7 Friday
March 2025
2025 March 7
1446 Ramadân 7

അജ്വ കാരക്കയും വിഷബാധയും

പി കെ മൊയ്തീന്‍ സുല്ലമി


നിരീശ്വര നിര്‍മത പ്രസ്ഥാനക്കാരും യുക്തിവാദികളും മറ്റും ഇസ്്ലാമിനെയും പ്രവാചകനെയും ആക്ഷേപിക്കാറുള്ളത് മുസ്്ലിംകള്‍ ചില വസ്തുക്കള്‍ക്ക് ദിവ്യത്വം നല്‍കുന്നുണ്ട് എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടാണ്. അതില്‍ പെട്ടതാണ് കഅ്ബ, സംസം വെള്ളം, ഹജ്‌റുല്‍ അസ്‌വദ്, അജ്വ കാരക്ക തുടങ്ങിയവ. അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മതം ഇതിന്ന് നിശ്ചയിച്ച മഹത്വം ചെറുതായി കാണരുത്. അഹങ്കാരം ഇറക്കിവെക്കാതെ അവര്‍ക്ക് സത്യത്തിലേക്ക് എത്താന്‍ കഴിയില്ല. അതേ സമയം മേല്‍ കാര്യങ്ങളുടെ ശ്രേഷ്ഠത അംഗീകരിക്കേണ്ടത് മതപ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുകയും വേണം.
ഇത്തരം ശ്രേഷ്ഠത സ്ഥാപിക്കുന്ന ഹദീസുകളെ വിശകലനം ചെയ്യുന്നത് ഹദീസ് നിഷേധമായി കാണാന്‍ പറ്റുകയില്ല. അജ്‌വാ കാരക്കയെ സംബന്ധിച്ച് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് ഇപ്രകാരമാണ്: ‘വല്ലവനും പ്രഭാത സമയം ഏഴ് അജ്വ കാരക്കകള്‍ ഭക്ഷിക്കുന്ന പക്ഷം ആ ദിവസം അവനെ വിഷമോ സിഹ്റോ ബാധിക്കുന്നതല്ല’ (ബുഖാരി 5779) ഈ ഹദീസിനെ ഇബ്നു ഹജര്‍(റ) വ്യാഖ്യാനിക്കുന്നു: ”ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസ യോഗ്യനല്ലാത്ത അഹ്‌മദിബ്നു ബശീര്‍ അബൂബക്കര്‍ എന്ന വ്യക്തിയുണ്ട്. ഉസ്മാനു ദാരിമി ഇബ്നു മഈനില്‍ നിന്നു ഇപ്രകാരം ഉദ്ധരിക്കുന്ന ഈ ഹദീസ് ഒഴിവാക്കപ്പെടേണ്ടതാണ്” (ഫത്ഹുല്‍ ബാരി 13:186).
ഈ ഹദീസിന്റെ ആശയത്തെ (മത്ന്) സംബന്ധിച്ചും പണ്ഡിതന്മാര്‍ക്കടിയല്‍ തര്‍ക്കമുണ്ട്. ഈ ഹദീസിനെ സംബന്ധിച്ച് ഖാദി ഇയാദില്‍ നിന്നു ഇബ്‌നു ഹസന്‍(റ) രേഖപ്പെടുത്തി: ”ഈ ഹദീസില്‍ പറഞ്ഞതു പ്രകാരം മിക്കവാറും നമ്മുടെ ഈ കാലഘട്ടത്തില്‍ സംഭവിക്കാത്തതിനാല്‍ (അഥവാ വിഷത്തില്‍ നിന്നു ശമനം ലഭിക്കുന്നതായി സ്ഥിരപ്പെടാത്തതിനാല്‍) ഇത് അക്കാലത്തുള്ളവര്‍ക്ക് (മദീനക്കാര്‍ക്ക്) പ്രത്യേകമായി ഉള്ളതായേക്കാം.” (ഫത്ഹുല്‍ ബാരി 13:171). ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: ”ഈ ഹദീസ് അഭിസംബോധനം ചെയ്യുന്നത് മദീനക്കാരെയും അതിനു ചുറ്റും താമസിക്കുന്നവരെയും പ്രത്യേകമാണെന്നാണ് കരുതുന്നത്.” (സാദുല്‍ മആദ് 4:98).
അജ്വ കാരക്ക എല്ലാ വിഷത്തിനും പറ്റുന്നതല്ല എന്നും അഭിപ്രായമുണ്ട്. ഇബ്നു ഹജര്‍ (റ) പറയുന്നു: ”ഇത് വയറ്റില്‍ രോഗാണു ഉണ്ടാക്കുന്ന ചില വിഷത്തിനു മാത്രമേ ശമനം നല്‍കൂ. എല്ലാ വിഷത്തിനും പറ്റുന്നതല്ല എന്ന സൂചനയും അദ്ദേഹം (ബുഖാരി) നല്‍കുന്നുണ്ട്” (ഫത്ഹുല്‍ ബാരി 1:172, 173). ഇബ്നു ഹജര്‍(റ) ചോദിക്കുന്നു: ”അത് (അജ്വ കാരക്ക) സിഹ്റിനെ എന്ത് ചെയ്യാനാണ്”. (ഫത്ഹുല്‍ ബാരി 13:173).
അജ്വ കാരക്ക കൊണ്ട് സിഹ്റിന്റെ ഫലം ഇല്ലായ്മ ചെയ്യുമെന്നു പറഞ്ഞത് വിശുദ്ധ ഖുര്‍ആനിന് വിരുദ്ധവുമാണ്. കാരണം സിഹ്ര്‍ ഫലിപ്പിക്കുന്നത് പിശാചാണെന്നാണ് അത് ഫലിക്കുമെന്നു വിശ്വസിക്കുന്നവരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നുഹജര്‍ (റ) പറയുന്നു: ”തീര്‍ച്ചയായും സിഹ്റ് പിശാചിന്റെ സഹായം കൊണ്ട് മാത്രമേ പൂര്‍ത്തീകരിക്കാനാകൂ” (ഫത്ഹുല്‍ ബാരി 8:91).
പിശാചിന്റെ ശര്‍റ് തടുക്കാന്‍ ഖുര്‍ആന്‍ കൊണ്ടു മാത്രമേ സാധിക്കൂ. അല്ലാഹു പറയുന്നു: ”പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിക്കുന്ന പക്ഷം നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിക്കുന്ന പക്ഷം അവര്‍ക്ക് അല്ലാഹുവെ സംബന്ധിച്ച് ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു” (അഅ്റാഫ് 200, 201). സിഹ്‌റ് എന്നു പറയുന്നത് വിശ്വാസവുമായി ബന്ധപ്പെടുന്നതാണ്.
”നിശ്ചയം അജ്വ കാരക്ക സ്വര്‍ഗത്തിലെ പഴത്തില്‍ പെട്ടതാണ്” (അഹ്‌മദ് മുസ്്നദ്). ഈ റിപ്പോര്‍ട്ട് നാസിറുദ്ദീന്‍ അല്‍ബാനി(റ) സ്വഹീഹാക്കിയിട്ടുണ്ടെങ്കിലും ഹദീസ് നിദാന ശാസ്ത്ര പ്രകാരം സ്വഹീഹല്ല. ഭൂരിപക്ഷ മുസ്്ലിം പണ്ഡിതന്മാര്‍ നിര്‍മിതമോ ദുര്‍ബലമോ ആക്കിയ പല ഹദീസുകളെയും അല്‍ബാനി(റ) സ്വഹീഹാക്കിയിട്ടുണ്ട്. ഈ ഹദീസ് ശാദ്ദും ഖുര്‍ആന്‍ വിരുദ്ധവുമാണ്. സ്വര്‍ഗത്തിലെ ഒരു വിഭവവും ദുനിയാവില്‍ കാണുന്നതല്ല എന്നാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. അതിനെക്കുറിച്ച് നബി(സ) പറഞ്ഞത് ഇപ്രകാരമാണ്: ”അല്ലാഹു അരുളി: ഞാന്‍ എന്റെ സ്വാലിഹായ അടിമകള്‍ക്കു വേണ്ടി തയ്യാര്‍ ചെയ്തു വെച്ചിട്ടുള്ളത് ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനസ്സും ഭവിക്കാത്തതുമായ അനുഗ്രഹങ്ങളാണ്” (ബുഖാരി, മുസ്്ലിം).
തെളിവായി നബി(സ) താഴെ വരുന്ന വചനവും ഓതിക്കേള്‍പ്പിച്ചു. ”എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല” (സജദ 17). കൂടാതെ ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇമാം ദഹബിയും ഇബ്നു ഹജറുല്‍ അസ്ഖലാനിയും പറഞ്ഞിട്ടുമുണ്ട്. ശാദ്ദ് എന്ന് പറഞ്ഞാല്‍ ഏറ്റവും സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധമായി വരുന്ന സ്വഹീഹായ ഹദീസ് എന്നാണ് അര്‍ഥം. അത് സ്വര്‍ഗത്തില്‍ നിന്നാണെന്ന ഹദീസ് സ്വഹീഹുമല്ല.
സ്വര്‍ഗത്തിലെ വിഭവം ദുനിയാവില്‍ ഭക്ഷിക്കുന്ന പക്ഷം സ്വര്‍ഗത്തിലെ വിഭവങ്ങളുടെ പ്രാധാന്യം കുറയും. അജ്വ കാരക്കയുടെ ഹദീസ് ദീനുമായി ബന്ധപ്പെടുന്നതല്ല. നബി(സ) നിരീക്ഷണം നടത്തിപ്പറഞ്ഞതും പൂര്‍വിക വൈദ്യശാസ്ത്ര പണ്ഡിതന്മാരില്‍ നിന്ന് ഉദ്ധരിച്ചതും ഹദീസുകളായി വന്നിട്ടുണ്ട്. ”നബി(സ) സ്വന്തം ആഗ്രഹ പ്രകാരം സംസാരിക്കുന്നതല്ല. അത് അല്ലാഹുവിങ്കല്‍ നിന്നു ബോധനമായി ലഭിക്കുന്നതല്ലാതെ മറ്റൊന്നുമല്ല” (അന്നജ്മ് 4) എന്നു പറഞ്ഞത് ദീനി സംബന്ധമായ ബോധനത്തെ സംബന്ധിച്ച് മാത്രമാണ്. പ്രസ്തുത വചനം വിശദീകരിച്ച് ഇബ്നു കസീര്‍ (റ) രേഖപ്പെടുത്തി: പ്രസ്തുത വചനത്തിന്റെ താല്‍പര്യം നബി(സ) അല്ലാഹുവിന്റെ ഉത്ബോധനം (ദീന്‍) സമ്പൂര്‍ണമായും ഏറ്റക്കുറച്ചിലില്ലാതെ എത്തിക്കുന്നവര്‍ മാത്രമാകുന്നു എന്നതാകുന്നു” (ഇബ്നു കസീര്‍ 4:247).
നബി(സ) ഭൗതികമായ നിരീക്ഷണങ്ങള്‍ നടത്തിയതായി നമുക്ക് കാണാം. ”മൂസബ്നു ത്വല്‍ഹത്ത് തന്റെ പിതാവില്‍ നിന്നു ഉദ്ധരിക്കുന്നു: ഞാന്‍ നബിയോടൊത്ത് നടന്നു പോകുമ്പോള്‍ ഒരു കൂട്ടം ജനങ്ങള്‍ ഈത്തപ്പനകളുടെ മുകളില്‍ കയറി ഇരിക്കുന്നത് കണ്ടു. അവിടുന്ന് ചോദിച്ചു: ഈ ആളുകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവര്‍ പറഞ്ഞു: ബീജ പരാഗണം നടത്തുകയാണ്. അവിടുന്ന് പറഞ്ഞു:
അത് പ്രയോജനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് കേട്ട് അവര്‍ ആ പ്രവൃത്തി ഉപേക്ഷിച്ചു. ആ വര്‍ഷം ഈത്തപ്പഴം വിളവ് കുറഞ്ഞത് നബി(സ)യോട് പറയപ്പെട്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ചെയ്തിരുന്ന കാര്യം പ്രയോജനം ചെയ്യുമെങ്കില്‍ ചെയ്‌തേക്കുക. ഞാന്‍ അല്ലാഹുവിന്റെ വഹ്‌യ് എന്ന നിലയില്‍ വല്ലതും പറയുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് സ്വീകരിക്കണം. നിശ്ചയം ഞാന്‍ അല്ലാഹുവിന്റെ മേല്‍ കളവ് പറയുകയില്ല” (മുസ്്ലിം 2361, സ്വഹീഹു മുസ്്ലിം 8:127)
ഇതില്‍ നിന്നു മനസ്സിലാക്കേണ്ട കാര്യം, നബി(സ) ഭൗതികമായി തന്റെ അഭിപ്രായം വല്ല വിഷയത്തിലും പറഞ്ഞാല്‍ അത് പ്രയോജനം ചെയ്യുമെങ്കില്‍ സ്വീകരിച്ചാല്‍ മതി. മതപരമായി വല്ലതും കല്‍പിക്കുന്ന പക്ഷം അത്് നിര്‍ബന്ധവുമാണ്.
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”നിങ്ങളുടെ ഭൗതികമായ കാര്യങ്ങള്‍ ഏറ്റവും അറിയുന്നവര്‍ നിങ്ങള്‍ തന്നെയാണ്” (മുസ്്ലിം 2363). ആറ് തരം ഹദീസുകള്‍ വഹ്യില്‍ പെട്ടതല്ലെന്ന് ശാഹ് വലിയുല്ലാഹി ദഹ്്ലവിയുടെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’യുടെ വിശദീകരണത്തില്‍ വന്നിട്ടുണ്ട്. ”ഈ വിഭാഗത്തില്‍ (പ്രബോധനത്തിന്റെയും വഹ്യിന്റെയും) പെടാത്ത ഹദീസുകളും പറയപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്ന് ചികിത്സ സംബന്ധമായ ഹദീസുകളാണ്. കരിംജീരക വിഷയത്തില്‍ നബി(സ) പറഞ്ഞതു പോലെ ‘അത് മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്’ (ബുഖാരി, മുസ്്ലിം) എന്നതു പോലെയുള്ള നബി വചനം” (ശറഹു ഹുജ്ജതുല്ലാഹില്‍ ബാലിഗ 1/424).
കരിംജീരകം കിഡ്നി രോഗം, ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍, പ്രമേഹം, പ്രഷര്‍ എന്നീ രോഗങ്ങള്‍ക്ക് ശിഫയാണെന്ന് ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ല. വൈദ്യശാസ്ത്ര നിരീക്ഷണ പ്രകാരം കരിംജീരകം പ്രഷറും പ്രമേഹവും കുറക്കുന്നതുമാണ്. കരിംജീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാണെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ആകെ ശമനുെണ്ടന്ന് പറഞ്ഞത് തേനിനെ സംബന്ധിച്ച് മാത്രമാണ്. അതും ഇന്ന രോഗത്തിന് ശിഫയാണെന്ന് പറഞ്ഞിട്ടില്ല. പ്രമേഹക്കാര്‍ക്ക് തേന്‍ കഴിച്ചാല്‍ ഷുഗര്‍ വര്‍ധിക്കും. രോഗം ഇറക്കിയതും അതിന് മരുന്ന് ഇറക്കിയതും അല്ലാഹുവാണ്. ആ മരുന്നിനുള്ള രോഗങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കല്‍ മനുഷ്യരുടെ ബാധ്യതയാണ്. രോഗം ശിഫയാക്കുന്നതും അല്ലാഹുവാണ്. അതിനുള്ള പ്രാര്‍ഥനകള്‍ മാത്രമേ ഖുര്‍ആനിലും സുന്നത്തിലുമുള്ളൂ. മരുന്നോ ചികിത്സാ രീതിയോ ഇല്ല.
നബി(സ) പറഞ്ഞു: ”അല്ലാഹു ശമനം ഇറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ ചികിത്സിക്കുക” (നസാഈ, ഇബ്നുമാജ, ഹാകിം). കരിംജീരകത്തിന്റെ ഹദീസ് ബുഖാരിയും മുസ്്ലിമും സംയുക്തമായി ഉദ്ധരിച്ചതാണ്. അത് വഹ്്യില്‍ പെട്ടതല്ല. ഇമാം നവവി(റ) പറയുന്നു: ”കരിം ജീരകത്തിന്റെ ഗുണത്തെ സംബന്ധിച്ച് വൈദ്യശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം നബി(സ) ശരിവെച്ചു പറഞ്ഞതാണ്” (ശറഹുമുസ്്ലിം 4:454). മേല്‍ നിരീക്ഷണങ്ങളില്‍ നിന്ന് അജ്വയുടെ ഹദീസ് തഅ്ബീറുന്നഹ്ല്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന്ന് ഈ ഹദീസ് തടസ്സമാകുന്നില്ല.

Back to Top