടങ്ങിയെങ്കിലും ഇപ്പോള്‍ മധ്യകേരളത്തിലെ മറ്റ് സമുദായങ്ങളും പലായനത്തിന്റെ ഭാഗമാണ്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വലിയ വീടുകള്‍ കടുത്തുരുത്തി, ഉഴവൂര്‍, കരിങ്കുന്നം തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ നിരനിരയായി ഒഴിഞ്ഞു കിടക്കുന്നു.
ആളില്ലാ
വീടുകള്‍!

കേരളത്തിലെ ആകെ വീടുകളില്‍ 11 ശതമാനത്തോളം ആളില്ലാ വീടുകളാണ് എന്ന് കണക്കുകള്‍ പറയുന്നു. വീടുകള്‍ ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്നതിന് പലകാരണങ്ങളുണ്ട്. ഈ വീടുകളില്‍ പലതും നിര്‍മിച്ച ആദ്യ തലമുറയിലെ എന്‍ആര്‍ഐ കുടുംബങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം നാട്ടില്‍ വന്ന് സ്ഥിര താമസമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വലിയ വീടുകള്‍ നിര്‍മ്മിച്ചത്. എങ്കിലും മക്കള്‍ വിദേശത്തു തന്നെ തുടര്‍ന്നതിനാല്‍ മുതിര്‍ന്ന തലമുറയുടെ മരണ ശേഷം ഈ വീടുകള്‍ അനാഥമായി. മറ്റ് ചില വീടുകളാവട്ടെ, വലിയ വീട് എന്ന അച്ഛനമ്മമാരുടെ സ്വപ്‌നം പൂവണിയാന്‍ വേണ്ടി പ്രവാസികളായ മക്കള്‍ പണമയച്ച് പണി കഴിപ്പിച്ചതാണ്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ വയോജനങ്ങള്‍ക്കായി ഹ്രസ്വകാല താമസ സൗകര്യം നടത്തുന്ന ബിജു എബ്രഹാം പലപ്പോഴും പ്രവാസികളുമായി ആശയവിനിമയം നടത്താറുണ്ട്. ”ഈ പഞ്ചായത്തിലെ പല വീടുകളിലും പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് താമസിക്കുന്നത്. അവര്‍ മരിച്ചതിനുശേഷം, കുട്ടികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കാത്തതിനാല്‍ മിക്ക വീടുകളും അടഞ്ഞുകിടക്കുന്നു,” അദ്ദേഹം പറഞ്ഞു.
2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ വീടുകളില്‍ 10.6% ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമങ്ങളില്‍ 5,85,998 ഉം നഗരപ്രദേശങ്ങളില്‍ 6,03,146 ഉം ഉള്‍പ്പെടെ ആകെ 11,89,144 വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ജോലിക്കും വിദ്യാഭ്യാസത്തിനുമായി വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത്, അടുത്ത സെന്‍സസില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ 11,156 വീടുകളില്‍ 2,886 വീടുകളും അടച്ചിട്ടിരിക്കുന്നതായി വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ സേനയുടെ കണക്കുകള്‍ കാണിക്കുന്നു. എല്ലാ വീട്ടിലും ഒരാളെങ്കിലും വിദേശത്തുള്ള കുമ്പനാട് എന്ന ഗ്രാമം ഈ പഞ്ചായത്തിലാണ്. ”ചില ഉടമകള്‍ ഇടയ്ക്കിടെ നാട്ടില്‍ വന്നു പോവാറുണ്ട്, പക്ഷേ വീടുകള്‍ മിക്കവാറും അടഞ്ഞുകിടക്കാറാണ്,” അവിടെയുള്ള ഹരിത കര്‍മ സേനയുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒഴിഞ്ഞുകിടക്കുന്ന വീടുകളിലുള്ള ഉപകരണങ്ങള്‍ പലതും വര്‍ഷങ്ങളായി ഉപയോഗമില്ലാത്തതിനാല്‍ കേടുവന്ന അവസ്ഥയിലായിരിക്കും, അതുകൊണ്ട് കുടുംബ ചടങ്ങുകളിലോ അവധി ദിവസങ്ങളിലോ കേരളത്തിലെത്തുമ്പോള്‍ ഉടമകള്‍ വാടക ഫ്‌ലാറ്റുകളിലോ വില്ലകളിലോ ആണ് താമസിക്കുന്നത്.
ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമൂഹം
ഈ നിരക്കില്‍ പോയാല്‍ 50 വര്‍ഷത്തിനുള്ളില്‍ ക്‌നാനായ സമുദായത്തില്‍ നിന്നുള്ള ആരും തന്നെ സംസ്ഥാനത്ത് അവശേഷിക്കില്ലെന്ന് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പി എ പറയുന്നു: ”ഇപ്പോള്‍ തന്നെ സമൂഹത്തില്‍ യുവാക്കളെ കണ്ടെത്താന്‍ പ്രയാസമാണ്. പന്ത്രണ്ടാം ക്ലാസിനുശേഷം അവര്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നു, മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ല.”
ബാബുവിന്റെ മൂന്ന് മക്കളും മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ്, മാതാപിതാക്കള്‍ മക്കളോടൊപ്പം താമസിക്കാന്‍ വിദേശത്തേക്ക് പോകുമ്പോള്‍ നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതായി അദ്ദേഹം പറഞ്ഞു. ”പ്രായമായ രക്ഷിതാവിന് നടക്കാന്‍ കഴിയുന്ന അവസ്ഥയിലാണെങ്കില്‍, അവരെ അവരുടെ കുട്ടികള്‍ കൊണ്ടുപോകും, അവര്‍ കിടപ്പിലായാല്‍ പിന്നെ ഏതെങ്കിലും വൃദ്ധസദനങ്ങളാണ് ശരണം.”

വില്പനക്കാരേറെ,
വാങ്ങാനാളില്ല!

ഒഴിഞ്ഞുകിടക്കുന്ന നിരവധി എന്‍ആര്‍ഐ വീടുകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് മധ്യകേരളം ആസ്ഥാനമായുള്ള റിയല്‍റ്ററായ പി പ്രസാദ് പറയുന്നു. ”റിയല്‍ എസ്റ്റേറ്റ് സൈറ്റുകള്‍ പരസ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഈ വീടുകളില്‍ ഭൂരിഭാഗവും വലുതും ഒരു കോടിയിലധികം വിലയുള്ളതുമാണ്,” അദ്ദേഹം പറഞ്ഞു. ധാരാളം വില്‍പ്പനക്കാര്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സ്വപ്ന ഭവനം പണിയാനായി പ്രായമായ ദമ്പതികള്‍ തങ്ങളുടെ വിദേശത്തുള്ള മക്കള്‍ അയച്ച പണത്തില്‍ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ചത് പ്രസാദ് ഓര്‍ക്കുന്നു. തുടര്‍ന്ന് ഭാര്യ മരിച്ചതോടെ വിദേശത്ത് തങ്ങളോടൊപ്പം താമസിക്കാന്‍ മക്കള്‍ പിതാവിനെ നിര്‍ബന്ധിച്ചു. ഗൃഹപ്രവേശം കഴിഞ്ഞയുടനെ ഒരു കോടി രൂപയ്ക്ക് വൃദ്ധന്‍ വീട് വിറ്റു.
കോട്ടയം അടിച്ചിറ സ്വദേശി റെജി പാറക്കന്‍ ഇപ്പോള്‍ മെല്‍ബണിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കേരളത്തിലെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. 90% എന്‍ആര്‍ഐ കുടുംബങ്ങളും തങ്ങള്‍ താമസിക്കുന്ന രാജ്യത്ത് ഒരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ വീടുകള്‍ പണിയുന്നതില്‍ അര്‍ഥമില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒരു നല്ല വാടകക്കാരനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. വാടകയ്ക്ക് കൊടുത്താലും വീട് ശരിയായ രീതിയില്‍ പരിപാലിക്കപ്പെടില്ല. കൂടാതെ, ആളൊഴിഞ്ഞ വീടുകള്‍ മദ്യപാനത്തിനും ചൂതാട്ടത്തിനുമുള്ള സ്ഥലങ്ങളായി ഉപയോഗിക്കുന്ന തരത്തില്‍ നിന്ന് അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആളൊഴിഞ്ഞ
വീടുകളുടെ
സാമൂഹിക മാനം

അടച്ചിട്ടിരിക്കുന്ന കുറേ വീടുകള്‍ ഉണ്ടെന്നത് സമൂഹത്തില്‍ കാര്യമായ പ്രത്യാഘാതമുണ്ടാക്കുന്നെന്ന് കേരള സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗം മേധാവി സന്ധ്യ ആര്‍ എസ് പറഞ്ഞു. ”നല്ല വില കിട്ടുമ്പോള്‍ പലരും അത് വില്‍ക്കുന്നു. എന്നിരുന്നാലും, ഇപ്പോള്‍ വില്‍പ്പനയൊന്നും നടക്കാത്തതിനാല്‍ ഈ വീടുകള്‍ ഡെഡ് മണി ആണ്. ജനസംഖ്യ കുറയുന്നത് സ്‌കൂളുകളെയും പ്രാദേശിക ബിസിനസുകളെയും ബാധിക്കുന്നു. ”പ്രദേശത്തെ സ്‌കൂളുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പ്രാദേശിക ബിസിനസുകള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ സാധ്യത കുറയുന്നു, അതുപോലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ബുദ്ധിമുട്ടായിരിക്കാം,”സന്ധ്യ പറഞ്ഞു, ആളുകള്‍ എന്തുകൊണ്ടാണ് വിദേശത്തേക്ക് പോകുന്നതെന്നും മടങ്ങാന്‍ ആഗ്രഹിക്കാത്തതെന്നും സര്‍ക്കാര്‍ കണ്ടെത്തണം. ഇത് കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക ഘടന കൊണ്ടാകാം.
സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഏറ്റവും പുതിയ ബജറ്റില്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നിരുന്നുവെങ്കിലും പ്രവാസികളുടെ കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് അത് പിന്‍വലിച്ചു. എങ്കിലും അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒരു സാമൂഹിക പ്രശ്‌നമാവുന്നതിനും മുന്നേ തന്നെ ആവശ്യമായ നടപടികള്‍ അധികൃതര്‍സ്വീകരിക്കേണ്ടതാണ്.
കടപ്പാട്:
ടൈംസ് ഓഫ് ഇന്ത്യ

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x